- നജീബ് കാന്തപുരം
കൊട്ടാരത്തിനടുത്ത കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു തമ്പുരാട്ടി. അബദ്ധത്തില്‍ കാല്‍വഴുതി ആഴങ്ങളിലേക്ക് വഴുതിപ്പോയി. പ്രാണരക്ഷാര്‍ത്ഥം കൈകാലുകളടിച്ചെങ്കിലും രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ആ സമയത്താണ് ഒരു മുസ്ലിം യുവാവ് അതുവഴി വന്നത്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന തമ്പുരാട്ടിയെ അയാള്‍ കണ്ടു. വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാതെ കുളത്തിലേക്ക് എടുത്തുചാടി. തമ്പുരാട്ടിയെ രക്ഷിച്ചു. തന്റെ വസ്ത്രങ്ങള്‍ തമ്പുരാട്ടിക്ക് നല്‍കി നഗ്നത മറച്ചു.
അക്കാലത്ത് ഹിന്ദുക്കള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. ഒരു യുവതിക്ക് ആദ്യമായി പുടവ നല്‍കുന്നയാള്‍ അവളെ വിവാഹം കഴിക്കണം. സംഭവമറിഞ്ഞ തമ്പ്രാന്‍ യുവാവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. മകളെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തമ്പുരാട്ടി ഇസ്ലാം മതം വിശ്വസിക്കുകയും ബീവിയാവുകയും ചെയ്തു. അറക്കല്‍ രാജകുടുംബത്തിന്റെ ഐതിഹ്യങ്ങള്‍ തുടങ്ങുന്നത് ഇവിടെയാണ്. '' ദീര്‍ഘകാലം അറക്കലിലെ പട്ടാളക്കാരനായിരുന്ന ഹമീദ്ക്ക പറഞ്ഞുനിര്‍ത്തി.
എന്നാല്‍ പ്രശസ്ത ചരിത്രസഞ്ചാരി ഇബ്‌നുബത്തുത്തയുടെ രേഖകളില്‍ ഈ ഒരു ഐതിഹ്യത്തിന് പ്രസക്തിയേ ഇല്ല. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് മേല്‍പറഞ്ഞ സംഭവങ്ങള്‍ നടന്നത്. എന്നാല്‍ ഇക്കാലത്ത് കേരളത്തിലെവിടെയും മുസ്ലിം രാജകുടുംബങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഇബ്‌നുബത്തൂത്ത പറയുന്നു.
ചരിത്രകാരന്മാര്‍ക്കിടയില്‍ അറക്കല്‍ രാജകുടുംബത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേ സമയം കേരളത്തിലെ ആദ്യത്തെ മുസ്ലിം രാജകുടുംബം അറക്കല്‍ തന്നെയാണെന്ന് മിക്ക ചരിത്രകാരന്മാരും സമ്മതിക്കുന്നു. അറക്കല്‍ രാജകുടുംബത്തിന്റെ ഉത്ഭവത്തെക്കുറിച്ച് മറ്റൊരു കഥയും കേള്‍ക്കുന്നുണ്ട്. ഇതിന് ചരിത്രത്തിന്റെ പിന്‍ബലവുമുണ്ട്.
' ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ മക്കയിലെത്തി ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാളിന്റെ സഹോദരിയായിരുന്ന ശ്രീദേവിയുടെ പുത്രന്‍ ഇസ്ലാം മതത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും മതംമാറുകയും ചെയ്തു. മഹാബലി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തുടര്‍ന്ന് അദ്ദേഹം മുഹമ്മദലി എന്ന പേര് സ്വീകരിക്കുകയും ധര്‍മ്മടത്ത് ഒരു മുസ്ലിം രാജകുടുംബം സ്ഥാപിക്കുകയും ചെയ്തു. ആ കുടുംബമാണ് പിന്നീട് അറക്കല്‍ രാജകുടുംബമായി രൂപാന്തരപ്പെട്ടത്. ഇത് ഏറെ വിശ്വസിനീയമായി തോന്നുന്നു.
