• മുശ്താഖ് എന്‍.പി.കെ 
ഇസ്്‌ലാമിക സാഹിത്യ ചരിത്ര സദസ്സിലെ അമൂല്യവും ഹൃദ്യവുമായ ഒരധ്യായമാണ് മൗലിദുകള്‍ . കേരള മുസ്‌ലിം കാവ്യ  സാഹിത്യത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ പ്രഥമമായി വിവരിക്കേണ്ടതും ഈ മൗലിദുകളെ തന്നെയാണ് . ഒരു വിശ്വാസി ദൈവവദാസനെന്ന നിലയില്‍ തന്റെ എല്ലാമെല്ലാമായജമാനനോടും അവന്റെ ദൂതരായ പ്രവാചക തിരുമേനി (സ്വ)യോടും തുടര്‍ന്ന ്‌വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അയാളപ്പെടുത്തുന്നത്. മനസ്സില്‍ തികട്ടിവരുന്ന ദിവ്യപ്രേമത്തേയും, വര്‍ണ്ണിക്കാന്‍ കഴിയാത്ത സ്‌നേഹത്തിന്റേയും അനസ്യൂത പ്രവാഹമാണ് മൗലിദ്, മാല തുടങ്ങി പ്രകീര്‍ത്തന സാഹിത്യങ്ങളുടെ അടിത്തറയെന്ന് നാം മനസ്സിലാക്കണം. മൗലിദുകളും, സ്വാധീനവും ചര്‍ച്ചക്ക് ഇടം പിടിക്കുന്നതാണ്. കഅ്ബ് ബിന്‍ സുഹൈര്‍ (റ)ന്റെ ബനാത്ത് സുആദ്, അബീബകര്‍ ബിന്‍ റഷീദിന്‍ ബഗ്ദാദിയുടെ അല്‍ഖസ്വീദത്തുല്‍ വിത്‌റിയ്യയും അവയില്‍ ചിലത് മാത്രം. എന്നാല്‍ ഇവകളോട് സമാനമായ അല്ലെങ്കില്‍ കിടപിടിക്കുന്ന കേരളീയ മൗലിദ് സാഹിത്യം കേരളീയരായ നാം തന്നെ അറിയാതെ പോവുന്നത് ഏറെ ഖേദകരമാണ്.
മൗലിദ് സാഹിത്യം കേരളത്തില്‍
പ്രവാചകര്‍ (സ്വ) തങ്ങളും അനുചരര്‍ കേരളമണ്ണിലേക്ക് പ്രബോധനാര്‍ത്ഥം കടന്ന് വരുകയും പിന്നീട് ഇവര്‍ നിര്‍മിച്ച പള്ളികളും, പാഠശാലകളും കേന്ദ്രീകരിച്ച് ഇസ്്‌ലാമിന്റെ അനുദിനം വളര്‍ന്ന് കൊണ്ടിരുന്നു. ആ വിശുദ്ദ ദീനിന്റെ വളര്‍ച്ചക്ക് ഒരു പ്രത്യേകമായ ഈണവും താളവുമുണ്ടായിരുന്നത് അറബീ മലയാളം രൂപപ്പെട്ടത് മുതല്‍ കേരളമണ്ണില്‍ ഈ താളങ്ങള്‍ക്കും, ഈണങ്ങള്‍ക്കും ഇരട്ടി മധുരം കൈവന്നു എന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള വിശുദ്ദ സംഗീതത്തിന്റെ ഭാഗമായി ഉയര്‍ക്കൊണ്ടതാണ് കേരളത്തിലെ മൗലിദ് സാഹിത്യങ്ങള്‍.
കേരളത്തിലെ മൗലീദ് സാഹിത്യങ്ങലും, പ്രവിശാലമായ അക്ഷയ ലോകത്തേക്കുള്ള ആദ്യപടിയായിരുന്നു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ)ന്റെ മന്‍ഖ്വൂസ് മൗലിദ്.  ഹിജ്‌റ പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളില്‍ കേരളീയ മുസ്്‌ലിംവീടുകളിലും നാലാള്‍ കൂടുന്ന സദസ്സുകളിലും ഇത് ഭക്തി പൂര്‍വ്വം പാരായണം ചെയ്യപ്പെട്ടിരുന്നു. പൊന്നാനിയിലും, സമീപ പ്രദേശങ്ങളിലും വ്യാപിച്ച മഹാമാരികളെ തടയിടാന്‍ മഹാനുഭാവന്‍ രചിച്ച ആത്മീയഗീതങ്ങള്‍ കൂടിയാണിത്.
