• ഫള്ല്‍ കോപ്പിലാന്‍

വൈദേശികാധിപത്യത്തിനെതിരെയും അധിനിവേശശക്തികള്‍ക്കെതിരെയും ആദ്യമായി പോരാട്ടത്തിന്റെ ജ്വാലകള്‍ ഉയര്‍ന്നുപൊങ്ങിയ ഭൂമികയാണ് മാപ്പിള മലബാറിലേത്. 1498 ല്‍ കൊളോണിയലിസം ഇന്ത്യയില്‍ കാല്കുത്തുന്നത് തന്നെ പോര്‍ച്ചുഗീസുകാരനായ വാസ്‌കോ ഡി ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയപ്പോഴായിരുന്നു. അവിടുന്നങ്ങോട്ട് അധിനിവേശവിരുദ്ധ പോരാട്ട ചരിത്രത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയിട്ടുണ്ട് മലബാറിലെ മാപ്പിളമാര്‍. അടങ്ങാത്ത സമരവീര്യവുമായി പറങ്കികള്‍ക്കും അവര്‍ക്കു ശേഷം ഇവിടെയെത്തിയ ബ്രിട്ടിഷുകാര്‍ക്കുമെതിരെ സമരം ചെയ്ത മാപ്പിളമാരുടെ ഈ വിപ്ലവപ്രവര്‍ത്തനങ്ങള്‍ പക്ഷെ ഇവിടുത്തെ സാമ്രജ്യത്ത ജാതി വിരുദ്ധ സ്വത്തങ്ങളെ പ്രോത്സാഹിപ്പിക്കാത്ത ചരിത്രത്തില്‍ മനപ്പൂര്‍വമായ വിസ്മരണ പ്രക്രിയക്ക് വിധേയമായി എന്നാണ് ദുഖകരമായ വസ്ഥുത.
നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ട മാപ്പിള സമരത്തിന്റെ പിന്നില്‍ രാസത്വരകമായി വര്‍ത്തിച്ചത് അന്നത്തെ മലബാറിലെ മുസ്്‌ലിംകളുടെ ആത്മീയനേതൃത്തം അലങ്കരിച്ചിരുന്ന ഉലമാക്കളും ഉമറാക്കളുമായിരുന്നു. അവര്‍ നല്കിയ ഊര്‍ജ്ജം മുഖേനയായിരുന്നു മുസ്്‌ലിംകളുടെ പ്രതിരോധം മൂലം പറങ്കികള്‍ക്കും മറ്റു വിദേശശക്തികള്‍ക്കും ഇവിടെ കാലുറപ്പിക്കാനാകാതെ പോയത്. തങ്ങളുടെ ശത്രുക്കള്‍ക്കെതിരെയുള്ള ധര്‍മ്മസമരത്തിന്റെ പാതയില്‍ അവര്‍ക്കുള്ള ഉത്തേജനമായിട്ടായിരുന്നു മലബാറിലെ പല സമരകൃതികളുടെയും പിറവി തന്നെ. ഫത്‌വയുടെയും ചരിത്രഗ്രന്ഥത്തിന്റെയും കാവ്യരചനയുടെയും രൂപത്തില്‍ ഈ കൃതികള്‍ സമൂഹമദ്ധ്യേ ഇടം കണ്ടെത്തിയത്. മത ആത്മീയ രാഷ്ട്രീയ രംഗത്ത് മാപ്പിളമാര്‍ക്ക് നേതൃത്തം നല്കിയിരുന്ന പണ്ഡിതശ്രേഷ്ടരായിരുന്നു ഒട്ടുമിക്ക കൃതികളുടെയും രചയിതാക്കള്‍. ഇതില്‍ പ്രഥമ ഗണനീയമായ കൃതികളാണ് ഇവിടെ പരാമര്‍ശ വിധേയമാക്കുന്നത്. ശൈഖ് സൈനുദ്ദിന്‍ ഒന്നാമന്റെ തഹ്‌രീളും സൈനുദ്ദീന്‍ മഖദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീനും ഖാളി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനും പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തില്‍ അനല്‍പമായ പങ്ക് അവകാശപ്പെടുന്നുണ്ട്. പറങ്കികള്‍ക്ക് ശേഷം മലബാറിലെത്തിയ ബ്രിട്ടീഷുകാര്‍ക്കെതിലെ മാപ്പിളമാരെ വിശുദ്ധ യുദ്ധത്തിന്റെ പാതയിലേക്ക് ഇളക്കിവിട്ടത് മമ്പുറം തങ്ങളുടെ സൈഫുല്‍ ബത്താറും പുത്രന്‍ ഫള്ല്‍ തങ്ങളുടെ ഉദ്ദത്തുല്‍ ഉമറാഅുമൊക്കെയായിരുന്നു. താനൂര്‍ ഖിലാഫത്ത് കമ്മിറ്റി നേതാവും വലിയ കുളങ്ങര പള്ളിയിലെ മുദരിസുമായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്്‌ലിയാരുടെ മുഹിമ്മാത്തുല്‍ മുഅ്മീനീനും ബ്രിട്ടിഷുകാര്‍ക്ക് വലിയ തലവേദന സൃഷ്ടടിച്ചിരുന്നു. ഈ വിപ്ലവാത്മക രചനകള്‍ കാരണമായി ഇതിന്റെ രചയിതാക്കളില്‍ ചിലര്‍ക്കെല്ലാം അന്നത്തെ അധിനിവേശ ശക്തികളില്‍ നിന്ന് നല്ല എതിര്‍പ്പുമുണ്ടായിരുന്നു.
