ചേരമാന്‍ പള്ളിയുടെ പഴയരൂപം |
പൗരാണികതയുടെ ഉജ്ജ്വലമായ ശേഷിപ്പുകളും, സംസ്‌കൃതികളും അന്തിയുറങ്ങുന്ന അനുഗ്രഹീത ചരിത്ര ഭൂമികയാണ് കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂരിന്റെ അന്തരീക്ഷത്തില്‍ അലയൊലി തീര്‍ക്കുന്ന ഇളം തെന്നലുകള്‍ക്ക് സമ്പന്നമായ പൈതൃകത്തിന്റെ ഒരുപാട് കഥ പറയാനുണ്ട്. കൊടുങ്ങല്ലൂരിലെ ഓരോ മണല്‍തരികള്‍ക്കും വിവിധ മതങ്ങളുടെ ഗന്ധമുണ്ട്. കൊടുങ്ങല്ലൂരിലെ ഇന്നലെകള്‍ സര്‍വ്വമത സൗഹാര്‍ദത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങളായിരുന്നു. കേരളത്തില്‍ മതങ്ങള്‍ പ്രചുര പ്രചാരം നേടുന്നത് കൊടുങ്ങല്ലൂരിലൂടെയായിരുന്നു. ഹിന്ദു മതത്തിനും ജൈന മതത്തിനും കടല്‍ കടന്നെത്തിയ ഇസ്‌ലാം മതത്തിനും കൃസ്തു മതത്തിനും ജൂത മതത്തിനുമെല്ലാം തുല്യ പ്രാധാന്യം നല്‍കിയ പുണ്യഭൂമികയാണത്. കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഭഗവതീ ക്ഷേത്രങ്ങളും മുസ്‌ലിം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളുമൊക്കെ വിവിധ മതങ്ങളുടെ ഉത്ഭവ- വളര്‍ച്ചയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ചരിത്രം അതിന്റെ ഊടുവഴികളിലേക്ക് പ്രവേശിക്കുമ്പോള്‍, ബുദ്ധ മതത്തിന്റെ വളര്‍ച്ചക്ക് വരെ സാരഥ്യമരുളാന്‍ കൊടുങ്ങല്ലൂരിന്റെ മണ്ണ് വേദിയായിട്ടുണ്ടെന്ന് ബോധ്യപ്പെടും. കേരളത്തിലെ ആദ്യത്തെ കുരിശു പള്ളിയും ഭാരതത്തിലെ ആദ്യത്തെ മുസ്‌ലിം പള്ളിയുമൊക്കെ സ്ഥിതി ചെയ്യുന്നത് കൊടുങ്ങല്ലൂരിലാണെന്ന ചരിത്ര രേഖകള്‍, മതങ്ങളുടെ വികാസ ചരിത്രവുമായി കൊടുങ്ങല്ലൂര്‍ എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് വ്യക്തമാവുന്നു. പ്രാചീന ഭാരതത്തിന്റെ പ്രവേശന കവാടമായിരുന്ന കൊടുങ്ങല്ലൂര്‍ തന്നെയായിരുന്നു ജൂതന്മാര്‍ക്കും ആദ്യം അഭയമൊരുക്കിയിരുന്നത്. തമിഴിലെ പഞ്ചമഹാകാവ്യങ്ങളില്‍ പ്രമുഖമായ ചിലപ്പതികാരവും മണിമേഖലയും കൊടുങ്ങല്ലൂര്‍ എന്ന സാംസ്‌കാരിക കേന്ദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചേരരാജകുമാരനായിരുന്ന ഇളം കോ അടികള്‍ തൃക്കണാമതിലകത്തെ ജൈനമഠത്തിലിരുന്നാണത്രെ ചിലപ്പതികാരം രചിച്ചത്.
കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ മാലിക്ബ്‌നു ദീനാറെയും സംഘത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതും, അവിടെ പള്ളി നിര്‍മ്മിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തതും കൊടുങ്ങല്ലൂര്‍ രാജാവായിരുന്നു. പിന്നീട് കേരളത്തിനകത്തും പുറത്തും ഇസ്‌ലാമിക പ്രബോധനം വ്യാപിക്കുന്നത് പ്രസ്തുത പള്ളി കേന്ദ്രീകരിച്ച് കൊണ്ടായിരുന്നു. ഇങ്ങനെ ചരിത്രം കൊടുങ്ങല്ലൂരിനെ സര്‍വ്വ മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമായി തന്റെ മാറോടണക്കുന്നു. പ്രാചീന കേരളത്തിലെ രാജവംശങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തുമ്പോള്‍ കൊടുങ്ങല്ലൂര്‍ മുഴച്ചു നില്‍ക്കുന്നതും മനുഷ്യ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത മതസംസ്‌കാരങ്ങളെ ഇരുകൈകളും നീട്ടി വാരിപ്പുണര്‍ന്നു എന്ന സവിശേഷത കൊണ്ടാണ്. തുറമുഖ- വാണിജ്യം കൊണ്ടും കലാസംസ്‌കൃതികള്‍ കൊണ്ടുമെല്ലാം കൊടുങ്ങല്ലൂര്‍ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും കൊടുങ്ങല്ലൂരിന്റെ ഏടുകളെ തങ്കലിപികളാക്കുന്നത് മതങ്ങളുടെ വളര്‍ച്ചക്കും വികാസത്തിനും അന്നൊരുക്കിക്കൊടുത്ത വളക്കൂറുള്ള മണ്ണിന്റെ പേരിലാണ്. നമ്മുടെ ഭാരതത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്മാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാനപ്പട്ടത് ഭാരതം കാത്തു സൂക്ഷിക്കുന്ന ബഹുസ്വരത തന്നെയാണ്. അതായത്, വിവിധ മതങ്ങളുടെ സംഗമ ഭൂമികയാണ് നമ്മുടെ ഭാരതം എന്നര്‍ത്ഥം. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും ജൈനമതക്കാരനും ബുദ്ധ മതക്കാരനുമെല്ലാം ദേശ-ഭാഷ-വര്‍ഗ്ഗ-വര്‍ണ്ണ-ജാതി-മത വ്യത്യാസമില്ലാതെ ഒന്നിച്ച് കഴിഞ്ഞിരുന്ന നാടാണ് നമ്മുടെ നാട്( മത സൗഹാര്‍ദത്തിന്റെ വര്‍ത്തമാന മുഖം ഏറെ വികൃതമാണെങ്കിലും). കേരളത്തില്‍, കുറച്ച് കൂടി മുന്നോട്ട് പോയാല്‍ ഭാരതത്തില്‍ മതങ്ങളുടെ ഉത്ഭവ-വികാസ ചരിത്രത്തില്‍ കൊടുങ്ങല്ലൂരിന്റെ ഇടം അന്വേഷിക്കുകയാണീ പഠനം.
കൊടുങ്ങല്ലൂര്‍: ഒരു ഭൂമിശാസ്ത്ര പഠനം