മുഹമ്മദലി സ്ഥാപിച്ച വംശമായതിനാല്‍ ഈ രാജകുടുംബം ആലി രാജകുടുംബം എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഹിജ്‌റ 122,163 കാലങ്ങളില്‍ അച്ചടിച്ച നാണയങ്ങളില്‍ ' ആലി രാജ' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും ഇക്കാലത്ത് മുഹമ്മദലി രാജ്യം ഭരിച്ചിരുന്നതായി ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. അറക്കലിന്റെ ആദ്യത്തെ രാജാവായതിനാല്‍ മുഹമ്മദലി ആദിരാജ എന്നപേരിലും അറിയപ്പെടുന്നുണ്ട്. കടലിന്റെ ആധിപത്യം അക്കാലത്ത് മുഹമ്മദലിക്കായിരുന്നു. ആഴിരാജ എന്ന് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത് ഇക്കാരണത്താലാണെന്ന് അനുമാനിക്കപ്പെടുന്നു. ധര്‍മ്മടത്ത് സ്ഥാപിക്കപ്പെട്ട ഈ രാജകുടുംബം ഏകദേശം ഹിജ്‌റ ആദ്യ നൂറ്റാണ്ടില്‍ തന്നെ കണ്ണൂരിലേക്ക് നീങ്ങിയതായി വിശ്വസിക്കുന്നു.
പ്രതാപശാലികളായി വിലസിയ രാജകുടുംബക്കാരുടെ അനന്തരവകാശികള്‍ക്കെല്ലാം ചരിത്രത്തില്‍ സംഭവിച്ചത് തന്നെ അറക്കല്‍ കുടുംബത്തിന്റെ പിന്‍ തലമുറക്കാര്‍ക്കും വന്നുഭവിച്ചു. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും തോട്‌പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പിന്‍ഗാമികള്‍ കൊട്ടാരം അനാഥമാക്കി പുതിയ ഗസ്റ്റ്ഹൗസുകള്‍ പണിതുയര്‍ത്തി. അതിരുകള്‍ നിശ്ചയിക്കാത്ത പഴയ തറവാട്ടുപറമ്പുകള്‍ അവകാശികള്‍ ഓഹരിവെച്ചെടുത്തതോടെ പഴയകൊട്ടാരം തീര്‍ത്തു അനാഥമായി. അറക്കലിന്റെ പഴയ പ്രതാപങ്ങള്‍ ഈ കൊട്ടാരത്തിന്റെ കവാടങ്ങളില്‍ മാത്രമൊതുങ്ങി.
അറക്കല്‍ രാജകുടുംബത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമാണ് കണ്ണൂര്‍ കോട്ടക്കുള്ളത്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ റാണിയായി വിലസിയിരുന്ന കണ്ണൂരിന്റെ കടല്‍ തീരങ്ങള്‍ക്ക് വളരെയേറെ പ്രത്യേകതകളുണ്ട്. ശക്തമായ മഴക്കാലത്തും കപ്പലുകള്‍ക്ക നങ്കൂരമിടാന്‍ കണ്ണൂരിന്റെ ഉള്‍ക്കടലുകളില്‍ സൗകര്യമുണ്ട്. ഇത് കണ്ണൂര്‍ കോട്ടയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
1505 ല്‍ പോര്‍ച്ചുഗീസുകാരാണ് കണ്ണൂര്‍ കോട്ട നിര്‍മ്മിക്കുന്നത്. 'ഫോര്‍ട്ട്‌സെന്റ് ആഞ്ചലോ' എന്ന് അവര്‍ കോട്ടക്ക് പേരുനല്‍കി. മധ്യകാലഘട്ടത്തിന്റെ വാസ്തുശില്‍പമാതൃകയില്‍ പണിതുയര്‍ത്തിയ ഈ കോട്ട ഇന്നും കടലിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്നു. കോട്ടയുടെ കനത്ത ചുറ്റുമതിലുകളും പീരങ്കിഘടിപ്പിക്കാനുള്ള ദ്വാരങ്ങളും അന്നത്തെ യുദ്ധ തന്ത്രങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കിത്തരുന്നു. കോട്ടയുടെ ഉള്‍ഭാഗത്തായി ഇടുങ്ങിയ മുറികളുള്ള ഒരു ചെറിയ തുരങ്കമുണ്ട്. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ താമസിപ്പിക്കാന്‍ ഒരുപക്ഷേ ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം.
പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ക്കേ ഏറ്റുമുട്ടലുകളുടെ കാതടപ്പിക്കുന്ന ശബ്ദം സെന്റ് ആഞ്ചലോ കോട്ടകള്‍ക്ക് ചുറ്റും മുഴങ്ങിക്കേട്ടിരുന്നു. സാമ്രാജ്യത്വത്തിന്റെ ശക്തിദുര്‍ഗ്ഗമായി നിലയുറപ്പിച്ച ഈ കോട്ടയില്‍ പീഢനങ്ങളുടെ തുടര്‍ക്കഥകള്‍ ഉറങ്ങിക്കിടക്കുന്നുണ്ടാവാം. നിരവധി മനുഷ്യരുടെ കബന്ധങ്ങളുടെ കഥകള്‍ ഈ കോട്ടക്ക് പറയാനുണ്ടാവും. രക്തപങ്കിലമായ പോരാട്ടങ്ങളിലൂടെ ആധിപത്യത്തിന്റെ കൊടിക്കൂറകള്‍ പറത്താന്‍ ശ്രമിച്ചവരുടെ ഓര്‍മ്മകള്‍ ഈ കോട്ടയുടെ ഓരോ അണുവിലും നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും.
പോര്‍ച്ചുഗീസുകാര്‍ നല്ലൊരു വാണിജ്യ കേന്ദ്രമായാണ് കണ്ണൂരിനെ കണ്ടിരുന്നത്. സുഗന്ധദ്രവ്യങങ്ങളുടെയും മലഞ്ചരക്കുകളുടെയും മനം കവരുന്ന ശേഖരങ്ങളാണ് സമ്പന്നമായിരുന്ന കണ്ണൂര്‍ മേഖലകള്‍. മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ എത്തുന്നതിനാല്‍ കണ്ണൂര്‍ അന്തര്‍ദേശീയ വിപണിയായും ഉയര്‍ന്നിരുന്നു. വടക്കേമലബാറിലെ ഉല്‍പ്പന്നങ്ങള്‍ അധികവും വിറ്റഴിക്കാന്‍ പൗരാണിക കാലത്ത് ജനങ്ങള്‍ എത്തിയത് കണ്ണൂരിലേക്കായിരുന്നു. ഈ സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണത്രെ ധര്‍മ്മടത്തു നിന്നും കണ്ണൂരിലേക്ക് താവളം മാറ്റാന്‍ അറക്കല്‍ രാജകുടുംബത്തെ പ്രേരിപ്പിച്ചത്. ആഫ്രിക്ക, ഈജിപ്ത്, സിറിയ, തുടങ്ങിയ മധ്യപൂര്‍വ്വദേശങ്ങളിലേക്കും പ്രധാനമായും ഉല്‍പ്പന്നങ്ങള്‍ ഒഴുകിയത് കണ്ണൂര്‍ വഴിയാണ്.
ആദ്യകാലത്ത് പോര്‍ച്ചുഗീസുകാരുടെ വാണിജ്യ കുത്തകയായിരുന്ന കണ്ണൂരിലേക്ക് ഡച്ചുകാരും കണ്ണുവെച്ചതോടെ സാമ്രാജ്യത്വശക്തികളുടെ പോരാട്ടങ്ങളുടെ കഥ തുടങ്ങി. വെടിമരുന്നിന്റെ നിലക്കാത്ത ശബ്ദഘോഷങ്ങള്‍ക്കൊടുവില്‍ 1663 ല്‍ ഡച്ചുകാര്‍ കോട്ടപിടിച്ചടക്കുകയും ചെയ്തു.
എന്നാല്‍ വാണിജ്യത്തിന്റെ വഴിതേടി ഇന്ത്യയിലെത്തിയ വിദേശികള്‍ സ്വന്തം നാടിന്റെ ഭരണാധിപത്യം കൂടി പിടിച്ചെടുത്തേക്കുമോ എന്ന ഭയം അറക്കല്‍ രാജകുടുംബത്തെ അസ്വസ്ഥമാക്കി. വൈദേശിക ഗൂഢതന്ത്രത്തിനെതിരെ പൊരുതാന്‍ അവര്‍ തീരുമാനിച്ചു. ആയുധങ്ങള്‍ സംഘടിപ്പിച്ച് ശക്തമായൊരു പടയെ ഇതിനായി ഒരുക്കി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ വിദേശികളുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് സാഹചര്യമൊരുങ്ങിയില്ല. 1770 ല്‍ രണ്ട് ലക്ഷം രൂപ ഡച്ചുകാര്‍ക്ക് നല്‍കി അറക്കല്‍ ബീവി കോട്ട സ്വന്തമാക്കി. ഇതോടെ അറക്കല്‍ കുടുംബത്തിന്റെ പേരും പെരുമയും ഉയര്‍ന്നു.
