കേരളത്തിലെ സയ്യിദ്മാര്‍ രണ്ട് വിഭാഗങ്ങളാണ്.ഹള്‌റമികളും ബുഖാരികളും. ദക്ഷിണ അറേബ്യിയിലെ ഹളര്‍ മൗതില്‍ നിന്നും ഇവിടെ കുടിയേറിപ്പാര്‍ത്തവരാണ് ഹള്‌റമികള്‍. അവരിലെ പ്രധാന കുടുംബങ്ങളില്‍ ചിലതാണ് ഹൈദ്രൂസ്, ബാഫഖീഹ്, ഇബ്‌നു ശിഹാബ്, മുഹഌര്‍, ജിഫ്രി, സഖാഫ്, അത്താസ്, അഹദല്‍, ജമലുല്ലൈലി, ഐദിദ്മശ്ഹൂര്‍, ബാഅലവി, ഹിബുശി, ഹദ്ദാദ്.
മമ്പുറത്തെ സയ്യിദ് അലവി തങ്ങള്‍ മൗലദ്ദവീലി കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ ഏക പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ 1852ല്‍ അറേബ്യയിലേക്കു മാറിത്താമസിച്ചതോടെ ആ കുടുംബം ഇവിടെ അവശേഷിച്ചില്ല.
ബുഖാറയില്‍ നിന്ന് ലാഹോറിലും ഡല്‍ഹിയിലും അവിടെ നിന്ന് കേരളത്തിലുമെത്തിയവരാണ് ബുഖാറ തങ്ങന്മാര്‍. അവരുടെ ആദ്യത്തെ ആവാസകേന്ദ്രം വളപട്ടണമാണ്. അവിടെ നിന്നാണു കരുവന്‍ തിരുത്തി, പാടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്.
രണ്ടുവിഭാഗവും ഹുസൈനികളാണ്. ബുഖാറാ തങ്ങന്മാരെ സംബന്ധിച്ച പാടൂര്‍ കോയക്കുട്ടി തങ്ങള്‍ (നിര്യാണം ഹിജ്‌റ 1298ല്‍) ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അറബി മലയാള കൃതിയായ അതില്‍ അവരുടെ വംശപരമ്പര ചേര്‍ത്തിരിക്കുന്നു. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിലാണ് ബുഖാറക്കാരുടെ പ്രപിതാമഹന്‍ സയ്യിദു ജമാലുദ്ദീന്‍ (റ) വളപട്ടണത്തെത്തിയത്.
ഹളറമി തങ്ങന്മാരെ സംബന്ധിച്ച് മൂന്ന് അറബ് കൃതികള്‍ ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായത് '' അല്‍മശറൂഅ അല്‍റവ്വിയ്യ'' യാണ്. അതനുസരിച്ച് അലി (റ)ന്റെ നാലാമത്തെ പിന്മുറക്കാരന്‍ ഇമാം ജഅഫര്‍ സ്വാദിഖിന്റെ വംശപരമ്പരയില്‍പ്പെട്ട അഹമദുബിന്‍ ഈസ അല്‍ മുഹാജിര്‍ ബിന്‍ മുഹമ്മദുബിന്‍ അലി അല്‍ഇര്‍രീഫി ബിന്‍ ജഅഫര്‍ സ്വാദിഖ് ഹി.317 ല്‍ ബസ്വറയില്‍ നിന്ന് ഹളര്‍ മൗതിലെത്തി.അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും പരിവാരങ്ങളെയും വഹിച്ചു കൊണ്ട് ആ യാത്രയില്‍ പതിനാല് ഒട്ടകങ്ങളുണ്ടായിരുന്നു. മക്ക, മദീന, യമന്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒടുവിലാണ് ഹളര്‍മൗതില്‍ താമസിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അഹമദു ബിന്‍ ഈസ  ധാരാളം സ്വര്‍ണ്ണവും വെള്ളിയും കൂടെ കരുതിയിരുന്നു.