മാപ്പിള സമര സാഹിത്യങ്ങളെ ആസ്പദിച്ച് നടന്ന ഗഹനമായ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് സമര കൃതികള്‍ ആഴത്തിലുള്ള സ്വാധീനമായിരുന്നു സമൂഹത്തില്‍ നേടിയെടുത്തത്. വെറും കൊളോണിയല്‍ വിരുദ്ധത എന്ന ലക്ഷ്യത്തിലുപരി കേരളത്തിലെ ഇസ്്‌ലാമിന്റെ പൈതൃകത്തിനും പ്രവാഹത്തിനും തടസ്സം നേരിട്ടപ്പോഴായിരുന്നു പണ്ഡിതന്‍മാര്‍ ഈ കൃതികള്‍ പുറത്തിറക്കിയത്. 
തഹ്‌രീള് അഹ്്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്വുല്‍ബാന്‍
കൊളോണിയലിസം ഇന്ത്യയില്‍ ആദ്യമായി അവതരിക്കുന്നത് മലബാറിലെ കാപ്പാട് 1498 ല്‍ വാസ്‌കോ ഡി ഗാമയുടെ രൂപത്തിലായിരുന്നു. സ്വാഭാവികമായും ഇന്ത്യയിലെ അധിനിവേശവിരുദ്ധ സമരപോരാട്ട ചരിത്രം ആരംഭിക്കുന്നത് ഇവിടെവെച്ചു തന്നെയായിരുന്നു. പറങ്കികളുടെ കടന്നുകയറ്റത്തിനെതിരെ അടങ്ങാത്ത വിപ്ലവവീര്യവുമായി പൊരുതിയ ഇവിടുത്തെ തദ്ദേശീയരായ മാപ്പിളമാരായിരുന്നു ഈ പോരാട്ടങ്ങളില്‍ കേന്ദ്ര സ്ഥാനം അലങ്കരിച്ചിരുന്നത്. തങ്ങളുടെ മതസ്വാതന്ത്രത്തിനും വിശ്വാസ ആചാരങ്ങള്‍ക്കുമെതിരെ രംഗത്തുവരുകയും മുസ്്‌ലിംകളെ ദ്രോഹിക്കുകയും ചെയ്ത പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇന്ത്യയിലെ തന്നെ ആദ്യ സമരകൃതിയായ തഹ്‌രീളിന്റെ പിറവി. കൊച്ചിയില്‍ നിന്ന് ഇസ്്‌ലാമിന്റെ പ്രബോധനാര്‍ത്ഥം പൊന്നാനിയിലെത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്റേതായിരുന്നു 177 വരികള്‍ വരുന്ന ഈ കാവ്യം. 
എഴുത്തച്ചന്റെ അദ്ധ്യാത്മരാമായണത്തിനും ശ്രീമദ്ഭാഗവതത്തിനും മുമ്പേ ഈ സാഹിത്യ രചന വിരിചിതമായിരുന്നു.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ധര്‍മ്മയുദ്ധത്തിനിറങ്ങേണ്ടത് ഓരോ മുസല്‍മാനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധ ബാധ്യതയാണെന്ന് ആണയിടുന്ന ശൈഖിന്റെ ആഹ്വാനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടായിരുന്നു മാപ്പിളമാര്‍ കരയിലും കടലിലും പറങ്കികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയത്. തുഹ്ഫതുല്‍ മുജാഹിദീനും ഫത്്ഹുല്‍ മുബീനും മുന്നോടിയായി വിരചിതമായ തഹ്‌രീള് അന്നത്തെ ചരിത്രത്തിന്റെ നഖചിത്രമാണ് രേഖപ്പെടുത്തിയിരുന്നത്. വെറും കൊളോണിയല്‍ വിരുദ്ധതയുടെ പേരില്‍ ജന്മം കൊണ്ടതായിരുന്നില്ല ഇവയെന്ന് അദര്‍ ബുക്‌സ് പുറത്തിറക്കിയ പ്രഫ കെ.എം മുഹമ്മദിന്റെ തഹ്‌രീള് വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ മഹ്്മൂദ് കൂരിയ അടിവരയിടുന്നുണ്ട്. കുരിശുയുദ്ധത്തിന്റെ നനവുവറ്റാത്ത ഓര്‍മ്മകളുമായി ഇവിടെയിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ മാപ്പിള മുസ്്‌ലിംകളെ നിരന്തരം വേട്ടയാടിയതിന്റെ ചരിത്രം വായിക്കുമ്പോള്‍ മനസ്സിലാകും അതിന്റെ കാരണമെന്തായിരുന്നെന്ന്. മലബാറിലെ കച്ചവട മേഖല കയ്യടക്കിവെച്ചിരുന്ന അറബി വ്യാപാരികളെ ഇവിടെ നിന്ന് പുറത്താക്കാനും തങ്ങളുടെ കുത്തക സ്ഥാപിക്കാനും പോര്‍ച്ചുഗീസുകരെ പ്രേരിപ്പിച്ചത് ഈ ശത്രുതയായിരുന്നു. വാസ്‌കോ ഡി ഗാമയുടെ കപ്പലിലായിരുന്നു ഇസ്്‌ലാമോഫോബിയ കേരളത്തിലെത്തിയതെന്ന് പറയാന്‍ സാധിക്കും. 