കണ്ണൂരിനെ നാവികപ്പടയില്‍ നിന്ന് സംരക്ഷിക്കാന്‍ കെല്‍പുള്ളതായിരുന്നു സെന്റ് ആഞ്ചലോ കോട്ട. യൂറോപ്യന്‍ സൈന്യങ്ങള്‍ക്കു പുറമെ അയല്‍ നാട്ടുകാരായ കോലത്തിരി രാജ്യത്തിന്റെ ഭരണകര്‍ത്താക്കളും കണ്ണൂരിനെ ആക്രമിക്കുന്നതില്‍ നിന്നും രക്ഷിക്കാന്‍ മാത്രം കോട്ട ശക്തമായിരുന്നു. കോട്ട സ്വന്തമാക്കിയതോടെ അറക്കല്‍ രാജവംശം സൈനിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. ശക്തമായൊരു മാപ്പിള സൈന്യത്തെ സുസജ്ജരാക്കി നിര്‍ത്താന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു.
വിദേശികളുടെ ആക്രമങ്ങളെ ചെറുക്കുന്നതു പോലെ തന്നെ പ്രധാന്യമുള്ളതായിരുന്നു ആഭ്യന്തര സുരക്ഷിതത്വവും. വാണിജ്യപരമായി വളര്‍ന്നതോടെ കണ്ണൂരിന്റെ സാമ്പത്തിക നിലയും ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ തസ്‌ക്കരശല്ല്യം വളരെ വര്‍ദ്ധിച്ചു. വെള്ളക്കാരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി മോശമല്ലാത്ത ഒരു പോലീസ് സേനയെയും അറക്കല്‍ രാജാക്കന്മാര്‍ തയാറാക്കിയിരുന്നു.
ലക്ഷദ്വീപുമായി അറക്കല്‍ രാജകുടുംബത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. ആള്‍പ്പാര്‍പ്പില്ലാതെ വിജനമായി കിടന്നിരുന്ന ദ്വീപ് മേഖലയില്‍ ജനങ്ങളെത്തുന്നതും തുടര്‍ന്ന് അവ അറക്കല്‍ കുടുംബത്തിന്റെ കൈവശമാകുന്നതും പെട്ടന്നായിരുന്നു. ചിറക്കല്‍ കോവിലകത്തിന്റെ കൈവശമായിരുന്നു ആദ്യം ദ്വീപുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ വാണിജ്യ ആവശ്യത്തിന് വേണ്ടി അത് അറക്കല്‍ രാജകുടുംബം വാങ്ങുകയും തുടര്‍ന്ന് സ്വന്തമാക്കുകയുമാണുണ്ടായത്. അക്കലാത്ത് ദ്വീപില്‍ കൃഷികളൊന്നുമുണ്ടായിരുന്നില്ല. ചില മുസ്ലിംകുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തതോടെ നാളികേരമടക്കമുള്ള കൃഷികള്‍ തുടങ്ങുകയും വികസനം ആരംഭിക്കുകയുമാണുണ്ടായത്. കാര്‍ഷിക മേഖലയില്‍ വളര്‍ച്ചയുണ്ടായതോടെ വ്യാപാരികള്‍ ദ്വീപിലെത്തിത്തുടങ്ങി. തുടര്‍ന്ന് ഈ പ്രദേശം അറക്കല്‍ രാജകുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായി ഉയര്‍ന്നു.
ഇതോടെ ദ്വീപുകളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുടിവന്നു. ഇത് സമുദ്രയാത്രകള്‍ക്ക് പ്രചോദനമാവുകയും കപ്പലുകളും വഞ്ചികളും നിര്‍മ്മിക്കാന്‍ അറക്കല്‍ രാജവംശത്തെ പ്രേരിപ്പിക്കുകയും ചെയ്തു. വിദേശികള്‍ക്കിടയില്‍ പോലും അറക്കല്‍ രാജവംശത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ ദ്വീപുകള്‍ക്ക് മേലുള്ള അധികാരം സഹായകമായി. കേവലം ചെറിയൊരു ഭൂവിഭാഗത്തിന്റെ അധികാരം മാത്രമല്ല അറക്കലിന് സ്വന്തമായിട്ടുള്ളതെന്ന വിവരം പ്രചരിച്ചതോടെ അയല്‍നാടുകളിലെ രാജാക്കന്‍മാര്‍ക്കിടയിലും പെരുമവര്‍ദ്ധിച്ചു.
