• മഹ്മൂദ് കൂരിയ

ഇന്ത്യയില്‍ ഇസ്ലാം എത്തിയതും വികസിച്ചതുമായി ബന്ധപ്പെട്ട് നിലവിലുള്ള ചരിത്രരചനകളില്‍ അത്രയൊന്നും പ്രാധാന്യം നേടാത്തതാണ് കേരളത്തിലെ ഇസ്ലാമിന്റെ ആഗമനവും വികാസവും. ദക്ഷിണേന്ത്യയോട് പൊതുവെ ഉത്തരേന്ത്യന്‍ ചരിത്രകാരന്മാര്‍ പുലര്‍ത്തുന്ന വൈമുഖ്യമായിരിക്കാം കാരണം. പ്രചാരത്തിലുള്ള പ്രധാന ചരിത്രവിശ്വാസം 711ല്‍ മുഹമ്മദ് ബ്‌നു ഖാസിമിന്റെ സിന്ധാക്രമണത്തോടെയാണ് ഇസ്ലാം ഇന്ത്യയിലേക്കെത്തിയത്. 725 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചില അറബ് സൈന്യാധിപര്‍ ഇന്ത്യയിലെ കാത്യാവാര്‍, ഗുജറാത്ത്, ദക്ഷിണ രാജസ്ഥാന്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് പടയോട്ടം നടത്തുകയും അവയെല്ലാം ഇസ്ലാമിക സ്രാമാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള നൂറ്റാണ്ടില്‍ ചാലുക്യ, രാഷ്ട്രകൂട ഭരണകൂടങ്ങള്‍ അറബികളുടെ അധിനിവേശം ചെറുക്കാന്‍  മാത്രമായി പ്രത്യേക സേനാവ്യൂഹത്തെ സജ്ജമാക്കി നിര്‍ത്തിയിരുന്നതിനാല്‍, പശ്ചിമേഷ്യന്‍ സൈന്യാധിപരുടെ ആക്രമണങ്ങള്‍ വേണ്ടത്രയുമുണ്ടായില്ല. മുഹമ്മദ് ഗോറിയും മഹ്മൂദ് ഗസ്‌നിയും പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലായി നടത്തിയ  അധിനിവേശങ്ങളിലൂടെ  ഇന്ത്യയില്‍ മുസ്ലിം രാഷ്ട്രീയത്തിന്റെ ശക്തമായ സാന്നിധ്യത്തിന് വഴിയൊരുങ്ങി. ഡല്‍ഹി സുല്‍ത്താനത്തിലൂടെയും മുഗള്‍ ഭരണകൂടത്തിലൂടെയും മുസ്ലിംകള്‍ നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ ശക്തമായ രാഷ്ട്രീയനിയന്താക്കളായി വാഴ്ന്നുവെന്നാണ് മുഖ്യധാരയിലെ ഇസ്ലാമുമായി ബന്ധപ്പെട്ട 'ഔദ്യോഗിക' ചരിത്രാഭാഷ്യം. ഈ ചരിത്ര ചിന്താഗതിയെ  ചോദ്യം ചെയ്യുന്ന നിരവധി പ്രാദേശിക ഭാഷ്യങ്ങള്‍  ഇസ്ലാമിന്റെ ആഗമനം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട നിലവിലുണ്ട്. അത്തരം ഭാഷ്യങ്ങളില്‍ മിക്കവയും ഇന്ത്യാമഹാസമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന തീരപ്രദേശങ്ങളില്‍ നിന്നാണ്.  തങ്ങളുടെ തുറമുഖങ്ങള്‍ വഴി നൂറ്റാണ്ടുകളായി തങ്ങള്‍ പശ്ചിമേഷ്യ  അടക്കമുള്ള വിവിധ  ദേശങ്ങളുമായി ബന്ധപ്പെടുന്നതാണെന്നും അതിന്റെ തുടര്‍ച്ചയെന്നോണം ഇസ്ലാം പശ്ചിമേഷ്യയില്‍ ഉദയംചെയ്ത ഉടന്‍ തന്നെ കച്ചവടക്കാരിലൂടെ ഇസ്ലാം തങ്ങളുടെ പ്രദേശങ്ങളില്‍ എത്തിയെന്നും അദാനപ്രദാനങ്ങളിലൂടെ  മുസ്ലിം സമുദായം  തങ്ങളുടെ പ്രദേശത്ത് വളര്‍ന്നെന്നും അത്തരം പ്രാദേശിക ചരിത്രഭാഷ്യങ്ങള്‍  വാചാലമാകുന്നു. പശ്ചിമ തീരങ്ങളിലെ ഗുജറാത്ത്,  കാംബെ, മലബാര്‍, കിഴക്കന്‍ തീരങ്ങളിലെ കായല്‍പട്ടണം, ബംഗാള്‍ തുടങ്ങി നിരവധി തീരപ്രദേശങ്ങളില്‍ നിന്ന ഇത്തരം ചരിത്രപരമായ വാദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. അവയെല്ലാം 'ഔദ്യോഗിക' ഭാഷ്യമായ ഇബ്‌നു ഖാസിമാണ് ഇന്ത്യയിലെത്തിയ ഇസ്ലാമിന്റെ ആദ്യ സന്ദേശവാഹകന്‍ എന്ന വാദത്തെ തിരസ്‌കരിക്കുകയും പകരം തങ്ങളുടെ പ്രാദേശിക ഭാഷ്യത്തെ സംസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സമഗ്രമായ ഒരന്വേഷണം ഇവ്വിഷയകമായി ഉണ്ടാവാത്തതിനാല്‍ തന്നെ, 'ഔദ്യോഗിക' ഭാഷ്യം ഇപ്പോഴും സര്‍വ്വസാധാരണമായി ഉദ്ധരിക്കപ്പെടുകയും, പ്രദേശിക ഭാഷ്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു.
ഈ പശ്ചാതലത്തില്‍ നിന്നാണ് നമ്മള്‍ മലബാറിലെ ഇസ്ലാമിന്റെ ഉദ്ഭവം, വികാസം തുടങ്ങിയ പ്രാദേശിക ചരിത്രന്വേഷണങ്ങളിലേക്ക് വരുന്നത്. ആധുനിക കാലത്തിന് മുമ്പുള്ള മലബാര്‍ ഇന്നത്തെ കേരളത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇന്നത്തെ കണ്ണൂരിലെ ഏഴിമല മുതല്‍ കൊല്ലം ജില്ലയുടെ അവസാനം വരെ പഴയ മലബാറിന്റെ ഭാഗമായിരുന്നു. അതിനാല്‍ തന്നെ ഇസ്ലാമിന്റെ ആഗമനവികാസങ്ങളുടെ അന്വേഷണങ്ങളില്‍ മലബാര്‍ എന്ന ഭുപ്രദേശം വളരെ വിശാലമാണെന്ന ബോധ്യം സുക്ഷിക്കേണ്ടതുണ്ട്.