കേരള മുസ്്‌ലിമിന്റെ സാഹിത്യ രചനകള്‍ക്ക് അന്തര്‍ദേശീയ തലത്തലേക്കുയര്‍ത്തിയ വിസ്മരണീയനായ സ്വൂഫി മനീഷിയായിരുന്നു ഹസ്‌റത് ഉമര്‍ ഖാസി (റ). സല്ലല്‍ഇലാഹു ബൈത്ത് എന്നറിയപ്പെടുന്ന ഖസീദത്തുല്‍ ഉമരിയ്യ ഈ വിഷയത്തില്‍ പറയാന്‍ ഏറെ അര്‍ഹിക്കുന്നതാണ്. ഈ കവിതാസമാഹാരത്തിലൂടെ പ്രവാചകാനുരാഗത്തിന്റെ പെരുമഴ വായനക്കാരിലേക്ക് പകരുകയാണ് . കണ്ണില്‍ അശ്രുവും, ഖല്‍ബില്‍ അഗ്നിയും, നാവില്‍ പ്രവാചക പ്രേമവും ഒലിച്ചിറങ്ങുന്ന പ്രതീതിയാണ് ഈ കവിതയിലുടനീളം വിവരിക്കുന്നത്.
കേരള മണ്ണിലും, കാവ്യ സാഹിത്യത്തിലും ഏറെ പ്രചാരവും സ്വാധീനവും ലഭിച്ച ഒരു കാവ്യസമാഹാരമാണ് തമിഴ് നാട്ടിലെ കായല്‍ പട്ടണം സ്വദേശിയായ സയ്യിദ് ഉമറുല്‍ ഖാഹിരിയുടെ അല്ലഫല്‍ അലിഫ.് കേവലം 31 വരികള്‍ മാത്രമുള്ള ഈ കവിതാ സമാഹാരത്തിന് 8 ലധികം മലയാളം,  അറബി , അറബി മലയാളം, തുടങ്ങി ഭാഷയില്‍ വ്യാഖ്യാനം എഴുതപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മുസ്്‌ലിം പ്രകീര്‍ത്തന സാഹിത്യങ്ങളെ പഠനവിധേയമാക്കുമ്പോള്‍ ഗവേഷകന്റെ ശ്രദ്ധയെ ഉടക്കി നിര്‍ത്തുന്ന സാഹിത്യവിഭാഗങ്ങളാണ് മൗലിദുകള്‍, മാലകള്‍, മദ്ഹ് പാട്ടുകള്‍.
മൗലിദുകള്‍:
അന്ത്യപ്രവാകര്‍ മുഹമ്മദ് (സ്വ)യുടെയോ മറ്റു പ്രവാചകന്‍മാരുടെയോ, തുടര്‍ന്നുള്ള സത്യസുന്ദര സരണിയിലൂടെ സഞ്ചരിച്ചു സച്ചരിതരുടെയോ ജീവിത മഹത്വങ്ങളും സങ്കീര്‍ത്തനങ്ങളെയും അറബി ഭാഷയില്‍ പാണ്ഡിത്യമുള്ള ഒരാശിഖ് അറബിയില്‍ രചിക്കുമ്പോഴാണ് അത് മൗലീദുകളായി രൂപപ്പെടുന്നത്. കാലത്തിന്റെ അനുസ്യൂത പ്രവാഹത്തിനിടെ രൂപം കൊണ്ട അറബി മലയാള ഭഷയില്‍  ഇത്തരം പ്രേമകാവ്യം രചിക്കുമ്പോഴാണ്  അത് മാലകളായി രൂപം കൊള്ളുന്നത്. ഇവരണ്ടിനും അസ്വാധകരില്‍ ഉണ്ടായ സ്വാധീനത്തിന്റെ തത്ഫലമായി ഉരുത്തിഞ്ഞ് വന്നവയാണ് മദ്ഹ് പാട്ടുകള്‍.
വ്യത്യസ്ത മൗലിദുകള്‍ രചിച്ച അമ്പതിലധികം വ്യക്തിത്വങ്ങളുടെ ജന്മ ഭൂമിയാണ് കേരളം
കേരളമണ്ണില്‍ അന്തിയുറങ്ങുന്ന സയ്യിദ് മമ്പുറം തങ്ങളെ അനുസ്മരിച്ച് തന്നെ പത്തിലധികം മൗലിദുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. 1267ല്‍ ജനിക്കുകയും 1333ല്‍ വഫാതാവുകയും ചെയ്ത തിരൂര്‍ കാരാട്ടില്‍ കുഞ്ഞിരി മുസ്്‌ലിയാരുടെയും മൗലിദു മമ്പുറമിയും
1838ല്‍ ജനിച്ച് 1884ല്‍ വഫാതായ നെടിയിരുപ്പ് തരുവറയില്‍ മൊയ്തീന്‍ മുസ്്‌ലിയാരുടെ മനാഖിബി സയ്യിദ് മമ്പുറം തങ്ങള്‍.
തിരൂര്‍ കാരാട്ട് വീട്ടില്‍ കുഞ്ഞിപരി മുസ്്‌ലിയാരുടെ മലിദു ഫീ മനാഖിബി ഖുതുബുസ്സമാന്‍ അവയില്‍ ചിലത് മാത്രമാണ്.
