- ഉസ്മാൻ
കേരളീയ വൈജ്ഞാനിക-സാഹിതീയ രംഗത്തെ പണ്ഡിത ജ്യോതിസു കൊണ്ടും രചന വൈഭവം കൊണ്ടും സാഹിതീയ തികവുകൊണ്ടും പണ്ഡിത പരമ്പരയാണ് ഫള്ഫരികള്‍ പല പ്രശസ്ത പണ്ഡിത കുടുംബങ്ങളെ പോലെ തന്നെ യമനില്‍ നിന്നും കേരളത്തില്‍ എത്തിയ ഇവരുടെ പിന്‍ തലമുറക്കാര്‍ ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ കടലുണ്ടി പുഴയോരത്ത് പടിഞ്ഞാറ്റുമുറി(പള്ളിപ്പുറം)യില്‍ താമസമാക്കിയത് മുതലാണ് പ്രദേശ നാമത്തോട് (പള്ളിപ്പുറം) ചേര്‍ത്ത് ഫള്ഫരികള്‍ എന്ന് അറിയാന്‍ തുടങ്ങിയത്. പടിഞ്ഞാറ്റുമുറിയില്‍ എത്തിയ ഇവരുടെ പൂര്‍വ്വ പിതാവ് സൂഫീ വലിയുള്ളാഹിയുടെ പരമ്പരയില്‍ യൂസുഫുല്‍ ഫള്ഫരി, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി, അബ്ദുല്‍ റഹ്മാന്‍ ഫള്ഫരി എന്നിവരാണ് പ്രശസ്തരായ മുന്‍ കാമികള്‍ ഇവര്‍ അദ്ധ്യാപന പ്രഭാഷണ രംഗങ്ങളിലും, മുഫ്ത്തി, ഖത്തീബ്, ഖാളി എന്നീ നിലകളിലും സൂര്യസമാനം ജ്വലിച്ച് നിന്നു. നിരവധി കിതാബുകളുടെ രചയിതാവായ, ശൈഖുല്‍ ഹിന്ദ് എന്ന് അറബികള്‍ ആദരവോടെ വിളിക്കുന്ന അന്‍വര്‍ അബ്ദുള്ള ഫള്ഫരിയാണ് ഇസ്‌ലാമിക രചന രംഗത്ത് ഈ കുടുംബത്തെ പ്രശസ്തമാക്കിയത്. അന്നള്മുല്‍ ജലിയ്യ് ഫില്‍ ഫിഖ്ഹില്‍ ഹമ്പലി, അല്‍ മന്‍ളൂമാത്തുല്‍ ഫള്ഫരിയ്യ, അല്‍ ഖലാഇദുല്‍ ജലീലിയ്യ, ഹജ്ജ്, ഉംറ, അനന്തരാവകാശ നിയമം ഇസ്‌ലാമില്‍ തുടങ്ങി ഇസ്‌ലാമിക രചനാ രംഗത്തെ അന്‍വര്‍ അബ്ദുള്ള ഫള്ഫരിയുടെ സംഭവാനകള്‍ നിരവധിയാണ്. നിരവധി രചനകളും അനേകം പണ്ഡിതന്മാരേയും സംഭാവന ചെയ്ത അറബിക് കവിതാ രംഗത്തെ സാഹിതീയ മികവ് കൊണ്ട് വേറിട്ട് നില്‍കുന്ന, ഇന്നും നിരവധി പണ്ഡിതന്മാരാല്‍ അറിയപ്പെടുന്ന ഈ കേരളീയ മലബാര്‍ കുടുംബത്തെ കുറിച്ചുള്ള ഒരു പഠനമാണ് ഈ പ്രബന്ധം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉറവിടം
കേരളത്തിലെ പ്രമുഖ മുസ്‌ലിം കുടുംബങ്ങളെ പോലെ യമനിലെ അറബ് ഗോത്രങ്ങളാണ് ഫദ്ഫരികളുടെയും ഉറവിടം. ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം മാലിക് ബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു വന്ന സഹയാത്രകരായിരുന്നു ഇവരുടെ പൂര്‍വികര്‍. ചാലിയത്തെ പ്രധമ മസ്ജിദിനരികില്‍ താമസിച്ചിരുന്ന ഇവരുടെ പിന്‍ തലമുറക്കാരില്‍ ചിലര്‍ തിരൂരങ്ങാടിയിലേക്കു മാറി താമസിച്ചു. പ്രസിദ്ധമായ യറമാക്ക വീട്ടില്‍ തറവാട്ടുകാരാണിവര്‍. മുഹ്‌യിദ്ദീന്‍ അല്‍യറമക്കിയാണ് ആദ്യമായി പള്ളിപ്പുറത്ത് താമസമാക്കുന്നത്. ഏകദേശം നാലു