ഇസ്ലാമിന്റെ ആവിര്‍ഭാവം: ചരിത്രതര്‍ക്കങ്ങളുടെ ബാഹുല്യം
മലബാറലെ ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട ചരിത്രവീക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
കേരളത്തിലെ ഇസ്ലാമിന്റെ ഉദ്ഭവം പ്രതിപാദിക്കുന്ന 'പ്രധാന വിശ്വാസം' ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്: സിലോണിലെ ആദം മല കാണാന്‍ പോകുകയായിരുന്ന അറബ് സംഘം വഴിമധ്യേ കൊടുങ്ങല്ലൂരില്‍ ഇറങ്ങുകയും അന്നത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാളിനെ കാണുകയും ചെയ്തു. സംഭാഷണമധ്യേ അവര്‍ അറേബ്യയില്‍ പുതുതായി ഉദയം ചെയ്ത മുഹമ്മദ് എന്ന പ്രവാചകനെക്കുറിച്ചും ഇസ്ലാം എന്ന മതത്തെക്കുറിച്ചും രാജാവിനെ അറിയിച്ചു.  മുഹമ്മദിന്റെ അദ്ഭുദകൃത്യങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍, മക്കയിലെ ശത്രുക്കളുടെ വെല്ലുവിളി സ്വീകരിച്ച് ചന്ദ്രന്‍ രണ്ടായി പിളര്‍ത്തിയ മഹാത്ഭുതവും അവര്‍ പങ്കുവെച്ചു. ഇതെല്ലാം കേട്ട് ഇസ്ലാമിലും മുഹമ്മദ് നബിയിലും അത്യാകര്‍ഷ്ടനായ രാജാവ് തങ്ങളുടെ മടക്കയാത്രയില്‍ കൊടുങ്ങല്ലൂരില്‍ വരണമെന്നും താനും നിങ്ങളുടെ കൂടെ അറേബ്യയിലേക്ക് വരുന്നുവെന്നും അവരെ അറിയിച്ചു.
അതുപ്രകാരം അവര്‍ രാജാവിനെയും കൂട്ടി മക്കത്തെത്തി. രാജാവ് മുഹമ്മദ് നബിയെ കാണുകയും ഇസ്ലാം സ്വീകരിക്കുകയും താജുദ്ദീന്‍  എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മടക്കയാത്രമധ്യേ, താജുദ്ദീന്‍ രോഗബാധിതനായി. കൂടെയുണ്ടായിരുന്ന ആളുകളെ ഇസ്ലാമിന്റെ പ്രചരണത്തിനായി കൊടുങ്ങല്ലൂരിലേക്കച്ചു. കൂടെ ഒരു കത്തും കൊടുത്തയച്ചു. കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ പ്രവാചകാനുചരനായ മാലിക്ബ്‌നു ദീനാറിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സംഘത്തിന് തദ്ദേശിയര്‍ സത്വസിദ്ധമായ ശൈലിയില്‍ സ്വീകരണം നല്കി.  മുസ്ലിംകളുടെ ആചാരാനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും ആകൃഷ്ടരായ തദ്ദേശിയര്‍ ഇസ്ലാം മതം സ്വീകരിച്ചു തുടങ്ങി. രാജാവിന്റെ അനുമതി പ്രകാരം കൊടുങ്ങല്ലൂരില്‍ അവര്‍ പള്ളി പണിതു. ശേഷം മാലിക്ബ്‌നു ദീനാര്‍ കേരളത്തിന്റെ പലതീരപ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് പതിനെട്ട് പള്ളികള്‍ സ്ഥാപിക്കുകയും തന്റെ സംഘാംഗങ്ങളിലെ ഓരോരുത്തരെയും ഓരോ ഇടങ്ങളില്‍ നിയമിക്കുകയും ചെയ്തു. തീരപ്രദേശങ്ങളിലൂടെ ഇസ്ലാം കേരളത്തില്‍ വ്യാപിക്കുവാന്‍ ഇത് വഴയൊരുക്കി. ഈ'വിശ്വാസകഥ'യുടെ  പല ഭാഷാന്തരങ്ങളും പലയിടങ്ങളിലായി പ്രചാരത്തിലുണ്ട്.
ഈ വിശ്വാസകഥ അംഗീകരിച്ചും തള്ളക്കളഞ്ഞുമൊക്കെയായി നിരവധി ചരിത്രമെഴുത്തുകള്‍ മലബാറിന്റെ പ്രാദേശിക ചരിത്രകാന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.  വളരെ സങ്കീര്‍ണ്ണമായ അഭിപ്രായ വൈചാത്യങ്ങള്‍.  ഒന്നും ഒന്നിനോടും സമരസപ്പെടാത്ത തരത്തിലുള്ള വീക്ഷണങ്ങള്‍. അവയില്‍ പ്രധാനമെന്ന് തോന്നുന്ന പത്ത് അഭിപ്രായങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കാം: 1. കേരളത്തില്‍ നബിയുടെ കാലത്ത് ഇസ്ലാം വന്നിട്ടുണ്ട്, സ്വഹാബിയായ മാലിക്ബ്‌നു ദീനാര്‍ വഴി. മലബാറിലെ രാജാവായ ചേരമാന്‍ പെരുമാള്‍ പെരുമാള്‍ നബിയെ കണ്ട് ഇസ്ലാം സ്വീകരിച്ചിട്ടുമുണ്ട്. 2.  കേരളത്തില്‍ നബിയുടെ കാലത്ത് ഇസ്ലാം വന്നിട്ടുണ്ട്. പക്ഷേ അത് മാലിക്ബ്‌നു ദീനാര്‍ വഴിയായിരുന്നില്ല.  അക്കാലങ്ങളില്‍ മലബാറുമായി കച്ചവടം നടത്തിയിരുന്ന  അറബികള്‍ വഴിയാണ് നബിയുടെ കാലത്ത് ഇസ്ലാം ഇവിടെയെത്തിയത്. 3. മാലിക്ബ്‌നു ദീനാര്‍ എന്ന ഒരു സ്വഹാബിയേ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ, അദ്ദേഹം വഴി ഇസ്ലാം മലബാറിലെത്തി എന്ന് പറയുന്നതിന് അടിസ്ഥാനങ്ങളില്ല. 4. താബിഉത്താബിഉം സൂഫിവര്യനുമായ  ഒരു മാലിക്ബ്‌നു ദീനാര്‍ ഇസ്ലാമിക ചരിത്രത്തിലുണ്ട്.  പക്ഷേ, അദ്ദേഹം കേരളത്തില്‍ വന്നതായി തെളിവുകളില്ല. 5.  മാലിക്ബ്‌നു ദീനാര്‍ എന്ന പേരില്‍ ഇസ്ലാമിക ചരിത്രത്തില്‍  മൂന്ന് പേരുണ്ട്: രണ്ട് സ്വഹാബികള്‍,  ഒരു താബിഉത്താബിഅ്.  ഇവരില്‍ സ്വഹാബിയായ ഒരു മാലിക്ബ്‌നു ദീനാര്‍ കേരളത്തില്‍ വന്നിട്ടുണ്ട്. 6. സ്വഹാബിയല്ലാത്ത മാലിക്ബ്‌നു ദീനാര്‍ ലോകസഞ്ചാരം നടത്തിയിട്ടുണ്ട്.  കേരളത്തില്‍ വന്നിട്ടുണ്ടോ  എന്നറിയില്ല,  തെളിവുകളില്ല. 7. മുഹമ്മദ് നബി നിര്യാതനായി പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് കേരളത്തില്‍ ചേരഭരണകൂടം സ്ഥാപിതമാകുന്നതു തന്നെ.  അതിനാല്‍ ഒരു ചേരമാന്‍ രാജാവും നബിയെ കണ്ട് ഇസ്ലാം സ്വീകരിച്ചിട്ടില്ല. 8.  ചേരമാന്‍ രാജാവ് ഇസ്ലാം സ്വീകരിച്ച് എങ്ങോ പോയിട്ടുണ്ട്. മദീനയിലേക്കാണോ പോയത് എന്നതിന് തെളിവില്ല. 9. അവസാനത്തെ ചേര രാജാവ് മതം മാറിയിട്ടുണ്ട്.  അത് ഇസ്ലാമിലേക്കാണോ ബുദ്ധമതത്തിലേക്കാണോ എന്നത് തീര്‍ച്ചയില്ല.  10.  ഒന്നല്ല്, രണ്ടു പെരുമാള്‍ രാജാക്കന്മാര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഒരാള്‍ നബിയുടെ കാലത്തും മറ്റെയാള്‍ അനുയായികളുടെ കാലത്തും. രണ്ടുപേരും മദീനയില്‍ പോയിട്ടുണ്ട്.