വിശ്വാസികളേ കുരിശുപൂജകരോട് പോരാടൂ എന്ന ആഹ്വനമായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം ഉയര്‍ത്തിപ്പിടിച്ചിരുന്നത്.പോര്‍ച്ചുഗീസ് അക്രമകാരികളെയായിരുന്നു ശൈഖ് കുരിശുപൂജകര്‍ എന്നതുകൊണ്ട് വിവക്ഷിച്ചിരുന്നത്. അവര്‍ കുരിശുപൂജകരായതുകൊണ്ടല്ല അവര്‍ക്കെതിരില്‍ മുസ്്‌ലിംകളെ യുദ്ധത്തിനു പ്രേരിപ്പിക്കേണ്ടി വന്നത് മറിച്ച് അക്രമികളും കൈയേറ്റക്കാരും ആയതുകൊണ്ടാണ് എന്ന് സി ഹംസ നിരീക്ഷിക്കുന്നുണ്ട്. കുരിശുപൂജ മുസ്്‌ലിംകള്‍ക്ക് തെറ്റാണെങ്കിലും ക്രൈസ്തവര്‍ക്ക് മതാനുഷ്ഠാനമായതിനാല്‍ അതിനോട് സഹിഷ്ണുത പുലര്‍ത്തുന്നതിനേ മുസ്്‌ലിം പഠിപ്പിക്കപ്പെട്ടിരുന്നുള്ളൂ. വിശ്വാസസ്വാതന്ത്രം ഹനിക്കുന്നവരെ മാത്രമേ മുസ്്‌ലിംകള്‍ ശത്രുക്കളായി കണ്ടിരുന്നള്ളൂ. തങ്ങള്‍ക്ക് വിശ്വാസസ്വാതന്ത്രം വകവെച്ചു നല്കിയവരെ മിത്രങ്ങളായി കണ്ട ചരിത്രമാണ് ഇസ്്‌ലാമിനുള്ളത്. ഇതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു അമുസ്്‌ലിമായ സാമൂതിരിക്ക് മാപ്പിളമാര്‍ നല്കിയ പിന്തുണയും പ്രോത്സാഹനവും.
തുഹ്ഫയുടെ രചന 1502 ല്‍ ഗാമയുടെ പുനരാഗമനത്തിന് ശേഷമായിരിക്കാനാണ് സാധ്യത കല്പ്പിക്കപ്പെടുന്നത്. 1521 ല്‍ വഫാത്താകുന്ന ശൈഖിന്റെ വഫാത്തിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മാപ്പിളമാര്‍ സ്വന്തമായി ഒരു നാവികപ്പട വികസിപ്പിച്ചെടുത്തിരുന്നു. ഗാമയുടെ പുനരാഗമനത്തിന് ശേഷമായിരുന്നു പോര്‍ച്ചുഗീസുകാരുടെ അക്രമം വര്‍ദ്ധിച്ചത്.
ആയുധം കൊണ്ടും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും ജിഹാദ് നിര്‍ബന്ധബാധ്യതയാണെന്ന് പ്രസ്ഥാവിക്കുന്ന ഈ കാവ്യത്തില്‍ രക്തസാക്ഷിത്വം വരിക്കാനുള്ള ആഹ്വാനം കൂടിയുണ്ട്. ഇസ്്‌ലാമിലെ പവിത്രമായ ജിഹാദ് എന്ന ആശയത്തിന്റെ മഹത്വം വിവിരച്ച് പറങ്കികള്‍ക്കെതിരെ പോരാടാന്‍ ആവശ്യപ്പെടുന്ന ഈ കൃതികളുടെയെല്ലാം സ്വാധീനഫലമായിട്ടായിരുന്നു പലരും യുദ്ധരംഗത്തേക്കിറങ്ങിയത്. കൊച്ചിയിലെ വ്യാപാരപ്രമുഖരും മഖ്ദൂമിന്റെ ശിഷ്യരുമായിരുന്ന കുഞ്ഞിമരക്കാര്‍ വിവാഹവേദി വിട്ടിറങ്ങി സമരമുഖത്തേക്കിറങ്ങിയതെല്ലാം ഈ ആഹ്വാനങ്ങളെല്ലാം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം സൃഷ്ടിച്ചു എന്നതിന്റെ നിദര്‍ശനങ്ങളാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മുസ്്‌ലിം ഭാഗത്ത് നിന്ന് പോരാടി അവരെ സഹായിച്ചിരുന്ന സാമൂതിരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട് രചയിതാവ് കൃതിയില്‍. മഖ്ദൂമാരുടെയും സാമൂതിരിമാരുടെയും ഇടയില്‍ നിലനിന്നിരുന്ന ഊഷ്മള ബന്ധം മുഖേനയായിരുന്ന മരക്കാര്‍മാര്‍ മലബാറിന്റെ നാവികമേധാവികളായത്.
ജിഹാദി ആശയങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു അന്നത്തെ പോരാട്ടങ്ങളെല്ലാമെന്ന് പ്രസ്ഥാവിച്ചല്ലോ. ഇങ്ങനെ മതത്തിന്റെ പേരില്‍ ജിഹാദിന് ഇറങ്ങാന്‍ കാരണം സമരം സൃഷ്ടിച്ച സാമൂഹ്യ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മതം വര്‍ത്തിച്ചിരുന്നത് കൊണ്ടാണ്. ദേശീയമോ മതേതരമോ ആയ ചിന്താധാരകള്‍ അന്ന് ഉരുവം കൊണ്ടിട്ടില്ലായിരുന്നു. അവരെ ഒന്നിപ്പിച്ചതും ഏകോപിപ്പിച്ചതും അവരുടെ മതമായിരുന്നു. കേവലമായ ഒരു അധിനിവേശ വിരുദ്ധ പോരാട്ടമെന്നതിലുപരി ശക്തമായ ആത്മീയ അടിത്തറിയില്‍ അധിഷ്ഠിതമായിട്ടായിരുന്നു മഖ്ദൂം നയിച്ച ധര്‍മ്മ സമരം. അതുകൊണ്ടുതന്നെ മലബാറിന്റെ സാംസ്‌കാരിക തനിമയില്‍ വിള്ളല്‍ വീഴ്ത്താന്‍ പറങ്കി കടല്‍ചെകുത്താന്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ മറുവശത്ത് പരങ്കികള്‍ പിടി മുറുക്കിയ ഗോവന്‍ തീരങ്ങളിലെ അവസ്ഥയോട് ഇന്നത്തെ മലബാറിന്റെ നിലവിലെ സാഹചര്യം വെച്ച് താരതമ്യ പഠനത്തിന് നാം മുതിരേണ്ടതുണ്ട്. അവിടെ നിലനിന്നിരുന്ന സംസ്‌കാരവും ഭാഷയും പോലും അധിനിവേശത്തിന്റെ കിരാതവാഴ്ചയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. മലബാറാവട്ടെ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങള്‍ക്കിടയിലും അറബിയിലും മലയാളത്തിലുമായി തുല്യതയില്ലാത്ത ഒട്ടേറെ പദ്യഗദ്യ കൃതികളുടെ രചനയ്ക്ക് വഴിവെച്ചു. അധിനിവേശം അതിന്റെ രൂപവും ഭാവവും മാറി പ്രത്യക്ഷപ്പെടുന്ന  വര്‍ത്തമാനകാലത്തുപോലും നമ്മുടെ ദിശ നിര്‍ണ്ണയിക്കാന്‍ കരുത്തുറ്റവയാണ് തഹ്‌രീള് മുതലങ്ങോട്ടുള്ള അധിനിവേശവിരുദ്ധ സാഹിത്യങ്ങള്‍.
