നര്‍മരസികനും ഫലിതസാമ്രാട്ടുമായി അറിയപ്പെട്ട കുഞ്ഞായീന്‍ മുസ്ലിയാര്‍ എ.ഡി 1700-കളിലാണ് ജീവിച്ചിരുന്നത് എന്ന് അനുമാനിക്കപ്പെടുന്നു. തലശ്ശേരി സൈതാര്‍പള്ളിക്കടുത്ത ചനനംകണ്ടി തറവാട്ടിലാണ് ജനിച്ചത്. പ്രാഥമിക പഠനത്തിനു ശേഷം പൊന്നാനിയിലേക്ക് പോവുകയായിരുന്നു. പൊന്നാനിയിലെ പ്രസിദ്ധരായ ഗുരുനാഥന്മാരുടെ ശിക്ഷണത്തില്‍ വലിയ പണ്ഡിതനായി അദ്ദേഹം ഉയര്‍ന്നു. ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം, അബ്ദുസ്സലാ മഖ്ദൂം, എന്നിവരായിരുന്നു പ്രധാന അധ്യാപകര്‍. കുശാഗ്ര ബുദ്ധിയുടെയും അപാര ജ്ഞാനത്തിന്റെയും ഉടമയായിരുന്ന കുഞ്ഞായീന്‍ മുസ്ലിയാരെ തര്‍ക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മഖ്ദൂമുമാര്‍ പറഞ്ഞയച്ചിരുന്നു.
മാപ്പിളക്കവിയായാണ് കുഞ്ഞായീന്‍ മുസ്ലിയാര്‍ അറിയപ്പെടുന്നത്. ഖാളി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്‍മാലക്കു ശേഷം പിന്നീട് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത് ഇദ്ദേഹത്തിന്റെ കൃതികളാണ്. പോര്‍ച്ചുഗീസ് പോരാട്ടങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടു പോകുകയായിരുന്നു എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. മലയാള ഭാഷ വികാസം പ്രാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞായീന്‍ മുസ്ലിയാര്‍ അറബി മലയാളത്തില്‍ എഴുതിയ വരികള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. 
നൂല്‍ മാലയാണ് കുഞ്ഞായീന്‍ മുസ്ലിയാരുടെ പ്രധാന കൃതികളിലൊന്ന്. ഹി.1151 ലായിരുന്നു ഇത്. ഈ കൃതിയില്‍ 666 വരികളാണുള്ളത്. മുഹമ്മദ് നബി (സ) യുടെ മദ്ഹുകള്‍ പ്രകീര്‍ത്തിക്കുകയാണ് കുഞ്ഞായീന്‍ മുസ്ലിയാര്‍. 16 ഇശലുകളാണുള്ളത്. മുഹ്‌യുദ്ദീന്‍മാലക്കു ശേഷം 130 വര്‍ഷത്തിനുശേഷമായിരുന്നു ഇത് വിരചിതമായത്. കഥാപ്രസംഗ രീതിയില്‍ ദീര്‍ഘകാലം മലബാര്‍ മുസ്ലിംകള്‍ ഇതിനെ നെഞ്ചേറ്റിയിരുന്നു.
കുഞ്ഞായീന്‍ മുസ്ലിയാരെ പ്രശസ്തനാക്കിയ മറ്റൊരു മിസ്റ്റിക് കൃതിയാണ് കപ്പപ്പാട്ട്. മനുഷ്യശരീരത്തെ പായക്കപ്പിലിനോടും ജീവിതത്തെ പായക്കപ്പലിന്റെ സഞ്ചാരത്തോടും ഉപമിച്ച ഇതില്‍ ഒരേ ഇശലില്‍ 600 വരികളാണുള്ളത്. കപ്പപ്പാട്ടിനു ശേഷം എഴുതപ്പെട്ട മുഴുവന്‍ മാപ്പിളപ്പാട്ടുകളും സഫീനപ്പാട്ട് എന്ന പേരിലാണ് അറിയപ്പെട്ടത്. ഇതിന്റെ ഉപജ്ഞാതാവായും കുഞ്ഞായീന്‍ മുസ്ലിയാര്‍ അറിയപ്പെട്ടു. കേരളത്തിലെ ഇസ്ലാമിക പ്രബോധനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ പാണ്ഡിത്യവും കഴിവുകളും, മത ജാതി ഭേദമന്യേ അംഗീകരിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. സാമൂതിരിയുടെ സദസ്സില്‍ കുഞ്ഞായീന്‍ മുസ്ലിയാര്‍ ശ്രദ്ധാകേന്ദ്രമായി മാറി. കുഞ്ഞായീന്‍ മുസ്ലിയാരും മങ്ങാട്ടച്ചനും കൂട്ടുകാരായിത്തീരുന്നത് ഇങ്ങനെയാണ്. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായും അറിയപ്പെട്ടു. തലശ്ശേരി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