ഹളര്‍ മൗതിലെ മുകല്ല തുറമുഖത്തിന്നടുത്ത കരീം പിന്നീടുള്ളവരുടെ ആവാസകേന്ദ്രമായി. ഹളര്‍ മൗതുകാര്‍ ഹള്‌റമികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. ഹള്‌റമികള്‍ പ്രാചീന കാലം മുതല്‍ക്കെ സമുദ്രവ്യാപാരത്തില്‍ പ്രസിദ്ധിനേടിയവരാണ്. അവരുടെ രാജ്യം മരുഭൂമിയായതുകൊണ്ട് ഉപജീവനത്തിന് വ്യാപാരമല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അവരുടെ രാജ്യം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വാണിജ്യ മാര്‍ഗത്തിന്റെ മധ്യത്തിലായത് അവര്‍ക്കൊരു അനുകൂലഘടകവുമായി. ക്രിസ്ത്വാബ്ധം എട്ടാം നൂറ്റാണ്ടു മുതല്‍ക്ക് ഹള്‌റമികള്‍  ഇന്ത്യയും ദക്ഷിണേന്ത്യയുമായി വ്യാപാര ബന്ധം പുലര്‍ത്തിയിരുന്നു. അവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു കോളനികള്‍ സ്ഥാപിക്കുകയും ചെയ്തു.
കഥീര്‍, യാഫീ എന്നീ കുടുംബങ്ങളാണു ആദ്യകാലവര്‍ത്തകര്‍. ഇവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാപാരത്തിലാണെങ്കിലും ധാരാളം തദ്ദേശീയര്‍  ഇവരുടെ ജീവിത രീതിയില്‍ ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ചു. പുതുവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്ക വിദ്യാഭ്യാസവും ശിക്ഷണവും നേതൃത്വവും നല്‍കല്‍ പ്രശ്‌നമായിത്തീര്‍ന്നു. ഈ ശൂന്യത നികത്തിയത് തരീമിലെ തങ്ങന്മാരാണ്. അവര്‍ ദക്ഷിണപൂര്‍വ്വേഷ്യയിലേക്ക് വന്‍തോതില്‍ പ്രവഹിച്ചു. ചിലര്‍ മതകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചു.  വേറെ ചിലര്‍ ബിസിനസ്സും മതപ്രവര്‍ത്തനങ്ങളും ഒരേ സമയത്ത് നടത്തി.  എ.ഡി പതിനാലാം നൂറ്റാണ്ട് മുതല്‍ക്കാണ് ഹളറമീ സാദാത്തുക്കളുടെ പ്രയാണം ശക്തി പ്രാപിച്ചത്. കേരളത്തിലും അതിനെക്കാളധികം ഇന്ത്യോനേഷ്യയിലും മലേഷ്യയിലും ഇവരുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചതോതില്‍ അനുഭവപ്പെട്ടു. മതഭൗതികരംഗങ്ങളില്‍  ഇവര്‍ സമുദായത്തിന് നേതൃത്വം നല്‍കി. ഇന്തോനേഷ്യന്‍ സാമൂഹ്യ ജീവിതത്തില്‍ സമുന്നതമായ സ്ഥാനമാണ് ഹള്‌റമികള്‍ ഇപ്പോഴും അലങ്കരിക്കുന്നത്. അവിടത്തെ മുന്‍പ്രസിഡന്റ് അബ്ദുറഹിമാന്‍ വാഹിദും, വിദേശ കാര്യമന്ത്രിയായിരുന്ന അലവി ശിഹാബും ഹള്‌റമികളാണ്. രണ്ടാമത്തെ ആള്‍ സയ്യിദാണ്. ഒരു പക്ഷേ സയ്യിദു മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കുടുംബക്കാരന്‍. മുന്‍ പ്രസിഡന്റ് സുക്കാര്‍ണോവിന്റെ കാലത്ത് ഇന്തോനേഷ്യയിലെ മൂന്ന് പ്രമുഖ പാര്‍ട്ടികളില്‍ ഒന്നായ ''നഹ്ദത്തുല്‍ ഉലമ'' ഹള്‌റമികളുടെ നിയന്ത്രണത്തിലുള്ളതായിരുന്നു. 