ബദ്‌റും ഉഹ്ദും ഖന്‍ത്വഖും തുടങ്ങി വിസന പര്‍വ്വതങ്ങള്‍ ഓരോന്നും താണ്ടിക്കടന്ന സ്വഹാബാക്കളെ പ്രകീര്‍ത്തിച്ച് കേരളമണ്ണില്‍ നിന്നും നിരവധി മൗലിദുകള്‍ രൂപം കൊണ്ടിട്ടുണ്ട്.
കോട്ടൂര്‍ തോരപ്പ മൊയ്തീന്‍ മുസ്്‌ലിയാരുടെ ബദര്‍ മൗലിദും,
മുഹമ്മദ് എന്ന കുഞ്ഞി ബാവക്കുട്ടി മുസ്്‌ലിയാരുടെ മഅ്‌ലൂമാത്തി ഫീ അസ്മാഉ അഹ്്‌ലുല്‍ ബദ്രിയ്യീന വല്‍ ഉഹ്ദിയ്യീന്‍ എന്ന മൗലിദും അവയില്‍ ചിലത് മാത്രം. 
കേരളത്തില്‍ ജനിച്ച് വളര്‍ന്ന മഹല്‍ വ്യക്തിത്വങ്ങളെ പ്രകീര്‍ത്തിച്ചും നിരവധി മൗലിദുകള്‍ നമുക്ക് കാണാം.
മൗലിദു ഫീ മനാഖിബി ഉമര്‍ ഖാസി (റ) എന്ന അവറാന്‍ മുസ്്‌ലിയാരുടെ മൗലിദും, ചാവക്കാട് അഞ്ചങ്ങാടി ശൈാഖ് അഹ്്മദ് മുസ്്‌ലിയാരെക്കുറിച്ചുള്ള മൗലിദും അതിലെ ചിലത് മാത്രമാണ്.
നേരത്തെ ഞാന്‍ പറഞ്ഞത് പോലെ മൗലീദിനു ശേഷം ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാവ്യരചനയാണ് മാലകള്‍ എന്ന് പറയുന്നത്. അറബി മലയാള സാഹിത്യത്തില്‍ ഏറ്റവും ജനകീയവും, സ്വാധീനവും ചെലുത്തിയ ഒരു സാഹിത്യശാഖയാണ് മാലകള്‍ അഥവാ മാലപ്പാട്ടുകള്‍. മാല എന്ന പദം ഉത്ഭവിച്ചത് തന്നെ മൗലിദ് എന്ന വാക്കില്‍ നിന്നാണ്. വിശുദ്ധരും പരിശുദ്ധരുമായ ആത്മാക്കളെയും അവരുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളേയും പ്രകീര്‍ത്തിക്കുന്ന പദ്യകൃതികളാണ് മാലപ്പാട്ടുകള്‍ ഇവക്ക് നേര്‍ച്ചപ്പാട്ടുകള്‍ എന്നും പേരുണ്ട്. രോഗശാന്തി, ദുരിതങ്ങളില്‍ നിന്ന് മോചനം ,കുമിഞ്ഞ്കൂടിയ കടം വീട്ടിക്കിട്ടാന്‍ തുടങ്ങി ചുറ്റുപാടിലാണ് ഇവകള്‍ പൊതുവെ പാടിയിരുന്നത്. ഏകദേശ കണക്കുപ്രകാരം മാലപ്പാട്ടുകള്‍ പാടുകയെന്ന ആചാരത്തിന് കേരളമണ്ണില്‍ നാലു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്.
മുന്നൂറു മുതല്‍ അറുന്നൂറ് വരെ വരികള്‍ ഉള്‍ക്കൊള്ളുന്ന ഈ പാട്ടുകള്‍ അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുകയും, ശേഷം പ്രവാചകര്‍ (സ്വ)യുടെ മേല്‍ സ്വലാത്തും സ്വലാമും ചൊല്ലിയ ശേഷം ഒരു പ്രത്യേക രീതിയില്‍ വസ്തുതകള്‍ വിവരിക്കുകയും ചെയ്യുക എന്നതാണ് പൊതുവെയുള്ള സ്വഭാവം.
ഒരു മാലയില്‍ ഏത് പുണ്യാത്മാവിലെ കുറിച്ചാമോ പ്രതിപാദിക്കുന്നത് അവരെ മധ്യവര്‍ത്തിയാക്കി നടത്തുന്ന ഒരു പ്രാര്‍ത്ഥനയും അവസാനഭാഗത്ത് കാണാം. എണ്ണത്തില്‍ മാലപ്പാട്ടുകള്‍ ധാരാളമുണ്ടെങ്കിലും മുഹ് യുദ്ദീന്‍ മാല, ബദര്‍ മാല, രിഫാഈ മാല, നഫീസത് മാല, മമ്പുറം മാല തുടങ്ങിയവ പ്രചുരപ്രചാരം നേടിയ മാലകളാണ്.
മുഹ്‌യുദ്ദീന്‍ മാല 
മാല അല്ലെങ്കില്‍ മാലപ്പാട്ട് എന്ന പ്രകീര്‍ത്തന സാഹിത്യകലവറയിലെ പ്രഥമ കേരളീയ ഉത്പന്നമാണ് ഖാളി മുഹമ്മദ് (റ)ന്റെ മുഹ്‌യുദ്ദീന്‍ മാല. 