തുഹ്ഫതുല്‍ മുജാഹിദീന്‍
തഹ്‌രീളു പോലെത്തന്നെ അക്രമത്തിനും നീതിനിഷേധത്തിനുമെതിരെയുള്ള പ്രതിരോധാത്മക സമരത്തിന് ആശയക്കരുത്ത് പകരുന്നതായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍. കേരളത്തിലെ അറിയപ്പെട്ട ഒന്നാമത്തെ ആധികാരിക ചരിത്രകൃതി കൂടിയാണ് തുഹ്ഫ. ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴ്‌ന്നേല്‍്പിന് ചരിത്രത്തിന്റെ പിന്തുണയും പിന്‍ബലവും അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം ഈ സമരകൃതിയുടെ പിറവി. കേരളത്തിലേക്ക് ഇസ്‌ലാം വന്നതു മുതല്‍ പോര്‍ച്ചുഗീസുകാരുടെ അധിനിവേശം വരെയുള്ള ചരിത്രത്തിന്റെ നഖചിത്രം സമ്മാനിക്കുന്നുണ്ട് ഗ്രന്ഥ കര്‍ത്താവ് ഇതിലൂടെ
  പോര്‍ച്ചുഗീസ് പരാക്രമങ്ങള്‍ അതിന്റെ പാരമ്യതയിലെത്തിയ കാലത്തായിരുന്നു തുഹ്ഫക്ക് വേണ്ടി മഖ്ദും രണ്ടാമന്‍ തൂലിക ചലിപ്പിക്കുന്നത്. തഹ്‌രീളിന്റെ ആഗമനത്തിന് ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം 1583 കള്‍ക്ക് ശേഷമായിരുന്നു ഇതിന്റെ പിറവി. തഹ്‌രീളിലേതു പോലെ മാപ്പിളമാരെ ഒരു ധര്‍മ്മയുദ്ധത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം.
തുഹ്ഫയുടെ ഘടനാപരമായ സവിശേഷത നിസ്തുല്യമാണ്. മൂന്ന് ഭാഗങ്ങളായി തിരിച്ച കൃതിയില്‍ ആദ്യ ഭാഗത്ത് ജിഹാദന് വേണ്ടി മനുഷ്യനെ ഉത്തേജിപ്പിക്കുന്നതും മറ്റുമായ ഖുര്‍ആനിക സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ രണ്ടാം ഭാഗം കേരള മുസ്‌ലിംകളുടെ ചരിത്രമാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ സമൂഹത്തെ ധര്‍മ്മയുദ്ധത്തിന് പ്രേരിപ്പിക്കുന്ന ഒന്നാം ഭാഗത്തിലൂടെ താന്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളോട് നിര്‍ഭയം പ്രതികരിക്കുന്ന ഒരു പണ്ഡിതന്റെ ഉത്തരവാദിത്തം സമര്‍ത്ഥമായി നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തത്. ആദ്യം ഇസ്‌ലാമിന്റെ ആഗമനത്തിന് ശേഷം മുതല്‍ ഇവിടെ മുസ്‌ലിംകള്‍ നേടിയെടുത്ത ഭൗതികവും അഭൗതികവുമായ വിജയത്തിന്റെയും നേട്ടങ്ങളുടെയും ചരിത്രസത്യങ്ങള്‍ കേള്‍പ്പിച്ച ശേഷം പോര്‍ച്ചുഗീസ് അധിനിവേശത്തിലൂടെ എന്തൊക്കെ നഷ്ടമായി എന്ന് ത്യര്യപ്പെടുത്തി അവര്‍ക്ക് ജിഹാദിനുള്ള ഊര്‍ജ്ജം നല്‍കാനായിരുന്നു രചയിതാവിന്റെ ശ്രമം. ശേഷം  ഈ മണ്ണിലേക്ക് ഇസ്‌ലാം എത്തിപ്പെട്ടതിന്റെ ആധികാരികമായ വിവരണങ്ങള്‍ ഇതിലടങ്ങിയട്ടുണ്ട്.
ജിഹാദ് മുഖ്യവിഷയമായിട്ടുള്ള ഈ കൃതിയില്‍ സ്വസ്ഥമായുള്ള ജീവിതസാഹചര്യങ്ങള്‍ പുലരുന്നതിന് വേണ്ടിയുള്ള ധര്‍മ്മയുദ്ധമാണ് വിവരിച്ചിട്ടുള്ളത്. ജിഹാദ് പക്ഷെ, അമുസ്‌ലിം ഭരാണാധികാരിയായ സാമൂതിരിയെ താഴെയിറക്കാനോ അദ്ദേഹത്തിന്റെ കീഴിലുള്ള പ്രദേശങ്ങള്‍ കൈയിലൊതുക്കാനോ വേണ്ടിയുള്ളതായിരുന്നില്ല മറിച്ച് പറങ്കികള്‍ സൃഷ്ടിച്ച കലുഷിത സാഹചര്യത്തില്‍ മോചനം നേടാനായരുന്നു.
