യൂനുസ് മുസഫര്‍. ചെമ്മാട്
പതിനെട്ടു മുതല്‍ ഇരുപതടങ്ങിയ നൂറ്റാണ്ടുകളിലാണ് സജീവമായി ഇസ്ലാമിക നവോത്ഥാനമെന്ന സംജ്ഞ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുന്നതും വിശയീഭവിക്കുന്നതും. ഇസ്‌ലാമില്‍ കടന്നു കൂടിയ ജാഹിലിയ്യത്തിന്റെ അതായത് അനിസ്‌ലാമികതയുടെ അംശത്തെ തുടച്ചുനീക്കാനുള്ളതെന്ന് വിശദീകരിക്കപ്പെട്ട ദീനിലെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളെയാണ് നവോത്ഥാനം അര്‍ത്ഥമാക്കിയത്. ഈ കാലഘട്ടങ്ങളില്‍ ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു (1819-1905), റശീദ് രിളാ(1865-1935), ഫരീദ് വജ്ദി, തുടങ്ങിയവരാണു പ്രധാനമായും അടിസ്ഥാനമുസ്‌ലിം ആദര്‍ശങ്ങളെ അഴിച്ചുപണിതെന്നു വിലയിരുത്തപ്പെട്ടവര്‍. പിറകെ വന്ന നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്കു പക്ഷെ ആശയവൈകല്യം വരുത്തുന്ന ഇത്തരം നവോത്ഥാനങ്ങളില്‍നിന്നു ചുവടുമാറി ക്രിയാത്മകമായ സൃഷ്ടി കര്‍മ്മങ്ങളിലൂടെ മതത്തെ ചുവടുറപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് ചെയ്തത്. ഇന്ത്യയില്‍ വളര്‍ന്നു വന്ന ദയൂബന്ദീ, നദ്‌വത്തുല്‍ ഉലൂം, തുടങ്ങിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പുതിയകാല പരിഷ്‌കരണ ഖണ്ഡത്തിലാണ് ഗണിക്കപ്പെടുന്നത്.
ക്രിസ്താബ്ദം എഴാം നൂറ്റാണ്ടില്‍ അതായത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്ലാമിനെ പുരസ്‌കരിച്ചുവെന്നതിനാല്‍ ഇന്ത്യയിലെ പ്രഥമമുസ്‌ലികളുടെ നാടെന്ന ഖ്യാതിയും മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയില്‍ ഇസ്‌ലാമിന്റെ തുടക്കം മുതല്‍ തന്നെ ഭാഗ്യം സിദ്ധിച്ചവരുടെയും ദേശമാണ് കേരളം. കച്ചവട ബന്ധങ്ങളിലൂടെ തഴച്ചുവളര്‍ന്ന അറബികളുടെ വേര്‍പെടുത്താനാവാത്ത ആ ബാന്ധവം ഭാഷകളിലും സംസ്‌കാരങ്ങളിലും പെരുമാറ്റ രീതികളിലും അറിയാതെയും അറിഞ്ഞും നിലനിറുത്തിയവരുടെ മണ്ണ്. പ്രാഥമികമായി ഗ്രഹിച്ചുവെന്നത് കൊണ്ടു തന്നെ മതകീയമായ ആദര്‍ശങ്ങള്‍ക്ക് വേരൂന്നി തഴച്ചുവളരാന്‍ പാകമായ ഭൂമികയായും പില്‍കാലത്ത് കേരളം മാറുകയും അന്യപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തങ്ങളുടേതുമാത്രമായി ഒരു സാംസ്‌കാരികമുഖം വളര്‍ത്തിയെടുക്കാനും അവര്‍ക്കു കഴിഞ്ഞു. സാംസ്‌കാരികമായ അസ്തിത്വരൂപീകരണത്തില്‍ പരിപൂര്‍ണ്ണ പക്വതകൈവന്ന സമൂഹമെന്നു കേരളത്തെ വിലയിരുത്തുന്നതിലും തെറ്റൊന്നുമില്ല.
