മുസ്ലിം സമൂഹത്തിന്റെ പൊതുമുഖ്യധാരയില്‍ പ്രസംഗം കൊണ്ടും സംഘാടന പാടവം കൊണ്ടും തന്നെ രേഖപ്പെടുത്തിയതിനോടൊപ്പം പേനകൊണ്ടും തന്റെ പ്രതിച്ഛായ വരച്ചുചേര്‍ക്കാന്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ മറന്നിരുന്നില്ല. സംഘാടനമോ അല്ലെങ്കില്‍ മതാധ്യാപനമോ എന്ന് ശങ്കിച്ചസമകാലികര്‍ക്കിടയില്‍ പ്രായോഗികമായി താന്‍ എങ്ങെനെയായിരുന്നുവെന്ന്  അദ്ദേഹം തെളിയിക്കുന്നത് ഇന്ന് അദ്ദേഹത്തിന്റെ ഗ്രന്ധങ്ങള്‍ അന്യേഷിക്കപ്പെടുകയും എഴുത്തുകള്‍ വീണ്ടെടുക്കപ്പെടുകയും ചെയ്യുന്നതിലൂടെയാണ്. ചരിത്രം തന്നെ സമസ്തയെന്ന കേരളമുസ്ലിംകളുടെ പരമോന്നതപണ്ഡിതസഭയുടെ ശില്‍പികളിലൊരാളായി, അതിലേറെ സുന്നീ ആദര്‍ശങ്ങള്‍ക്കു വേണ്ടി ജീവിച്ച മഹാത്മാവായി വാഴ്ത്തുന്നതിലപ്പുറം തികഞ്ഞ പാണ്ഡിത്യമുള്ള തന്റെ അക്കാദമിക വ്യക്തിത്വം പാരമ്പര്യ ചരിത്രത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി രേഖപ്പെടുത്താന്‍ അദ്ദേഹത്തിന് എഴുത്തിലൂടെ സാധിച്ചു. സാധാരണ എഴുതുന്ന പ്രാസ്ഥാനിക എഴുത്തുകാരനെന്നതിലുപരി സാമൂഹികപ്രാധാന്യമുള്ള വിശയങ്ങളില്‍ മതത്തിന്റെ കാഴ്ച്ചപ്പാടെന്തെന്ന് വ്യക്തമാക്കുന്ന എക്കാലത്തും അവലംബിക്കാവുന്ന രചനകളായിരുന്നു അദ്ദേഹത്തിന്റേതെന്ന് വരുമ്പോള്‍ എണ്ണത്തിലെന്ന പോലെ സൃഷ്ടികളുടെ ഗൗരവത്താലും അദ്ദേഹം അക്കാലത്തെ പ്രമുഖ എഴുത്തുകാരില്‍ ഒരാളായി പരിഗണിക്കപ്പെടേണ്ടി വരുന്നു.
 സാമൂഹികതലങ്ങളില്‍ ശ്രദ്ധേയനായ തന്നെ എഴുത്തില്‍ വ്യത്യസ്തനായി രേഖപ്പെടുത്താനാവും അദ്ദേഹം പൊതുവേ അന്‍വര്‍ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. ശിഹാബുദ്ധീന്‍ അബുല്‍ ഫൈള് അല്‍ മുതഖല്ലിസ് ബി അന്‍വര്‍ അല്‍ ബാഖവി മൗലാന സ്വാഹിബുല്‍ ഫളീല അഹ്മദ് ബ്‌നു നൂറൂദ്ധീന്‍ അല്‍ മുല്ലവി അല്‍ പാങ്ങി അല്‍ വെല്ലുവനാടിയെന്നാണ് ഗ്രന്ധകാരന്‍ ഇജിപ്തിലെ പ്രമുഖ പ്രസാധകരായ അല്‍ ഹലബിയ്യ പ്രസിദ്ധപ്പെടുത്തിയ നഹ്ജുല്‍ ഖവീമില്‍ തന്നെ പരിചയപ്പെടുത്തുന്നത്. 