നൂറ്റാണ്ടുമുമ്പാണത്. എണ്ണകച്ചവടക്കാരനായിരുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തിലും സത്യസന്തതയിലും ആകൃഷടനായ പ്രദേശത്തെ മനക്കല്‍ നമ്പൂതിരി കാരണവരാണ് സൗജന്യമായി സ്ഥലവും മറ്റും നല്‍കി ഇങ്ങോട്ട് കുടുംബ സമേതം ക്ഷണിച്ചു വരുത്തിയത്. അതിന് ശേഷമാണ് പള്ളിപ്പുറം എന്നതിന്റെ അറബീകരണമായ ഫദ്ഫര്‍ എന്നതിലേക്ക് ചേര്‍ത്ത് ഇവര്‍ ഫദ്ഫരികള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇന്ന് പടിഞ്ഞാറ്റുമ്മുറി ഈസ്റ്റ് എന്ന പേരിലറയിപ്പെടുന്ന ഈ പ്രദേശത്തെ കുന്നുമ്മല്‍ എന്ന പറമ്പിലായിരുന്നു ഇവര്‍ ആദ്യം താമസമാക്കിയത്. പിന്നീട് കടലുിപ്പുഴയോരത്ത് മഠത്തൊടി എന്ന ഭാഗത്തേക്കും അവിടെ നിന്ന് കാപ്പാട്ട് എന്ന ഭാഗത്തേക്കും ചിലര്‍ മാറി താമസിച്ചു. അതിനാല്‍ ഇന്നത്തെ തലമുറക്കാര്‍ ഈ മൂന്ന് തറവാട്ട് പേരിലും അറിയപ്പെടുന്നു. ഇവയെല്ലാം ഒരേ മഹല്ല് പരിധിയില്‍ വരുന്ന വിവിധ ഭാഗങ്ങളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പ്രസിദ്ധ പണ്ഡിതന്‍ യൂസുഫുല്‍ ഫദ്ഫരിയുടെ പിതാവായിരുന്ന സ്വൂഫി ഹാജി മുതലുള്ളവരുടെ വിവരങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്വൂഫിയ്യുബ്‌നു സൈ്വഫിയ്യുബ്‌നു മൂഹ്‌യിദ്ദീനുബ്‌നു ഉണ്ണേഫ് (ഉണ്ണി സ്വൂഫി) ബ്‌നു മുഹ്‌യുദ്ദീനുബ്‌നു സൈ്വഫിയ്യുബ്‌നു മൂഹ്‌യിദ്ദീന്‍ അല്‍യറമക്കി എന്നതാണ് പിതൃപരമ്പര. പേരിനെ അന്വര്‍ത്ഥമാക്കിയിരുന്ന ത്യാഗി വര്യനായ പണ്ഡിതനായിരുന്നു സൂഫി ഹാജി. തന്റെ കൃഷിയിടത്തില്‍ കന്നുപൂട്ടുമ്പോള്‍ പോലും ദിക്‌റുകള്‍കൊായിരൂന്നു മൃഗങ്ങളെ നിയന്ത്രിച്ചിരുന്നത്. സൂഫിഹാജിയുടെ മൂന്ന് മക്കളില്‍ മുഹ്‌യിദ്ദീന്‍, യൂസുഫ് എന്നിവരിലൂടെയാണ് പണ്ഡിത പരമ്പര നിലനില്‍ക്കുന്നത്.മുഹ്‌യിദ്ധീന്‍ എന്നിവരുടെ നാലു മക്കളില്‍ മുഹമ്മദ് ഫദ്ഫരി (1293-1358) എന്നിവര്‍ വലിയ പണ്ഡിതനായിരുന്നു. പിതൃവ്യന്‍ യൂസുല്‍ ഫദ്ഫരിയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം വെല്ലൂര്‍ ലഥീഫിയ്യ കോളേജില്‍ നിന്നാണ് സനദ് കരസ്ഥമാക്കിയത്. തോഴന്നൂര്‍, ചെമ്മങ്കടവ്, മുള്ള്യാകുര്‍ശി എന്നീ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. അബദുല്‍ ഖാദിര്‍ ഫദ്ഫരി, മകന്‍ മുഹ്‌യിദ്ദീന്‍ ഫദ്ഫരി, കൂട്ടിലങ്ങാടി ബാപ്പു മിസ്‌ലിയാര്‍,എടപ്പലം മാനു മുസ്‌ലിയാര്‍ എന്നിവര്‍ പ്രഗല്‍ഭ ശിഷ്യരാണ്. പ്രസിദ്ധ പണ്ഡിതന്‍ അബ്ദര്‍റഹ്മാന്‍ ഫദ്ഫരി എന്ന കുട്ടിമുസ്‌ലിയാര്‍ ഇദ്ദേഹത്തിന്റെ പുത്രനും ശിഷ്യനുമാണ്.