മുഹ്‌യുദ്ദീന്‍ മാലയുടെ 142ാം വരിയില്‍ അതിന്റെ രചനകാലത്തെക്കുറിച്ച് ഇപ്രകാരം രൂചിപ്പിക്കുന്നതായി നമുക്ക് കാണാം. 
കൊല്ലം എഴുന്നൂറ്റിയമ്പത്തിരണ്ടില്‍ 
ഞാന്‍ കോര്‍ത്തേന്‍ ഇമ്മാലനെ
തതടിസ്ഥാനത്തില്‍ ഇതിന്റെ രചനാകാലം ക്രിസ്താബ്ദം 1607ലാണ് കണക്കാക്കപ്പെടുന്നു. 1606ല്‍ ലോകസാഹിത്യത്തില്‍ ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന നാടകരചന പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത വര്‍ഷമാണിത് എന്നത് സ്മരണീയമാണ് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
മുഹ്‌യുദ്ദീന്‍ മാല രചിക്കപ്പെടും മുമ്പ് വ്യത്യസ്തമായ കാവ്യ സാഹിത്യങ്ങള്‍ ഇവിടെ പിറവികൊണ്ടിട്ടുണ്ട് .മുഹ്‌യുദ്ദീന്‍ മാലയില്‍ കാണപ്പെടുന്ന കലങ്ങിത്തെളിഞ്ഞ പദശൈലിയും മറ്റും സൂചിപ്പിക്കുന്നത്  ഈ നിഘമനത്തെയാണ് എന്നാണ് ഗവേഷകന്മാരുടെ കണ്ടെത്തല്‍. മലയാളഭാഷയുടെ പിതാവായ  തുഞ്ചത്തെഴുത്തച്ഛന്‍  രാമായണം രചിക്കുന്നതിന് മുമ്പ് ഈ കൃതി എഴുതപ്പെട്ടിരുന്നുവെന്ന് സി. എല്‍ അഹ്്മദ് മൗലവി മാപ്പിള സാഹിതദ്യ ചരിത്രത്തില്‍ പറയുന്നണ്ട്.
സൂഫി മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രമുഖനായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)ന്റെ വ്യത്യസ്തമായ കവിതകളില്‍ നിന്നും ബഹ്ജ, തക്മില എന്നീ രണ്ട് കിതാബുകളില്‍ നിന്നുമാണ് ഖാളി മുഹമ്മദ് (റ) ഇവയ്ക്കാവശ്യമായ വസ്തുതകള്‍ ശേഖരിച്ചിരിക്കുന്നത്.
കുറഞ്ഞ കാലങ്ങള്‍ക്ക് മുമ്പ് മുഹ്‌യുദ്ദീന്‍ മാലയുടെ രചയിതാവിലെ കുറിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള വിവാദങ്ങള്‍ തികച്ചും അര്‍ത്ഥശൂന്യമാണ്. കാരണം അവരുടെ വാദം ഈ കൃതി രചിക്കും മുമ്പ് ഖാളി മുഹമ്മദ്   വഫാതായിട്ടുണ്ട് എന്നാണ്. എന്നാല്‍ അദ്ദേഹം വഫാതാവുന്നത് ഹിജ്‌റ 1025ന്നാണ് അതായത്  ക്രിസ്തുവര്‍ഷം  1616 ന് .അതിന് പുറമെ  കവി തന്നെ  സ്വന്തത്തെ കുറിച്ച് മാലയില്‍   ഇപ്രകാര പ്രതിപാദിക്കുന്നത് നമുക്ക് കാണാം.
കണ്ടല്‍ അറിവാളന്‍ കാട്ടിത്തരും പോലെ
ഖാളി മുഹമ്മദെന്ന് പേരുള്ളോവര്‍ 
ഇതും ഖാളി മുഹമ്മദ് തന്നെയാണ് ഈ രചന നിര്‍വഹിച്ചത് എന്നതിന്ന് വ്യക്തമായ ഉദാഹരണമാണ്.