 രചനകളുടെ സ്വഭാവം
 1929 ല്‍ സമസ്തയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിലാണ് ആദര്‍ശപ്രചാരണങ്ങള്‍ക്കുവേണ്ടി ഒരു മുഖപത്രം പുറത്തിറക്കാന്‍ തീരുമാനമാകുന്നത്. അധികം താമസിയാതെ അല്‍ബയാന്‍ എന്ന പേരില്‍ 1929 ഡിസംബറില്‍ ആദ്യപ്രതി പുറത്തിറങ്ങിയ പത്രത്തിന്റെ പ്രഥമപത്രാധിപര്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാരായിരുന്നു. സമകാലിക മുസ്ലിം സാഹചര്യത്തില്‍ അതൊരു പുതിയ ഉത്ഥാനചലനമെന്നതിനപ്പുറം വിദേശവാരികകളുടെയും തര്‍ജ്ജമചെയ്യപ്പെട്ട കൃതികളുടെയും സ്വാധീനത്തില്‍ സാമൂഹികതലത്തില്‍ ബിദഈ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ക്ക്് ഇത് സഹിക്കാനാവാത്ത തിരിച്ചടികൂടിയായിരുന്നു. തൂലികകൊണ്ട് സമൂഹത്തിന്റെ അഖണ്ഡതക്ക് മുറിവേല്‍പ്പിക്കുന്നവര്‍ക്കെതിരെയുള്ള നിലക്കാത്ത പ്രഹരപ്രവാഹമായാണ് പാങ്ങില്‍ അഹമ്മദ് കുട്ടി മുല്ലവി അതിനെ ഉപയോഗപ്പെടുത്തിയത്. നിരന്തരം ആദര്‍ശ വിശയങ്ങളില്‍ ഇടപെട്ട അദ്ദേഹം നിരന്തരമായി എഴുതിയ ഇടക്കാലത്ത് നിന്നുപോയ അല്‍ബയാന്റെ പഴയലക്കങ്ങളില്‍ചിലത് ഇപ്പോഴും ഇസ്ലാഹുല്‍ ഉലൂമില്‍ കണ്ടെത്താനാവുന്നതാണ്.  
  ഒരു നാടിന്റെ ഉത്തരവാദിത്തബോധമുള്ള മുഫ്തിയെന്ന നിലക്ക് പാങ്ങില്‍ ഉസ്താദ് താന്‍ വിധിപറയുന്ന പ്രശ്‌നങ്ങളെല്ലാം കുറിച്ചുവെക്കുന്ന പതിവും ജീവിത നിഷ്ഠയാക്കിയിരുന്നു. പില്‍ക്കാലത്ത്  അത്തരം ഫത്‌വകളുടെ ഉപഹാരമായി ഫതാവല്‍ മുല്ലവിയെന്ന പേരില്‍ തന്റെ ഫത്‌വകള്‍ പുസ്തകമായി പുറത്തിറക്കാനും അവര്‍ ആഗ്രഹിച്ചുവെന്ന് അവര്‍ക്ക്് സേവനമനുഷ്ടിച്ചവരോട് സൂചിപ്പിച്ചിരുന്നുവെന്നും പില്‍കാലത്ത് രോഗശയ്യയിലായപ്പോള്‍ അത്തരം സമാഹാരങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നെന്നും പറയപ്പെടുന്നു.