മതങ്ങളുടെ വളര്‍ച്ചയില്‍ കൊടുങ്ങല്ലൂരിന്റെ ഇടം അന്വേഷിക്കുന്നതിന് മുമ്പായി കൊടുങ്ങല്ലൂരിന്റെ ഭൂമി ശാസ്ത്രത്തെ ചെറുതായി പരിചയപ്പെടാം. കേരളത്തില്‍ തൃശ്ശൂരിന് 40കി.മീ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് കൊടുങ്ങല്ലൂര്‍. കൃസ്താബ്ദത്തിന്റെ ആരംഭത്തിനും വളരെക്കാലം മുമ്പ് തന്നെ ഇവിടം എണ്ണപ്പെട്ട ഒരു വാണിജ്യ കന്ദ്രമായിരുന്നു. കൊടുങ്ങല്ലൂര്‍ ഒരുക്കിക്കൊടുത്ത തുറമുഖ സൗകര്യത്തെ അവലംബിച്ച്, അക്കാലത്തെ വിദേശ വ്യപാരത്തിന്റെ കേന്ദ്രമായി കൊടുങ്ങല്ലൂര്‍ വളര്‍ന്നു. ജൂതന്മാര്‍, ഫിനീഷ്യര്‍, യവനര്‍, റോമക്കാര്‍, അറബികള്‍ എന്നിവര്‍ക്ക് ഈ പട്ടണവുമായി ഏറെ വ്യാപാര ബന്ധമുണ്ടായിരുന്നു. മലബാര്‍ തീരത്തെ വിശേഷോത്പന്നങ്ങളായ ദന്തം, ചന്ദനത്തടി, മയില്‍പ്പീലി തുടങ്ങിയവ ഈ പട്ടണത്തില്‍ നിന്നും മഹാനായ സോളമന്റെ രാജധാനിയില്‍ എത്തിയിരുന്നുവെന്ന് ചരിത്ര രേഖകള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍, കൊടുങ്ങല്ലൂരിന്റെ ചരിത്രം മനുഷ്യന്റെ കണ്ണെത്താ ദൂരത്തേക്ക് നീളുന്നുവെന്നര്‍ത്ഥം. തൃശ്ശൂര്‍ ജില്ലയിലെ സുപ്രധാന താലൂക്കുകളിലൊന്നാണിപ്പോള്‍ കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് പൊതുവെ നിരപ്പേറിയ പ്രദേശമാണ്. തലങ്ങും വിലങ്ങുമായി വ്യാപിച്ചു കിടക്കുന്ന ചതുപ്പുകളും ചാലുകളും മണ്‍സൂണ്‍ കാലത്തെ ജലപ്രളയത്തിന് കളമൊരുക്കുന്നു. തെങ്ങാണ് ഇവിടുത്തെ മുഖ്യ വിള. അനുയോജ്യമായ ഇടങ്ങളില്‍ സാമാന്യമായ തോതില്‍ നെല്ലും വിളയിക്കുന്നുണ്ട്. കടല്‍ത്തീര വില്ലേജുകളില്‍ മത്സ്യബന്ധനം തന്നെയാണ് മുഖ്യ തൊഴില്‍. കൊടുങ്ങല്ലൂരിന്റെ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുവാനായി, 1945-46 കാലത്ത് കൊച്ചിന്‍ പുരാ തത്ത്വവകുപ്പും, 1970ല്‍ ഇന്ത്യന്‍ പുരാ തത്ത്വവകുപ്പിന്റെ ദക്ഷിണ വിഭാഗവും ഇവിടെ ഖനനങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. മൊത്തത്തില്‍, നൂറ്റാണ്ടുകളായി കേരള ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്കു സാക്ഷ്യം വഹിച്ച മണ്ണെന്ന നിലയില്‍ കൊടുങ്ങല്ലൂരിന് ചരിത്ര പരമായി ഏറെ പ്രാധാന്യമു ണ്ടെന്ന് സംഗ്രഹിക്കാം.
