മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനായി ഹി.1240 ല്‍ ജനിച്ചു. കൊയിലാണ്ടിയിലെ അബൂബക്കര്‍ മദനിയുടെ മകള്‍ ഫാത്വിമ ബീവിയാണ് മാതാവ്. പിതാവിന്റെ ആത്മീയ സംരക്ഷണത്തില്‍ വളര്‍ന്ന സയ്യിദ് ഫസല്‍ ചാലിലകത്ത് ഖുസ്വിയ്യ് ഹാജി, ഔക്കോയ മുസ്ലിയാര്‍, ബൈത്താന്‍ മുഹമ്മദ് മുസ്ലിയാര്‍, വെളിയങ്കോട് ഉമര്‍ഖാളി, ഖാളി മുഹ്‌യുദ്ദീന്‍ കോഴിക്കോട്, സൈനുദ്ദീന്‍ മുസ്ലിയാര്‍ തിരൂരങ്ങാടി, ശൈഖ് സയ്യിദ് അബ്ദുല്ല ബിന്‍ ഉമര്‍ ഹളര്‍മൗത്ത് തുടങ്ങിയവരില്‍ നിന്നാണ് വിവിധ വിഷയങ്ങളില്‍ വിദ്യ അഭ്യസിച്ചത്.
പിതാവ് മരിക്കുമ്പോള്‍ സയ്യിദ് ഫള്‌ലിന് 20 വയസ്സായിരുന്നു. സയ്യിദ് അലവി തങ്ങള്‍ക്ക് ഉത്തമ പിന്‍ഗാമിയായി അദ്ദേഹം മാറി. മമ്പുറം ജുമുഅത്ത് പള്ളി സ്ഥാപിച്ചതും ജുമുഅ സ്ഥാപിച്ചതും സയ്യിദ് ഫള്ല്‍ ആണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും റാത്തിബുകളും ആത്മീയ സദസ്സുകളും പ്രസിദ്ധമായിരുന്നു.
ഇദ്ദേഹത്തില്‍ ആകൃഷ്ടനായി ജന്മത്വ പീഡനങ്ങള്‍ സഹിക്കവെയ്യാതെ കീഴ് ജാതിക്കാര്‍ ഇസ്ലാമിലേക്ക് വരാന്‍ തുടങ്ങി. ഇവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്കാന്‍ സയ്യിദ് ഫസല്‍ മുന്നോട്ട് വന്നു. ഇത്തരം നിലപാടുകള്‍ ബ്രിട്ടീഷുകാരില്‍ അദ്ദേഹത്തെക്കുറിച്ച് സംശയം ജനിപ്പിച്ചു. ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളില്‍ സയ്യിദ് അലവി തങ്ങളെക്കാള്‍ മുന്നിലായിരുന്നു സയ്യിദ് ഫസല്‍ . വെള്ളിയാഴ്ച ജുമുഅ പ്രഭാഷണങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ അദ്ദേഹം നിരന്തരം സൂചിപ്പിച്ചിരുന്നു. ഊത്തുല്‍ ഉമറാ എന്ന കൃതി ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് പ്രചോദനം നല്‍കുന്നതായിരുന്നു.
അവിവേകപരവും പരിധിവിടുന്നതുമായ അക്രമണങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. മമ്പുറത്ത് സിയാറത്തിന് വന്നിരുന്ന തൃക്കളൂര്‍ നിവാസിയായ കുട്ടി അഹ്മദ് സയ്യിദ് ഫള്‌ലിന്റെ നാമം കൊത്തിവെച്ച വാളുമായാണ് തിരുച്ചുപോയത്. തൃക്കളൂരില്‍ നടന്ന യുദ്ധത്തില്‍ ഇദ്ദേഹം വധിക്കപ്പെടുകയും ഈ വാള്‍ കണ്ടെടുക്കപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടില്‍ നടക്കുന്ന മുഴുവന്‍ കലാപങ്ങളുടെയും ഉത്തരവാദി സയ്യിദ് ഫള്‌ലാണെന്ന് കലക്ടര്‍ കനോലി പ്രഖ്യാപിച്ചു. സത്യത്തില്‍ സയ്യിദ് ഫള്ല്‍ കുട്ടി അഹ്മദിന്റെ ഈ ചെയ്തി അറിയുക പോലും ചെയ്തിരുന്നില്ല.