യൂസുഫുല്‍ ഫദ്ഫരി (1270-1338/1937)
പ്രതിഭാശാലിയായ പണ്ഡിതനും സാഹിത്യകാരനും സൂഫി വര്യനുമായിരുന്നു യൂസുഫുല്‍ ഫദ്ഫരി. സ്വദേശത്തു നിന്ന് തന്നെ പ്രാധമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പൊന്നാനി പള്ളിയില്‍ ബാവ മുസ്‌ലിയാരുടെ (മ. 1314) ദര്‍സില്‍ ചേര്‍ന്നു. ഹജ്ജിനു വേണ്ടി മക്കയിലേക്കു യാത്രപോയ അദ്ദേഹം ഒരു വര്‍ഷം അവിടെ തങ്ങുകയും ഇആനതിന്റെ രചയിതാവ് സയ്യിദ് ബക്ര്‍ ബ്‌നു മുഹമ്മദ് ശഥാ അദ്ദിംയാഥി, മുഹമ്മദ് ഹസബുല്ല അല്‍മക്കി എന്നിവരില്‍ നിന്നും വിദ്യനുകര്‍ന്നു. അധ്യാപന മേഖലയില്‍ തിളങ്ങിയ അദ്ദേഹം പള്ളിപ്പുറം, മലപ്പുറം, വാഴക്കാട് ദാറുല്‍ ഉലൂം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ടിക്കുകയും നിരവധി ശിഷ്യന്‍മാരെ വാര്‍ത്തെടുക്കുകയും ചെയ്തു. ചെറുകുഞ്ഞി കോയ തങ്ങള്‍ പാണക്കാട്, ചെറുകോയതങ്ങള്‍ പാണക്കാട്, ആറ്റക്കോയ തങ്ങള്‍ കടലുണ്ടി, കുഞ്ഞബ്ദുള്ള മുസ്‌ലിയാര്‍ കൂട്ടിലങ്ങാടി, സഹോദര പുത്രന്‍ മുഹമ്മദ് ഫദ്ഫരി, മകന്‍ അബദുല്‍ ഖാദിര്‍ ഫദ്ഫരി തുടങ്ങിയവര്‍ പ്രമുഖ ശിഷ്യരാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് പറയാന്‍ അസാമാന്യ ധൈര്യം കാണിച്ചിരുന്ന മഹാന്റെ വാക്കുകള്‍ക്ക് നല്ല അസറുള്ളതായി പല സംഭവങ്ങളും സൂചിപ്പിക്കുന്നു. നേര്‍ച്ചകള്‍ക്ക് സമാന്തരമായി നടത്തപ്പെടാറുള്ള അനാചാരങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം പ്രസിദ്ധമായ മലപ്പുറം നേര്‍ച്ച നടക്കുമ്പോള്‍ പ്രസ്തുത പള്ളിയിലെ തന്റെ ദര്‍സിന് അവധി നല്‍കി മാറി നില്‍ക്കറാണ് പതിവ്. 