മതേതരത അതിന്റെ സങ്കീര്‍ണ്ണവും എന്നാല്‍ പാരമ്യതകൈവരിച്ചതുമായ ഇന്ത്യയില്‍ ഇവര്‍ രൂപീകരിച്ചെടുത്ത സാംസ്‌കാരിക നിര്‍മിതികളിലധികവും പിന്നീട് ഇസ്ലാമിക ചരിത്രത്തിന്റെ ഇഴപിരിയാത്ത ഭാഗവും പ്രാദേശിക ചരിത്രത്തിലെ ഉത്ഥാനത്തിന്റെ നിദാനവുമായി രൂപാന്തരപ്പെട്ടു. ഇത്തരമൊരു സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭദിശയില്‍ പാങ്ങില്‍ അഹമ്മദ് മുല്ലവി മലയാളമുസ്ലിം ചരിത്രത്തിന്റെ മുഖ്യധാരയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. നവോത്ഥാനങ്ങളെന്ന പേരില്‍ മുന്‍കാലങ്ങളത്രയും വിശ്വസിച്ചു പോന്ന ആദര്‍ശ ചെറുത്തുനില്‍ പിന്റെ ചരിത്രവും വിദ്യഭ്യാസ നവീകരണങ്ങളാല്‍ പില്‍കാലത്ത് ചുവടുമാറിയ പരിഷ്‌കരണപ്രവര്‍ത്തന ഭേദവും അഖണ്ഡിതമായി സമ്മേളിച്ച അനിഷേധ്യനായ കാലഘട്ടത്തിന്റെ പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം.
മുസ്‌ലിംകളുടെ ആഗോളചലനങ്ങളെ നിരന്തരം വീക്ഷിച്ച് പുതുതായി രൂപപ്പെടുകയും മതത്തെ വികലമായി വികൃതമാക്കുകയും ചെയ്യുന്ന പ്രദേശിക വിവര്‍ത്തകരുടെ പരിഷ്‌കരണപ്രവര്‍ത്തനങ്ങളെ ചെറുക്കാനും പ്രവാചകാനുയായികള്‍ തന്നെ കേരളത്തിന് കൈമാറുകയും അവരുടെ അനന്തഗാമികള്‍ പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്ത കളങ്കങ്ങളേതുമേല്‍ക്കാത്ത ദീനിനെ വരുന്ന തലമുറയില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളെ ചെറുത്തുനില്‍ക്കാനും തികഞ്ഞ മുസ്‌ലിം പാരമ്പര്യമുള്ള പണ്ഡിത-സാദാത്തുക്കളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഒന്നണിചേര്‍ത്ത് കാലത്തിന്റെ വെല്ലുവിളികളേതും നേരിടാന്‍ കെല്‍പുള്ള കോട്ടപണിയുകയായിരുന്നു അദ്ദേഹം. സമസ്തയെന്ന ദീനിന്റെ സമസതവും സമ്മേളിച്ച ആ കോട്ടയില്‍ കാലമത്രയും പള്ളികളിലും പള്ളിക്കൂടങ്ങളിലും ദര്‍സുകളിലുമായി സമുദായ ശരീത്തെ നിയന്ത്രിച്ചിരുന്ന മതജ്ഞാനികളും വിചക്ഷണരുമായ സൂഫികളാണ് ഒന്നണി ചേര്‍ന്നത്.
സ്വാഭാവികതയെന്നോണം വികേന്ദ്രീകൃതമായ സമുദായനേതൃത്വത്തെ പുതിയകാലത്തിന്റെ വെല്ലുവിളിക്കനുസൃതം പുനരണിചേര്‍ത്ത് മുസ്ലിം കേരളത്തിന്റെ ആത്മീകവും മതകീയവുമായ നേതൃത്വത്തെ എക്കാലത്തും വിശ്വസിക്കാവുന്ന പണ്ഡിതകരങ്ങളില്‍ സുഭദ്രമായി ഏല്‍പിക്കുകയായിരുന്നു ഹബീബുല്‍ അന്‍സാരിയെന്ന സ്വഹാബിവര്യന്റെ ഈ പിന്തലമുറക്കാരന്‍. പതിറ്റാണ്ടുകള്‍ക്കിപ്പുറം തലമുറകളുടെ ആത്മീയദിശ നിര്‍ണ്ണയിച്ചു കൊടുക്കുകയും സമുദായത്തിന്റെ സാമൂഹികമുറ്റം പൂര്‍ണ്ണമായും ഇസ്ലാമിക വത്കരിക്കുകയും വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്ക് ബീജാവാപം നല്‍കുകയും ചെയ്ത ശക്തിയായി പ്രസ്തുത പ്രസ്ഥാനം മാറിയെന്ന് വരുമ്പോഴാണ് കാലഘട്ടത്തിന്റെ ഈ സംഘാടകന്‍ അനശ്വരനായ പരിഷ്‌കര്‍ത്താവായി മാറുന്നത്.
