• എന്‍. അബ്ദുല്ല മങ്ങാട്
കോഴിക്കോട്ടെ ഖാസിമാരുടെ ചരിത്രം കേവലം ഒരു പ്രദേശത്തിന്റെ മാത്രം ചരിത്രമല്ല. കേരളത്തിലെ ഇസ്ലാമികാവിര്‍ഭാവം മുതല്‍ ഇന്നോളം വരെയുള്ള ഇസ്ലാമിക ചൈതന്യത്തിന്റെ ചരിത്രം കൂടിയാണത്. കേവലമായ ഒരു ആലങ്കാരിക നാമം എന്നതില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ ഒരു ഇസ്ലാമിക ചലനവും ജീവതരീതിയും ഉണ്ടാക്കിയെടുക്കാന്‍ ഖാസി സമൂഹത്തിന് കഴിഞ്ഞിരുന്നു. അതോടൊപ്പം വൈജ്ഞാനികവും സാംസ്‌കാരിക പരവും സാഹിത്യപരവുമായ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ സമര്‍പ്പിക്കാനും അവര്‍ക്കും കഴഞ്ഞു.
കോഴിക്കോട്ടെ ഖാസി പരമ്പരയിലെ മുഴുവന്‍ പേരുടെയും ചരിത്രം ലഭ്യമല്ലെങ്കിലും നൂറ്റാണ്ടുകളുടെ പൈതൃകം ഈ സ്ഥാനത്തെ പ്രഭാപൂരിതമാക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രവാചകന് ശേഷം മുസ്ലിംകള്‍ ഇസ്ലാമിക പ്രബോധനവുമായി വിവിധ നാടുകളിലേക്ക് പോവുകയും അന്‍സാരികളില്‍പ്പെട്ട ഒരു വിഭാഗം യമനില്‍ എത്തിച്ചേരുകയും ചെയ്തു. യമനില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവിടെ ഇസ്ലാമിക പ്രബോധനം നടത്തിയതും പ്രാരംഭ ഘട്ടത്തില്‍ ഖാസിമാരായതും. അന്‍സാരികളില്‍പ്പെട്ട മാലിക്ബ്‌നു മാലികില്‍ അന്‍സാരിയുടെ പിന്‍തലമുറക്കാരാണ് കോഴിക്കോട്ടെ ഖാസിമാര്‍ എന്നാണ് ചരിത്രമതം. ഈ ശൃംഖലയിലെ അവസാനത്തെ കണ്ണിയായി നാലകത്ത് കുഞ്ഞഹമ്മദ് കോയ ബാഖവി ഇന്നും ആ സ്ഥാനം നിലനിര്‍ത്തിപ്പോരുന്നു.
ഹിജ്‌റ 121 ല്‍ മാലിക്ബ്‌നു ദീനാറും കൂട്ടരും ഇസ്ലാമിക പ്രബോധനത്തിന് കേരളത്തില്‍ എത്തുകയും കൊടുങ്ങല്ലൂരില്‍ ആദ്യത്തെ പള്ളി സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് ആ കാലഘട്ടത്തിലെ ഒരു പ്രധാന തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്ന  ചാലിയത്ത് എത്തുകയും മാലിക്ബ്‌നു ദീനാറിന്റെ സഹോദര പുത്രന്‍ മാലിക്ബ്‌നു ഹബീബ് അഞ്ചു മാസത്തോളം ചാലിയത്ത് ഇസ്ലാമിക പ്രബോധനം നടത്തുകയും ചെയ്തു. ശേഷം ചാലിയത്ത് ഒരു പള്ളി സ്ഥാപിക്കുകയും  തന്റെ പൗത്രന്‍ മുഹമ്മദ്ബ്‌നു മാലികില്‍ മദനിയ്യെ ഖാസിയായി നിയമിക്കുകയും ചെയ്തു. കോഴിക്കോട്ടെ ഖാസി പരമ്പര ഇവിടെ ആരംഭിക്കുന്നു. കാലക്രമേണ ഖാസിമാരുടെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറുകയാണുണ്ടായത്. ചാലിയം ഖാസിമാര്‍ കോഴിക്കോട് ഖാസിമാര്‍ എന്നപേരില്‍ അറിയപ്പെടുകയും ചെയ്തു. എന്നാല്‍ മുഹമ്മദ്ബ്‌നു മാലിക്കിന് ശേഷം വന്ന ഖാസിമാരുടെയും ആദ്യ കാല മുസ്ലിംകളുടെയും ചരിത്രം നമുക്ക് ലഭ്യമല്ല. ചാലിയം പള്ളിയില്‍ സൂക്ഷിച്ചിരുന്ന ഖാസിമാരെ പറ്റിയുള്ള അമൂല്യ ചരിത്ര രേഖകളും മറ്റും എ.ഡി 1571 ല്‍ പോര്‍ച്ചുഗീസ് ചാലിയം കോട്ട പിടിച്ചടക്കാന്‍ നടത്തിയ യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു. പ്രസ്തുത യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാര്‍ ചാലിയം പള്ളി ചുട്ടുകരിച്ചു എന്ന് ചരിത്രത്തില്‍ പറയുന്നു.