1921 ലെ മലബാര്‍ ലഹളയുടെ മറപിടിച്ച് പലരും അക്രമവും കൊള്ളയും നടത്തിയപ്പോള്‍ അതിനെ വിമര്‍ശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫത്‌വ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അറിയപ്പെട്ട അറബി കവിയായിരുന്ന അദ്ദേഹത്തിന്റെ പല കൃതികളും നഷ്ടപ്പെട്ടിരിക്കുന്നു. ബദ്‌രീങ്ങളുടെ നാമങ്ങള്‍ അറബി അക്ഷരമാല ക്രമത്തില്‍ കോര്‍ത്തിണക്കിയ ബദര്‍ പാട്ട്, ഉഹ്ദിലെ രക്തസാക്ഷികളുടെ പേരുകളടങ്ങിയ കവിത, പ്രാര്‍ത്ഥനാ കാവ്യങ്ങള്‍, നഹ്‌സിനെ ക്കുറിച്ചുള്ള ചെറു കവിത എന്നിവ അദ്ദേഹത്തിന്റെ രചനാ പാടവത്തിന്മേല്‍ വെളിച്ചം വീശുന്നു. ഹി. 1336 ലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ മരണപ്പെട്ട അദ്ദേഹം പെരിമ്പലം പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. യൂസുഫുല്‍ ഫദ്ഫരിയുടെ മക്കളില്‍ പലരും പ്രസിദ്ധ പണ്ഡിതന്‍മാരായിരുന്നു. മറ്റത്തൂര്‍ അവറാന്‍ മുസ്‌ലിയാരുടെ (മ. ഹി. 1321) മകള്‍ കുഞ്ഞിഫാത്തിമയായിരുന്നു ആദ്യ ഭാര്യ. ഇതില്‍ ആറു പുത്രന്മാരും നാലു പുത്രിമാരുമുണ്ട്. മൂത്ത മകന്‍ മുഹമ്മദ് ഫദ്ഫരി (മ. 1944/1363) പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. ദീര്‍ഘകാലം മലപ്പുറം വലിയങ്ങാടിയില്‍ മഹല്ല് ഖാളിയും മുദരിസും ഖത്വീബുമായിരുന്നു. പല കിതാബുകള്‍ക്കും അനുബന്ധ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുെങ്കിലും അവയൊന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പ്രശസ്ത പ്രവാചക കീര്‍ത്തന കാവ്യമായ അല്ലഫല്‍ അലിഫിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. രണ്ടാമത്തെ മകനായ അബ്ദുര്‍റഹ്മാന്‍ (മ. ഹി. 1331) വണ്ടൂര്‍ പ്രദേശത്തെ ഖാദിയും മുദരിസുമായിരുന്നു. 25-ാം വയസ്സില്‍ അന്തരിച്ച അദ്ദേഹം പല കവിതകളും ഗ്രന്ഥങ്ങളുമെഴുതിയിട്ടുെങ്കിലും പ്രസിദ്ധീകൃതമല്ല. ജനനം മുതല്‍മരണം വരെ പ്രവൃത്തിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്ന നഫാഇസുല്‍ ജവാഇസ് എന്ന അറബി മലയാളഗ്രന്ഥം ശ്രദ്ധേയമാണ്.