മുസ്‌രിസ്- മതങ്ങളുടെ സംഗമ ഭൂമിക
കൊടുങ്ങല്ലൂരിനെക്കുറിച്ചുള്ള സംക്ഷിപ്ത ചിത്രം ലഭ്യമായിക്കഴിഞ്ഞല്ലോ... ഇനി കൊടുങ്ങല്ലൂരിന്റെ നാമനിഷ്പത്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യാം. കൊടുങ്ങല്ലൂരിന്റെ നാമനിഷ്പത്തിയെക്കുറിച്ച് ഒരുപാട് വിശ്വാസങ്ങള്‍ ഇന്ന് നിലവിലുണ്ട്. പ്ലിനി, ടോളമി, പെരിപ്പളസിന്റെ കര്‍ത്താവ് തുടങ്ങിയവരെല്ലാം തങ്ങളുടെ ചരിത്ര ഗ്രന്ഥങ്ങളില്‍ കൊടുങ്ങല്ലൂരിനെ മുസ്‌രിസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യവനരും റോമക്കാരുമെല്ലാം കൊടുങ്ങല്ലൂരിനെ മുസ്‌രിസ് എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്. പ്ലീനിയുടെ വിവരണത്തില്‍ മുസ്‌രിസ് കേരബൊത്രാസ് എന്ന രാജാവിന്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. മുസ്‌രിസ് ഒരു നദിക്കരയിലാണ് സ്ഥിതി ചെയ്തിരുന്നതെന്ന് പെരിപ്പളസിലും കാണാം. കൊടുങ്ങല്ലൂര്‍ ഭഗവതി മസൂരിദേവദ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അതില്‍ നിന്നാണ് മുസ്‌രിസ് എന്ന പേര് നിഷ്പന്നമായതെന്ന് ചിലര്‍ വിശ്വസിക്കുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പ്രീതി സമ്പാദിച്ചാല്‍ മസൂരി രോഗം ഭേദമാകുമെന്ന വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടത്രെ. പഴയകാല തമിഴ് കാവ്യങ്ങളില്‍ ഈ പട്ടണത്തെ മൂചിരി എന്ന് വര്‍ണ്ണിച്ചതായി കാണാം. വാല്‍മീകി രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ട മൂചിരി കൊടുങ്ങല്ലൂര്‍ തന്നെയായിരിക്കണം എന്നാണ് ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്. സംഘസാഹിത്യ കൃതികളില്‍ വഞ്ചിയെന്നും മൂചിരിയെന്നും കൊടുങ്ങല്ലൂരിനെ വിശേഷിപ്പിച്ചതായി കാണാം. വഞ്ചി എന്ന പേരില്‍ നിന്നാണത്രെ തിരുവഞ്ചിക്കുളം എന്ന പേര് രൂപപ്പെട്ടത്. ഗ്രീക്കുകാരും റോമക്കാരും മൂചിരി എന്ന പേരിനെയായിരുന്നു മുസ്‌രിസാക്കി മാറ്റിയതെന്നും ചരിത്രത്തില്‍ കാണാം. ജൂതശാസനത്തില്‍ കൊടുങ്ങല്ലൂരിന്റെ പേര് മുയിരിക്കോട് എന്നാണ്. ഇതിനൊക്കെ പുറമെ മകോതൈ, മഹോദയപുരം, മഹാദേവര്‍പട്ടണം എന്നിങ്ങനെയൊക്കെ കൊടുങ്ങല്ലൂര്‍ അറിയപ്പെട്ടിരുന്നു.ചുരുക്കത്തില്‍ , ചരിത്രത്തിന്റെ വിവിധ നാഴികകളില്‍ കൊടുങ്ങല്ലൂര്‍ വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ബോധ്യമാവും. എന്നിരുന്നാലും മുസ്‌രിസ് എന്ന നാമം തന്നെയാണ് കൊടുങ്ങല്ലൂര്‍ പട്ടണത്തിന് ചരിത്രത്തില്‍ കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. പഴയകാല മുസ്‌രിസ് മതങ്ങളുടെ സംഗമ ഭൂമികയായിരുന്നു. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍ എന്നിവരില്‍ ഓരോ വിഭാഗവും തങ്ങള്‍ ഇന്ത്യാ ഉപദ്വീപില്‍ ആദ്യമായി അധിവാസമുറപ്പിച്ചത് മുസ്‌രിസ്സിന്റെ മണ്ണിലാണെന്ന് അവകാശപ്പെടുന്നു. ചിരപുരാതനങ്ങളായ ക്ഷേത്രങ്ങളും മുസ്‌ലിം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും മുസ്‌രിസിലെ സവിശേഷതയാണ്. വിവിധ മതങ്ങളുടെ വളര്‍ച്ചക്ക് വളമൊരുക്കിക്കൊടുത്ത മണ്ണാണ് മുസ്‌രിസിന്റെത് എന്നത് മുസ്‌രിസിനെ ചരിത്രത്തില്‍ തിളക്കമുറ്റ അധ്യായമാക്കി മാറ്റുന്നു. ഇനി ഇസ്‌ലാം മതം, ഹിന്ദു മതം, ക്രൈസ്തവ മതം, ജൂത മതം, ബുദ്ധ മതം, ജൈന മതം എന്നീ മതങ്ങള്‍ കൊടുങ്ങല്ലൂരുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പരിശോധിക്കാം.
ഇസ്‌ലാം
കേരളത്തിലെ ഇസ്‌ലാമികാവിര്‍ഭാവത്തില്‍ കൊടുങ്ങല്ലൂരിന്റെ ഇടം