     തന്റെ എഴുത്തുശീലങ്ങള്‍ക്ക് പുറമേ സാമൂഹിക ഇടപെടലിന്റെ ഭാഗമായി പാങ്ങില്‍ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്ന ഫത്‌വകളിലെ അപക്വതയോ വിയോജിപ്പോ എഴുതിതന്നെ രേഖപ്പെടുത്തുകയും ചെയ്തു. പൊതുവേ ചര്‍ച്ച ചെയ്യപ്പെടുകയും തനിക്ക് അതില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാടുണ്ടെങ്കില്‍ അതു പുസ്തകങ്ങളിലൂടെ തുറന്ന് പറയുന്നത് അപാകതകള്‍ പരിഹരിക്കാനും സമൂഹത്തിന് ശരിയായ ദിശയില്‍ മാര്‍ഗദര്‍ശനം നല്‍കാനുമായിരുന്നു. സമൂഹം തന്നിലര്‍പ്പിച്ച വിശ്വാസത്തെ ഉത്തരവാദിത്തമായി കണ്ട ഒരു പണ്ഡിതശ്രേഷ്ഠനായി മാതൃകയാവുകയണിവിടെ അദ്ദേഹം. അത്തരത്തില്‍ അക്കാലത്ത് വിശ്വാസ സംബന്ധിയായ( അഖീദ) നടന്ന ഒരു ചര്‍ച്ച പ്രവാചകന്‍ ദാവൂദ് (അ) നബിയാണോ അല്ല റസൂലാണോ എന്നുള്ളതായിരുന്നു. അന്നത്തെ പ്രശസ്ത പണ്ഡിതനായ ചെറുശ്ശേരി അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ ഫത്‌വയില്‍ അദ്ദേഹത്തിനു വിയോജിപ്പുണ്ടായതിനാല്‍ റദ്ദുശ്ശറുശ്ശേരി എന്ന പേരില്‍ അദ്ദേഹം ഒരു ചെറിയ ലഖുലേഖ തയ്യാറാക്കിയിരുന്നു.
  ഇങ്ങനെ സാമൂഹിക തലത്തിലെ ചെറിയ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പോലും  പരിപൂര്‍ണ്ണമായ ശ്രദ്ധയോടെയും ഗൗരവത്തോടെയുമായിരുന്നു അദ്ദേഹമത് നടത്തിയിരുന്നത്. ഇതേ സംഭവത്തില്‍ തന്റെ ഉസ്താദുമാരായ ബാഖിയാത്തിലെ പണ്ഡിത ശ്രേഷ്ഠരുടെ ഫത്‌വകളും അഭിപ്രായങ്ങളും അറിഞ്ഞശേഷം മാത്രമാണ് ഇത്തരത്തിലുള്ള ഒരു നീക്കത്തിന് അദ്ദേഹം മുതിരുന്നത്. കിതാബുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സൂക്ഷമതയുടെ ജീവിക്കുന്ന ഒരു താളായി ആ കത്ത് ഇന്നും നമുക്ക് അദ്ദേഹത്തന്റെ ലൈബ്രറിയില്‍ കാണാനാവുന്നതാണ്.  
   പ്രത്യേക സാമൂഹിക സാഹചര്യങ്ങളിലെ ഇടപെടലുകള്‍ക്കപ്പുറം ഒരു പുസ്തക രചയിതാവായി മാത്രം അദ്ദേഹത്തെ ഗണിക്കുമ്പോഴും ചര്‍ച്ച ചെയ്യാന്‍ പാങ്ങിലിനു ആത്മവുള്ള എണ്ണമറ്റ ഗ്രന്ധങ്ങളുണ്ട്.  എഴുത്തില്‍ കവിത, ചരിത്രം, കര്‍മശാസ്ത്രം, വിശ്വാസശാസ്ത്രം, സാമൂഹികപ്രസക്തിയുള്ള ഇടപെടലുകള്‍, മദ്ഹ്‌ബൈത്തുകള്‍, മനാഖിബുകള്‍ തുടങ്ങി വലിയ കര്‍മമണ്ഡലമാണ് അദ്ദേഹം വരച്ചുവെച്ചത്.  അതിനുപുറമേ വായിക്കുന്ന ഗ്രന്ധങ്ങളിലെല്ലാം തഹ്ഖീഖ് നടത്തിയും അദ്ദേഹം എഴുതികൊണ്ടിരുന്നു.