ലക്ഷദ്വീപ് സ്വന്തമായതോടെ സാമ്രാജ്യ വപുലീകരണത്തിന് കൊതിച്ച അറക്കല്‍ രാജാക്കന്മാര്‍ പുതിയപ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ തീരുമാനിച്ചു. ഇതിന് വേണ്ട സൈനിക സന്നാഹങ്ങളൊരുക്കുകയും ശ്രീലങ്കക്കടുത്തുള്ള മാലീദ്വീപിലേക്ക് പടനയിക്കുകയും ചെയ്തു. ഏകദേശം 1183 ലാണ് അന്നത്തെ അറക്കല്‍ രാജാവായ ആലിരാജ ആലി മൂസ്സ മാലീദ്വീപ് പിടിച്ചടക്കുന്നത്. മാലീദ്വീപ് സ്വന്തമായതോടെ അറക്കല്‍ കുടുംബത്തിന്റെ പ്രശസ്തി വീണ്ടും വര്‍ദ്ധിച്ചു.
മൈസൂര്‍ രാജാക്കന്മാരും അറക്കല്‍ കുടുംബവും തമ്മില്‍ വളരെ സൗഹാര്‍ദ്ദപരമായ ബന്ധമാണുണ്ടായിരുന്നത്. ഹൈദരലിയുടെ കാലത്തു തന്നെ അറക്കല്‍ കുടുംബവുമായുള്ള നല്ല ബന്ധം തുടങ്ങിയിരുന്നുവെങ്കിലും ഇതില്‍ ഇടക്കിടെ അസ്വാരസ്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. പക്ഷേ, അറക്കല്‍ രാജകുടുംബത്തെ എന്നും ബഹുമാനിക്കുവാനും അവരുടെ അന്തസ്സിനെ ആദരിക്കുവാനും മൈസൂര്‍ രാജാക്കന്മാര്‍ തയാറായിരുന്നു.
മൈസൂര്‍ സാമ്രാജ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി ഹൈദരലി മലബാര്‍ ആക്രമിച്ചതോടെയാണ് അറക്കല്‍ കുടുംബവുമായി മൈസൂര്‍ രാജാക്കന്മാരുടെ ബന്ധം തുടങ്ങുന്നത്. അറക്കലിന്റെ കൈവശമായിരുന്ന ലക്ഷദ്വീപും മാലീദ്വീപും ഇക്കാലത്ത് ഹൈദരലി അക്രമിച്ചിരുന്നു. എന്നാല്‍ അറക്കല്‍ രാജകുടുംബവുമായുണ്ടായ സംഭാഷണങ്ങളെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ല മൊത്തമായും, ലക്ഷദ്വീപ്, മാലീദ്വീപ് പ്രദേശങ്ങളും അവര്‍ക്ക് വിട്ടുകൊ#ുടുത്തു.
1766 ല്‍ പടയോട്ടവുമായി ഹൈദരലി വീണ്ടും കണ്ണൂരിലെത്തി, അക്കാലത്ത് അറക്കലിന്റെ പ്രശസ്തി വളരെ വര്‍ദ്ധിച്ചിരുന്നു. ആലിരാജയുടെ മാപ്പിളപ്പടയുടെ ധീരതയും കരുത്തും അതിര്‍ത്തികള്‍ ഭേദിച്ച് ഹൈദരുടെ ചെവിയിലുമെത്തിയിരുന്നു. ഇവരെ പിണക്കാതിരിക്കുന്നതാണ് ബുദ്ധിയെന്ന് മനസ്സിലാക്കിയ ഹൈദരാലി ആലിരാജയുമായി സന്ധിയുണ്ടാക്കുകയും നല്ലബന്ധം സ്ഥാപിക്കുകയും ചെയ്തു. ഹൈദരാലിയെത്തുടര്‍ന്ന് അധികാരമേറ്റെടുത്ത ടിപ്പു സുല്‍ത്താനും അറക്കല്‍ കുടുംബവുമായി വളരെ നല്ല ബന്ധം സ്ഥാപിച്ചിരുന്നു. 1784 ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കണ്ണൂര്‍ പിടിച്ചടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചെറുത്ത് തോല്‍പിച്ചതും ടിപ്പുസുല്‍ത്താന്‍ തന്നെയായിരുന്നു.