കേരളത്തിലെയും ദക്ഷിണേഷ്യയിലെയും മുസ്ലിംകള്‍ ഹൃദ്യമായ സ്വീകരണമാണ് ഇവര്‍ക്ക നല്‍കിയത്. അവരുടെ '' അഖീദ'' യും ''മദ്ഹബും'' ആണ് അതിനു കാരണം. പിന്നെ ത്വരീഖത്തും.  അലി (റ) ന്റെ സന്താനങ്ങള്‍ അലിപക്ഷക്കാരെന്ന അര്‍ത്ഥത്തില്‍ അലവികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അവര്‍ പൊതുവെ ശിയ പക്ഷക്കാരാണ്. അമവീ, അബ്ബാസീ, ഗവണ്‍മെന്റുകള്‍ക്കെതിരായി നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഹളറമീ സാദാത്തുക്കള്‍ സുന്നികളാണ്. ഇമാം ജഅഫര്‍ സ്വാദിഖിന്റെ സന്താന പരമ്പരക്കാര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്ന് ദീനി രംഗത്തും വൈജ്ഞാനിക രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ചു.  അവര്‍ കേരളീയരപ്പോലെ വിശ്വാസപരമായി '' അശ്അരികളും'' കര്‍മസരണിയില്‍ ശാഫികളുമാണ്. നാലു ഖലീഫമാരെയും അവര്‍ അംഗീകരിക്കുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, എന്നീ നാമങ്ങള്‍ അവര്‍ക്കിടയില്‍ ധാരാളമായി പ്രചാരത്തിലുണ്ട്. ശിയാക്കള്‍ ഇവ ഒഴിവാക്കാറാണു പതിവ്. കേരളത്തിലെ ശാഫീ പള്ളികളില്‍ വെള്ളിയാഴ്ചയിലെ രണ്ടാം ഖുതുബയില്‍ നാലു ഖലീഫമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യംഗമായി മഹല്ല് ശിയ അല്ലെന്നു സ്ഥാപിക്കാനാണ്.  നമ്മുടെ നാട്ടിലെ സയ്യിദന്മാര്‍ ''സുന്നത്തി'' നോടു കാണിക്കുന്ന പ്രതിബദ്ധതയാണിത് ദ്യോതിപ്പിക്കുന്നത്. കാരണം മതരംഗത്തെ അവരുടെ നേതൃത്വം അപ്രതി ഹിതമാണല്ലോ. ത്വരീഖത്തിനും സ്വൂഫിസത്തിനും കേരളത്തില്‍ പ്രചാരം കൊടുത്തതിലും ഇവര്‍ പങ്കുവഹിച്ചു. പക്ഷേ, ഇവരുടെ സ്വൂഫിസം  ശരീഅത്തില്‍ അധിഷ്ഠിതമാണ്. സ്വൂഫികള്‍ക്ക അഥവാ ഔലിയാക്കള്‍ക്ക് മതനിയമങ്ങള്‍ ബാധകമല്ലെന്ന് സിദ്ധാന്തിക്കുന്നവരെ ഇവര്‍ എതിര്‍ത്തു. 
സുന്നികളും ശാഫികളുമായ പൗരാണിക '' ബാഅലവി'' കളെ അത്യുത്സാഹപൂര്‍വ്വം സ്വാഗതം ചെയ്തത് അവര്‍ നബിമക്കളാണെന്നതിനു പുറമെഅവരുടെ ആദര്‍ശപരമായ ഈ സവിശേഷത കൊണ്ടാണ്.  ഹളറമി തങ്ങന്മാരുടെ മറ്റൊരു പേരാണ് ബാഅലവി. പഴയ ഹളറമി ഭാഷയില്‍ ''ബാ '' ഇംഗ്ലീഷിലെ  വേല, അറബിയിലെ '' അല്‍ ''പോലെയുള്ള ഒരു ഡെഫനിറ്റു ആര്‍ട്ടിക്കിളാണ്. അല്‍ അലവി അഥവാ അലീ പുത്രന്‍ അല്ലെങ്കില്‍ അലീ കക്ഷിയെന്നര്‍ത്ഥം. ബാഫഖീഹ്, ബാഫള്ല്‍ തുടങ്ങിയവ ബാഅലവിക്കു സമാനമായ പദങ്ങളാണ്. 