മദ്ഹ് പാട്ടുകള്‍ 
മുസ്‌ലിം താമസിക്കുന്ന പ്രദേശങ്ങള്‍ സഭകള്‍ (മഹല്ലുകള്‍) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സഭക്ക് അറബിയില്‍ മഹ്ഫില്‍ എന്നാണ് ഉപയോഗിക്കുന്നത്. ഇവിടുത്തെ പഴയ കാല മുസ്‌ലിംകള്‍ മഹഫില്‍കാര്‍ എന്നാണ് അറിയപ്പെട്ടത്. അത് ഒടുവില്‍ ലോപിച്ച് മാപ്പിളയായി തീര്‍ന്നുവെന്നും അല്ല മഹാ പിളള എന്നതില്‍ നിന്നാണ് മാപ്പിള എന്നും അതല്ല ഭാഷാര്‍ഥത്തില്‍ ഭര്‍ത്താവ് പുതുമണവാളന്‍ എന്നീ അര്‍ഥത്തിലുപയോഗിക്കുന്ന മാപ്പിള എന്ന പഥം കേരള സ്ത്രീകളെ വിവാഹം കഴിച്ചവര്‍ എന്ന വിചാരത്തില്‍ നിന്നും ഉടലെടുത്തതാണെന്നും അഭിപ്രായപ്പെടുന്നു. ഈ മാപ്പിളാമാരില്‍ നിന്നും ഉണ്ടാകുന്ന സര്‍വ്വ കാവ്യങ്ങള്‍ക്കും മാപ്പിളപ്പാട്ട് എന്ന് പൊതുവെ പറയപ്പെടുന്നു. അതിനാല്‍ മാലകളും മദ്ഹ് പാട്ടുകളും എല്ലാം മാപ്പിളയില്‍ നിന്ന് ഉണ്ടായതിനാല്‍ മാപ്പിളയുടെ പാട്ട് എന്നര്‍ഥം വരുന്ന മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നു. 
മാപ്പിളപ്പാട്ടുകളുടെ വിശാല ഭൂമികയില്‍ പടപ്പാട്ടുകള്‍ കിസ്സപ്പാട്ടുകള്‍, കല്ല്യാണപ്പാട്ടുകള്‍, കപ്പപ്പാട്ടുകള്‍, നൂല്‍ പാട്ടുകള്‍ തുടങ്ങി അനേകം നീര്‍ച്ചാലുകള്‍ കാണാന്‍ കഴിയും. ഇവയില്‍ ഓരോന്നും വ്യത്യസ്തമായ അന്തരീക്ഷത്തില്‍ പിറവി കൊണ്ടതും ഓരോന്നിനും അതിന്റേതായ സാഹിത്യാലങ്കാരങ്ങളും നമുക്ക് കാണാം. ഭാഷാ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍ താണ്ടിയാണ് ഈ കാവ്യ സാഹിത്യ മഞ്ചരികള്‍ ഇന്നത്തെ അവസ്ഥയിലെത്തിയത്. അച്ചടി പ്രധാനമായും മാപ്പിള സാഹിത്യത്തിന്റെ പുരോഗതിയുടെ ഘട്ടമായിരുന്നു. 1868ല്‍ തലശ്ശേരിയില്‍ പ്രസ്സ് സ്ഥാപിതമായതോട് കൂടെ ഇതിന് പ്രചുര പ്രചാരം അധികരിച്ചു. 1921ലെ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ മുസ്‌ലിം പക്ഷത്തിന് ധൈര്യം പകര്‍ന്ന് നല്‍കിയത് മോയിന്‍ കുട്ടി വൈദ്യരുടെയും പുലിക്കോട്ടില്‍ ഹൈദരുടെയും വി ബാപ്പുവിന്റെയുമൊക്കെ രചനകളാണ്. 
പടപ്പാട്ട്
കാവ്യ സാഹിത്യത്തിലെ അവിസ്മരണീയ ഏടുകളാണ് പടപ്പാട്ടുകള്‍. ഇസ്‌ലാമിക ചരിത്രത്തിലെ പട നീക്ക ചരിത്രങ്ങളാണ് പടപ്പാട്ടുകള്‍. ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ പടപ്പാട്ട് അറനൂറ് പുറങ്ങളുള്ളതാണ്. ശരാശരി ആറോളം പേജ് വരും ഓരോ പടപ്പാട്ട് കൃതികളും ഇത്തരത്തില്‍ അമ്പതിലധികം പടപ്പാട്ട് കൃതികളുണ്ടെന്ന് ഗവേഷകര്‍ സ്ഥിരപ്പെടുത്തുന്നു. 
പടപ്പാട്ടുകള്‍ പ്രാധാനമായും മുന്ന് തരമായി തരം തിരിക്കാം. 1. ജന്തുക്കള്‍ തമ്മില്‍ നടന്ന ഏറ്റ് മുട്ടലുകളെ ആവിഷ്‌കരിച്ച് രചിക്കപ്പെട്ടവ. മോയിന്‍ കുട്ടി വൈദ്യരുടെ എലിപ്പട എന്ന കൃതിയാണ് ഈ വിഭാഗത്തില്‍ ലഭ്യമാവുന്ന ഏക രചന. 2. ഇന്നലകളില്‍ സംഭവിച്ച വ്യത്യസ്തമായ പോര്‍കഥകളെ ആവിഷ്‌കരിച്ച് രചിക്കപ്പെട്ടവ. ചെറിയ ജിന്‍ പട, വലിയ ജിന്‍ പട അവയില്‍ ചില ഉദാഹരണങ്ങളാണ്. 3. ചരിത്രത്തില്‍ സംഭവിച്ച യുദ്ധങ്ങള്‍ ആഖ്യാനം ചെയ്യുന്നവയാണ് മൂന്നാം വിഭാഗം. അവ അറേബ്യന്‍ പാശ്ചാതലം ഉള്ളവയും കേരളീയ പശ്ചാതലമുള്ളവയും എന്ന നേരിയ വ്യത്യാസവും നമുക്ക് കാണാം. ബദ്ര്‍ പട, ഉഹ്ദ് പട എന്നിവ അറേബ്യന്‍ പശ്ചാതലമുള്ളവയും ചേരൂര്‍ പട, മലപ്പുറം പട തുടങ്ങിയവ കേരളീയ പശ്ചാതലമുള്ളവയുമാണ്. പടപ്പാട്ടുകള്‍ക്ക് ഒരു ആമുഖം എന്ന പോലെ ഏതാനും അറബി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. 1510ല്‍ മഖ്ദൂം ഓന്നാമന്റെ തഹ്‌രീള്, ഖാളി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍, അബ്ദുറഹ്മാന്‍ അഹ്ദരിന്റെ സൈഫുല്‍ ബത്താര്‍ തുടങ്ങിയവയാണവ. 