ഹിജ്‌റ 8ാം നൂറ്റാണ്ടില്‍ ഇബ്‌നു ബത്തൂത്ത കോഴിക്കോട്ടെത്തിയപ്പോള്‍ അന്നത്തെ ഖാസി ഫഖ്‌റുദ്ദീന്‍ ഉസ്മാന്‍ എന്ന പണ്ഡിതനായിരുന്നു എന്ന് അദ്ദേഹം തന്റെ യാത്രാവിവരണ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ബത്തൂത്ത കോഴിക്കോട്ടെത്തുന്നതിന് മുമ്പ് നാല്പതോളം ഖാസിമാര്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പ്രസ്തുത ചരിത്രമാണ് നഷ്ടപ്പെട്ടത്. ഖാസി ഫഖ്‌റുദ്ദീന്‍ ഉസ്മാനു ശേഷം ഏകദേശം 25 ഓളം ഖാസിമാര്‍ ഉണ്ട്. അവരില്‍ പ്രമുഖരാണ് ഖാസി മുഹമ്മദ്, ഖാസി റളനാനുശ്‌സാലിയാത്തി, അബൂബക്കര്‍ കുഞ്ഞിഖാസി, പള്ളിവീട്ടില്‍ മുഹമ്മദ് ഖാസി, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങിയവര്‍. ഖാസിമാരുടെ ആസ്ഥാനം കുറ്റിച്ചിറ പള്ളിയായിരുന്നു. മിക്കവരുടെയും ഖബറുകള്‍ ഈ പള്ളിപരിസരത്ത് സ്ഥിതിചെയ്യുന്നു.
അബൂബക്കര്‍ കുഞ്ഞിഖാസിയുടെ കാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കോഴിക്കോട്ടെ മുസ്ലിംകളെ രണ്ടു ചേരിയിലാക്കി. ഭാഗംവെക്കലിന്റെയും വീതംവെക്കലിന്റെയും ഫലമായി ഖാസിമാരും രണ്ടായി. വലിയ ഭാഗവും ചെറിയ ഭാഗവും. വെവ്വേറെ ഖസിമാരെ നിയമിച്ചു. അങ്ങനെ വലിയ ഖാസിയും ചെറിയ ഖാസിയും ഉണ്ടായി. എ.ഡി 1871 ല്‍ അബൂബക്കര്‍ കുഞ്ഞിഖാസിയുടെ ജ്യേഷ്ഠ സഹോദരന്‍ ആലിക്കോയ ഖത്തീബിന്റെ പള്ളിവീട്ടില്‍ മുഹമ്മദ് മിസ്ഖാല്‍ പള്ളി ആസ്ഥാനമായി ചെറിയ ഭാഗത്തിന്റെ ഖാസിയായി. അബൂബക്കര്‍ കുഞ്ഞി ഖാസിക്ക് ശേഷം അനുജന്‍ അബ്ദുസ്സലാം എന്ന അവുസാലന്‍ കോയ വലിയ ഭാഗത്തിന്റെ ഖാസിയാവുകയും ശേഷം ഖാസി സ്ഥാനം സയ്യിദ് കുടുംബത്തില്‍ എത്തിച്ചേരുകയും ചെയ്തു.  ഈ രണ്ട് ഖാസി പരമ്പരയും ഇന്ന് തുടര്‍ന്ന് വരുന്നു. 