അറക്കല്‍ രാജകുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ടിപ്പു അവരുമായി വിവാഹബന്ധം ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നു. മറ്റു ചിലകാരണങ്ങളാല്‍ അവനടക്കാതെ പോവുകായാണുണ്ടായത്.
കണ്ണൂരിലെ മുസ്ലിംകള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്ന മരുമക്കത്തായ സമ്പ്രദായം തുടങ്ങുന്നത് അറക്കല്‍ ചരിത്രത്തോടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അറക്കല്‍ രാജകുടുംബത്തില്‍ സ്ത്രീകള്‍ക്ക് എന്നും ആദരവും മഹനീയമായ സ്ഥാനങ്ങളും നല്‍കപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഭരണകാര്യങ്ങളിലും അവര്‍ സജ്ജീവ ശ്രദ്ധപതിപ്പിച്ചിരുന്നു. ജുനുമ്മ ബീവിയെപ്പോലുള്ള സുല്‍ത്താനമാര്‍ അറക്കലിന്റെ അധികാരം കയ്യാളിയിരുന്നു. അറക്കല്‍ ബീവിമാര്‍ക്ക് അതുല്ല്യമായ സ്ഥാനങ്ങളാണ് ലഭിച്ചിരുന്നത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയതോടെ അറക്കല്‍ കോട്ടയിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അറക്കല്‍ രാജകുടുംബത്തിന്റെ സംരക്ഷകനും സഖ്യകക്ഷിയുമായിരുന്ന ടിപ്പുവിന്റെ പതനം രാജകുടുംബത്തെ പ്രതികൂലമായി ബാധിച്ചു. അറക്കല്‍ രാജവംശത്തെ ക്ഷയിപ്പിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. കണ്ണൂര്‍ കോട്ട അറക്കലിന്റെ കാവല്‍ കവചമായിരുന്നു. കോട്ടവിട്ടുകൊടുക്കണമെങ്കില്‍ ഭീമമായ തുകനല്‍കണമെന്ന് ഈസ്റ്റ് ഇന്ത്യാകമ്പനി ആവശ്യപ്പെട്ടതോടെ അറക്കല്‍ ക്ഷീണിച്ചു തുടങ്ങി. ലക്ഷദ്വീപുകള്‍ക്ക് മേലുള്ള അധികാരവും സാവധാനം നഷ്ടപ്പെട്ടുതുടങ്ങി.
1793 ല്‍ കണ്ണൂര്‍ കോട്ടപിടിച്ചെടുക്കാന്‍ ഇംഗ്ലീഷുകാര്‍ തന്ത്രംമെനഞ്ഞു. മാത്രമല്ല കോട്ട മൈതാനവും അതിനോടനുബന്ധിച്ചുള്ള പ്രദേശങ്ങളും അവര്‍ കയ്യടക്കി. ദ്വീപുകളുടെ വരുമാനത്തിന്റെ പേരുപറഞ്ഞ് ഭീമമായ തുക കപ്പം നല്‍കണമെന്ന ശാസന കൂടെ വന്നതോടെ അറക്കല്‍ രാജകുടുംബത്തിന് പിടിച്ച്‌നില്‍ക്കാനാവില്ലെന്നായി. 1911 വരെ പേരിനു മാത്രം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞെങ്കിലും അതോടെ ഒരു വലിയ രാജകുടുംബത്തിന്റെ ചെങ്കോലും സിംഹാസനവും നഷ്ടമായി. അവര്‍ കാലയവനികയിലേക്ക് മറഞ്ഞുകൊണ്ടേയിരുന്നു.
പഴയ പ്രതാപത്തിന്റെ അസ്ഥിക്കൂടു പോലെ കണ്ണൂര്‍ സിറ്റിയില്‍ ഇപ്പോഴും അറക്കല്‍ കൊട്ടാരമുണ്ട്. ക്ഷയിച്ചുകഴിഞ്ഞ കൊട്ടാരത്തിന്റെ മുമ്പിലെ കവാടത്തിനരുകില്‍ ഇപ്പോളും കാവല്‍ക്കാരുണ്ട്. അധികാരചിഹ്നങ്ങളോ ആകര്‍ഷണീയമായ യൂണിഫോമോ അവര്‍ക്കില്ലെങ്കിലും കൊഴിഞ്ഞുപോയ അധികാരത്തിന്റെ നിറം മങ്ങിയ ചിഹ്നങ്ങളായി അവര്‍ ഇപ്പോഴും കൊട്ടാരത്തിനരികിലുണ്ട്. ഭാഗംവെച്ചു കിട്ടിയ സ്ഥലത്ത് അവകാശികള്‍ പുതിയ വീടുകള്‍ പണിതുയര്‍ത്തിയിട്ടുണ്ട്.