മാപ്പിളപ്പാട്ടിന്റെ മഹാ കവി
മാപ്പിളപ്പാട്ട് എന്ന കാവ്യ സാഹിത്യത്തിലേക്ക് അളവറ്റ സംഭാവനകള്‍ ചെയ്ത മഹാ കവിയാണ് മോയിന്‍ കുട്ടി വൈദ്യര്‍. 1852ല്‍ ഉണ്ണി മമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനായി. മലപ്പുറം ജില്ലയില്‍ ജനനം. പിതാവ് പ്രശസ്തനായ വൈദ്യനും എഴുത്ത് കാരനുമായിരുന്നു. കവിയുടെ അകാല മരണം കാരണം ഹിജ്‌റ എന്ന കാവ്യം പിതാവായിരുന്നു പൂര്‍ത്തിയാക്കിയത്. പിതാവില്‍ നിന്ന് തന്നെ സംസ്‌കൃതവും ചുള്ളിയന്‍ വീരാന്‍ കുട്ടിയില്‍ നിന്നും തമിഴ് പഠിക്കുകയും ചെയ്തു. കേവലം പതിനാറാം വയസ്സിലാണ് 95 കാവ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സലീയത്ത് വട്ടപ്പാട്ട് വൈദ്യര്‍ എഴുതുന്നതും. 22ാം വയസ്സിലാണ് അദ്ധേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ....ബദ്‌റുല്‍ മൂനീര്‍... ഹസനുല്‍ ജമാല്‍ എന്ന പ്രയണയരണ്ണം തുളുമ്പുന്ന രചന നിര്‍വഹിക്കുന്നത്. 71 കാവ്യങ്ങളുള്ള മലപ്പുറം പട, 26 പാട്ടുകളുള്ള രസകരമായ എലിപ്പട 8 പാട്ടുകളുള്ള ഒപ്പനപ്പാട്ട് തുടങ്ങിയവ അദ്ധേഹത്തിന്റെ പ്രധാന രചനകളാണ്.
             മോയിന്‍ കുട്ടി വൈദ്യര്‍ മലപ്പുറം ഖിസ്സ എന്നറയപ്പെടുന്ന ക്യതി രചിച്ചപ്പോള്‍ മലയാളി കവിയുടെ കൂട്ടത്തില്‍ ഏറെ കേളികെട്ട ഉള്ളൂര്‍ കേവലം മൂന്ന് വയസ്സുള്ള ബാലനായിരുന്നുവെന്ന വസ്തുത വിസ്മരിച്ച് കൂടാ.
കപ്പപ്പാട്ട് പിറവിയും താളവും
കപ്പപ്പാട്ട് എന്ന സൂഫീ വര്യനായ കഞ്ഞായിന്‍ മുസ്ലാരുടെ ക്യതി കാവ്യ സാഹിത്യത്തില്‍ വിസ്മരിക്കാന്‍ സാധിക്കാത്തതാണ്. മനുഷ്യ ശരീരത്തെ പായക്കപ്പലിനോടും ജീവിതത്തെ കപ്പലിന്റെ സഞ്ചാര ഗതിയോടും ഉഭമിച്ച് കൊണ്ടാണ് കപ്പപ്പാട്ട് അഥവാ രചിക്കപ്പെട്ടത്.