അഭിപ്രായങ്ങള്‍ ഇനിയുമുണ്ട്. ഓരോ അഭിപ്രായങ്ങളിലും  വീണ്ടും അഭിപ്രായ ഭിന്നതകളും  പിന്നെയും ഉപഭിന്നതകളുമെല്ലാമായി  ഏറെ 'സമ്പന്നമാണ്' കേരളത്തിലെ ഇസ്ലാമിന്റെ  ഉദ്ഭവ ചരിത്രം.  ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമില്‍ നിന്ന് തുടങ്ങി കേരളത്തിന്റെ ചരിത്രം എഴുതാന്‍  ആരൊക്കെ ഒരുമ്പെട്ടിട്ടുണ്ടോ, അവരൊക്കെയും ഈ ഭിന്നതകള്‍ സ്വന്തം നിലക്ക് കൈകാര്യം ചെയ്യുകയും  സ്വന്തമായ ചിലനിരീക്ഷണങ്ങള്‍ രൂപപ്പെടുത്തുകയും  അങ്ങനെ ഭിന്നതകളുടെ കൂട്ടത്തിലേക്ക്  ഒരോന്ന സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹെര്‍ന്‍ ഗുണ്ടര്‍ട്ട്, വില്യം ലോഗന്‍, സി. ഗോപാലന്‍ നായര്‍, ഇളംകുളം കുഞ്ഞന്‍പിള്ള, കെ.കെ മുഹമ്മദ്  അബ്ദുല്‍ കരീം,  ഡോ. സി.കെ കരീം, ഡോ. എം.ജി.എസ് നാരായണന്‍, സി.എന്‍ അഹ്മദ് മൗലവി, ഡോ. ശംസുല്ലാ ഖാദിരി,  എ ശ്രീധരമേനോന്‍, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍, ഡോ. വി.എ അഹ്മദുല്‍ കബീര്‍,  പി.എ സെയതു മുഹമ്മദ്, പ്രൊഫ. കെ.എം ബഹാഉദ്ദീന്‍, ഡോ.വി കുഞ്ഞാലി തുടങ്ങി എല്ലാവരും ഈ വിഷയത്തില്‍ ഇടപെടുകയും  സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മേല്‍പറഞ്ഞ ചരിത്ര വീക്ഷണങ്ങള്‍  വിശദമായി പരിശോധിക്കാം:
1.  കേരളത്തില്‍ നബിയുടെ കാലത്ത് ഇസ്ലാം വന്നിട്ടുണ്ട്.  സ്വഹാബിയായ മാലിക്ബ്‌നു ദീനാര്‍ വഴി.  മലബാറിലെ രാജാവ ചേരമാന്‍ പെരുമാള്‍  നബിയെ കണ്ട് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ മിക്കവാറും ജനങ്ങളുടെ വിശ്വാസമിതാണ്. ശൈഖ് സൈനുദ്ദീന്‍ തന്റെ തുഹ്ഫത്തുല്‍ മജാഹിദീനില്‍ അവതരിപ്പിക്കുന്ന വിശ്വാസകഥയും ഇതാണ്.
മേല്‍ ഉദ്ധരിച്ച 'വിശ്വാസകഥ' ശൈഖ് സൈനുദ്ദീന്റെ കൃതിയില്‍ നിന്നെടുത്തതാണ്.  അതിനെ അവലംബിച്ചാണ് ഈ ചരിത്രഭാഷ്യം രൂപപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ പാരമ്പര്യ ചരിത്രകാരനും വിവരശേഖരിതാവുമായിരുന്ന നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍ ഈ വീക്ഷണത്തെ  അടിയുറച്ച് സംസ്ഥാപിച്ചിരുന്നു. പക്ഷേ,  ഈ വിശ്വാസകഥ ഉദ്ധരിക്കുന്ന ശൈഖ് സൈനുദ്ദീന്‍ പോലും ഇത് ചരിത്രയാഥാര്‍ഥ്യമാണെന്ന് സമര്‍ഥിക്കുന്നില്ല. അദ്ദേഹം പോലും പറയുന്നത്  ഇത്തരമൊരു വിശ്വാസം മലബാറിലെ ജനങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്: അത് സത്യമാണോ അല്ലേ എന്ന് തീര്‍ച്ചപ്പെടുത്താന്‍ പാകത്തിലുള്ള തെളുവുകളെന്നും നമ്മുടെ കൈയിലില്ല എന്നാണ്.
മുഹമ്മദലി മുസ്ലിയാര്‍ മുന്നോട്ടുവെച്ച  തെളിവുകള്‍ ചരിത്രരചനാരീതിശാസ്ത്രങ്ങളുടെ  മാനദണ്ഡങ്ങളിലൂടെ നോക്കുമ്പോള്‍ വളരെ ദുര്‍ബലമാണു താനും.  അദ്ദേഹമുദ്ധരിക്കുന്ന കൃതികളില്‍  നല്ലൊരു ശതമാനവും പറയപ്പെടുന്ന ചരിത്രസംഭവം കഴിഞ്ഞ്  നൂറ്റാണ്ടുകള്‍ക്ക് ശേഷമെഴുതപ്പെട്ടതാണ് എന്നത് ഏറ്റവും വലിയ ന്യൂനത.
2. കേരളത്തില്‍ നബിയുടെ കാലത്ത്  ഇസ്ലാം വന്നിട്ടുണ്ട്.  പക്ഷേ, അത് മാലിക്ബ്‌നു ദീനാര്‍ വഴിയാരുന്നില്ല.  അക്കാലങ്ങളില്‍ മലബാറുമായി കച്ചവടം നടത്തിയിരുന്ന അറബികള്‍ വഴിയാണ് നബിയുടെ കാലത്ത് ഇസ്ലാം ഇവിടെ എത്തിയത്.
ആദ്യവാദത്തിലെ വശ്വാസകഥ ഉദ്ധരിച്ച ശേഷം ശൈഖ് സൈനുദ്ദീന്‍ തന്റെ സ്വന്തം നിഗമനം മുന്നോട്ടുവെക്കുന്നത് ഈ അഭിപ്രായത്തിലൂന്നിയാണ്. നാല്, അഞ്ച് നൂറ്റാണ്ടുകള്‍ മുതല്‍ അറബികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ചൈനയില്‍ വരെ കച്ചവടം നടത്തിയതിന് തെളിവുകളുണ്ട്. ചൈനയില്‍ പോകും വഴി മലബാറിലെ കൊല്ലമായിരുന്നു (ഇന്നത്തെ കൊല്ലം ജില്ലയായിരിക്കാം) അറബികളുടെയും മറ്റും പ്രധാന ഇടത്താവളം. ആറ്, ഏഴ് നൂറ്റാണ്ടുകളിലായി പ്രവാചകന്‍ ഇസ്ലാമിന്റെ  സന്ദേശവുമായി രംഗപ്രവേശം ചെയ്യുകയും പശ്ചിമേഷ്യയില്‍ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്ത സംഭവവികാസങ്ങള്‍ സ്വാഭാവികമായും അക്കാലങ്ങളില്‍ കച്ചവടങ്ങളില്‍ മുഴുകിയിരുന്ന  അറബികളെയും സ്വാധീനിച്ചിരിക്കണം. സാമ്പത്തിക വിനിമയങ്ങളുടെയെന്നപോലെ സാംസ്‌കാരിക സാമൂഹിക വിനിമയങ്ങളുടെയും  ഇടമായിരുന്നു ഇന്ത്യന്‍ മഹാസമുദ്രം.  കച്ചവടക്കാരായ അറബികള്‍,  ഇസ്ലാം സ്വീകരിച്ചവരോ അല്ലാത്തവരോ ആവട്ടെ, പുതിയ പ്രവാചകനെയും വിശ്വാസ സംഹിതയെയും കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ സഞ്ചരിച്ച ഇടങ്ങളിലെല്ലാം എത്തിച്ചിരിക്കാം.  തദ്വാരാ മലബാറിലും ഇസ്ലാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിയിരിക്കാം.  മുസ്ലിംകളായ കച്ചവടക്കാരിലൂടെ  ഇസ്ലാമിക വിശ്വാസാചാര സംഹിതകളും  അങ്ങനെ പ്രവാചകന്റെ കാലത്തു തന്നെ  മലബാറില്‍ സംജാതമായിട്ടുണ്ടെന്ന നിഗമനം പുലര്‍ത്താം.