കേരളത്തിലെ ഇസ്‌ലാമികാവിര്‍ഭാവം ആരംഭിക്കുന്നത് കൊടുങ്ങല്ലൂരിലൂടെയായിരുന്നു എന്നതാണ് ഇസ്‌ലാമിക ചരിത്രത്തിലേക്ക് കൊടുങ്ങല്ലൂരിനെ കൂടുതലായി അടുപ്പിക്കുന്നത്. കേരളവും അറേബ്യയും തമ്മില്‍ പുരാതന കാലം മുതലേ വാണിജ്യ ബന്ധം നിലനിന്നിരുന്നുവെന്ന് നേരത്തെത്തന്നെ പറഞ്ഞുവല്ലോ..മുസ്‌രിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖം വാണിജ്യത്തില്‍ ഏറെ പ്രശസ്തമായത് കൊണ്ട് തന്നെ ഇസ്‌ലാമിന്റെ പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മാലിക്ബ്‌നു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ കപ്പിലറങ്ങുകയായിരുന്നു. ശറഫ്ബ്‌നു മാലിക്, മാലിക് ബ്‌നു ഹബീബ്, ഇബ്‌നു മാലിക്, ഖുമരിയാ ബീവി എന്നിവരാണ് മാലികുദ്ദീനാറിനെ കൂടാതെ സംഘത്തിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്. മടക്കയാത്രയില്‍ പെരുമാളും അവരോടൊപ്പം അറേബ്യയിലേക്ക് പോവുകയും അവിടെ നിന്ന് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലെത്തിയ മാലികുദ്ദീനാര്‍ അവിടം ഒരു പള്ളി പണിതീര്‍ത്തു. ഇന്ത്യയിലെത്തന്നെ ആദ്യത്തെ മുസ്‌ലിം പള്ളിയാണ് കൊടുങ്ങല്ലൂരില്‍ മാലികുദ്ദീനാര്‍ പണിതീര്‍ത്ത പള്ളി എന്നാണ് ഇന്നും വിശ്വസിക്കപ്പെടുന്നത്(ചരിത്ര രേഖകള്‍ കൃത്യമല്ലെങ്കിലും). ചേരമാന്‍ ജുമാ മസ്ജിദെന്ന പേരില്‍ പ്രസ്തുത പള്ളി ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയുണ്ടായി. പ്രശസ്ത പണ്ഡതിനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പ്രസ്തുത സംഭവങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്. എന്തൊക്കെയായലും കേരളത്തിലെ ഇസ്‌ലാമികാവിര്‍ഭാവവുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ ചില പ്രകടമായ വൈരുദ്ധ്യങ്ങള്‍ കാണാവുന്നതാണ്. കേരളത്തില്‍ എത്തിയ കാലഗണനത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹൈദരാബാദില്‍ ജീവിച്ച ഒരു ചരിത്ര ഗവേഷക പണ്ഡിതനാണ് ഹകീം സയ്യിദ് ശംസുല്ലാ ഖാദിരി. ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം അദ്ദേഹത്തിന്റെ സവിശേഷ ഗവേഷണത്തിന് വിധേയമായിട്ടുണ്ട്. പുരാതന മലബാറിന്റെ ചരിത്രവും അറബികളുടെ കച്ചവട യാത്രകളും ഇസ്‌ലാമിന്റെ ആഗമനവുമൊക്കെ അദ്ദേഹം പഠന വിധേയമാക്കി. ഇവ്വിഷയകരമായി അദ്ദേഹം എഴുതിയ മലൈബാര്‍ എന്ന ഉര്‍ദു ചരിത്ര ഗ്രന്ഥം 1930ല്‍ അലിഗറില്‍ നിന്ന് പ്രസിദ്ധീകൃതമായിട്ടുണ്ട്. അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന്റെയും(മഹാനായ അലക്‌സാണ്ടര്‍ ബി.സി356-324) ഏറെ ശതകങ്ങള്‍ക്ക് മുമ്പ് തന്നെ അറബികള്‍ മലബാറില്‍ വരാന്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു എന്നാണ് അതില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കേരളവും അറേബ്യയും തമ്മില്‍ പൗരാണിക കാലത്ത് തന്നെ നിത്യസമ്പര്‍ക്കത്തിലായിരുന്നുവെന്ന് ചരിത്ര രേഖകള്‍ തെളിയിക്കുന്നു. ഇനി പറയാന്‍ പോകുന്ന കാര്യം പ്രസക്തമാകണമെങ്കില്‍ ഈ ഒരു ആമുഖം കൂടി അനിവാര്യമാണ് എന്നത് കൊണ്ടാണ് ഉപര്യുക്ത വാചകം ഇവിടെ ചേര്‍ത്തത്. അതായത് ഇസ്‌ലാമിലേക്ക് ക്ഷണിച്ച് കൊണ്ട് പ്രവാചകര്‍(സ) നിരവധി രാജാക്കന്മാര്‍ക്ക് കത്തുകള്‍ എഴുതിയിരുന്നുവല്ലോ...അക്കൂട്ടത്തില്‍ കേരളത്തിലെ രാജാവും ഉള്‍പ്പെട്ടിരിക്കാം എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. കാരണം, മലബാറുമായി വളരെക്കാലങ്ങള്‍ക്ക് മുമ്പ് തന്നെ അറേബ്യക്ക് ബന്ധമുണ്ടായിരുന്നു. പുണ്യ നബിയുടെ ഹദീസുകളുടെ സമാഹാരമായ മുസ്ദറകില്‍ കേരളത്തിലെ ഒരു രാജാവ് ഇഞ്ചി നിറച്ച ഒരു ഭരണി നബി(സ)ക്ക് സമ്മാനിച്ചതായി പറയുന്നുണ്ട്. നബി(സ) അത് അനുചരന്മാര്‍ക്ക് വിതരണം ചെയ്തു. ഒരു കഷ്ണം എനിക്കും കിട്ടി എന്ന് അബൂ സയ്യാദ് എന്ന സ്വഹാബി പറഞ്ഞതായി അതില്‍ രേഖപ്പെടുത്തുന്നു( മുസ്ദറക് 4: 35). ഇത് പ്രവാചകര്‍(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തിലെത്തിയിരുന്നു എന്ന വാദത്തിന്റെ അരക്കെട്ടുറപ്പിക്കുന്നു.