നിലവിലുള്ള ഭരണവ്യവസ്ഥകളോടും സംവിധാനങ്ങളോടും പുര്‍ണ്ണമായും ചേര്‍ന്നു നിന്നു കൊണ്ടാണ് തുഹ്ഫ രചിക്കപ്പെട്ടത്. കൃതി സമര്‍പ്പിക്കുന്നത് തന്നെ ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ ഭരണാധികാരിയായിരുന്ന ബീജാപൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാക്കാണ്. സുല്‍ത്താന്റെ സഹായവും മലബാറിലെ മുസ്‌ലിംകള്‍ക്കുണ്ടാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ അന്ന് മുസ്‌ലിം ലോകത്ത് ഉണ്ടായിരുന്ന ഈജിപ്ത് ഗുജറാത്ത ബീജാപൂര്‍ തുടങ്ങിയ മുസ്‌ലിം ഭരണകൂടങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തിയുള്ള ഒരു ഫലപ്രദമായ സഖ്യത്തില്‍ സൈനുദ്ദിന്‍ മഖ്ദും വിശ്വാസമര്‍പ്പിച്ചിരുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്റെ കോപ്പികള്‍ അന്നത്തെ ഇത്തരം ഭരണകൂടങ്ങള്‍ അയച്ചുകൊടുത്തിരുന്നു.
ലിസ്ബണില്‍ നിന്നായിരുന്നു ഇതിന്റെ അറബി പ്രതി ആദ്യമായി അച്ചടിച്ചു വരുന്നത്. അനന്തരം പോര്‍ച്ചുഗീസ് ജര്‍മന്‍ ഫ്രഞ്ച് ഇംഗ്ലീഷ് പേര്‍ഷ്യന്‍ ചെക്ക് തുടങ്ങിയ വിദേശഭാഷകളിലും ഉര്‍ദു ഗുജറാത്തി തമിഴ് കന്നട മലയാളം ഭാഷകളിലും. തുഹ്ഫയുടെ ആദ്യ ഇംഗ്ലീഷ് തര്‍ജമയായ മേജര്‍ റൗളണ്ട്‌സന്റെ കൃതി ഇംഗ്ലണ്ടില്‍ നിന്നായിരുന്നു. അറബി മലയാളത്തിലുള്ള ആദ്യ പരിഭാഷ കെ മൂസാന്‍ കുട്ടി മൗലവിയുടേതാണ്. മലയാളത്തിലും തുഹഫക്ക് ഒന്നിലധികം പരിഭാഷകളുണ്ട്. വേലായുധന്‍ പണിക്കശ്ശേരിയുടെ ഇസ്‌ലാം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഇതില്‍ ഒന്നാണ്. സി ഹംസ, കെ മൂസാന്‍ കുട്ടി മൗലവി തുടങ്ങിയവരും ഭാഷാന്തരം ചെയ്തിട്ടുണ്ട്.
ചോമ്പാലില്‍ ജനിച്ച് പൊന്നാനിയിലെത്തി മലബാറിലെ ഇസ്‌ലാമിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മഖ്ദൂമിന്റേതായിട്ട് ഇനിയും വിഖ്യാത കൃതികളുണ്ട്. ഇര്‍ശാദുല്‍ ഇബാദും ഫത്ഹുല്‍ മുഈനും ഇതിലെ ചിലത് മാത്രം. ഗ്രന്ഥ കര്‍ത്താവിന്റെ തന്നെയായ ഫത്ഹുല്‍ മുഈന്‍ ജിഹാദിനെ നിര്‍ബന്ധബാധ്യതയായിട്ടാണ് കണക്കാക്കുന്നത്. അഥവാ അന്നത്തെ അത്തരമൊരു സാഹചര്യത്തില്‍ നിന്നു ഉയര്‍ന്നു വന്നതാവണം ഈ ആശയം.
തഹ്‌രീളിനോട് അനല്പമായ സാമ്യതകളാണ് തുഹ്ഫക്കുള്ളത്. ചിലയിടത്ത് തഹരീളിലുള്ളതുപോലെയുള്ള വരികള്‍ തുഹ്ഫയിലുണ്ട്. പറങ്കികളുടെ കിരാത കൃത്യങ്ങള്‍ വിവരിക്കുന്നിടത്ത് ഏകദേശം ഏകസ്വഭാവമുള്ള രചനാരീതിയാണ് രണ്ടിടത്തുമുള്ളത്. ഇസ്‌ലാമിലെ ജിഹാദിന്റെ വിവക്ഷകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നിടത്ത് ചെറുതല്ലാത്ത പ്രസക്തിയാണ് തുഹ്ഫതുല്‍ മുജാഹിദീനുള്ളത്.