ഖാസിമാര്‍ക്ക് സമൂഹത്തില്‍ ഉന്നതമായൊരു സ്ഥാനമുണ്ടായിരുന്നു. ജനങ്ങള്‍ മാത്രമല്ല അക്കാലത്തെ രാജാക്കന്‍മാര്‍ പോലും ഖാസിമാരുടെ ഉപദേശങ്ങള്‍ തേടുകയും അവര്‍ക്ക് സഹായങ്ങള്‍ ചെയത് കൊടുക്കുകയും ചെയ്തിരുന്നു. സാമൂതിരി രാജാക്കന്മാര്‍ മുസ്ലിംകളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഖാസിമാരുടെ നിര്‍ദേശത്തിനും അഭിപ്രായത്തിനുമനുസരിച്ചാണ് തീര്‍പ്പ് കല്പിച്ചിരുന്നത്. ഒരു പരിധി വരെ ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതുന്നതോടൊപ്പം ഗ്രന്ഥരചനയിലൂടെയും മറ്റും ഇസ്ലാമിക പ്രബോധത്തിനം മുസ്ലിം ഐക്യത്തിനും വേണ്ടി അവര്‍ പ്രയത്‌നിച്ചു.
പല വിഷയങ്ങളിലായി ധാരാളം ചെറുഗ്രന്ഥങ്ങള്‍ ഖാസിമാര്‍ എഴുതിയിട്ടുണ്ട്. ഭൂരിഭാഗവും കവിതാസമാഹാരങ്ങളാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖാസി മുഹമ്മദിന്റെ രചനകളാണ്. ഏകദേശം 23 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുബീന്‍, മഖാസ്വിദുന്നികാഹ്, ഇലാകം അയ്യുഹല്‍ ഇഖ്‌വാന്‍, മുദ്ഹില്ലുല്‍ ജിനാന്‍, എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. ആദ്യത്തെ അറബി മലയാള ഗ്രന്ഥമായ മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവു കൂടിയാണ് ഖാസി മുഹമ്മദ്. അദ്ദേഹം മതനേതൃത്വം ഏറ്റെടുക്കുമ്പോള്‍ മുസ്ലിം സമൂഹത്തില്‍ പലതരം ത്വരീഖത്തുകളും പ്രചരിച്ചിരുന്നു. ഖാദിരിയ്യാ ത്വരീഖത്തിന്റെ വാക്താവും പ്രബോധകനുമായിരുന്നു ഖാസി മുഹമ്മദ്. സ്വസമുദായത്തെ ഖാദിരിയ്യാ ത്വരീഖത്തില്‍ സംഘടിപ്പിക്കുന്നതിന് വേണ്ടിയും തന്മൂലം സമുദായത്തില്‍ ഐക്യം ഉണ്ടാക്കുന്നതിനു വേണ്ടിയും അദ്ദേഹം പ്രയത്‌നിച്ചു. അതിന്റെ അനന്തരഫലമാണ് മുഹ്‌യുദ്ദീന്‍മാല. മാലയുടെ രചനയിലൂടെ അദ്ദേഹം തന്റെ പ്രയത്‌നത്തില്‍ വിജയിച്ചു എന്നതില്‍ രണ്ടഭിപ്രായമില്ല. സാമൂതിരിയുടെ നേതൃത്വത്തില്‍ മുസ്ലിം നായര്‍ സംഘടിത സേന പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ നടത്തിയ സമരത്തിന്റെ ആവേശകരമായ ചരിത്രകഥയാണ് അദ്ദേഹത്തിന്റെ പ്രധാന അറബി ഗ്രന്ഥമായ ഫത്ഹുല്‍ മുബീന്റെ പ്രമേയം. ഹിന്ദുമുസ്ലിം മൈത്രിയുടെ മകുടോദാഹരണമാണ്  ഈ കൃതി. ഇത് സമര്‍പ്പിച്ചിരിക്കുന്നത് തന്നെ സാമൂതിരിക്കാണ്. 'ലിസ്സാമരില്ലദീയുഹിബ്ബുല്‍ മുസ്ലിമീന്‍' (മുസ്ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്ക്) എന്ന തലവാചകം തന്നെ അത് സൂചിപ്പിക്കുന്നു. ഇതിന്റെ കയ്യെഴുത്ത് പ്രതി ചാലിയത്തെ അഹമ്മദ് കോയ ശാലിയാത്തിയുടെ ഗ്രന്ഥ ശേഖരത്തില്‍ ഉണ്ട്. കൂടാതെ ലണ്ടനിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയിലും ഇതിന്റെ മറ്റൊരു കയ്യെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്. ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഹൈദരാബാദ് സ്വദേശിയായ ഡോ എം.എം മൂഈദുഖാനാണ്. അറബി മൂലകൃതി (1940) ല്‍ ശൈഖ് അബ്ദുല്‍ ഖാദര്‍ ഫള്ഹരിയുടെ ' ജവാഹിറുല്‍ അശ്‌നൂര്‍' എന്ന കാവ്യ സമാഹാരത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റൊരു പ്രശസ്ത പണ്ഡിതനായ അബൂബക്കര്‍ കുഞ്ഞുഖാസി 17ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നസ്വീഹതുല്‍ ഇഖ്‌വാന്‍, മദാരിജുല്‍ തന്‍വീറുല്‍ ഫുആദ് എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഖാസി റമ്മസാനുശ്ശാലിയാത്തിയുടെ ' ഉംദത്തുല്‍ അസ്ഹാബ് 'ഖാസി മുഹമ്മദ് രണ്ടാമന്‍ രചിച്ച ഫത്ഹുല്ലാഹില്‍ ഖുദ്ദൂസ് എന്നിവയും പ്രസക്തങ്ങളാണ്. അതുപോലെ ഖാസി അബൂബക്കര്‍ ശാലിയാത്തി ബാനത്ത് സൂആദ്, ബുര്‍ദ, എന്നീ കവിതാസമാഹാരങ്ങള്‍ക്ക് വ്യഖ്യാനക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. 
കോഴിക്കോട് ഖാസി സമൂഹത്തിലെ ഒരു പ്രധാന വ്യക്തിയായ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അറബി ഭാഷയ്ക്ക് ധാരാളം സംഭാവനകള്‍ നല്കിയിട്ടുണ്ട്. അല്‍ ബുശ്‌റാ മാസികയില്‍ അദ്ദേഹം സ്ഥിരമായി ലേഖനം എഴുതാറുണ്ടായിരുന്നു. ഒരു അറബി ഭാഷാ പണ്ഡിതന്‍ കൂടിയായ അദ്ദേഹത്തിന് ഖുര്‍ആന്‍ മലയാള പരിഭാഷ സ്വന്തമായിട്ടുണ്ട്.
കോഴിക്കോട്ടെ ഖാസിമാര്‍ ഇസ്ലാമിക ലോകത്തിലെ പ്രഭാജ്യോതിസ്സുകളാണെന്നതില്‍ സംശയമില്ല. കാരണം അവരുടെ പാണ്ഡിത്യവും ജീവിതദര്‍ശനങ്ങളും ലോക മുസ്ലിം സമൂഹത്തിന് തന്നെ മാതൃകയാണ്. കേരളക്കരയില്‍ ജീവിച്ചിരുന്നു എന്നതുകൊണ്ട് മാത്രം അവര്‍ മുസ്ലിം ലോകത്ത് അറിയപ്പെടാതെ പോയി. അവരുടെ രചനകളും വെളിച്ചം കാണാതെ നഷ്ടപ്പെട്ടു. മലബാറിലെ ഇന്ന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പണ്ഡിത ശ്രേഷ്ഠന്മാരുടെ സ്വകാര്യ ഗ്രന്ഥ ശേഖരത്തില്‍ ധാരാളം കയ്യെഴുത്ത് പ്രതികളുണ്ട്. പ്രത്യേകിച്ച് മിസ്ഖാല്‍ പള്ളി, ചാലിയം കുതുബ്ഖാന വലിയ ഖാസിയുടെ സ്വകാര്യ ലൈബ്രറി എന്നിവിടങ്ങളില്‍. ദൗര്‍ഭാഗ്യവശാല്‍ ചില കയ്യെഴുത്ത് കോപ്പികളില്‍ രചയിതാവിന്റെ പേരോ കാലമോ വ്യക്തമല്ല. സാഹിത്യമേന്മയും തത്വചിന്തകളുമടങ്ങിയ ഇത്തരം രചനകള്‍ കണ്ടെത്തി സാഹിത്യലോകത്തേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കടമയാണ്.


Post a Comment

Previous Post Next Post