കപ്പപ്പാട്ടില്‍ നിന്നും;
കണ്ടറവാനോ കണ്ണില്ലേ പൊട്ടാ
കാരുണോന്‍ ചൊന്നേ ചൊല്‍ കേട്ടില്ലേ പൊട്ടാ
പണ്ടുള്ളോര്‍ ചൊല്ലില്‍ പതിരുണ്ടോ പൊട്ടാ
പൈതന്ന ചാലില്‍ കൈപ്പുണ്ടോ പൊട്ടാ
തൊണ്ടം നിനക്കേതും തോന്നില്ലെ പൊട്ടാ
തേനില്‍ മദിര്‍ത്തോ കറഭാഷ പൊട്ടാ
കൊണ്ടത് തിരുഭാഷം കേട്ടില്ലെ പൊട്ടാ
കേട്ടാലും കേട്ടാലും കേട്ടില്ല പൊട്ടാ
ഉണ്ടോ നീ ഏതാനും ഓര്‍ത്തിട്ട് പൊട്ടാ
ഉന്‍ മിഴി കെട്ടേ കുരുടായൊ പൊട്ടാ
പട്ടം പൊളിഞ്ഞാല്‍ പറക്കുമൊ പൊട്ടാ
പാലം മുറിഞ്ഞാല്‍ കിടക്കുമൊ പൊട്ടാ


നൂല്‍ മദ്ഹില്‍ നിന്ന്-
കാടകത്ത്  വിര്‍പ്പവും കുഴിയകത്ത് സര്‍പ്പവും
നാടകത്ത് തര്‍ക്കവും അണഞ്ഞകത്ത് നിര്‍ക്കവും
ഫാളിലാം റസൂലുല്ല പിരിഞ്ഞു ദിഞ്ഞ നാളിലൊ
കീടം ഉറ്റെ ഖല്‍ബിനോരെ കാമ്പതേതൊരു നാളിലൊ
യേടകത്ത് തര്‍ക്കവും യദുക്കകത്ത് ദീര്‍ഘവും
ബീടകത്ത് സര്‍ക്കവും ബിഹിസ്തകത്ത് വിര്‍ക്കവും
ഊട്‌യെല്ലാം നിറഞ്ഞ വീരര്‍ക്കുന്‍മയാം ഉതൊക്കെയും
കോടില്ലാരെ നെഞ്ചിനോരെ കാച്ചതേത് നാളിലോ...

1 Comments

  1. കെ കെ മുഹമ്മദ് അബ്ദുൽ കരീം സാഹിബിന്റെ നിരീക്ഷണത്തിൽ കുഞ്ഞായിൻ മുസ്‌ലിയാർ മൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. കപ്പപ്പാട്ട്(രചനാകാലം വ്യക്തമല്ല. ആദ്യത്തേതെന്ന് അനുമാനിക്കുന്നു) , നൂൽമദ്ഹ്(1151 ), നൂൽമാല(1201 ) എന്നിവയാണവ. ഇക്കാര്യങ്ങൾ കരീം സാഹിബിന്റെ രസികശിരോമണി കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടും നൂൽമദ്ഹും എന്ന കൃതിയിൽ വിശദീകരിക്കുന്നു. ഇതുമായി ചേർത്തുവായിക്കുമ്പോൾ ലേഖനത്തിൽ ചില പൊരുത്തക്കേടുകൾ കാണുന്നു. ശ്രദ്ധിക്കാമോ...

    ReplyDelete

Post a Comment

Previous Post Next Post