ഫത്ഹുല്‍ മുബീന്‍
  പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും കേരള മുസ്‌ലിം ആത്മീയവും രാഷ്ട്രീയവുമായ നേതൃതവും ദിശാബോധവും വാക്കിലൂടെയും  പ്രവൃത്തിയിലൂടെയും തൂലികയിലൂടെയും പ്രബോധനം ചെയ്ത പണ്ഡിതനും കവിയും പോരാളിയുമായ ഖാസി മുഹമ്മദ് ബ്ന്‍ അബ്ദുല്‍ അസീസാണ് ഈ വിഖ്യാത സമരകാവ്യത്തിന്റെ കര്‍ത്താവ്. അല്‍ ഫത്ഹുല്‍ മുബീന്‍ ലീ സാമിരിയ്യില്ലദി യുഹിബ്ബുല്‍ മുസ്‌ലിമീന്‍ എന്നാണ് കൃതിയുടെ പൂര്‍ണ്ണരൂപം. പൊന്നാനിയില്‍ മഖ്ദൂമാര്‍ നേതൃത്തം നല്‍കിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഉണ്ടായിരുന്ന പതിപ്പായിരുന്ന ഖാസി കുടുംബത്തിലെ പ്രധാന കണ്ണിയാണ് ഖാസി മുഹമ്മദ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെയായിരുന്നു അദ്ദേഹവും ശബ്ദം മുഴക്കിയിരുന്നത്.  അഞ്ഞൂറിലധികം സാഹിത്യകൃതികള്‍ എഴുതിയ ഖാളി മുഹമ്മദിന്റെ മാസ്റ്റര്‍പീസ് കൃതികളിലൊന്നാണ് ഫത്ഹുല്‍ മുബീന്‍. വ്യക്തമായ വിജയം എന്ന സാരമുള്ള 537 വരികളുള്ള ഈ കാവ്യസമാഹാരം പറങ്കികള്‍ക്കെതിരെയുള്ള ഗ്രന്ഥകാരന്റെ തൂലിക കൊണ്ടുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്. അധിനിവേശത്തിന്റെ ആരംഭകാലത്ത് പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് നിര്‍മ്മിച്ച കോട്ട കീഴടക്കുന്ന മാപ്പിളമാരുടെ വീരകൃത്യം വിവരിക്കുന്നതാണ് ഈ കാവ്യസമാഹാരത്തിന്റെ ഉള്ളടക്കം. ചാലിയത്തിന് സൈനിക വ്യാപാര മണ്ഡലങ്ങളിലുള്ള പ്രാധാന്യം കണ്ടെത്തിയ പോര്‍ച്ചുഗീസ് നേതാവ് ഡയാഗോ ദസീല്‍വീരയാണ് താനൂര്‍ രാജാവ് മുഖേന സാമൂതിരിയെ സമ്മതിപ്പിച്ച് കോട്ട കെട്ടാന്‍ മുന്‍കൈയുടുത്തത്. കോഴിക്കോടും അറേബ്യയും തമ്മിലുള്ള ഗതിവിഗതികള്‍ അറിയാനും ആക്രമണം നടത്താനു ഏറ്റവും അനുയോജ്യമായിരുന്നു ചാലിയം. കോട്ടയുടെ പതനം പോര്‍ച്ചുഗീസുകാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രഹരവും സാമൂതിരിക്കും മുസ്‌ലിംകള്‍ക്കും വലിയ ആശ്വാസവുമായിരുന്നു.ഇതിനെയാണ് വ്യക്തമായ വിജയമെന്ന് വിശേഷിപ്പിക്കുന്നത്. കുരിശുയുദ്ധത്തിന്റെ മാനങ്ങളുണ്ടായിരുന്ന പോര്‍ച്ചുഗീസ് അക്രമണത്തിനെതിരെ ആഗോള മുസ്‌ലിം ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വന്നതും ബീജാപൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ ഗോവയിലും നിസാം ഷാ ചൗളിലും പോര്‍ച്ചുഗീസ്‌കാര്‍ക്കെതിരെ കാര്യമായ മുന്നേറ്റം നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലാത്തതുമായ അവരോട് സന്ധിയിലേര്‍പ്പെട്ടതിന്റെയും അവസരത്തിലായിരുന്നു മാപ്പിളമാരുടെ ചാലിയം വീരഗാഥ. അതിനാല്‍ ഈ വിജയം മധുരമുള്ളതായിരുന്നു  . 
1590-91 ലായിരുന്നു ചാലിയം യുദ്ധം. ഈ യുദ്ധത്തില്‍ മുസ്‌ലിം മതപണ്ഡിതന്‍മാര്‍ സജീവമായ പങ്ക് വഹിച്ചിരുന്നു. കോഴക്കോട് ഖാസി അബ്ദുല്‍ അസീസ്, ശൈഖ് അബുല്‍ വഫാ മാമുക്കോയ അബ്ദുല്‍ അസിസ് മഖ്ദൂം തുടങ്ങിയവരായിരുന്നു ഇവര്‍. പറങ്കികളെ മലബാറില്‍ പുറംതള്ളിയതിന്റെ ക്രഡിറ്റ് പണ്ഡിതന്‍മാര്‍ക്കും വന്ന് ചേരുന്നത് അങ്ങനെയാണ്. പറങ്കികള്‍ക്കെതിരെ വിശുദ്ധ യുദ്ധത്തിന് സാമൂതിരയോട് സഹകരിക്കാന്‍ മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണ് മുഹിയുദ്ധീന്‍ മാലയുടെ രചയിതാവും കൂടിയായ ഖാളി മുഹമ്മദ് ഇവിടെ. പറങ്കികള്‍ക്കെതിരെ മാപ്പിളമാരും ഹിന്ദു സഹോദരന്‍മാരും ഒന്നിച്ചു നിന്നുകൊണ്ടുള്ള ഒരു പ്ലാറ്റ്‌ഫോമിനെ പ്രത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം ഇവിടെ.
സാമൂതിരിയെ തങ്ങളുടെ അമീറിന്റെ സ്ഥാനത്തു വരെ വെക്കാന്‍ അദ്ദേഹം തയാറായി എന്നാണ് മറ്റൊരു വസ്ഥുത. സാമൂതിരിക്ക് വേണ്ടി ദുആ ചെയ്യാന്‍ വരെ പറയുന്നുണ്ട് ഈ കവിതകളില്‍. കോഴിക്കോട്  മിസ്‌കാല്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന രചയിതാവിന്റേതായി ഈയടത്ത് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സ്വകാര്യ ഗ്രന്ഥശേഖരത്തില്‍ രണ്ട് കൃതികള്‍ കണ്ടെടുത്തിരുന്നു. ഖുതുബാത്തുല്‍ ജിഹാദിയ്യ അല്‍ ഖസീദത്തുല്‍ ജിഹാദിയ്യ തുടങ്ങിയവയാണവ.