 പ്രത്യേക ആവശ്യങ്ങള്‍ വരുമ്പോള്‍ മതകാര്യങ്ങളില്‍ ജീവിതരീതി കൊണ്ട് പ്രാദേശിക തലത്തിലോ ലോകതലത്തിലോ ഇതിഹാസസമാനരായ ഖുതുബുകളുടെയും വലിയ്യുകളുടെയും ഔലിയാക്കളുടെ പേരില്‍ അവരുടെ ജീവിതം പറയുന്ന ഗ്രന്ധങ്ങളെഴുതാന്‍ നേര്‍ച്ചയാക്കി ഉദ്ദേശനിര്‍വ്വഹണത്തിനായി തവസ്സുലിന്റെ അപൂര്‍വ്വമാര്‍ഗമായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. പ്രമുഖ പണ്ഡിതനും ത്വരീഖത്തിന്റെ ഗുരുവുമായിരുന്ന അഹ്മദ് ബദവിയുടെ പേരിലും കാലഘട്ടത്തിന്റെ ഖുതുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ പേരിലും അദ്ദേഹം   മനാഖിബുകളെഴുതിയിട്ടുണ്ട്. മാത്രമല്ല ശൈഖ് ജീലാനി തങ്ങളുടെ പേരില്‍ തനിക്ക് വന്ന രോഗശമനത്തിനായി ഒരു ഖുതുബിയ്യത്ത് രചന നേര്‍ച്ചയാക്കി എഴുതുകയും ചെയ്തു. തന്റെ ജീവിതസ്വപ്നമായിരുന്ന ബാഖിയാത്തിന്റെ മാതൃകയിലുള്ള ഒരു സ്ഥാപനം നിര്‍മിക്കണമെന്ന ആഗ്രവുമായി മഹദ്‌വ്യക്തികളെ  തന്നേക്കാളും സ്‌നേഹിച്ചിരുന്ന അദ്ദേഹം ചെന്നുകണ്ടത് തന്റെ സുഹൃത്തുകൂടിയായിരുന്ന പനമ്പുഴക്കല്‍ ജമലുല്ലൈലി തങ്ങളെയായിരുന്നു. അങ്ങനെ ആ സയ്യിദ് കുടുംബത്തിന്റെ മുഴുവന്‍ ചരിത്രവും എഴുതി മൗലൂദ് രചിച്ചശേഷമാണത്രെ അവര്‍ സ്ഥാപന നിര്‍മാണത്തിന് മുന്‍കയ്യെടുത്തത്. ഇങ്ങനെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് രചന നടത്തുന്നത് പഥ്യമാക്കുകയും അതൊരു പുണ്യകര്‍മമാക്കിത്തീര്‍ക്കുക കൂടിയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള രചനകള്‍ക്ക് അന്ന് താന്‍ നേതൃത്വം കൊടുത്തിരുന്ന സമസ്തയുടെ മുഖ്യ എതിരാളികളായിരുന്ന തവസ്സലിനെയും ഇസ്തിഗാസയെയും എതിര്‍ക്കുന്ന ബിദഈ കക്ഷികള്‍ക്കെതിരെയുള്ള മരിക്കാത്ത പ്രതിഷേധമെന്ന നിലക്കും പ്രസക്തിയുണ്ട്.
 ഇസ്ലാമിക ലോകത്ത് പ്രമുഖമായി അവലംബിക്കപ്പെടുന്ന ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്രമേഖലയിലെ  സുപ്രധാന ഗ്രന്ധമായ ഇബ്‌നു ബജര്‍ അല്‍ ഹൈതമിയുടെ തുഹ്ഫതുല്‍ മുഹതാജിനും അവര്‍ ഒരു ഹാശിയ ( വ്യാഖ്യാനം) എഴുതിയതായി അദ്ദേഹത്തന്റെ തന്നെ കിതാബായ ഈജിപ്തില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെട്ട നഹ്ജുല്‍ ഖവീമിന്റെ മുഖവുരയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്മുറക്കാരുടെ അശ്രദ്ധ കാരണത്താലോ അവസാനനാളുകളില്‍  രോഗഗ്രസ്തനായി കഴിഞ്ഞുകൂടിയതിനാലോ അത് ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. അതിനെല്ലാം പുറമേ താന്‍ ഇടപെടുന്ന കിതാബുകളില്ലാം മുല്ലവിയെന്ന പേരോടെ തന്റേതായ കഴ്ച്ചപ്പാടുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. ബാഖിയാത്തിലെ ചില കിതാബുകളില്‍ മുല്ലവിയെന്ന പേരില്‍ ചില കിതാബുകളിലെ വിശദീകരണങ്ങള്‍ കണ്ടതായും പുതിയ പണ്ഡിതന്മാര്‍ പറയാറുണ്ട്.