ഡോ.സി.കെ കരീം തന്റെ  പ്രാചീന കേരളവും മുസ്ലിം ആവിര്‍ഭാവവും  എന്ന കൃതിയില്‍  സമര്‍ഥിക്കുന്നതും ഇതേ നിരീക്ഷണമാണ്.  മാലിക്ബ്‌നു ദീനാര്‍ വഴിയായിരുന്നില്ല ഇസ്ലാം കേരളത്തിലെത്തിയത് എന്ന് അദ്ദേഹം പ്രസ്താവിക്കുന്നില്ലെങ്കിലും  ഏതാനും സ്വഹാബാക്കള്‍ നബിയുടെ കാലത്തു തന്നെ  കേരളത്തിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. പലവിധേനയും ഈ വാദങ്ങള്‍ വളരെ ദുര്‍ബലമായി തോന്നുന്നു.
പുറമെ, കച്ചവടക്കാരായ അറബികളില്‍ നല്ലൊരു ശതമാനവും ഏറ്റവും ചുരുങ്ങിയത് ഏഴാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും  ഇസ്ലാമിക സാമ്രാജ്യത്തിന് അന്യമായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മുസ്ലിംകളായ അറബികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നതും കച്ചവടവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതും ഏഴാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ്, പ്രവാചകന്റെ വിയോഗത്തിന് ശേഷം. രണ്ടാം ഖലീഫയായിരുന്ന ഉമര്‍ബ്‌നുല്‍ ഖതാബ് കടലിന്റെ പ്രകൃതിയും സമുദ്രസഞ്ചാരത്തിന്റെ സാധ്യതകളും മനസ്സിലാക്കിയിരുന്നില്ലെന്ന് ഇബ്‌നു ഖല്‍ദൂന്‍  മുഖദ്ദിമയില്‍ എഴുതുന്നുണ്ട്.  കടലിനെക്കുറിച്ച ജിജ്ഞാസാപൂര്‍വം അന്വേഷിച്ച്  ഹസ്‌റത്ത് ഉമര്‍ തന്റെ ഈജിപ്തിലെ സൈന്യാധിപനായ അംറുബ്‌നുല്‍ ആസ്വിന് കത്തെഴുതി. അംറുബ്‌നുല്‍ ആസ് മറുപടി അയച്ചു: '  ദുര്‍ബലരായ സൃഷ്ടികള്‍ സഞ്ചരിക്കുന്ന  മഹത്തായൊരു സൃഷ്ടിയാണ് കടല്‍- ഒരു മരക്കഷ്ണത്തിന്മേല്‍ പുഴുക്കള്‍ ഇഴയുന്ന പോലെ'.  കത്തിന്റെ തുടര്‍ന്നുള്ള വരികളില്‍  അംറുബ്‌നുല്‍ ആസ് ഖലീഫയോട്  ഉപദേശിക്കുന്നു: മുസ്ലിംകളെ കടല്‍ സഞ്ചാരത്തില്‍ നിന്നും വിലക്കണം, അത് വളരെ അപകടം പിടിച്ചതാണ്.  ഈ ഉപദേശം അനുസരിച്ച് , തന്റെ അനുവാദമില്ലാതെ കടല്‍ വഴി ഒമാനിലേക്ക് പട നയിച്ചതിന് ബാജിലയുടെ അധിപനായിരുന്ന അര്‍ഫജാനുല്‍ അസ്ദിയെ ഖലീഫ ഉമര്‍ ശിക്ഷിക്കുന്നുണ്ട്.  ഇസ്ലാമിക ഖിലാഫത്തിലെ  ആദ്യ തലമുറക്ക്  സമുദ്രത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക സാധ്യതകള്‍  അറിയുമായിരുന്നില്ലെന്ന്  ഈ സംഭവം വിവരിച്ച് ഇബനു ഖല്‍ദൂന്‍  നിരീക്ഷിക്കുന്നു.  അമവി ഖിലാഫത്തിന്റെ ആവിര്‍ഭാവത്തോടെയും വികാസത്തോടെയുമാണ് മുസ്ലിംകളായ അറബികള്‍ കടലില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നതും നെസ്സോറിയന്‍ കൃസ്ത്യാനികളുടെ  ആധിപത്യം തൂത്തെറിഞ്ഞ് കടല്‍വ്യാപാരരംഗത്ത്  ശക്തമായ മേല്‍ക്കൈ നേടുന്നതും. അതിനാല്‍ തന്നെ, പ്രവാചകന്റെ കാലത്ത് കച്ചവടക്കാരായ  അറബ്മുസ്ലിംകള്‍  വഴി ഇസ്ലാം മലബാറിലെത്തി എന്ന് വിശ്വസിക്കുക അല്‍പം പ്രയാസമാണ്.
എങ്കിലും ഇവിടെ മൂന്ന് സാധ്യതകള്‍ ശേഷിക്കുന്നുണ്ട്.
1. അമുസ്ലിംകളായ കച്ചവടക്കാര്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ പോകുന്നിടങ്ങളിലെല്ലാം പ്രചരിപ്പിച്ചിരിക്കാം. അതുവഴി മലബാറിലും ഇസ്ലാമിനെക്കുറിച്ചുള്ള  വിവരങ്ങള്‍ എത്തിയിരിക്കാം.  ഇസ്സാം  ആശയം അതിനാല്‍ പ്രവാചകന്റെ കാലത്തു തന്നെ മലബാറിന് പരിചിതമായിത്തുടങ്ങിയിരിക്കും. മതപരിവര്‍ത്തനങ്ങള്‍ സംഭവിച്ചുതടങ്ങിയില്ലെങ്കിലും.
2. ഇസ്ലാമിക സാമ്രാജ്യത്തിനും ഖലീഫമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും കടല്‍ വ്യാപാരത്തെയും കടല്‍ സഞ്ചാരത്തെയും കുറിച്ച് അറിവില്ലായിരിക്കാമെങ്കിലും തീരപ്രദേശങ്ങളിലും മറ്റും ജീവിക്കുന്ന അറബികള്‍ കടലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരിക്കാം. അതിനെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങള്‍ക്ക് അറിവില്ലായിരിക്കാം. ഖലീഫ ഉമറും അംറുബ്‌നുല്‍ ആസ്‌മൊക്കെ  മക്കയുടെയും മദീനയുടെയും മടിത്തട്ടുകളിലാണല്ലോ അവരുടെ ജീവതമത്രയും കഴിച്ചുകൂട്ടിയത്.  അവയാണെങ്കിലോ കടല്‍ത്തീരങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ്.