കേരളത്തില്‍ നേതൃപരമായ പദവിയാണു തങ്ങന്മാരുടേത്. മുസ്ലിംകളഉടെ അദ്ധ്യാത്മിക, ഭൗതിക മണ്ഡലങ്ങളില്‍  അവര്‍ക്ക് വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. ഇത് ആരുടെയും നിര്‍ബന്ധം കൊണ്ടുണ്ടായതല്ല. അവര്‍ സമുദായത്തെ സ്‌നേഹിച്ചു അതിനുവേണ്ടി ധാരാളം ത്യാഗം ചെയ്തു. സമുദായം തിരിച്ച് അവരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്തു. അവര്‍ക്കിടയില്‍ ധാരാളം സാംസ്‌കാരിക നായകര്‍ ജന്മമെടുത്തു. കേരളത്തിലെ സുന്നിപ്രസ്ഥാനത്തിനു മാത്രമല്ല പുരോഗമന ചിന്താഗതിക്കാര്‍ക്കും നേതൃത്വം കൊടുത്തത് തങ്ങനമാരാണെന്നതു കൗതുകകരാമാണ്. 
ഐക്യ സംഘത്തിന്റെ പ്രചോദന കേന്ദ്രമായിരുന്ന ഹമദാനി തങ്ങളും ഹമദാനി തങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഏകദേശം നാല്‍പത് ഗ്രന്ഥങ്ങളുടെ കര്‍ത്താവായ വെളിയങ്കോട് സ്വദേശി സയ്യിദ് സനാഉല്ല മക്തി തങ്ങളും ഉദാഹരണങ്ങളാണ്.
കേരളത്തിലെ തങ്ങന്മാര്‍ക്കിടയിലെ ആദ്യത്തെ ഗ്രന്ഥകര്‍ത്താവ് കോഴിക്കോട് സയ്യിദ് ശൈഖ് ജിഫ്രി (ഹിജ്‌റ 11391222) യാണ.് തരീമില്‍ നിന്ന് കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ആദ്യത്തെ ജിഫ്രി വംശജന്‍ കൂടിയാണദ്ദേഹം. അറബി ഭാഷയില്‍''കന്‍സൂല്‍ ബറാഹീന്‍''പോലെയുള്ള അനേകം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. മലയാളം അറിയാമായിരുന്നുവെങ്കിലും മലയാളത്തില്‍ ഗ്രന്ഥരചന നടത്തിയതായി അറിയുന്നില്ല. അന്നത്തെ മലയാളം ഒരു ഗ്രന്ഥ ഭാഷയായി വളര്‍ന്നിട്ടില്ലാത്തതിനാല്‍ ഹൈന്ദവ മുസ്ലിം പണ്ഡിതന്മാര്‍ യഥാക്രമം സംസ്‌കൃതത്തിലും അറബിയിലുമാണ് ഗ്രന്ഥരചന നടത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരില്‍ പലരും മികച്ച പണ്ഡിതന്മാരും, സാഹിത്യകാരന്മാരുമായി പ്രസിദ്ധരായവരാണ്. ടിപ്പുസുല്‍ത്താന്‍, ശൈഖിന്റെ മുരീദായിരുന്നുവെന്ന് പറയപ്പെടുന്നു. കോഴിക്കോട്ടുകാരുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ശൈഖിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് സുല്‍ത്താന്‍ സന്നദ്ധനായി അദ്ദേഹത്തിന്റെ ചിലവില്‍ സാമൂതിരി രാജാവ് മാനവിക്രമന്‍ തമ്പുരാന്‍ കുഴിപ്പിച്ചതാണ് മാനഞ്ചിറ എന്ന് പറയപ്പെടുന്നത്.