തിരൂരങ്ങാടിയില്‍ നിന്നും പാങ്ങിലേക്ക് മാറി താമസിച്ച സൂഫികളുടെ കുടുംബമായിരുന്ന പുത്തന്‍ പീടിയേക്കല്‍ തറവാട്ടിലെ നൂറുദ്ധീന്‍ എന്നവരുടെയും വാകോട്ടില്‍ പോക്കുഹാജിയുടെ മകള്‍ തിത്തു എന്നവരുടെയും മകനായിട്ടാണ് ഹിജ്‌റ 1305 ല്‍ ആറംകോട് അഹമ്മദ് മുല്ലവിയെന്ന എ.പി അഹമ്മദ് മുല്ലവി ജനിക്കുന്നത്. ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പതിനാലാം വയസ്സു വരെ പ്രാഥമികവിദ്യാഭ്യാസം പാങ്ങില്‍നിന്നു തന്നെ കരസ്തമാക്കുകയും പ്രമുഖപണ്ഡിതന്മാരായ അലിയ്യുത്തൂരി, കരിമ്പനക്കല്‍ അഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരുടെ അടുക്കല്‍ നിന്ന് മതപഠനം നടത്തുകയും ശേഷം ഉപരിപഠനാര്‍ത്ഥം ബാഖിയാത്തില്‍ എത്തുകയും ചെയ്തു. വെല്ലൂര്‍ ബാഖിയാത്തിന്റെ ശില്‍പിയായിരുന്ന അബ്ദുല്‍ വഹാബ് ഹസ്രത്ത്, അബ്ദുല്‍ ഖാദിര്‍ ശാഹ് ബാദിശാ തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്ത് 1915 ലാണ് ബീരുദധാരിയായി പ്രവര്‍ത്തന ഗോഥയിലെത്തുന്നത്.
ദീനീ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ആദ്യമദ്യാന്തം ശോഭിച്ചുനിന്ന അദ്ദേഹം സമുദായത്തിനു ഉപയുക്തമാവുന്ന നിര്‍മിതികള്‍ക്കാണ് പ്രാധാന്യം നല്‍കിയെന്നതാണ് മലയാള മുസ്ലീം പണ്ഡിതരില്‍ അദ്ദേഹം വ്യതിരിക്തനാവുന്നത്. താന്‍ ആദ്യം ദീനീ പ്രബോധനാര്‍ത്ഥം ചെന്നെത്തുന്ന പടന്നയിലും പിന്നീട് മണ്ണാര്‍ക്കാട്ടും പേരുകേട്ട രണ്ടുദര്‍സുകളദ്ദേഹം സ്ഥാപിച്ചു. അവിസ്മരണീയ വ്യക്തിത്വവും അതുല്യപാടവത്തിനുടമയുമായിപന്ന ഈ മാര്‍ഗദര്‍ശി ചരിത്രത്തിന്റെ കൗതുകമെന്നോണം തന്നെയാവണം താനാവിഷ്‌കരിക്കുന്ന വിദ്യഭ്യാസനവോത്ഥാനത്തിന് സാക്ഷിയായ എന്നാല്‍ കേരളീയ ചരിത്രത്തിലെ ആദ്യത്തെ ദര്‍സു നിന്നിരുന്ന താനൂരിലേക്കെത്തുന്നത്. താനൂരിലെ വലിയകുളങ്ങര പള്ളിയില്‍ ഹിജ്‌റ 675 ല്‍ അബ്ദുല്ലാഹില്‍ ഹള്‌റമിയുടെ നേതൃത്വത്തില്‍ വിദേശവിദ്യാര്‍ത്ഥികള്‍ വിദ്യ നുകരാനെത്തിയിരുന്ന ദര്‍സ് നിന്നിരുന്നതായി ഇവിടെനിന്നു തന്നെ കണ്ടെടുക്കപ്പെട്ട ചരിത്രഗ്രന്ധങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