സയ്യിദ് ഫളല്‍ തങ്ങളെ നാടുകടത്താന്‍ ബ്രിട്ടീഷ് കമ്മീഷന്‍ തീരുമാനിച്ചു. എന്നാല്‍, നാടിന്റെയും സമുദായത്തിന്റെയും ഭാവി ഓര്‍ത്ത് അദ്ദേഹം ഇതിനെതിരെ മുന്നോട്ടുവന്നില്ല. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവരമറിയിച്ച് 1852 മാര്‍ച്ച് 19 (ഹി.1268) ല്‍ സയ്യിദ് ഫള്‌ലും 57 പേരും അറേബ്യയിലേക്ക് യാത്രയായി. വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ കോഴിക്കോട് കടപ്പുറത്ത് ഒത്തുചേര്‍ന്നുവെങ്കിലും പരപ്പനങ്ങാടിയില്‍ നിന്നും പുറപ്പെടുകയാണുണ്ടായത്. ഫസല്‍ തങ്ങളുടെ യാത്രക്ക് ശേഷം മലബാറില്‍ ബ്രിട്ടീഷുകാര്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ 1855 സെപ്തംബര്‍ 11ന് കലക്ടര്‍ കനോലിയെ വധിച്ചാണ് ഇതിന് മാപ്പിളമാര്‍ പ്രതികാരംവീട്ടിയത്.
സയ്യിദ് ഫസലും കൂട്ടരും യമനില്‍ കപ്പലിറങ്ങി. കുറച്ചുപേരെ ഹളര്‍മൗത്തില്‍ താമസിപ്പിച്ച് തങ്ങളു ശേഷിക്കുന്നവരും മസ്‌ക്കറ്റിലേക്ക് പോയി. അവിടെ നിന്നും ഈജിപ്ത് വഴി തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെത്തി. പിന്നീട് മക്കയിലേക്ക് പോയി. അവിടെ 18 വര്‍ഷം താമസിച്ചു. 1871 ല്‍ വീണ്ടും കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി. 1876ല്‍ യെമന്‍ ഗവര്‍ണറായി നിയമിതനായി. പിന്നീട് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച് വീണ്ടും മക്കയിലെത്തുകയും സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ക്ഷണപ്രകാരം ഉപദേഷ്ടാവെന്ന നിലയില്‍ തുര്‍ക്കിയിലെത്തി. 'ഫള്ല്‍ പാഷ' എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
ഹി.1318 (ക്രി.1901)ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മരണപ്പെട്ടു. തുര്‍ക്കി സുല്‍ത്താന്മാരുടെ ഖബറിടത്തില്‍ ഖലീഫ മഹ്മൂദ് ഖാന്റെ ഖബറിനടുത്താണ് അന്ത്യവിശ്രമംകൊള്ളുന്നത്. 16 ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സയ്യിദ് ഫള്‌ലിന്റെ കുടുംബം ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നതുവരെ തുര്‍ക്കിയില്‍ സുഖപ്രദമായി ജീവിച്ചു. യുദ്ധം ആരംഭിച്ചപ്പോള്‍ കുടുംബം സിറിയയിലെ ലാദിഖിയ്യത്തില്‍ താമസമാക്കി. ഇവരുടെ പിന്മുറക്കാര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. ഇവരില്‍ പ്രധാനികള്‍ അടുത്തിടെ കേരളം സന്ദര്‍ശിച്ചിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ സയ്യിദ് ഫള്‌ലിന്റെ ഇളയമകന്‍ സയ്യിദ് അലി മലബാറിലെത്തിയിരുന്നെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ട മാഹിയില്‍ ഒരു വര്‍ഷം താമസിച്ച തിരിച്ച്‌പോവുകയായിരുന്നു.
Post a Comment