അബ്ദുല്‍ ഖാദിര്‍ ഫദ്ഫരി (മ. 1944/1363)
യൂസുഫുല്‍ ഫദ്ഫരിയുടെ മൂന്നാമത്തെ മകനായ അബദുല്‍ ഖാദിര്‍ ഹി. 1313 റജബ് 6ന് വെള്ളിയാഴ്ച്ച രാത്രി മഠത്തൊടി തറവാട്ടു വീട്ടിലാണ് ജനിക്കുന്നത്. ഗ്രന്ഥകാരനും വാഗ്മിയുമായിരുന്ന അദ്ദേഹം വിവധ വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ ബഹുഭാഷാ പണ്ഡിതനായിരുന്നു. പിതാവ് ദര്‍സ് നടത്തിയ സ്ഥലങ്ങളിലെല്ലാം അനുഗമിക്കുകയും പ്രധാന വിഷയങ്ങളെല്ലാം പിതാവില്‍ നിന്നു തന്നെ അഭ്യസിക്കുകയും ചെയ്തു. കൂടാതെ തന്റെ സഹോദരങ്ങള്‍, പിതൃവ്യ പുത്രന്‍ മുഹമ്മദ് ഫദ്ഫരി, പാങ്ങില്‍ അഹ്മദ് കുട്ടിമുസ്‌ലിയാര്‍ എന്നിവരും പ്രധാന ഗുരുവര്യരാണ്. പിതാവിന്റെ മരണ ശേഷം ഉന്നത പഠനത്തിനായി ഹി.1337ല്‍ വെല്ലൂര്‍ ബാഖിയാതില്‍ ചേര്‍ന്നു. ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്, അബ്ദുറഹീം ആതൂരി,അബ്ദുല്‍ അസീസ് വെല്ലൂരി, ആദം ഹസ്‌റത് എന്നിവരുടെ ശിശ്യത്വം സ്വീകരിച്ചു. ഔദ്യോഗിക പഠനത്തിനുപുറമെ ഇവരില്‍ നിന്ന് മറ്റു പല ഗ്രന്ഥങ്ങളും ഓതിയിരുന്നു. രാജഗിരിയില്‍ സേവനം ചെയ്യുന്നതിനിടെ അദിരാം പട്ടണത്തിലെ റഹ്മാനിയ കോളേജിലെ പ്രശസ്ത ഖിബ്‌ല ശാസ്ത്ര വിദഗ്ധന്‍ ഹസ്‌റത് അഹ്മദ് മുത്തുപ്പേട്ടയില്‍ നിന്ന് രിസാലതുല്‍ മാറദീനിയും ഓതിയിരുന്നു(1).
സേവനം
പഠന കാലത്തു തന്നെ പിതാവിന്റെ ദര്‍സില്‍ പല പ്രധാന കിതാബുകളും ഓതിക്കൊടു ത്തിരുന്ന അദ്ദേഹം 1341 ല്‍ ബാഖവി ബിരുദം നേടിയ ശേഷം മരണം വരെ അധ്യാപന മേഖലയില്‍ തുടര്‍ന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത രാജഗിരിയിലെ ഖാസിമിയ്യ മദ്‌റസയില്‍ അധ്യാപകനായി സേവനമാരംഭിച്ചു. ഖാസിമിയ്യയിലെ ഒരു വര്‍ഷത്തെ സേവനത്തിനു ശേഷം സ്വദേശത്തേക്കു മടങ്ങുകയും മൂന്ന് വര്‍ഷം(1924-1927) പള്ളിപ്പുറം പള്ളിയില്‍ മുദരിസായി സേവന മനുഷ്ഠിക്കുകയും ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 1927/1345 ല്‍ ഗുരു അബ്ദുല്‍ജബ്ബാര്‍ ഹസ്‌റത്തിന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട്ടിലേക്ക് മടങ്ങുകയും മഹ്മൂദ് ബന്തറിലെ മദ്‌റസതുല്‍ ഖാദിരിയ്യയില്‍ അധ്യാപകനാവുകയും ചെയ്തു.
മൂന്ന് വര്‍ഷത്തിനു ശേഷം സ്വദേശത്തേക്കു മടങ്ങിയ ഫദ്ഫരി തിരൂരങ്ങാടി നടുവിലെപ്പള്ളി, മഅ്ദിനുല്‍ ഉലൂം കോളേജ്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചു. തുടര്‍ന്ന് ഏഴ് വര്‍ഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ സ്വദര്‍ മുദരിസായി. പിന്നീട് സമസ്ത പ്രസിഡന്റായ കണ്ണിയ്യത്തുസ്താദ് അന്നവിടെ മൂന്നാം മുദരിസായിരുന്നു. അതിന് ശേഷം കുറച്ച് കാലം പട്ടിക്കാട് റഹ്മാനിയ മസ്ജദിലും പിന്നീട് അന്ത്യം വരെ മുള്ള്യാകുര്‍ശിയലുമാണ് ദര്‍സ് നടത്തിയത്. ദീര്‍ഘ കാലം മതാധ്യാപന മേഖലയില്‍ സേവന നിരതനായതിലൂടെ നിരവധി ശിഷ്യരേയാണ് ഫദ്ഫരി വാര്‍ത്തെടുത്തത്. ചേറൂര്‍ ഹുസൈന്‍ മുസ്‌ലിയാര്‍ (മ. ഹി. 1358), പാങ്ങില്‍ നൂറുദ്ദീന്‍ കുട്ടിമുസ്‌ലിയാര്‍ (മ. ഹി. 1405), പിച്ചന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ (മ. ഹി. 1405), ശംസുല്‍ ഉലമാ ഇ. കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, മലയമ്മ അബൂ ക്കര്‍ മുസ്‌ലിയാര്‍, അല്‍മന്‍ഹല്‍ രചയിതാവ് അബൂസ്വലാഹ് മൗലവി തുടങ്ങിവര്‍ അവരില്‍ പ്രമുഖരാണ്.