മതപരിഷ്‌കരണചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ച കാലഘട്ടത്തിലാണ് അദ്ദേഹം പരിഷ്‌കരണത്തിന്റെ മതാധിഷ്ഠിത പുതിയ സാധ്യത കണ്ടെത്തിക്കൊണ്ട് ഭൗതികവിദ്യാഭ്യാസത്തെ പുരസ്‌കരിച്ച സുന്നീപക്ഷത്തുനിന്നുള്ള ആദ്യത്തെ മതസ്ഥാപനത്തിനു വൈജ്ഞാനിക പരിഷ്‌കരണം എന്നുതന്നെയര്‍ത്ഥമാക്കുന്ന അറബി വാക്കുകളില്‍ നാമകരണം ചെയ്ത് പ്രാരംഭം കുറിക്കുന്നത്. ചെറുത്തുനില്‍പിന്റേയും മതസംരക്ഷണത്തിന്റേയും ചുമതല പ്രസ്ഥാനം നിര്‍മിച്ച് സ്വയമേറ്റെടുത്ത മുല്ലവി അതിനുപോല്‍ ബലകമായി മാത്രമല്ല ഇത്തരമൊരു സ്ഥാപനത്തിനു തറക്കല്ലിടുന്നത്. ഈ മതഭൗതിക സമന്വയവിദ്യാഭ്യാസ പ്രക്രിയയില്‍ പ്രമുഖ ഇസ്‌ലാമിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഇസ്മാഈല്‍ റജി ഫാറൂഖി വിഭാവന ചെയ്ത ഇസ്‌ലാമൈസേഷന്‍ ഒഫ് നോളെജെന്ന ആശയത്തിന്റെ മലയാളീകരിച്ച പതിപ്പുമതിലുണ്ടായിരുന്നു. പില്‍കാലത്ത് മലയാളക്കരയിലെ ലോകപ്രശസ്തമായ ഒരു ഇസ്ലാമിക് യൂണിവാഴ്‌സിറ്റിയായി പരിണിതിപ്പെട്ട ഈ മുല്ലവിയുടെ നിലപാട് സമകാലികതയോട് ചേര്‍ത്തുവായിക്കുമ്പോള്‍ സമുദായത്തിന്റെ വിദ്യാഭ്യാസപരിഷ്‌കര്‍ത്താവിന്റെ പരിവേഷമാണു ദീര്‍ഘവീക്ഷകനായ തികഞ്ഞ മതപണ്ഡിതന്.
വ്യവസ്ഥിതികളുടെ ഉദ്ധൃത ദീനീ നിര്‍മിതികള്‍ക്കു പുറമെ കര്‍മമണ്ഡലത്തില്‍ ജ്വലിച്ചു നിന്ന വാഗ്മിയും മലയാളിയെ അറബീ സാഹിത്യ-ഇതര രചനാ രംഗത്ത് അനശ്വരനാക്കുന്ന തൂലികക്കുടമയുമായിരുന്നു അദ്ദേഹം. നാടുനാടാന്തരം ഓടിനടന്ന് സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് നല്‍കിയ മുല്ലവി സമൂഹത്തോടിണങ്ങിച്ചേര്‍ന്ന മഹാനായ മുഫ്തിയും തന്‍വീറുല്‍ മന്‍തിഖ് ഫീ ശറഹി തന്‍ഖീഹില്‍ മന്‍തിഖ്, തുഹ്ഫത്തുല്‍ അഹ്ബാബ്, ഇസാലത്തുല്‍ ഖുറാഫാത്ത്, മവാഹിബുല്‍ ജലീല്‍, താജുല്‍ വസാഇല്‍, തന്‍ബീഹുല്‍ അനാം, ഹാശിയ അലാമുഖദ്ദിമതി തുഹ്ഫതില്‍ മുഹ്താജ്, തുടങ്ങിയ 54 ഓളം പ്രസിദ്ധഗ്രന്ധങ്ങളുടെ കര്‍ത്താവു കൂടിയാണ് ജീവിതം തന്നെ സമൂഹത്തിനായര്‍പ്പിച്ച മഹദ്‌വ്യക്തി.