രചന പശ്ചാതലം
മുസ്‌ലിയാര്‍ പൊന്നാനിയില്‍ പഠിക്കുന്ന കാലം. ഗുരുവര്യരായ ശൈഖ് മഖ്ദൂം നൂറുദ്ദീന്‍(റ)നോട് വലിയ ബന്ധമായിരുന്നു. നിത്യവും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഭക്ഷണം. ഒരു ദിവസം മഖ്ദൂമിന്റെ ഭാര്യ മുസ്‌ലിയാരോട് ചോദിച്ചു, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചൊല്ലേണ്ട ദിക്‌റ് ഏതാണ്. രസിക ശിരോമണിയായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ മറുപടി പറഞ്ഞു ഏലെ മാലെ. ഇത് മഖ്ദൂമിന്റെ ഭാര്യ പതിവാക്കി. ഒരു ദിനം മഖ്ദൂം ഈ വിഷയം അറിയുകയും കുഞ്ഞായിയോട് അല്പം ഗൗരവത്തോടെ ചോദിക്കുകയും ചെയ്തു. കുഞ്ഞായിനെ നീ മനുഷ്യനെ കപ്പലാക്കുകയാണോ? കുഞ്ഞായിന്‍ വിനീതനായി അവിടെ നിന്നു. ശേഷം കുഞ്ഞായിന്‍ ശൈഖിന്റെ ചോദ്യത്തെ ഒരുപാട് ചിന്തിച്ചു. മനുഷ്യന്‍ കപ്പലിനോട് സമാനമല്ലെ...അതെ, സമാനമാണ്. ഒടുവില്‍ അദ്ദേഹം പായ്കപ്പലിനോട് ഉപമപ്പെടുത്തി അമൂല്യമായ ഒരു കാവ്യം രചിച്ചു. അതാണ് വാസ്തവത്തില്‍ കപ്പപ്പാട്ട്. കപ്പപ്പാട്ടില്‍ കപ്പല്‍ എന്ന വാക്ക് ഇരുപത് തവണയും ഉരു എന്ന വാക്ക് പതിമൂന്ന് തവണയും ഓടം എന്ന വാക്ക് ഒരു തവണയും ഉപയോഗിച്ചു. കപ്പപ്പാട്ടിന് വിശിഷ്ടമായ ഒട്ടനവധി ആഖ്യാന കവിതകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയായ കുഞ്ഞിപ്പക്കി സാഹിബ് എഴുതിയത് അവയില്‍ പ്രധാനമാണ്. നൂല്‍ മദ്ഹും മുസ്‌ലിയാരുടെ ഒരു അവിസ്മരണിയമായ കൃതിയാണ്. ഇവ രണ്ടും രചിക്കപ്പെട്ട വര്‍ഷത്തിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ എത്തുന്ന നിഗമനം കപ്പപ്പാട്ട് പൊന്നാനിയില്‍ പഠിക്കുന്ന കാലത്തും നൂല്‍ മദ്ഹ് പിന്‍കാലത്ത് തലശ്ശേരിയില്‍ നില്‍ക്കുമ്പോള്‍ രചിച്ചവയാണ് എന്നാണ്.
മനുഷ്യനും കപ്പലും
മനുഷ്യന്റെയും കപ്പലിന്റെയും സൃഷ്ടിപ്പിന്റെ വൈവിധ്യങ്ങളെ കവിതയുടെ പല ഭാഗത്തും മുസ്‌ലിയാര്‍ ബന്ധിപ്പിക്കുന്നതായിട്ട് കാണാം. കപ്പലിന്റെ പ്രധാനപ്പെട്ട അടിപ്പലകയെ മനുഷ്യന്റെ നട്ടെല്ലിനോടാണ് ഉപമിക്കുന്നത്. അഥവാ ആ അടിപ്പലകയെ ബലദൃഢമായി നിര്‍ത്തുന്ന ഒമ്പത് കെട്ടുകളുണ്ട്. ആ ഓരോ കെട്ടുകളും മനുഷ്യന്റെ മര്‍മ്മ പ്രധാനമായ ഭാഗങ്ങളാകുന്നു. 1. മനുഷ്യാവയവങ്ങള്‍, 2.അസ്ഥി 3.പേശി, 4.നരമ്പുകള്‍ 5.രക്തം 6.മജ്ജ 7.മാംസം....147എണ്ണമാണ് മനുഷ്യാവയവങ്ങളിലെ പ്രധാന സന്ധികളെന്ന് കവിയെടുത്ത് പറയുന്നുണ്ട്. 
കുഞ്ഞായിന്‍ മുസ്‌ലിയാര്‍: ഹ്രസ്വ പരിചയം
കേരള കാവ്യ സാഹിത്യ ലോകത്തിലെ നിറസാന്നിധ്യമായിരുന്നു സൂഫിവര്യനും ഹാസ്യ കഥാപാത്രവുമായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാര്‍. ഹിജ്‌റ പതിനൊന്നാം ശതകത്തിന്റെ അവസാനവും പന്ത്രണ്ടാം ശതകത്തിന്റെ ആദ്യത്തിലുമായി ജീവിച്ചുവെന്നാണ് വ്യത്യസ്തമായ പഠനങ്ങളുടെ നിഗമനം. 
എ.ഡി 1700ന്റെ അടുത്ത കാലത്ത് ജീവിച്ചുവെന്നാണ് അനുമാനിക്കപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സൈദാര്‍ പള്ളിക്കു സമീപമുള്ള ചന്ദനക്കണ്ടി തറവാട്ടിലായിരുന്നു മഹാന്റെ ജനനം. മക്കം എന്ന പേരിലായിരുന്നു വീട് അറിയപ്പെട്ടിരുന്നത്. മുഹ്‌യുദ്ദീന്‍ മാല കഴിഞ്ഞാല്‍ കണ്ടുകിട്ടുന്ന മാപ്പിള സാഹിത്യ രചന അദ്ദേഹത്തിന്റേതാണ്.