 സമകാലികരായ മികച്ച എഴുത്തുകാരെ ചേര്‍ത്ത് വെച്ച് പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെ വായിക്കുമ്പോഴാണ് ഇതിഹാസമായ ഒരെഴുത്തുകാരനെ വായിക്കുകയും അറിയുകയെന്നതും പരിപൂര്‍ണ്ണമാവുന്നത്. അദ്ദേഹത്തിന്റെ കാലത്ത് എഴുത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പണ്ഡിതന്മാരില്‍ ചിലരുടെ കൃതികള്‍ കൈകാര്യം ചെയ്യുന്ന മേഖല മനസ്സിലാക്കിയാല്‍ അവര്‍ ചെയ്തപ്രകാരം അതേ മേഖലയില്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും എഴുതിയതായി കാണാനാവുന്നതാണ്. കേരളത്തിലെ പ്രമുഖ പണ്ഡിതരിലൊരാളായ അഹമ്മദ് കുട്ടി ശാലിയാത്തി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങളെക്കുറിച്ച് ഒരു മനാഖിബ് രചനനടത്തുകയും അസ്മാഅ് ബദ്‌റും ഉഹ്ദും ഉള്‍പ്പെടുത്തി ഒരു തവസ്സുല്‍ കാവ്യം രചിക്കുകയും ചെയ്തു. അതേപ്രകാരം പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും ഇതേ രീതിയില്‍ എഴുതിയിരുന്നു. മത്രമല്ല ഇത്തരം പ്രഗത്ഭപണ്ഡിതന്മാരോടു എണ്ണത്തിലും കിടപിടിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ രചനകള്‍.
ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ പണ്ഡിത എഴുത്തുകാരില്‍ പ്രമുഖരിലൊരാളായി ഗണിക്കാവുന്ന തരിത്തില്‍ സജീവമായ ഇടപെടലുകളാണ് അദ്ദേഹം തന്റെ ജീവിതകാലത്തു നടത്തിയിരുന്നത്. ചര്‍ച്ചചെയ്യപ്പെടുന്ന വിശയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാലും പൈതൃകവീണ്ടെടുപ്പിന്റെ ഭാഗമായും ഈ പുസ്തകങ്ങള്‍ കുറേ കൂടി വിശാലമായ വിശകലനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇന്ന് ഇത്തരം മഖ്ത്വൂതാത്തുകള്‍ പല സാമൂഹിക കാരണങ്ങളാലും ശ്രദ്ധിക്കപ്പെടാതെ നശിച്ചുപോവുകയാണ് ചെയ്യുന്നതെന്നാണ് മനസ്സിലാവുന്നത്. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരെപ്പോലെ ഇന്നും മത- സാമൂഹിക തലങ്ങളില്‍ ഗ്രന്ധരചനകള്‍ നടത്തിയ പണ്ഡിതരുടെ ഗ്രന്ധങ്ങളുടെ പേരുവിവരങ്ങള്‍ അറിയന്നതിലപ്പുറം അവ പൈതൃകമായി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തവും പിന്മുറക്കാരോ അല്ലെങ്കില്‍ പൊതുസംഘടനകളോ കാണിക്കേണ്ടതുണ്ട്.