മമ്പുറത്തെ സെയ്തലവി തങ്ങളുടെ പ്രസിദ്ധ ഗ്രന്ഥമാണ് അസ്സൈഫുല്‍ ബത്താര്‍. അദ്ദേഹം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ പോരാടിയപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനം സജ്ജീവമായി തുടര്‍ന്നുകൊണ്ടിരുന്നു.  നിരവധി പള്ളികളും ദര്‍സുകളും അദ്ദേഹത്തിന്റെ ധനം കൊണ്ടും പരിശ്രമം കൊണ്ടും ഉയര്‍ന്നു. അദ്ദേഹത്തിന്റെ പുത്രന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ കേരളം വിട്ട ശേഷം തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഖാന്റെ ഉപദേഷ്ടാവായും യമനില്‍ അദ്ദേഹത്തിന്റെ ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ചു. സെയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ സഹപ്രവര്‍ത്തകനായ അദ്ദേഹം '' പാന്‍ ഇസ്ലാമിസ'' ത്തിന്റെ വാക്താവായിരുന്നു.  എഴുത്തും പ്രസംഗവും മുഖേന അദ്ദേഹം സാമ്രാജ്യ വിരുദ്ധ  ചിന്താഗതി പരിപോഷിപ്പിച്ചു. അറബി ലോകത്ത് സയ്യിദ് ഫസല്‍ പാഷാ മലൈബാരിയെന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നു.
കൊച്ചിയിലെ ചെമ്പിട്ട പള്ളിയുടെ നിര്‍മാതാവായ സയ്യിദ് മൗലാ ബുഖാരി (ഹി.11441207)  ഊര്‍ജ്ജ്വസ്വലനായ മറ്റൊരു സാംസ്‌കാരിക നായകനാണ്. 
പാടൂര്‍ കോയക്കുട്ടി തങ്ങളെ സംബന്ധിച്ച് മുമ്പ് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബൈതുല്യം അഥവാ സത്യമാര്‍ഗ്ഗം കേരളീയരെ സ്വാധീനിച്ച ഒരു അറബി മലയാള കൃതിയാണ്. 
പൊന്നാനി കോടമ്പിയകത്തു കുഞ്ഞി സീതി തങ്ങള്‍ (ഹി.12741339)വിശ്രുതനായൊരു കവിയാണ്. ചരിത്ര സംഭവങ്ങളും വിവിധ മതപ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ കവിതക്കു വിഷയമായങ്ങളായിട്ടുണ്ട്. പൊന്നാനി വലിയ ജാറത്തിലെ സയ്യിദ് ഉമര്‍ ഹൈദ്രോസു മൂസാവി തങ്ങളാണ് പിതാവ്. പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ സ്ഥാപനത്തില്‍ പങ്കുവഹിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഹൈദ്രോസ് പൊന്നാനി, ഫാറൂഖ് കോളജിന്റെ സ്ഥാപക വൈസ് പ്രസിഡന്റും  എതിര്‍പ്പുകള്‍ വകവെക്കാതെ മഊനത്തുല്‍ ഇസ്ലാം ഹൈസ്‌കൂളിന്റെ സ്ഥാപനത്തിന് നേതൃത്വം കൊടുത്ത വ്യക്തിയുമാ  കോഴിക്കോട് പി.എം ആറ്റക്കോയ തങ്ങള്‍, ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മറ്റി സെക്രട്ടറിയും വ്യവസായ പ്രമുഖനുമായിരുന്ന എസ്.എ. ജിഫ്രി, മലപ്പുറം ഖാസിയായിരുന്ന ഖാന്‍ ബഹദൂര്‍ മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സാംസ്‌കാരിക രംഗത്തു വിരാജിച്ച ചില പ്രഗത്ഭ സയ്യിദന്മാരാണ്.
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സ്ഥാപനത്തിലൂടെ മാത്രമല്ല വിശ്രുതനായത്. നൂറുകണക്കിന് ചെറുതും വലുതുമായ വ്യദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തിന് നതൃത്വം കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലയിരുത്തേണ്ടതുണ്ട്.
