ജിഫ്‌രി ഖബീലയില്‍ നിന്നും ആദ്യമായി കേരളത്തിലെത്തിയ പണ്ഡിതനാണ് ശൈഖ് ജിഫ്‌രി തങ്ങള്‍. സയ്യിദ് മുഹമ്മദ് ജിഫ്രിയുടെ മകനായി 1198 (1726) ല്‍ ഹളര്‍മൗത്തിലെ തരീമിലാണ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വിവിധ മേഖലകളില്‍ വിദ്യതേടിയലഞ്ഞ് അദ്ദേഹം ഇരുപതാം വയസ്സില്‍ തന്നെ ഉന്നത പണ്ഡിതനായി അറിയപ്പെട്ടു. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടിരുന്നു.
മതപ്രബോധനത്തില്‍ ആകൃഷ്ടനായ അദ്ദേഹം ബറാമി കുടുംബത്തിലെ ആദ്യകണ്ണിയായ ശൈഖ് അലി ബറാമിയോടൊപ്പം 1159 ല്‍ സ്വദേശത്തുനിന്നും കൊയിലാണ്ടിയിലെത്തി. കോഴിക്കോട് ഖാസിയുടെയും മുസ്ലിം നേതാക്കന്മാരുടെയും ക്ഷണപ്രകാരം അദ്ദേഹവും സംഘവും കോഴിക്കോട്ടേക്ക് തിരിച്ചു. ഖാസി മുഹ്‌യുദ്ദീന്‍ ബ്‌നു അബ്ദുസലാം അദ്ദേഹത്തെ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് ആനയിച്ചു. കോഴിക്കോട് സ്ഥിരതാമസമാക്കാന്‍ മാനവിക്രമന്‍ എന്ന സാമൂതിരി രാജാവ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിക്കുകയും ഒറ്റിച്ചിറയുടെ തെക്കുവശത്തുള്ള പറമ്പ് നല്‍കുകയും ചെയ്തു. 'മാളിയേക്കല്‍' എന്ന പേരിലറിയപ്പെട്ട വീട്ടിലാണ് അദ്ദേഹം താമസം തുടങ്ങിയത്. മലയാള ഭാഷ പഠിക്കുകയും ചുരുങ്ങിയ കാലയിളവിനുള്ളില്‍ മലബാര്‍ മുസ്ലിംകളുടെ ആത്മീയ നായകനായി അറിയപ്പെടുകയും ചെയ്തു.
മലബാറില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ്കൂടിയിരുന്ന സയ്യിദ് മുഹമ്മദ് ഹാമിദ് (റ)വുമായി ശൈഖ് ജിഫ്രി ആത്മീയ ബന്ധം സ്ഥാപിച്ചു. ഇരുവരും നാടുനീളെ സഞ്ചരിച്ച് പ്രബോധനം നടത്തുകയും നിരവധിയാളുകള്‍ ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തു. മമ്പുറം സയ്യിദ് അലവി തങ്ങള്‍, ഉമര്‍ ഖാളിയുടെ പിതാവ് ഖാസിയാരകത്ത് ആലിമുസ്ലിയാര്‍, വെല്ലൂര്‍ അബ്ദുല്‍ വഹാബ് ഹസ്രത്ത് തുടങ്ങിയവര്‍ ശൈഖ് ജിഫ്രിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഹജ്ജ് യാത്രക്കിടെ സ്വന്തം നാടായ തരീം സനന്ദര്‍ശിച്ച അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. അവിടത്തെ ആത്മീയ നേതാവുമായി ബന്ധം സ്ഥാപിക്കുവാനും ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തി. ശൈഖ് ജിഫ്രിയും ടിപ്പുവും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. സാമൂതിരിയില്‍ നിന്നും ഇദ്ദേഹത്തെ കേട്ടറിഞ്ഞ ഫലമായ ടിപ്പു 1797 ലാണ് ശൈഖ് ജിഫ്രിയുടെ വസതിയില്‍ കാണാനെത്തിയത്. ശൈഖ് ജിഫ്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ടിപ്പു സ്ഥാപിച്ച കുളമാണ് കോഴിക്കോട് നഗരത്തില്‍ സ്ഥിതിചെയ്യുന്ന മാനഞ്ചിറക്കുളം.
പൊന്നാനിയിലെ മഖ്ദൂമുമാര്‍ക്കുണ്ടായ സ്ഥാനമാണ് ശൈഖ് ജിഫ്രി തങ്ങള്‍ക്ക് ലഭിച്ചത്. ഈ സമയത്താണ് ബോംബെ കല്ല്യാണിയില്‍ നിന്നും മുഹമ്മദ് ശാഹ് തങ്ങള്‍ മൈസൂര്‍ വഴി കൊണ്ടോട്ടിയിലെത്തുന്നത്. അനിസ്ലാമികമായ പല അംശങ്ങളും ഷിയാ ബന്ധവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്ന് ബോധ്യമായ ശൈഖ് ജിഫ്രി ഇദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. സത്യം മനസ്സിലാക്കാതെ പലരും ഇദ്ദേഹത്തിന്റെ മാര്‍ഗത്തില്‍ ചേര്‍ന്നിരുന്നു. കന്‍സുല്‍ ബറാഹീന്‍ എന്ന ഗ്രന്ഥം കൊണ്ടോട്ടി തങ്ങന്മാരുടെ അപവാദങ്ങള്‍ നിരത്തിക്കൊണ്ട് അദ്ദേഹം രചിച്ചതാണ്. പില്‍ക്കാലത്ത് മമ്പുറം തങ്ങള്‍ ഉമര്‍ ഖാളി തുടങ്ങിയവര്‍ ഈ ദൗത്യം ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ കന്‍സുല്‍ ബറാഹീന്‍, അല്‍ കൗകബുദുര്‍റിയ്യ, അല്‍കസാബത്തുവല്‍ അസ്‌റാര്‍ എന്നീ ഗ്രന്ഥങ്ങള്‍ ഇസ്താംബൂളില്‍ നിന്നാണ് അച്ചടിച്ചത്. വേറെയും ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹി 1222-ദുല്‍ ഖഅ്ദ 8(1808 ജനുവരി 8) ന് മരണപ്പെട്ടു. കുറ്റിച്ചിറയില്‍ മാളിയേക്കല്‍ മഖ്ബറയില്‍ അന്ത്യവിശ്രമംകൊള്ളുന്നു. അദ്ദേഹത്തിന്റെ ജിഫ്രി ഹൗസ് ഇന്നും പ്രസിദ്ധമാണ്.
ആ ചിത്രം ഏത് സ്ഥാപനത്തിന്റെ ആണ്..?
ReplyDeletePost a Comment