അധിനിവേശ ശക്തികള്‍ക്കെതിരെ ഇസ്‌ലാമികമായ ന്യായങ്ങളാല്‍ സമൂഹത്തോട് സമരത്തിരിനിറങ്ങാന്‍ ആഹ്വാനം ചെയ്തുള്ള അദ്ദേഹത്തിന്റെ മലപ്പുറം കുന്നുമ്മല്‍ വെച്ചു നടന്ന പ്രസംഗം ചരിത്രപ്രസിദ്ധിയാര്‍ജിച്ചതാണ്. മറ്റേത് നവോത്ഥാന നായകരില്‍ നിന്നും പാങ്ങിലുസ്താദിനെ വ്യതിരിക്തനാക്കുന്ന വസ്തുതകളിലൊന്ന് താന്‍ ആവിഷ്‌കരിക്കുന്ന വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം പക്കലുള്ള ധനം പരമാവധി വിനിയോഗിക്കുകയും പിന്നീടാവശ്യാര്‍ത്ഥം പാകമായ സ്രോതസ്സുകള്‍ കണ്ടെത്തിയെന്നുള്ളതുമാണ്. വലിയരളവോളം ധനസമാഹരണം നടത്തിയതാവട്ടെ ആദര്‍ശ വിശദീകരണ പ്രസംഗങ്ങള്‍ അഭംഗുരം നാടൊട്ടുക്കും സജീവമായി സംഘടിപ്പിച്ചു കൊണ്ടുമായിരുന്നു. പ്രസംഗത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ വാറണ്ട് പുറത്തിറക്കിയെന്നുള്ള പുരസ്‌കാരം തന്നെ വേണ്ടുവോളം അദ്ദേഹത്തിന്റെ സാമൂഹികപ്രാധാന്യമുള്ള വിശയങ്ങളിലെ അനിഷേധ്യമായ പങ്ക് വിളിച്ചോതുന്നു.
സ്വതസിദ്ധമായ കഴിവുകളോരോന്നും സമൂഹനന്മക്കായി വിനിമയം ചെയ്ത ഇവര്‍ തന്നെയാണ് ആദ്യമായി സമസ്തയില്‍ പത്രപ്രവര്‍ത്തനവുമായി മുന്നോട്ടു വരുന്നതും. ആദര്‍ശ വിശദീകരണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന തന്റെ പത്രാധിപത്യത്തില്‍ തന്നെ അല്‍ബയാനെന്ന പത്രം പ്രസിദ്ധീകരിച്ചുവെന്നതും ഇതര ചരിത്രങ്ങളോട് ചേര്‍ത്തുവായിക്കുമ്പോള്‍ സര്‍വാത്മനാസന്നദ്ധനായ സമുദായസേവകന്റെ മുഖമാണ് അദ്ദേഹത്തില്‍ നിന്നനാവരണം ചെയ്യപ്പെടുന്നത്. സമകാലികരായ പരിഷ്‌കര്‍ത്താക്കളെന്ന് വിലയിരുത്തപ്പെട്ട മറ്റെല്ലാവരേക്കാളും നവോത്ഥാന നായകനെന്ന് വിളിക്കാന്‍ യോജ്യമായ വ്യക്തിത്വം ഈ പാങ്ങുകാരന്റേതാണെന്ന് വ്യക്തമാവാന്‍ തലമുറകളായിട്ട് നമുക്കുള്ളില്‍ ആശയഭംഗം വരാതെയും കെടാതെയും സൂക്ഷിക്കപ്പെട്ട ആത്മീയദീപ്തിയും നമുക്കുചുറ്റും ദീനീവിജ്ഞാനീങ്ങള്‍ നിരന്തരം നിലക്കാതെ പകര്‍ന്നു നല്‍കുന്ന മദ്രസാസമ്പ്രദായങ്ങളും കാലാന്തരങ്ങള്‍ക്കിപ്പുറത്തും സമൂഹത്തിന്റെ ആത്മീയനേതൃത്വമേറ്റെടുക്കാന്‍ നമുക്കുനമ്മില്‍ തന്നെ പ്രവാചകാനന്തരഗാമികളും സൃഷ്ടിക്കപ്പെട്ടുയെന്നതത്രയും ധാരാളം.
മഹത്തായചരിത്ര സൃഷ്ടിക്ക് കര്‍മ്മം നിര്‍വഹിച്ച് നേതൃത്വതലപ്പത്ത് പ്രവാചക കുടുംബത്തിലെ അംഗങ്ങളെ തന്നെ തിരഞ്ഞെടുക്കുന്ന കേരളമുസ്ലിം പാരമ്പര്യവും പാങ്ങില്‍ അഹമ്മദ് മുസ്‌ലിയാരുടെ പാത നാമറിയാതെ നമ്മില്‍ ജീവിക്കുന്നുവെന്നതിന് തെളിവാണ്. 1365 ദുല്‍ഹിജ്ജ 25 ന് വഫാത്തായ ആ അനശ്വരനായ നേതാവിന്റെ സമൃതിയില്‍ നമുക്കൊരിക്കല്‍ കൂടി ഇവിടെ സുധന്യരാവാം.
Post a Comment