 
 പ്രമുഖരചനകള്‍
  മനാഖിബുകള്‍
 1)മന്‍ഹലുറവി ഫീ മനാഖിബി സയ്യിദ് അഹമ്മദ് ബദവി
 2)മവാഹിബുല്‍ ജലീല്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി
 3)അന്നഫഹാതുല്‍ ജലീല്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അല്‍മന്‍ഫുറമീ
 4)അല്‍ ഫൈളുല്‍ മുന്‍ജീ ഫീ മനാഖിബി ഹസന്‍ കൊടിഞ്ഞി
 5)അല്‍ ഫൈളുല്‍ മദീദ് ഫീ തവസ്സുലി ആലി ഐദീദ്
 6)ഖസീദത്തു ത്തഹാനിഅ് ഫീ സിയാറതി ശൈഖ് ബല്‍യാനി
 7)ശറഹു ഖസീദത്തി ജമര്‍മഖ്‌നൂനി
  കാവ്യങ്ങള്‍
 8)ഖസീദത്തുല്‍ ഖുതുബിയ്യ ഫീ മദ്ഹി ഗൗസില്‍ ബരിയ്യ
 9)അല്‍ ഖസീദത്തുല്‍ മുസ്സമ്മാ ബിത്തുഹ്ഫതിറബീഇയ്യ ഫീ മദ്ഹി ഖൈറില്‍ ബരിയ്യ
 10)താജുല്‍ വസാഇല്‍ ഫീ ഖൈറില്‍ ആസാമീ വല്‍ ഫവാളില്‍
 11)ഫതാവല്‍ മുല്ലവി
 12)തന്‍ബീഹുല്‍ അനാം ഫീ തന്‍സീലി ദവില്‍ അര്‍ഹാം
 കര്‍മ്മശാസ്ത്രം
 13)ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതില്‍ മുഹ്താജ്
 14)അല്‍ ഖാലുല്‍ മുത്തസഖ് ഫീ ബയാനില്‍ അഖ്‌വാലി വല്‍ ഔജുഹി വത്ത്വുറുഖ്
 15)അല്‍ ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ്
 16)തുഹ്ഫതുല്‍ അഹ്ബാബി തളിപ്പറമ്പ്
 17)അന്നഹ്ജുല്‍ ഖവീം ലിമന്‍ യുഖല്ലിദു ഖൗലല്‍ ഖദീം ഫില്‍ ജുമുഅ
 18)ഇസാഹത്തുല്‍ ഹംസ അന്‍ അസ്ഇലത്തില്‍ ഖംസ
  വിശ്വാസ ശാസ്ത്രം
 19)തന്‍ബീഹുല്‍ ഗഫൂല്‍ ഫീ ദഅ്‌വാ അന്നന്നബി ദാവൂദ് നബിയ്യുന്‍ വറസൂലുന്‍
 20)റദ്ദുശ്ശറുശ്ശേരി
  സാഹിത്യം ( ബലാഗ)
 21)അല്‍ ബയാനുശ്ശാഫീ ഫീ ഇല്‍മയില്‍ അറുളി വല്‍ ഖവാഫീ
 22)ഇബ്‌റാസുല്‍ മുഹ്മില്‍ ബിശറഹി നള്മി അലാഖാത്തില്‍ മജാസില്‍ മുര്‍സല്‍
   ചരിത്രം
 23)ഖിസ്സതു ചേരമാന്‍ പെരുമാള്‍
  തര്‍ക്കശാസ്ത്രം (മന്‍ത്വിഖ്)
 24)തന്‍ഖീഹുല്‍ മന്‍തിഖ് ഫീ ശറഹി തസ്വ്‌രീഹില്‍ മന്‍ത്വിഖ്
  അവലംബം:
  ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ - നെല്ലിക്കുത്ത് ഇസ്മാഈല്‍ മൗലവി
  സമസ്ത- പിപി മുഹമ്മദ് ഫൈസി
  പത്തായം - ഇസ്‌ലാഹുല്‍ ഉലൂം വാര്‍ഷികസുവനീര്‍
  അന്നഹ്ജുല്‍ ഖവീം ലിമന്‍ യുഖല്ലിദു ഖൗലല്‍ ഖദീം ഫില്‍ ജുമുഅ-പാങ്ങില്‍ അഹമ്മദ് കുട്ടി മുല്ലവി
  അഭിമുഖങ്ങള്‍
  എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കാസര്‍കോഡ്
  അബ്ദുറഹ്മാന്‍ ഖാസിമി പാങ്ങില്‍
  തയ്യാറാക്കിയത് :
    യൂനുസ് ചെമ്മാട്
    നൗഫല്‍ പതിനാറുങ്ങല്‍
    സയ്യിദ് മഅ്ശൂഖ് കുറുമ്പത്തൂര്‍




Post a Comment

Previous Post Next Post