കേരള മുസ്‌ലിം ഡയറക്ടറയില്‍ ചരിത്ര വിശാരദനായ പി.എ സെയ്തു മുഹമ്മദ് സാഹിബും ഈ ബന്ധത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബിലാദുല്‍ ഫുല്‍ഫുല്‍ (കുരുമുളകിന്റെ നാട്) എന്ന് കേരളത്തെ ജാഹിലിയ്യാ കാലത്തെ അറബികള്‍ വിശേഷിപ്പിച്ചിരുന്നു. സുപ്രസിദ്ധ അറബിക്കവി ഇംറുല്‍ ഖൈസിന്റെ കാവ്യത്തില്‍ കറുത്ത പൊന്നിന്റെ പരാമര്‍ശം കാണാം. തന്റെ കാമുകിയുടെ നിവാസമില്ലാത്ത ശൂന്യഗൃഹത്തിന്റെ മുറ്റത്ത് കാണുന്ന മാന്‍കാഷ്ഠത്തെ കുരുമുളകിനോടാണയാള്‍ ഉപമിച്ചിരിക്കുന്നത്. ഈ ബന്ധം കേരളത്തിന്റെയും അറേബ്യയുടെയും ഇടയിലുണ്ടായ ശക്തമായ കച്ചവട ബന്ധത്തില്‍ നിന്നും ഉടലെടുത്തതാണ്. റോളണ്ട് ഇ. മില്ലര്‍ എഴുതുന്നു: പ്രാചീന ലോകത്തിന്റെ വ്യാപാര ഭൂപടത്തില്‍ കേരളത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു കേരള തീരത്തെ തുറമുഖമായ മുസ്‌രിസ്(കൊടുങ്ങല്ലൂര്‍). തുടര്‍ന്ന് അദ്ദേഹം പറയുന്നു: കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമ ഭൂമിയായിരുന്നു മുസ്‌രിസ്. കിഴക്കില്‍ നിന്ന് ചൈനക്കാരും ഈസ്റ്റീന്റിസ് വ്യാപാരികളും, പടിഞ്ഞാറ് നിന്ന് ഫിനീഷ്യരും റോമക്കാരും അറബികളും പേര്‍ഷ്യക്കാരും കിഴക്കനാഫ്രിക്കക്കാരും മറ്റും, ചരക്കുകള്‍ കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യയുടെ വിശിഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും ഇവിടെ എത്തി. നിരന്തരമായി അറബികള്‍ മലബാറിലേക്ക് വന്നിരുന്നുവെന്നും, ഈജിപ്ഷ്യന്‍, ഗ്രീക്ക് കപ്പലുകള്‍ കൂടെക്കൂടെ മുസ്‌രിസില്‍ വരാറുണ്ടെന്നും ഇളം കുളം കുഞ്ഞന്‍ പിള്ള രേഖപ്പെടുത്തുന്നു. ചുരുക്കത്തില്‍, പ്രവാചകര്‍(സ്വ)യുടെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ അറബികള്‍ കേരളത്തിലേക്കും, കേരളീയര്‍ അറേബ്യയിലേക്കും വാണിജ്യാവശ്യാര്‍ഥം യാത്ര ചെയ്തിരുന്നുവെന്ന് ഗ്രഹിക്കാം. അങ്ങനെയിരിക്കെയാണ്, അറേബ്യയില്‍ മുഹമ്മദ് നബി (സ്വ) പുതിയൊരു മതവുമായി (ഇസ്‌ലാം മതം) കടന്നു വരുന്നത്. ആ മതത്തില്‍ വിശ്വസിച്ച ഒരുപാട് അറബിക്കച്ചവടക്കാര്‍ കേരളത്തലേക്ക് കടന്നു വന്നു. അവര്‍ ഇവിടെ ഇസ്‌ലാം പ്രചരിപ്പിക്കുകയുണ്ടായി. പലരും അവരുടെ സ്വഭാവ വൈശിഷ്ട്യം കണ്ട് ഇസ്‌ലാം പുല്‍കി.
കേരളത്തിലെ ഇസ്‌ലാമികാവിര്‍ഭാവത്തിന്റെ ചെറിയൊരു ചിത്രമാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍ കേരളത്തിന്റെ ഇസ്‌ലാമികാവിര്‍ഭാവവുമായി ബന്ധപ്പെട്ട് കാലങ്ങളായി വിശ്വസിക്കപ്പെടുന്നതും അനുമാനിക്കപ്പെടുന്നതുമെല്ലാം മറ്റു പലതുമാണ്. അതായത്, ചര്‍ച്ചകളുടെ ഗതി മറ്റു പല പോയന്റുകളിലേക്കുമാണ് കേന്ദ്രീകരിക്കപ്പെടുന്നതെന്നര്‍ഥം. ചന്ദ്രന്‍ പിളര്‍ന്നതായി ചേരമാന്‍ പെരുമാള്‍ക്ക് സ്വപ്ന ദര്‍ശനമുണ്ടായത്, അല്ലൈങ്കില്‍ നേരില്‍ കണ്ടത്, തുടര്‍ന്ന് അദ്ദേഹം അറബി വ്യാപാരികള്‍ക്കൊപ്പം മക്കയിലേക്ക് പോയത്, മാലിക് ദീനാര്‍(റ) വിന്റെയും സംഘത്തിന്റെയും ആഗമനം, പെരുമാള്‍ മടക്കയാത്രയില്‍ ശിഹിര്‍ മുഖല്ലയില്‍ വെച്ച് മരണപ്പെട്ടത്, അദ്ദേഹത്തിന്റെ മരണാനന്തരം കത്തുമായി അറബികള്‍ കേരളത്തിലേക്ക് വന്നത്, തുഹ്ഫത്തുല്‍ മുജാഹിദീന്റെ പ്രതിപാദനങ്ങള്‍ തുടങ്ങിയവയൊക്കെ ചരിത്രപരമോ പ്രാമാണികമോ ആയ പിന്തുണയില്ലാതെ അങ്ങനെത്തന്നെ വിശ്വസിക്കപ്പെട്ടു പോരുന്നതാണ്.