3.  നിരവധി ചരിത്ര വിവരണങ്ങളില്‍ ഒരുപാട് ഇസ്ലാമിക സൈന്യാധിപര്‍ കടലിലൂടെ സഞ്ചരിച്ച് ഇസ്ലാമിക സാമ്രാജ്യം വികസിപ്പിച്ചതിന്റെ തെളിവുകള്‍  ചരിത്രകൃതികളില്‍ കാണാം.  അതിനാല്‍ തന്നെ, ഇബ്‌നുഖല്‍ദൂന്‍ ഇത്തരമൊരു നിരീക്ഷണം  എന്തടിസ്ഥാനത്തിലാണ് മുന്നോട്ട് വെക്കുന്നതെന്ന്  കുറെക്കൂടി അന്വേഷിക്കേണ്ടതുണ്ട്.
4.  മാലിക്ബ്‌നു ദീനാര്‍ എന്നൊരു സ്വഹാബിയെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇസ്ലാം അദ്ദേഹം വഴി മലബാറിലെത്തിയെന്നോ, പ്രവാചകന്റെ കാലത്ത് എത്തിയെന്നോ പറയുന്നതിന് അടിസ്ഥാനങ്ങളില്ല.

പ്രധാനമായും ഡോ.വി. കുഞ്ഞാലി അടക്കമുള്ള ചരിത്രകാരന്മാരാണ് ഇത്തരമൊരു വാദം ഉന്നയിക്കുന്നത്. ആദം മല കാണാന്‍ പോകുകയായിരുന്ന അറബികളാണ് കേരളത്തിലെ ചേരമാന്‍ രാജാവിന് ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഡോ. കുഞ്ഞാലി, സുവിശിഷ്ടമായി ഉയര്‍ത്തുന്നത് ആദം മല മുസ്ലിംകള്‍ക്ക് ബൈത്തുല്‍ മുഖദ്ദസ് പോലെ, വിശുദ്ധ ഹറം പോലെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമെങ്ങനുമാണോ എന്നാണ്. മക്കയിലെയോ മദീനയിലെയോ മുസ്ലിംകള്‍ കച്ചവടാവിശ്യാര്‍ത്ഥം കേരളത്തില്‍ വന്നിട്ടില്ലെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. പ്രാചീന കച്ചവട രീതി ഏതാണ്ട്  ഒരു 'റിലേ റേസ്'   മോഡലായിരുന്നെന്നും  മക്കയിലെയും മദീനയിലെയും കച്ചവടക്കാര്‍  ദക്ഷിണ യമനിലെ തുറമുഖനഗരങ്ങളായിരുന്നു കടലിലൂടെ വരുന്ന ഉത്പന്നങ്ങള്‍ക്കായി സമീപിച്ചിരുന്നതെന്നും കുഞ്ഞാലി എഴുതുന്നുണ്ട്. കേരളത്തിലേക്ക് ഇസ്സാം എത്തുന്നത് യമനിലൂടെയാണ്. യമനില്‍ ഇസ്ലാം എത്തുന്നതാകട്ടെ പ്രവാചകനു ശേഷം. കുഞ്ഞാലി എഴുതുന്നു: ' അതുകൊണ്ടൊക്കെതന്നെ കേരളത്തില്‍ ഇസ്ലാം പ്രവാചക കാലഘട്ടത്തില്‍ എത്തിയിരുന്നുവെന്ന് വിശ്വസിക്കാനാവില്ല. 'മാലിക്ബ്‌നു ദീനാര്‍ എന്നപേരില്‍ പ്രശസ്തനായ ഒരു സ്വഹാബി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം എഴുതുന്നു.
ഡോ. കുഞ്ഞാലി ഉയര്‍ത്തുന്ന വാദങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് ഇതരചരിത്രവസ്തുതകളുമായി യോജിക്കുന്നില്ല. 1. ആദം മല മുസ്ലിംകള്‍ക്ക് ബൈത്തുല്‍ മുഖദ്ദസ് പോലെയോ വിശുദ്ധ ഹറം പോലെയോ ' പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങ' ളിലൊന്നായിരുന്നില്ലെങ്കിലും, അതുമൊരു തീര്‍ത്ഥാടന കേന്ദ്രമായിരുന്നു.  ഒന്നോ രണ്ടോ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്ലിംകള്‍ക്കുള്ളതെന്ന വാദം, പ്രധാനമായും ഉത്പതിഷ്ണുക്കളുടെതാണ്. മുസ്ലിംകള്‍ക്ക് നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സാംസ്‌കാരിക ഇസ്ലാമിനെയോ സാമൂഹ്യ ഇസ്ലാമിനെയോ പഠന വിധേയമാക്കിയാല്‍ ബോധ്യപ്പെടാന്‍  അധികം കഷ്ടപ്പെടേണ്ടിവരില്ല. 2. പിന്നെയുള്ള ചോദ്യം ആദം മല തീര്‍ത്ഥാടന കേന്ദ്രമായിരുന്നോ എന്നാണ്. പതിനാറാം നൂറ്റാണ്ടില്‍, ശൈഖ് സൈനുദ്ദീന്‍ തന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍  ഇത്തരമൊരു പരാമര്‍ശം നടത്തുമ്പോള്‍ സ്വാഭാവികമായും ഏറ്റവും ചുരുങ്ങിയത് അന്നത്തെ മുസ്ലിംകളുടെ സാമാന്യസ്ഥിതിയെങ്കിലും അംഗീകരിക്കുന്ന  ഒരു കാരണമായിരിക്കണം അദ്ദേഹം നിരത്തിയിരിക്കുക. പുറമെ, പതിനാലാം നൂറ്റാണ്ടില്‍ ലോകപര്യടനം നടത്തിയ ഇബ്‌നു ബത്തൂത്ത  സിലോണിലെത്തി, ആദം മല സന്ദര്‍ശിച്ച് ഹസ്‌റത്ത് ആദമിന്റെ കാല്‍പ്പാടെന്ന് വിശ്വസിക്കപ്പെടുന്ന അടയാളം അളന്ന് പന്ത്രണ്ട് അടിയാണെന്ന് തന്റെ കൃതിയില്‍ രേഖപ്പെടുത്തുന്നു. എന്തിനാണ് ഇബ്‌നു ബത്തൂത്ത ഇത്രത്തോളം സാഹസമെടുത്തത്? ഇതെല്ലാം വ്യക്തമാക്കിത്തരുന്നത്, ആദം മലയെ ഒരു വിശുദ്ധ കേന്ദ്രമായി കാലങ്ങളായി മുസ്ലിംകള്‍ പരിഗണിക്കുന്നുവെന്നാണ്. 3. മക്കയിലെയും മദീനയിലെയും കച്ചവടക്കാര്‍ ദക്ഷിണയമനിനെക്കാള്‍  കടല്‍ ഉല്‍പന്നങ്ങള്‍ക്കായി സമീപിച്ചിരുന്നത് അവയോട് ഏറ്റവും അടുത്ത് കിടന്നിരുന്ന  ജിദ്ദ തുറമുഖത്തെയാണ്. തെളിവുകള്‍ നിരവധിയുണ്ട്.  ഏറ്റവും ചുരുങ്ങിയത്,  മൈക്കല്‍ പിയേഴ്‌സണ്‍ന്റെ 'പയസ് പാസഞ്ചേഴ്‌സ്' നോക്കുക. 4.  കേരളത്തിലേക്ക് ഇസ്ലാം എത്തിയത് യമനിലൂടെയാണ് എന്നത് വളരെ ബലഹീനമായ വാദമാണ്. യമനികളുടെ ആഗമനത്തോടെ, മധ്യ- ആധുനിക കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി എന്നത് നേരാണ്.  സയ്യിദുമാരും ഉലമാക്കളും യമനില്‍ നിന്ന് പതിന്ഞ്ച്, പതിനാറ് നൂറ്റാണ്ടുകളോടെ ഒരുപാട് മലബാറിലേക്ക് വന്നിട്ടുണ്ട്.  എന്നാല്‍, അതിന് മുമ്പുള്ള കാലയളവില്‍ യമനികളെപ്പോലെത്തന്നെ  ജിദ്ദയില്‍നിന്നും മറ്റുമെല്ലാം അറബികള്‍ ഒത്തിരി മലബാറില്‍ വന്നിട്ടുണ്ട്.  അവിടങ്ങളിലെല്ലാം പ്രവാചകന്റെ കാലത്തു തന്നെ  ഇസ്ലാം എത്തിയിരുന്നുവെന്നതും പ്രത്യേകം ഓര്‍ക്കണം.