കര്‍മശാസ്ത്ര തര്‍ക്ക വിഷയങ്ങളില്‍ ഫദ്ഫരിയുടെ നിലപാടുകള്‍
പ്രമുഖ വാഗ്മിയായിരുന്ന അബ്ദുല്‍ ഖാദിര്‍ ഫദ്ഫരി ഖണ്ഡന പ്രസംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ്. നവീകരണ വാദികള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആ കാലഘട്ടത്തില്‍ സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ സ്ഥാപിക്കാന്‍ നിരവധി ആശയ സംവാദങ്ങള്‍ നടത്തിയിരുന്നു. തൗഹീദും ശിര്‍ക്കും, പുണ്യാത്മാക്കളോടുള്ള സഹായാഭ്യര്‍ത്ഥന, ഇടതേടി പ്രാര്‍ത്ഥിക്കല്‍, ഖബര്‍ സിയാറത്, ഔലിയാക്കളുടെ കറാമത്, ഇജ്തിഹാദും തഖ്‌ലീദും, തറാവീഹിന്റെ റകഅതുകളുടെ എണ്ണം, നബിദിനാഘോഷം, സ്ത്രീ ജുമുഅ ജമാഅത് എന്നീ വിഷയങ്ങളിലെ അദ്ദേഹത്തിന്റ സമര്‍ത്ഥന രീതി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതില്‍ കര്‍മശാസ്ത്ര വിഷയങ്ങളിലെ അദ്ദേഹത്തിന്റെ സമീപനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
ഇജ്തിഹാദും തഖ്‌ലീദും: കര്‍മശാസ്ത്ര ഗവേഷണത്തിന് യോഗ്യതയില്ലാത്തവരൊക്കെ നാലിലൊരുമദ്ഹബ് സ്വീകരിക്കണം. എന്നാല്‍ ഒരു പണ്ഡിതന്റെയും അഭിപ്രായം അവലംബിക്കേണ്ടതില്ലെന്നും ഖുര്‍ആനും നബിചര്യയും മാത്രമാണവലം മെന്നുമാണ് പുത്തനാശയക്കാരുടെ വാദം. ലോകത്തിന്റെ പൊതുരീതിക്കനുസൃതമായി ഇസ്‌ലാമിനും നാലു ഘട്ടങ്ങളു്;തുടക്കം, വളര്‍ച്ച, പൂര്‍ത്തീകരണം, അവസാനം.ആദ്യ പ്രവാചകനിലൂടെ തുടക്കം കുറിച്ച ഇസ്‌ലാമിക ശരീഅത്ത് പിന്നീടുള്ള പ്രവാചകരിലൂടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് അന്ത്യ പ്രവാചകന്‍ മുഹമ്മദ് (സ) യിലൂടെ പൂര്‍ത്തീകരിക്കെപ്പെട്ടതാണ്.ഏതു ദേശത്തിനും കാലത്തിനും അതു സ്വീകാര്യമാണ്. മനുഷ്യന്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള പുതിയ പ്രശ്‌നങ്ങളെ സമീപിക്കേരീതിയും പൊതു സ്വഭാവവും ഇസ്‌ലാം വിശദീകരിച്ചു. യോഗ്യതയുള്ളവര്‍ ശാഖാപരമായ കാര്യങ്ങളില്‍ ഗവേഷണം നടത്തുകയും അല്ലാത്തവര്‍ അവരെ അനുദാവനം ചെയ്യണമെന്നുമാണ് പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. നാലു ഇമാമുമാര്‍ക്കു പുറമെ നിരവധി ഗവേഷകരുണ്ടായിരുന്നു. എന്നാല്‍ അവരുടെ ഗവേഷണങ്ങള്‍ ക്രോഡീകരിക്കപ്പെടാത്തതിനാല്‍ പില്‍ക്കാലക്കാര്‍ക്ക് അവ അപ്രാപ്യമായി. പണ്ഡിതന്മാരുടെ ഗവേഷണങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രായോഗിക വിശദീകരണമായതിനാല്‍ അവയെ സ്വീകരിക്കുന്നതിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ പിന്‍പറ്റുകയാണ് ഒരാള്‍ ചെയ്യുന്നത്.