ഇപ്പോഴും അറക്കല്‍ കുടുംബത്തിലെ വിവാഹദിവസങ്ങള്‍ രാജകീയ പ്രൗഢിയോടെ തന്നെയാണ് നടക്കുന്നത്. വെളുത്ത വസ്ത്രത്തിന് മുകളില്‍ ചുവന്ന അരപ്പട്ടയും രാജമുദ്രയും ധരിച്ച പട്ടാളക്കാര്‍ ഇപ്പോഴും കല്ല്യാണ ദിവസങ്ങളില്‍ പാറാവു നില്‍ക്കാറുണ്ട്.
അറക്കല്‍ കുടുംബത്തിലെ പുതിയ തലമുറ അവരുടെ സുന്ദരമായ പാരമ്പര്യത്തിന്റെ മഹിമകള്‍ ഓര്‍മ്മിക്കുന്നില്ലെങ്കിലും കണ്ണൂരിലെ കാരണവന്മാര്‍ക്ക് അറക്കല്‍ ഇന്നും അഭിമാനത്തിന്റെ നാമമാണ്.
ജുനുമ്മബി, സുല്‍ത്താന ആയിശാബി, മറിയുമ്മബീ തുടങ്ങിയ ഭരണാധികാരികള്‍ അറക്കലിന്റെ മുഖഛായ തന്നെ മാറ്റാന്‍ ശ്രമിച്ചവരായിരുന്നു. അഹമ്മദലി ആലിരാജാ, അബ്ദുറഹ്മാന്‍ ആലിരാജാ തുടങ്ങിയ ഭരണാധികാരികളും ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനശേഷിയുള്ളവരായിരുന്നു. എന്നാല്‍ സാമൂഹ്യസാംസ്‌കാരിക രംഗത്ത് അവരുടേതായ സംഭാവനകള്‍ അര്‍പ്പിച്ച ഈ രാജകുടുംബത്തിന്റെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് മരുമക്കത്തായ സമ്പ്രദായം തന്നെയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
ആഭ്യന്തരകലഹങ്ങളും അധികാരദുര്‍മ്മോഹവും മറ്റുപല രാജവംശങ്ങളെയും പോലെ അറക്കലിനം തീരാശാപമായതോടെ അവരുടെ പ്രതാപത്തിന്റെ നിറം മങ്ങിത്തുടങ്ങി. ഉത്തരേന്ത്യന്‍ മുസ്ലിം ഭരണാധികാരികളുടെ പോരാട്ടങ്ങളുടെയും സംഭാവനകളുടെയും ചരിത്രങ്ങളുമായി തട്ടച്ചുനോക്കുമ്പോള്‍ ചെറുതാകുമെങ്കിലും അറക്കല്‍ ദക്ഷിണേന്ത്യന്‍ മുസ്ലിംഭരണാധികാരികളുടെ ചരിത്രത്തിലെ സുന്ദരമായൊരു അധ്യായമാണ്. രസകരമായൊരു ഐതിഹ്യത്തില്‍ തുടങ്ങി, കാലപ്രവാഹത്തിലൊഴികിയെവിടെയോ അപ്രത്യക്ഷമായതെങ്കിലും ഇപ്പോഴും ഇപ്പോഴും ഈ രാജകുടുംബത്തിന്റെ അന്തസ്സ് ചോര്‍ന്നുപോയിട്ടില്ല. ചരിത്രത്തിന്റെ അനിവാര്യമായ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നുവെങ്കിലും തലയുയര്‍ത്തിനില്‍ക്കുന്ന കണ്ണൂര്‍ കോട്ടയും അറക്കല്‍ കൊട്ടാരവും നമ്മുടെ മനസ്സില്‍ അഭിമാനത്തിന്റെ ചിഹ്നങ്ങളായി എന്നും അവശേഷിക്കും.
Post a Comment