4. താബിഉത്താബിഉം സൂഫിവര്യനുമായ ഒരു മാലിക്ബ്‌നു ദീനാര്‍ ഇസ്ലാമിക ചരിത്രത്തിലുണ്ട്. പക്ഷേ, അദ്ദേഹം കേരളത്തില്‍ വന്നതായി തെളിവുകളിലില്ല.
ഡോ. കുഞ്ഞാലി തന്നെയാണ് ഇത്തരമൊരു നിരീക്ഷണം മുന്നോട്ടുവെക്കുന്നത്. ഡോ. ഹുസൈന്‍ രണ്ടത്താണിയും ഇതേ വാദത്തെ പിന്താങ്ങുന്നു.  മാലിക്ബ്‌നു ദീനാര്‍ എന്ന ഒരു സ്വഹാബിയേ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം  വഴി ഇസ്ലാം മലബാറിലെത്തിയിട്ടില്ല എന്നും മുന്‍പറഞ്ഞ നിരീക്ഷണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ഒരു വിശദീകരണമെന്ന പോലെയാണ് താബിഉം സ്വൂഫിയുമായ മാലിക്ബ്‌നു ദീനാറിനെ ഈ ചരിത്ര പണ്ഡിതര്‍ അവതരിപ്പിക്കുന്നത്.  കുഞ്ഞാലി പറയുന്നു: 'ഫരീദുദ്ദീന്‍ അത്താറിന്റെ തദ്കിറത്തുല്‍ ഔലിയാഅ്,  അലി അല്‍ ഹുജ്‌വ്‌രിയുടെ  കശ്ഫുല്‍ മഹ്ജൂബ് തുടങ്ങിയ  കൃതികളില്‍ മാലിക്ബ്‌നു ദീനാറിന്റെ ചരിത്രവിവരണമുണ്ട്. അദ്ദേഹം മരിക്കുന്നത് ഹി.175 ലാണ്. സ്വഹാബിയല്ല: താബിഉത്താബിഅ് ആണ്. താബിഅ് ആയ ഹസന്‍ ബസ്വരിയുടെ പ്രധാന ശിഷ്യനായിരുന്നു മാലിക്ബ്‌നു ദീനാര്‍.  ഹസന്‍ ബസ്വരിയുടെ മദ്രസയില്‍ അദ്ദേഹത്തിന്റെ കാലശേഷം  അധ്യാപകനായി സേവനമനുഷ്ഠിച്ചാണ്  ജീവിതകാലം ചെലവഴിച്ചത്. അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല.
മാലിക്ബ്‌നു ദീനാര്‍ കേരളം സന്ദര്‍ശിച്ചതിനോ കപ്പല്‍ യാത്ര നടത്തിയതിനു പോലുമോ യാതൊരു തെളിവുമില്ല.  ഏറെക്കുറെ ഇതേ വാദം തന്നെയാണ്  ഡോ. ഹുസൈന്‍ രണ്ടത്താണിയും ഉന്നയിക്കുന്നത്.
എന്നാല്‍, ഈ വാദം എത്രത്തോളം ദുര്‍ബലമാണെന്ന്  നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍ സമര്‍ഥിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാദങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെങ്കിലും  ഇവ്വിഷയകമായി അദ്ദേഹം ഉയര്‍ത്തുന്ന ഖണ്ഡനം വളരെ ശ്രദ്ധേയമാണ്. അദ്ദേഹമെഴുതുന്നു: ' ഇവിടെ ഒരു താബിഉത്താബിഅ് ആയ മാലിക്ബ്‌നു ദീനാറിനെ മാത്രം പഠിച്ച്, അദ്ദേഹം കേരളം സന്ദര്‍ശിച്ചതിന് തെളിവില്ലാത്തതിനാല്‍ മറ്റുളളവരെ നിഷേധിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. ഇത്തരക്കാരുടെ കണ്ടെത്തല്‍ വല്ലാത്ത വചിത്രം തന്നെ! തുടര്‍ന്ന് അദ്ദേഹം നല്‍കുന്ന വിശദീകരണമാണ്, മലബാറിലെ ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ വീക്ഷണം.
5.  മാലിക്ബ്‌നു ദീനാര്‍ എന്ന പേരില്‍ ഇസ്ലാമിക ചരിത്രത്തില്‍ മൂന്നുപേരുണ്ട്: രണ്ട് സ്വഹാബികള്‍, ഒരു താബിഉത്താബിഅ്. ഇവരില്‍ സ്വഹാബിയായ ഒരു മാലിക്ബ്‌നു ദീനാര്‍ കേരളത്തില്‍ വന്നിട്ടുണ്ട്.
 നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍ ഉയര്‍ത്തിയ ഒരു നിരീക്ഷണമാണിത്. ഹിജ്‌റ വര്‍ഷം മുപ്പത്തഞ്ചില്‍ ഖറാസാനില്‍ മരണപ്പെട്ട് അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന സ്വഹാബീവര്യനായ മാലിക്ബ്‌നു ദീനാറുല്‍ അന്‍സ്വാരിയ്യുല്‍ മദനിയാണ് കേരളത്തില്‍ ഇസ്ലാം എത്തിച്ചതെന്ന് അദ്ദേഹം എഴുതുന്നുണ്ട്.  താബുഉത്താബിഅ് ആയ മാലിക്ബ്‌നു ദീനാറിനെക്കുറിച്ചാണ് ഡോ. കുഞ്ഞാലിയും സമാന ചിന്താഗതിക്കാരായ ചരിത്രകാരന്മാരും സംസാരിക്കുന്നതെന്നാണ് നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാരുടെ പക്ഷം. ആ മാലിക്ബ്‌നു ദീനാര്‍ കേരളത്തില്‍ വന്നിട്ടില്ലെന്ന് അദ്ദേഹവും അംഗീകരിക്കുന്നു.