ഖബര്‍ സിയാറത്ത്: പുത്തനാശയക്കാര്‍ ശിര്‍കും ബിദ്അതുമായി കണക്കാക്കുന്ന ഒന്നാണ് പ്രവാചകരുടെയും മഹത്തുക്കളുടെയും ഖബര്‍ സന്ദര്‍ശനവും അതിനു വേണ്ടിയുള്ള യാത്രയും. മൂന്ന് പള്ളിയിലേക്കല്ലാതെ യാത്രചെയ്യരുതെന്ന നബി വചനമാധാരമാക്കി റൗളയിലേക്കുള്ള യാത്രപോലും അവര്‍ തെറ്റായി ചിത്രീകരിച്ചു. പുണ്യത്തില്‍ തുല്യമായ പള്ളികളെ ക്കുറിച്ചു മാത്രമാണിതെന്നും, മസാറുകള്‍ ഈ ഗണത്തില്‍പെടില്ലെന്നും ഫദ്ഫരി സമര്‍ത്ഥിക്കുന്നു. ഖുര്‍ആന്‍, സുന്നത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ റൗളാ സന്ദര്‍ശനത്തിന്റെ ആവിശ്യകത വിവരിക്കുന്നു. മഹത്തുക്കളുടെ മസാറുകള്‍ സമ്പര്‍ശിക്കല്‍ പ്രവാചകരുടെയും അനുചരരുടെയും ചര്യയാണ്. മരിച്ചവര്‍ക്കുവേിയുള്ള പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ അവര്‍ക്ക് ഉപകരിക്കുമോ എന്നാണ് ഇതിന്റെ അടിസ്ഥാന ചര്‍ച്ച. മുന്‍ഗാമികള്‍ക്ക് വേണ്ടിയുള്ള ഖുര്‍ആനിക പ്രാര്‍ത്ഥനകളുടെയും മരിച്ചവരോട് സലാം പറയല്‍, അവര്‍ക്ക് വേണ്ടി നിസ്‌കരിക്കല്‍ തുടങ്ങിയ അനുഷ്ടാനങ്ങളുടെയും അടിസ്ഥാനത്തില്‍ പണ്ഡിതര്‍ ഇതിനെ സാധൂകരിക്കുന്നു. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ പ്രവര്‍ത്ഥനങ്ങള്‍ അറിയുമെന്നതിന് നിരവധി തെളിവുകളുണ്ട്. എന്നാല്‍ മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതെല്ലാതെ ലഭിക്കുകയില്ലന്ന ഖുര്‍ആനിക വചനമാണ് നിഷേധികളുടെ ആധാരം. ഇതിന് നിരവധി വ്യഖ്യാനങ്ങളാണ് പണ്ഡിതര്‍ നല്‍കുന്നത്. ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മരിച്ചവര്‍ക്ക് ഉപകാരപ്പെടുമെന്നത് നിരവധി ഉദാഹരണങ്ങളിലൂടെ ഇബനു തയ്മിയ്യ പോലും സ്ഥാപിക്കുന്നുണ്ട്.