നിസാമുദ്ദീന്‍ ഔലിയ(റ)യുടെ സഹായിയായും സേവകനായും അമീര്‍ ഖുസ്രു എന്ന കവി ഉണ്ടായിരുന്നത് പോലെ മഖ്ദൂമിന്റെ അനുരക്ത കവിയായിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാര്‍. ഹാസ്യ കഥാപാത്രമായി കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പരിചിതമായിരിക്കെ ഖാദിരിയ്യ ത്വരീഖത്തിന്റെ ആ കാലത്തെ ഖലീഫയായിരുന്ന അദ്ദേഹം വ്യക്തമായ സൂഫിയും ആബിദുമായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രചനകളില്‍ ആത്മ സംസ്‌കരണത്തിന്റെയും ഇലാഹി ചിന്തകളുടെയും ധ്വനി മുഴങ്ങിക്കേള്‍ക്കുന്നതായി നമുക്ക് കാണാം. 
കാവ്യ സാഹിത്യത്തിലെ ഒറ്റമുത്തുകള്‍
കാവ്യ സാഹിത്യത്തില്‍ ഏറെ സ്വാധീനം ചെലുത്തുകയും പക്ഷേ അത്രമാത്രം വിശാലമായി അറിയപ്പെടാതിരിക്കുകയും ചെയ്ത ചില ഒറ്റമുത്തുകള്‍.
1. തലശ്ശേരി സ്വദേശി മൊയ്തു ബ്‌നു അബ്ദുറഹ്മാന്റെ ആയിരം മസ്അലകള്‍ക്ക് മറുപടി നല്‍കുന്ന മസാലപ്പാട്ട്.
2. കല്യാണ വേളകളിലും മറ്റു വിശേഷ ദിവസങ്ങളിലും ആസ്വദിച്ച് പാടുന്ന ഒപ്പനപ്പാട്ട്. മാട്ടുങ്ങല്‍ കുഞ്ഞിക്കോയയുടെ തശ്‌രീഫ് ഒപ്പനപ്പാട്ട്, പി കെ ഹലീമയുടെ ചന്ദിര സുന്ദരമാല എന്നിവ അവയില്‍ പെട്ടതാണ്.
3. ലോകം ചുറ്റി സഞ്ചരിച്ച മഹല്‍ വ്യക്തികളുടെ സഞ്ചാര കാവ്യമാണ് സര്‍ക്കീട്ട് പാട്ടുകള്‍. ചുറ്റിക്കറങ്ങുക എന്ന അര്‍ഥമാണ് സര്‍ക്കീട്ട് കൊണ്ട് ഉദ്ദേശിക്കുന്ന്. കെ മുഹമ്മദ് കുട്ടിയുടെ കോലാര്‍ഖനി പാട്ട്. ടി പി ബീരാന്‍കുട്ടിയുടെ ഹജ്ജ് യാത്രാ വിവരണ പാട്ട്.
1303ല്‍ ജനിച്ച പൊന്നാനി സ്വദേശി ഇസ്മായീലിന്റെ നാറജീലുല്‍ അഅ്‌ല എന്ന കൃതി തേങ്ങപ്പാട്ട് എന്ന കാവ്യ സാഹിത്യങ്ങള്‍ക്ക് പൂരണമാണ്. 
കാവ്യ സാഹിത്യത്തിന്റെ കൈവഴികളില്‍ എടുത്തു പറയേണ്ട കത്ത് പാട്ടുകള്‍. സുഹൃത്തുക്കള്‍ക്കും ബാപ്പ മക്കള്‍ക്കുമൊക്കെ കത്തുകള്‍ പാട്ടിന്റെ രൂപത്തില്‍ എഴുതി അയക്കുന്നതാണ് കത്ത് പാട്ട്. നല്ലളം ബീരാന്‍, പി ടി ബീരാന്‍, കുടിലനാദി തുടങ്ങിയവരുടെ കൃതി പ്രസിദ്ധമാണ്.
കാവ്യ സാഹിത്യത്തില്‍ കേരളം കേളി കേട്ടത് പോലെ കലാ മുദ്രകള്‍ക്കും കേരളം ഒട്ടും പിന്നിലല്ല. കോല്‍ക്കളിയും ഒപ്പനയും അറബന മുട്ടും അതിന് ചില ഉദാഹരണങ്ങളാണ് .

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ  സാഹ്യത്ത്യ മേഖലയില്‍ വിശിഷ്യ കാവ്യ സാഹ്യത്ത്യത്തില്‍ കേരള മുസ്ലിമില്‍  നിന്നും ഒട്ടനവധി സംഭാവനകള്‍
ഉണ്ടായിട്ടുണ്ട് . ആ മഹാകലവറയില്‍ നിന്നും ചെറിയൊരു പഠനം മാത്രമാണിത്....

1 Comments

Post a Comment

Previous Post Next Post