എന്തൊക്കെയായാലും, കേരളത്തിലെ ഇസ്‌ലാമികാവിര്‍ഭാവ ചരിത്രത്തില്‍ കൊടുങ്ങല്ലൂരിന് അതിന്റേതായ പങ്കുണ്ട്. കേരളത്തില്‍ ഇസ്‌ലാമിന്റെ ഉല്‍ഭവ-വികാസ ചരിത്രത്തില്‍ കൊടുങ്ങല്ലൂരിന്റെ ഇടം അന്വേഷിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. ഒരിക്കല്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ അറബി യാത്രക്കാരില്‍ നിന്ന്, കേരള ഭരണാധികാരിയായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്‌ലാമിനെ പറ്റിയും നബി(സ്വ)യെ പറ്റിയും കേട്ടു മനസ്സിലാക്കി ആവേശ ഭരിതനായ രാജാവ് ഇസ്‌ലാം ആശ്ലേഷിക്കുകയും ഭരണാധികാരം മറ്റു ചിലര്‍ക്ക് ഏല്‍പ്പിച്ച് കൊടുത്ത് ആ യാത്രാ സംഘത്തോടൊപ്പം നബി(സ്വ)യെ കാണാന്‍ അറേബ്യയിലേക്ക് യാത്ര തിരിക്കുകയുണ്ടായി. തിരിച്ചു വരുമ്പോള്‍ ശിഹിര്‍ മുഖല്ലയില്‍ വെച്ച് മരണമടഞ്ഞു. (ഹിജ്‌റ 10, എഡി 632). തിരിച്ചു വരവില്‍ ചേരമാന്‍ പെരുമാളിന്റെ മരണം യാത്രാ സംഘത്തെ വളരെയേറെ വ്യാകുലപ്പെടുത്തി. ദുഃഖിതരായ അവര്‍ യാത്ര തല്‍ക്കാലം നിര്‍ത്തിവെച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം പൂര്‍വ്വാധികം ഉല്‍സാഹത്തോടെ അവര്‍ യാത്ര പുനരാരംഭിച്ചു. മാലിക് ദീനാര്‍/മാലിക് ബ്‌നു ദീനാര്‍ (റ), മാലിക് ബ്‌നു ഹബീബ്, ശറഫ്ബ്‌നു മാലിക് എന്നിവരായിരുന്നു സംഘത്തലവന്മാര്‍. മതപ്രചാരണാര്‍ഥം പുറപ്പെട്ട ഈ യാത്രാ സംഘം കൊടുങ്ങല്ലുരിലാണ് കപ്പലിറങ്ങിയത്.
കൊടുങ്ങല്ലൂര്‍ രാജാവിനു കൊടുക്കുവാന്‍ ചേരമാന്‍ പെരുമാള്‍ ഏല്‍പ്പിച്ച രാജ ലിഖിതം അവരുടെ കൈവശമുണ്ടായിരുന്നു. മാലിക് ബ്‌നു ദീനാര്‍ അത് കൊടുങ്ങല്ലൂര്‍ രാജാവിനു നല്‍കി. രാജാവ് സസന്തോഷം യാത്രാ സംഘത്തെ സ്വീകരിക്കുകയും അവര്‍ക്ക് താമസ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. കൊടുങ്ങല്ലുരില്‍ അവര്‍ പണിത പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയെന്ന് അറിയപ്പെടുന്നത്. അതിന്റെ നിര്‍മ്മാണത്തിന് കൊടുങ്ങല്ലൂര്‍ രാജാവ് ചെയ്ത് കൊടുത്ത സൗകര്യങ്ങള്‍ വളരെ വലുതായിരുന്നു. മാലിക്ബ്‌നു ദീനാര്‍(റ) ആയിരുന്നു അവിടുത്തെ ആദ്യ ഖാളി.
മാലിക്ബ്‌നു ദീനാറും കൊടുങ്ങല്ലൂരും
കൊടുങ്ങല്ലൂര്‍ ദേശം ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെടുന്നത് മാലിക്ബ്‌നു ദീനാറിലൂടെയാണ്. കൊടുങ്ങല്ലൂരില്‍ പള്ളി പണിത മാലിക്ബ്‌നു ദീനാര്‍ അവിടെത്തന്നെ താമസമുറപ്പിച്ചു. അതോടൊപ്പം, മറ്റു സ്ഥലങ്ങളില്‍ മതപ്രചാരണം നടത്താനും പള്ളികള്‍ നിര്‍മ്മിക്കാനും മാലിക്ബ്‌നു ഹബീബിനെ ചുമതലപ്പെടുത്തി. അങ്ങനെ, മാലിക്ബ്‌നു ഹബീബിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം കൊല്ലം, ചാലിയം, പന്തലായിനി, ധര്‍മ്മടം, ശ്രീകണ്ഠാപുരം, കാസര്‍ക്കോട്, ഏഴിമല, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളി പണിതീര്‍ക്കപ്പെട്ടു. കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയും ഇസ്‌ലാമിന്റെ പ്രചരണം വ്യാപിപ്പിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ജ്ഞാന ധന്യനും മതഭക്തനുമായിരുന്ന അദ്ദേഹത്തിന്റെ ഓരോ ചലനവും ഇസ്‌ലാമികമായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യം പലരേയും ഇസ്‌ലാമിലേക്ക് ആകര്‍ഷിപ്പിച്ചു. എന്നാല്‍, പ്രബോധക സംഘത്തിന്റെ തലവനും ഉപദേശകനും മാലിക്ബ്‌നു ദീനാര്‍ ആയിരുന്നതിനാല്‍ എല്ലാ പള്ളികളും മാലിക്ബ്‌നു ദീനാര്‍ പള്ളി എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി. മാലിക്ബ്‌നു ഹബീബ്(റ) കൊടുങ്ങല്ലൂരില്‍ വെച്ച് അന്ത്യം വരിക്കുകയുണ്ടായെന്ന് വിശ്വസിക്കപ്പെടുന്നു.