  ഇവിടെ സ്വാഭാവികമായു നമുക്കുയര്‍ത്താവുന്ന സംശയങ്ങള്‍ ഇവയാണ്: 1. ഈ മൂന്ന് മാലിക്ബ്‌നു ദീനാറുമാരെക്കുറിച്ച് പറയാന്‍ മുഹമ്മദലി മുസ്ലിയാര്‍ക്ക് പറയാന്‍ തെളിവുകള്‍ ലഭിച്ചത്  എവിടെ നിന്നാണ്.  തന്റെ ലേഖനത്തില്‍ അദ്ദേഹം സ്രോതസ്സുകള്‍ വ്യക്തമാക്കിയിട്ടില്ല. 2.  സ്വഹാബിയായ ഒരു മാലിക്ബ്‌നു ദീനാറിനെക്കുറിച്ചും താബിഉത്താബിഅ് ആയ ഒരു മാലിക്ബ്‌നു ദീനാറിനെക്കുറിച്ചും  അദ്ദേഹം പറയുന്നു.  സ്വഹാബിയായ രണ്ടാമത്തെ മാലിക്ബ്‌നു ദീനാറിനെക്കുറിച്ച് വല്ല വിവരങ്ങളും ലഭ്യമാണോ? അദ്ദേഹത്തെക്കുറിച്ച് മുസ്ലിയാര്‍ എന്തകൊണ്ട് ഒരു പരാമര്‍ശവും നടത്തുന്നില്ല. 3. മൂന്ന് മാലിക്ബ്‌നു ദീനാറുമാരെക്കുറിച്ച് പരാമര്‍ശിക്കുന്നതിന്റെ തൊട്ടുമുമ്പത്തെ ഖണ്ഡികയില്‍, പ്രവാചക കാലത്ത് മലബാറില്‍ ഇസ്ലാം എത്തിയിട്ടുണ്ട് എന്നതിന് തനിക്ക് എട്ടിടങ്ങളില്‍ നിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഹമ്മദലി മുസ്ലിയാര്‍ അവകാശപ്പെടുന്നുണ്ട്. എട്ട് സ്രോതസ്സുകള്‍ ഏതാണെന്ന് പൂര്‍ണ്ണമായും അദ്ദേഹം വ്യക്തമാക്കുന്നില്ല എന്നത് പോകട്ടെ, അദ്ദേഹം നല്‍കിയ സ്രോതസ്സുകള്‍ ചരിത്രരചനാരീതിശാസ്ത്രമനുസരിച്ച് വളരെ ബലഹീനമാണ്.  കശ്ഫുല്‍ അസ്താര്‍ അന്‍ അത് വാരി മലൈബാര്‍ , മൗലിദുന്‍ ഫീ മനാഖിബി താജുദ്ദീനില്‍ ഹിന്ദി, ഇമാം ഹകമിന്റെ അല്‍ മുസ്തദ്‌റക് എന്നിവയാണ് അദ്ദേഹം എടുത്തുപറയുന്ന സ്രോതസ്സുകള്‍. ഈ മുന്നു കൃതികളും മൂലസംഭവത്തിന്റെ പ്രാഥമിക സ്രോതസ്സുകളല്ല. എല്ലാം പില്‍ക്കാലത്ത എഴുതപ്പെട്ടവയാണ്.  ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ധങ്ങളില്‍ നടന്നെന്ന് കരുതപ്പെടുന്ന ഈ സംഭവവികാസങ്ങള്‍ക്ക് അവലംബാര്‍ഹമായ പ്രാഥമിക സ്രോതസ്സുകള്‍ അതേ സമയത്ത് എഴുതപ്പെട്ടവയാകണം. മുഹമ്മദലി മുസ്ലിയാര്‍ അവലംബിച്ച മൂന്ന് സ്രോതസ്സുകളും ഈ സംഭ
വങ്ങള്‍ നടന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം എഴുതപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ, അവലംബാര്‍ഹമായ പ്രാഥമിക സ്രോതസ്സുകള്‍ എന്ന നിലയില്‍ ഇവയത്രയും അസ്ഥാനത്താണ്.
 6. സ്വഹാബിയല്ലാത്ത മാലിക്ബ്‌നു ദീനാര്‍ ലോക സഞ്ചാരം നടത്തിയിട്ടുണ്ട്. കേരളത്തില്‍ വന്നിട്ടുണ്ടോ എന്നറിയില്ല, തെളിവുകളില്ല.
ചരിത്രരചനയുമായി നേരിട്ടു ബന്ധമില്ലെ ങ്കിലും നിരവധി അറബ് സ്രോതസ്സുകളെക്കുറിച്ച് ആഴത്തിലറിയുന്ന ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഒരു സ്വകാര്യ സംഭാഷണത്തില്‍ ഉയര്‍ത്തിയതാണീ  നിരീക്ഷണം.
7. മുഹമ്മദ് നബി നിര്യാതനായി പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്  കേരളത്തില്‍ ചേര ഭരണകൂടം സ്ഥാപിതമാകുന്നതു തന്നെ.  അതിനാല്‍ ഒരു ചേരമാന്‍ രാജാവും നബിയെ കണ്ട് ഇസ്ലാം സ്വീകരിച്ചിട്ടില്ല.
പ്രാചീന കേരളത്തിന്റെ ചരിത്രം ശാസ്ത്രീയമായി തിരുത്തിയെഴുതിയ രണ്ട് വ്യഖ്യാത ചരിത്രകാന്മാരുടെ, ഇളംകുളം കുഞ്ഞന്‍ പിള്ളയുടെയും എം.ജി.എസ് നാരായണന്റെയും , വീക്ഷണങ്ങള്‍ ഇതാണ്.  അവസാനത്തെ ചേരമാന്‍ പെരുമാള്‍ രാജാവ് ഇസ്ലാമില്‍ ആകൃഷ്ടനായി, രാജ്യം പിന്‍ഗാമികള്‍ക്ക് വീതിച്ചുനല്‍കി, അറേബ്യയില്‍ പോയി നബിയെ കണ്ട് ഇസ്ലാം സ്വീകരിച്ചു എന്ന വിശ്വാസകഥ ചരിത്രയാഥാര്‍ഥ്യങ്ങളുമായി സമരസപ്പെടുന്നില്ലെന്ന് ഈ രണ്ട് ചരിത്രപണ്ഡിതരും നിരീക്ഷിക്കുന്നു. കാരണം, ചേരഭരണകൂടത്തിലെ അവസാനത്തെ രാജാവ്  ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഭരണം നടത്തുന്നത്. 1102 ലാണ് ചേരവംശത്തിന്റെ അവസാനമെന്ന് ഇളംകുളം പറയുമ്പോള്‍ 1122 ലാണെന്ന് എം.ജി.എസ് തിരുത്തുന്നു.  ഏതായാലും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച അവസാനത്തെ ചേര രാജാവ് 632 ല്‍ ഇഹലോകവാസം വെടിഞ്ഞ മുഹമ്മദ് നബിയെ സന്ദര്‍ശിച്ച് ഇസ്ലാം സ്വീകരിച്ചു എന്നു പറയുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.  എന്നുമാത്രമല്ല, ഏതെങ്കിലും ചേര രാജാവ് അറേബ്യയില്‍ പോയി നബിയെ കണ്ട് ഇസ്ലാം സ്വീകരിച്ചു എന്ന് വിശ്വിസിക്കാനും പ്രയാസമുണ്ടെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.  കാരണം, ലഭ്യമായ തെളിവുകള്‍ അനുസരിച്ച് 800 മുതല്‍ 844 വരെ മഹോദയപുരം ആസ്ഥാനമായി ഭരണം നടത്തിയ രാജാ രാജാധിരാജ പരമേശ്വര ഭട്ടാരക ശ്രീ. രാജശേഖര തേവര്‍ ആണ് പെരുമാക്കന്മാരില്‍ ആദ്യത്തെ രാജാവ്. അദ്ദേഹം ഭരണം തുടങ്ങുന്നതു തന്നെ, മുഹമ്മദ് നബി ഇഹലോകവാസം വെടിഞ്ഞ് 68 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.  അതിനാല്‍ തന്നെ, ഏതെങ്കിലും ചേരമാന്‍ രാജാവ് നബിയെകണ്ട് ഇസ്ലാം സ്വീകരിച്ചു എന്ന് ചരിത്രപരമായി തെളിയിക്കുക ബുദ്ധിമുട്ടാണ്.  എന്നാല്‍, ഡോ. സി.കെ കരീം അഈ നിരീക്ഷണങ്ങളെയപ്പടി ചോദ്യം ചെയ്തിട്ടുണ്ട്.