സൈഫുല്‍ ബത്താര്‍
ബ്രിട്ടീഷ് മര്‍ദകവാഴ്ചയോട് നിസ്സഹരിക്കാനും പോരാടാനും മുസ്‌ലിംകളെ ആഹ്വാനം ചെയ്തുകൊണ്ട് ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ എഴുതിയതും മുസ്‌ലിം മഹല്ലുകള്‍ തോറും പ്രചരിപ്പിക്കപ്പെട്ടതുമായ ഒരു കൃതിയാണിത്. അസ്സൈഫുല്‍ ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫ്ഫാര്‍ വ യത്തഖിദുഹും മിന്‍ ദൂനില്ലാഹി അന്‍സ്വാര്‍ എന്ന് അറബി നാമം. അവിശ്വാസകളെ കൈകാര്യക്കാരാക്കുന്നവരുടെ കുറിക്കുകൊളള്ളുന ഘടകം എന്നാണ് പുസ്തകത്തിന്റെ പേരിന്റെ സാരം.
1841ലെ മുട്ടിച്ചിറകലാപത്തോന്റെ ശേഷമായരുന്നു കൃതിയുടെ പിറവി എന്നാണ് ഭുരിപക്ഷം ചരിത്രകാരന്‍മാരുടെയും അഭിപ്രായം. എട്ടുചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടുള്ള ഉത്തരമായിട്ടാണ് ഇതിലെ ഘടന.വൈദേശിക ഭീകരവാഴ്ചയുടെ നേരെ മുസ്‌ലിംകള്‍ എക്കാലത്തും നിലകൊള്ളേണ്ട നിലപാടിനെക്കുറിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ച്ചപ്രദദാനം ചെയ്യുന്നുണ്ടിത്. മലബാറിലെ ജന്മികള്‍ കുടിയന്മാരോട് കാണിച്ചിരുന്ന ക്രൂരതകള്‍ക്കെതിരില്‍  കുടിയാന്‍ പക്ഷത്തോട് അനുഭാവം പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം തന്നെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ തമ്മിലടിപ്പിക്കുന്ന ബ്രീട്ടീഷ് തന്ത്രം മനസ്സിലാക്കിയ തങ്ങള്‍, ഇരുകൂട്ടരുടെയും പൊതുശത്രു ബ്രിട്ടീഷുകാരാണെന്ന മനസ്ഥതി വളര്‍താനാണ് ശ്രമിച്ചത്. ഭിന്നിപ്പികള്‍ സൃഷ്ടിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായ മുട്ടച്ചിറ കലാപം ഹിന്ദുമുസ്‌ലിം കലാപമമായി വളര്‍ത്തിയത് ബ്രിട്ടീഷുകാരായിരുന്നു.
മുസ്‌ലിം രാജ്യത്തേക്ക് അധിനിവേശത്വരയുമായി കടന്നുവരുന്ന അന്യമതസ്ഥരോട് എന്ത് നിലപാടെടുക്കുണമെന്ന് തങ്ങള് കൃത്യമായ നിശ്കര്‍ശിക്കുന്നണ്ടതില്‍.പള്ളികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയുമായിരുന്നു സൈഫുല്‍ ബത്താറിന്റെ ആശയങ്ങള്‍ പ്രചരിച്ചത്. മര്‍ദ്ദിതരുടെ പക്ഷത്ത് നിന്നുകൊണ്ട് മമ്പുറം തങ്ങള്‍ നടത്തിയ ഈ ശ്രമങ്ങളാണ് ബ്രീട്ടീഷുകാരെ വിറപ്പിച്ച 1843 ലെ പ്രസിദ്ധമായ ചേരൂര്‍ പടയിലേക്ക് വരെ മാപ്പിളമാരെ ഉത്തേജിപ്പിച്ചത്. മമ്പുറം തങ്ങള്‍ നേരിട്ട തന്നെ ആ യുദ്ധത്തില്‍ പങ്കെടുത്തിരുന്നെന്ന്  പറയപ്പെടുന്നു. സൈഫുല്‍ ബത്താറിന്റെ കോപ്പികള്‍  കണ്ടുപിടിച്ച് നശിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. അതിന്റെ ഉള്ളടക്കത്തെ അവര്‍ അത്രത്തോളം ഭയന്നിരുന്നെന്നര്‍ത്ഥം. ഗാന്ധിജി നിസ്സഹകരണം എന്ന ആശയം മുന്നോട്ട് വെക്കുന്നതിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്പുറം തങ്ങള്‍ ഈ ആശയവുമായി മുന്നോട്ട് വന്നിരുന്നു.
സൈഫുല്‍ ബത്താറിന്റെ രചയിനാവ് മമ്പുറം തങ്ങളല്ല എന്ന നിലക്കുള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ റഷ്യക്കെതിരെ സഹായിക്കാന്‍ സയ്യിദ് അബ്ദുല്ലാഹില്‍ അബ്ദല്‍ രചിച്ചതാണെന്ന വാദമാണത്. മാപ്പിള മലബാറില്‍ ഹുസൈന്‍ രണ്ടത്താണി ഈ വാദം ഉന്നയിക്കുന്നുണ്ട്. അബ്ദുല്ലാഹില്‍ അഹദല്‍ എന്നയാളുടെ ചോദ്യത്തിന് മമ്പുറം തങ്ങള്‍ നല്‍കിയ മറുപടിയാണ് ഇതെന്നാണ് ഇതിന്റെ മറുവാദം. ഇദ്ദേഹമാണ് ഇത് ക്രോഡീകരച്ചതെന്നും. ഭൂരിപക്ഷം ചരിത്രകാരന്‍മാരും ഈ അഭിപ്രായക്കാരാണ്.