കേരളീയ ഗ്രാമങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുക മാത്രമായിരുന്നില്ല, മാലിക്ബ്‌നു ദീനാറും ചെയ്തിരുന്നത്. മറിച്ച്, ഓരോ പള്ളികള്‍ കേന്ദ്രീകരച്ച് മുസ്‌ലിം കോളനികളും അവര്‍ സ്ഥാപിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നും മാലിക്ബ്‌നു ദീനാര്‍(റ) അടുത്തതായി പോയത് കൊല്ലത്തേക്കായിരുന്നു. അവിടെ നിന്ന്, ശിഹിര്‍ മുഖല്ലയിലേക്ക് യാത്രയായി. അനുചരന്മാരില്‍ ചിലരും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ശിഹിര്‍ മുഖല്ലയില്‍ നിന്ന് ഖുറാസിനിലേക്കുള്ള യാത്രാ മധ്യേയായിരുന്നു മഹാനവര്‍കള്‍ ഇഹലോകം വെടിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു.
വളരെ പ്രസിദ്ധമാണ്.
ഇസ്‌ലാം വളര്‍ച്ചയില്‍ കൊടുങ്ങല്ലൂരിന്റെ ഇടം എന്ന പ്രവിശാലമായ ചര്‍ച്ച തത്ക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ്. വിഷയത്തിലൂടെ ഒരു ഓട്ടപ്രദിക്ഷിണം മാത്രമേ നടത്തിയിട്ടുള്ളൂ. ചരിത്രത്തിന്റെ ഊടുവഴികളിലേക്ക് പ്രവേശിക്കുമ്പോള്‍ ഇനിയും ഏറെ സത്യങ്ങള്‍ ബോധ്യപ്പെടും. ഇസ്‌ലാം മതം, ക്രിസ്തു മതം, ജൂത മതം, ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം തുടങ്ങി ഒരുപാട് മതങ്ങളും സംസ്‌കൃതികളും കപ്പലിറങ്ങിയ നാടാണ് കൊടുങ്ങല്ലൂര്‍. എല്ലാ മതങ്ങളേയും ഇരു കൈകളും നീട്ടി സ്വീകരിച്ച കൊടുങ്ങല്ലൂര്‍, അവയുടെ വളര്‍ച്ചക്കും പരിസരമൊരുക്കിക്കൊടുത്തു. പ്രാചീന ഭാരതത്തിലെ ഏറ്റവും സുപ്രധാന തുറമുഖ നഗരമായി കൊടുങ്ങല്ലൂര്‍ ചരിത്രത്തില്‍ ഇടം പിടിക്കുമ്പോഴും, മത സൗഹാര്‍ദ്ദത്തിന്റെ കേളി കേട്ട മണ്ണ് എന്നതാണ് കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും നല്ലത്.
റഫറന്‍സ്
1- സര്‍വ വിജ്ഞാന കോശം, വാല്യം 8
2- ഇസ്‌ലാമിക വിജ്ഞാന കോശം, വാല്യം 8
3- കേരളത്തിലെ രാജവംശങ്ങള്‍- വേലായുധന്‍ പണിക്കശ്ശേരി
4- മാപ്പിളയുണ്ടായ യാത്രകള്‍- തെളിച്ചം പതിനഞ്ചാം വര്‍ഷപ്പതിപ്പ്
5- മലബാര്‍: പൈതൃകവും പ്രതാപവും- മാതൃഭൂമി ബുക്‌സ്
6- ഇസ്‌ലാം കേരളത്തില്‍- ഇബ്രാഹീം പുത്തൂര്‍ ഫൈസി
7- കേരള മുസ്‌ലിം ചരിത്രം- പി.എ സെയ്ദ് മുഹമ്മദ്
8- മാപ്പിള മുസ്‌ലിംകള്‍- റോളണ്ട്.ഇ.മില്ലര്‍
നന്ദി
ReplyDeletePost a Comment