  ഇങ്ങനെ നിരവധി തര്‍ക്കവിതര്‍ക്കങ്ങള്‍ കേരളത്തിലെ ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മേല്‍ പറഞ്ഞ ചരിത്ര പണ്ഡിതന്മാരില്‍ ആരും തന്നെ, കേരളത്തിലെ ഇസ്ലാമിന്റെ ആഗമനത്തില്‍  മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്  പഠനഗവേഷണങ്ങള്‍ നടത്തിയവരല്ല. എല്ലാവരും തങ്ങളുടെ മറ്റു ഗവേഷണ താല്‍പര്യങ്ങള്‍ക്കിടയില്‍  ഈ വിഷയത്തിലും ഒന്നു കൈവെച്ചു എന്നേയുള്ളൂ.  ആത്മാര്‍ഥമായ അന്വേഷണങ്ങള്‍ നടത്താതെ വലിയ വലിയ സമര്‍ഥനങ്ങള്‍ നടത്തുന്നത്, കഴിഞ്ഞ കാലത്തോടും നിഷ്‌കളങ്കമായ ചരിത്രപഠനതല്‍പരരോടും ചെയ്യുന്ന അനീതിയാണെന്ന് പറയാതെ വയ്യ.
മേലുദ്ധരിച്ച പത്തു വീക്ഷണങ്ങളില്‍ ഒന്നിനോടും  തന്നെ എനിക്ക് പ്രത്യേക ചായ്‌വ് ഇല്ല.  ഇസ്ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് മാത്രം എത്രത്തോളം  ഉറപ്പ് ചുരുങ്ങിയത് മുസ്ലിം സമുദായത്തിനെങ്കിലുമുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി ചരിത്രകാരന്മാര്‍ക്കിടയിലെ  വീക്ഷണ വ്യത്യാസങ്ങള്‍ അവതരിപ്പിച്ചു എന്നു മാത്രം. ഓരോ ചരിത്രകാരനും  താന്‍പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലയില്‍ സമര്‍ഥനങ്ങള്‍ നടത്തുമ്പോള്‍ ആരുടെ വാദങ്ങള്‍ ഏതെല്ലാം  നിലയില്‍ ദുര്‍ബലമായിത്തീരുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ ഓരോ വാദങ്ങളിലെയും  ബലഹീന വശങ്ങളില്‍ ചിലവ എടുത്തു കാണിച്ചിട്ടുണ്ട്.  മുസ്ലിം സമുദായം ഇവ്വിഷയകമായി കൊണ്ടാടുന്ന ചരിത്രകാരന്മാരുടെ വാദങ്ങള്‍ പോലും പലനിലക്കും ദുര്‍ബലമാണെന്ന്  മേല്‍ ഖണ്ഡികകളില്‍ നിന്ന് നിഷ്പക്ഷമായി  കാര്യങ്ങളെ വായിക്കാന്‍ ശ്രമിച്ചവര്‍ക്ക്  ബോധ്യമായിട്ടുണ്ടാകും.  ഒന്നു മാത്രമേ ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളൂ.
ആറ്, ഏഴ് നൂറ്റാണ്ടുകളിലെ പ്രാഥമിക സ്രോതസ്സുകള്‍ മാത്രം അവലംബിച്ച് മലബാറിലെ ഇസ്ലാമിന്റെ ആഗമനത്തെക്കുറിച്ച് മാത്രം ഗവേഷണം നടത്താന്‍ ഗവേഷണം നടത്താന്‍ ആരെങ്കിലും മുന്നോട്ട് വരേണ്ടതുണ്ട്. മേല്‍ വീക്ഷണങ്ങളില്‍ നിന്ന് ഏതെങ്കിലും ഒന്നിന് ബലം പകരാനോ, അല്ലെങ്കില്‍ എല്ലാറ്റിനെയും തള്ളിക്കളഞ്ഞ്  പുതിയൊരു വീക്ഷണവുമായി മുന്നോട്ടുവരാനോ അത്തരമൊരു പഠനം വഴിവെക്കുമെന്ന് തീര്‍ച്ചയാണ്.  ഏതായാലും, മറ്റുള്ള ഗവേഷണങ്ങള്‍ക്കിടയില്‍  ഇവ്വിഷയകമായും അഭിപ്രായം പറഞ്ഞുകളഞ്ഞ ഇതര ചരിത്രകാരന്മാരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തവും അവലംബനീയവുമായിരിക്കും ആ പഠനം. നിഷ്പക്ഷവും ശാസ്ത്രീയവുമായ ചരിത്രരചനാരീതികള്‍ അവലംബിക്കുകയും ഉപസംഹരിക്കകയും ചെയ്തങ്കില്‍. ഇവ്വിഷയകമായി ഉപയോഗപ്പെടുത്താവുന്ന പ്രാഥമിക സ്രോതസ്സുകള്‍ നിരവധിയാണ്. ഏഴാം നൂറ്റാണ്ടിലെ  ശിലാ ലിഖിതങ്ങള്‍, ശാസനങ്ങള്‍, യാത്രാ വിവരണങ്ങള്‍, പുരാവസ്തു ഖനന റിപ്പോര്‍ട്ടുകള്‍, പുതിയ പുരാവസ്തുഖനന ഗവേഷണങ്ങള്‍, ഇസ്ലാമിക ലോകത്ത്  ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട  പ്രാഥമിക സ്രോതസ്സുകള്‍ തുടങ്ങി അവലംബിക്കാവുന്ന സ്രോതസ്സുകള്‍ ഒത്തിരിയുണ്ട്.
ഒരു കാര്യം മനസ്സില്‍ സൂക്ഷിക്കണം, അന്നത്തെ മലബാറിന്റെ ചരിത്രമെഴുതാന്‍ മലബാറിലെ സ്രോതസ്സുകളെ മാത്രം അവലംബിക്കരുത്. അവയാണെങ്കില്‍ വളരെ വിരളവുമാണ്. വിവിധ നാടുകളിലും ഭാഷകളിലുമുള്ള  സ്രോതസ്സുകള്‍ക്കുവേണ്ടി അലയാന്‍ കച്ചകെട്ടിയിറങ്ങുന്ന ചരിത്രകുതുകിക്കേ ഇക്കാര്യത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.



2 Comments

  1. നബിയുടെ കാലത്ത് ജീവിച്ച് നബിയെ കണ്ട് ഇസ്‌ലാം സ്വീകരിച്ച രാജാവ് ബാണപെരുമാൾ രാജാവ് അല്ലേ

    ReplyDelete
  2. . ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ധങ്ങളില്‍ നടന്നെന്ന് കരുതപ്പെടുന്ന ഈ സംഭവവികാസങ്ങള്‍ക്ക് അവലംബാര്‍ഹമായ പ്രാഥമിക സ്രോതസ്സുകള്‍ അതേ സമയത്ത് എഴുതപ്പെട്ടവയാകണം

    കുറിപ്പ് കാരൻറെ മേൽ നിരീക്ഷണം വിഡ്ഢിത്തവും ദുർബലവും ആണ് കാരണം ആ സമയത്ത് ഖുർആൻ തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടില്ല

    ReplyDelete

Post a Comment

Previous Post Next Post