പാണക്കാട് സയ്യിദ് കുടുംബത്തിന് സയ്യിദ് ഹുസൈന്‍ തങ്ങള്‍ (ഹി.12391302) മുതല്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും സഹോദരങ്ങളും വരെ നീണ്ടുനില്‍ക്കുന്ന ഒരനസ്യൂത സാംസ്‌കാരിക രാഷ്ട്രീയ പാരമ്പര്യമുണ്ട്. സാഹിത്യകാരനും മുസ്ലിം സമുദായത്തിന്റെ വക്താവുമായിരുന്ന വലിയ ഖാസി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ സ്മരണ ഹൃദയത്തെ ദു:ഖപൂര്‍ണ്ണമാക്കുന്നു.പരേതനായ കെ.എസ് തങ്ങള്‍ എം.എല്‍.എ രാഷ്ട്രീയ രംഗത്തെന്ന പോലെ സാംസ്‌കാരിക രംഗത്തു ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഗ്രന്ഥകാരനും ചിന്തകനുമായ എം.ഐ തങ്ങളെ പരാമര്‍ശിക്കേണ്ടതുണ്ട്.ഇനിയും ധാരാളം സാംസ്‌കാരിക നായകരായ സയ്യിദന്മാരുണ്ട്. പൊന്നാനിയിലെ വി.പി.സി തങ്ങളെപ്പോലുള്ളവര്‍. സ്ഥല പരിമിതി അവരെക്കുറിച്ചെഴുതാന്‍ അനുവദിക്കുന്നില്ല. 
ജ്ഞാനവൃദ്ധനായ സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍ ഒരനുപമ വ്യക്തിത്വത്തിന്റെ ഉടമയാണ്. ഒരേ സമയം ബാഖവിയും (വെല്ലൂര്‍) ഖാസിമിയും (ദയൂബന്ത്) അസ്ഹരിയും (കൈറോ) ആകാനുള്ള ഭാഗ്യം സിദ്ധിച്ച കേരളത്തിലെ ഏക പണ്ഡിതനാണദ്ദേഹം. ഗ്രന്ഥകാരനായ അദ്ദേഹം രചിച്ച '' അല്‍ അറബു വല്‍ അറബിയ്യ'' ( അറബികളും അറബി ഭാഷയും ) എന്ന പുസ്തകം നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൈറോവില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അധികം താമസിയാതെ എനിക്കത് വങ്ങാനും വായിക്കാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ അഗാതജ്ഞാനവും  സാഹിത്യാഭിരുചിയും  എന്നെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി. ലോകമുസ്ലിം പണ്ഡിത സമൂഹവുമായി ബന്ധപ്പെടുവാനും സംവദിക്കാനുമുള്ള  അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹം പ്രസിഡന്റായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ  വീക്ഷണവും പ്രവര്‍ത്തനവും  വിപുലമാക്കാന്‍ സഹായിച്ചിട്ടുണ്ട്.  സമസ്തയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ തങ്ങളാണദ്ദേഹം. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അതിന്റെ സ്ഥാപക പ്രസിഡന്റാണ്. 
മുഹമ്മദ് യൂസുഫ് തങ്ങള്‍ (അഫ്‌സലുല്‍ ഉലമ) തിരുവനന്തപുരം എഴുത്തുകാര്‍ക്കിടയിലെ  പണ്ഡിതന്മാര്‍ക്കിടയിലെ എഴുത്തുകാരനുമായിരുന്നു.  ''യുവകേസരി'' വാരികയില്‍ '' ജിസിയ'' യെപ്പറ്റി  അദ്ദേഹം എഴുതിയ ലേഖനം ശാസ്ത്രീയമായ ഒരു വിശകലനമായിരുന്നു. 
ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമ കാരന്തൂര്‍ മര്‍കസ്സുസഖാഫത്തുസുന്നി അടക്കം ചില സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. 