ഉദ്ദത്തുല്‍ ഉമറാഅ്
ഉദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വ അബദത്തില്‍ അസ്‌നാം എന്നാണ് പൂര്‍ണ്ണനാമം. മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനായ സയ്യിദ് ഫള്ല്‍ തങ്ങളാണ് ഇതിന്റെ രചയിതാവ്. ആദ്യമായി അറേബ്യയില്‍ അച്ചടിക്കപ്പെട്ട കൃതിയുടെ ലക്ഷ്യം തന്നെ കൊളോണിയല്‍ വിരുദ്ധതയായിരുന്നു.
മലബാറില്‍ മമ്പുറം തങ്ങള്‍ നേതൃതം നല്കിയ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തില്‍ ശേഷം പണ്ഡിതമുഖമായയിരുന്നു ഫള്ല്‍ തങ്ങള്‍. 1852 ല്‍ ബ്രിട്ടീഷുകാര്‍ തന്ത്രപരമായി അദ്ദേഹത്തെ നാടുകടത്തിയതിന് ശേഷമായരുന്നു തങ്ങള്‍ ഇത് രചിക്കുന്നത്. മക്കയിലേക്കു പോയ ഫള്ല്‍ തങ്ങള്‍ യമനിലുമെത്തിയിരുന്നു. ഈ സമയം ഉഥ്മാനിയ്യ ഖിലാഫത്തിനെ നാമാവശേഷമാക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിരുന്ന യൂറോപ്യന്‍മാര്‍ അവരോട് യുദ്ധം ചെയ്യുന്ന കാലമായിരുന്നു അത്. അഥവാ ക്രീമിയന്‍ യുദ്ധം നടക്കുന്ന കാലം. സുല്‍ത്താന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഉദ്ദത്തിന്റെ രചന.
പിതാവിന്റെ സൈഫുല്‍ ബത്താറും ഇതില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മലബാറിലെത്തിയ ഈ കൃതി കലക്ടര്‍ കൊണോലിയാണ് നിരോധിക്കുന്നത്. ഒന്‍പത് അദ്ധ്യായങ്ങളിലായി  നൂറ്റി അറുത്തിയെട്ടോളം പേജുകളുണ്ടായിരുന്നു ഇത്. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് മമ്പുറം പള്ളിയില്‍ നിന്നും മറ്റുമായി അദ്ദേഹം നടത്തിയ ഖുതുബകള്‍ പ്രസിദ്ധമാണ്. ജന്മിമാരോട് കടുത്ത നിസ്സഹകരണം പ്രഖ്യാപിക്കാന്‍ അന്ന് കീഴാളവിഭാഗത്തില്‍ നിന്ന് ഇസ്‌ലാമിലേകക് വന്നവരോട് തങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു.
വ്യാപകമായി വിശ്വസിക്കപ്പെട്ടിട്ടുള്ളത് പോലെ ആത്മീയമായ ലക്ഷ്യാവബോധമുള്‍ക്കൊള്ളാത്ത അസംസ്‌കൃതരായ സാധാരണകക്കാരില്‍ അമര്‍ഷവും അവേശവും കുത്തിനിറച്ചുകൊണ്ടും അവരെ പ്രാകൃതായുധങ്ങളണിയിച്ചുകൊണ്ടും ബ്രീട്ടീഷുകാര്‍ക്കെതിരല്‍ യുദ്ധം ചെയ്യിക്കുക എന്നതായിരുന്നില്ല അക്കാലത്തെ കേരളീയ മുസ്‌ലിം സമരനേതാക്കള്‍ ചെയ്തിരുന്നെന്നതിന്റെ ഒന്നാന്തരം സാക്ഷി കൂടിയാണീ കൃതി. ഇസ്‌ലാം മതപ്രബോധനത്തിനനരരെ ആവശ്യകതയും രീതിയും പഠിപ്പിക്കുന്ന നാല് ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ചു കൊണ്ടാണീ കൃതി.  വിജ്ഞാനം വിദ്യഭ്യാസം ഉദ്‌ബോധനം നന്മയിലേക്കുള്ള പ്രചോദനവും തിന്മയില്‍ നിന്ന് പിന്തിരിപ്പിക്കുലം മതപണ്ഡിതന്‍മ#ാരുടെയും നേതാക്കളുടെയും സ്ഥാനവും ബാധ്യതയും അല്ലാഹുവിന്റെ മാര്‍ഗത്തിലള്ള സമരം ഇസ്‌ലാമിന്റെ അജയ്യത തുടങ്ങ#ി ഒട്ടേറെ മൗലിക വിഷയങ്ങള്‍ ഈ കൊച്ചുകൃതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
സമാപ്തം
മാപ്പിള സ്വാതന്ത്ര സമരത്തില്‍ അനിഷേധ്യമായ പങ്ക് വഹിച്ചവരായിരുന്നു ഇവിടുത്തെ പണ്ഡിതന്‍മാര്‍. അതിന് അവരില്‍ മാധ്യമങ്ങളായി ഉപയോഗച്ചത് അവരുടെ തൂലികയായിരുന്നു. അധിനിവേശ വിരുദ്ധ പ്രതിരോധ കൃതികളില്‍ നിന്ന് ഉത്തേജനം ഉള്‍കൊണ്ടായിരുന്നു മാപ്പിളമാര്‍ സ്വാതന്ത്രം നേടിയെടുത്തത്.


1 Comments

Post a Comment

Previous Post Next Post