ഐസ്.എസ്.എം. സംഘടനയുടെ സ്ഥാപക നേതാവായിരുന്ന കെ.എസ്.കെ തങ്ങള്‍ മൂന്നിയൂര്‍, അയ്യംമടത്തിലെ പൂക്കോയതങ്ങള്‍, പുത്രന്‍ എസ്.എച്ച്. ഐദിദ് മുസ്തഫ പൂക്കോയ തങ്ങള്‍ (പെരിന്തല്‍മണ്ണ) എന്നിവര്‍ നമ്മുടെ പൊതുജീവിതത്തെ  ഭാസുരമാക്കിയ ചില തങ്ങന്മാരാണ്.  ജമാഅത്തു ഇസ്ലാമിയുടെ സ്ഥാപകന്‍ സയ്യിദു അബുല്‍ അഅ്‌ല മൗദൂദി കേരളീയ ശൈലിയുടെ ഒരു തങ്ങളാണ്.
അദ്ദേഹത്തിന്റെ സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ചതില്‍  സയ്യിദ് അബ്ദുല്‍ അഹദു തങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. ജമാഅത്തിന്റെ പ്രഥമ അമീര്‍ മുഹമ്മദ് അലി ഹാജിയുടെ വലംകയ്യായി പ്രവര്‍ത്തിച്ച  ഈ കൊയിലാണ്ടിക്കാരന്റെ ഗൃഹസ്ഥാശ്രമം എടയൂരാണ്. ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണങ്ങളുടെ നിയന്ത്രണം അദ്ദേഹത്തിന്റെ കരങ്ങളിലായിരുന്നു. വളരെക്കാലം എം.എ കല്‍പറ്റ എന്ന പേരില്‍ പ്രസിദ്ധനായ പഴയ കാല ലീഗ് നേതാവും ഒരുകാലത്ത് ഉജ്ജ്വല വാഗ്മിയുമായിരുന്ന പി.എം.എ തങ്ങളാണ് സ്മരിക്കപ്പെടേണ്ട മറ്റൊരു സയ്യിദ് പ്രതിഭ.

2 Comments

  1. " കൊച്ചിയിലെ ചെമ്പിട്ട പള്ളിയുടെ നിര്‍മാതാവായ സയ്യിദ് മൗലാ ബുഖാരി (ഹി.1144-1207) ഊര്‍ജ്ജ്വസ്വലനായ മറ്റൊരു സാംസ്‌കാരിക നായകനാണ്." എന്ന് ലേഖനത്തിൽ കാണുന്നു.

    പള്ളി സ്ഥാപിച്ച വർഷം കൃത്യമായി തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാനാവില്ലെങ്കിലും. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതായത് AD 1519-21 (926 ഹിജ്റ) കാലയളവിൽ പുതുക്കി പണിയിക്കപ്പെട്ടതാണ് ചെമ്പിട്ടപള്ളി എന്ന് പള്ളിയിലെ രേഖകളിൽ കാണുന്നു . അതായത് ആ പള്ളിക്ക് ഏതാണ്ട് 500 - 600 വർഷത്തിലേറെ പഴക്കം ഉള്ളതായി കണക്കാക്കാം, അപ്പോൾ പതിനെട്ടാം നൂറ്റാണ്ടിൽ (1144-1207ഹിജ്റ) ജീവിച്ചിരുന്ന സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി തങ്ങളാണ് ആ പള്ളി പണിതത് എന്ന് പറയുക. പതിനെട്ടാം നൂറ്റാണ്ടിൽ അദ്ദേഹം പുതുക്കി പണിതു എന്നതാണ് ശരിയായ വസ്തുത അത് തന്നെയാണ് രേഖകൾ പറയുന്നതും.

    പല ആവർത്തി പലരും പകർത്തിയെഴുതി തെറ്റിപ്പോയ ചരിത്രമാണ് ചെമ്പിട്ടപള്ളിയുടേത്... തിരുത്തേണ്ടത് അത്യാവശ്യമാണ്....

    ReplyDelete

Post a Comment

Previous Post Next Post