തറാവീഹിന്റെ റകഅതുകള്‍: റമളാനിലെ തറാവീഹ് ഏറെ പുണ്യകരമാണെന്ന് എല്ലാ മുസ്‌ലിം വിഭാഗങ്ങളും വിശ്വസിക്കുന്നു. എന്നാല്‍ സമീപകാലത്തായി അതിലെ റകഅതുള്‍ എട്ട് മാത്രമാണെന്നും ഇരുപതല്ലെന്നും ചിലര്‍ വാദിക്കാന്‍ തുടങ്ങി. നാലു മദ്ഹബുകളും മറ്റുമൊക്കെ ഇരുപത് റകഅതാണ് തറാവീഹെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കെ ഇത് ഇജ്മാഉം വിയോചനത്തിന് സാധുതയില്ലാത്തതുമാണ്. എല്ലാ സ്വഹാബികളും അംഗീകരിച്ച ഇക്കാര്യത്തിനു വിരുദ്ധമെന്ന് തോന്നിക്കും വിധമുള്ള ഹദീസുകള്‍ തറാവീഹിനെ ക്കുറിച്ചല്ല, മറിച്ച് പ്രവാചകര്‍ പതിവായി നിര്‍വഹിക്കാറുള്ള നിശാ നമസ്‌കാരത്തെക്കുറിച്ചാണെന്നാണ് പ്രബലം.
നിസ്‌കാര ശേഷമുള്ള പ്രാര്‍ത്ഥന: നിസ്‌കാര ശേഷമുള്ള ദിക്‌റും പ്രാര്‍ത്ഥനകളും നിര വധി നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ടതും നബിയും ഖുലഫാഉകളും അനുവര്‍ത്തിച്ച് പോന്നതുമാണ.് നിസ്‌കാരശേഷം പെട്ടെന്നു പോകാനൊരുങ്ങിയവനെ പ്രവാചക സന്നിധിയില്‍ വെച്ച് ഉമര്‍ (റ) വിലക്കിയതായി ഹദീസുകളില്‍ കാണാം. സാധാരണ നബി തിരുമേനി നിസ്‌കാര ശേഷം തന്റെ വലതു ഭാഗമോ മുഖമോ ജനങ്ങള്‍ക്കഭിമുഖമായി ഇരുന്ന് ദിക്‌റുകളും ദുആകളും നടത്തിയിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഈപ്രാര്‍ത്ഥനകളിലധികവും ബഹു വചനങ്ങളാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആമീന്‍ പറയണമെന്നും ഇമാം തനിക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നത് വഞ്ചനയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു.
സ്ത്രീ ജുമുഅ ജമാഅത്ത്: ഇസ്‌ലാം സ്ത്രീക്ക് ഏറെ ആദരവും സ്വാതന്ത്രവും നല്‍കിയ മതമാണ്.ഇസ്‌ലാമിനു മുമ്പുള്ള സ്ത്രീയുടെ അവസ്ഥയും മറ്റു മതങ്ങളിലെ അവളുടെ സ്ഥാനവും പരിശോധിക്കുന്നആര്‍ക്കും ഇതു ബോധ്യപ്പെടും. എന്നാല്‍ പുരഷന്റെയും സ്ത്രീയുടെയും പ്രത്യേകതകള്‍ ഉള്‍കൊള്ളാതെയുള്ള സമ്പൂര്‍ണ്ണ സമത്വ വാദം ഇസ്‌ലാം നിരാകരിക്കുന്നു. പള്ളി പുരുഷ സ്വഭാവത്തിനനുസൃതമാണെന്നും ബാഹ്യകാരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സ്ത്രീ പള്ളിയില്‍ പോകരുതന്നും പണ്ഡിതര്‍ നിലപാടെടുക്കുമ്പോള്‍ അവളെ പള്ളിയിലേക്കാനയിക്കുകയാണ് നവീന വാദികള്‍. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് ഖുര്‍ആനും ഹദീസും പുരുഷന്‍ എന്ന അര്‍ത്ഥത്തിലുള്ള രിജാല്‍ എന്ന പദപ്രയോഗമാണ് നടത്തിയിട്ടുള്ളത്. തിന്മകളെ പ്രധിരോധിക്കല്‍ നന്മ അനുവര്‍ത്തിക്കുന്നതിനേക്കാള്‍ അഭികാമ്യമാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട്. ഹിജാബ് നിര്‍ബന്ധമാകുന്നത് വിവധ ഘട്ടങ്ങളിലായതിനാല്‍പള്ളിയിലെ സ്ത്രീ സാനിധ്യം സൂചിപ്പിക്കും വിധമുള്ള ഹദീസുകള്‍ നിരോധനത്തിന്റെ മുമ്പ് വന്നതാണെന്നാണ് പണ്ഡിതര്‍ പറയുന്നത്.
രചനകള്‍
എഴുത്തിന് ഏറെ പ്രാധാന്യം നല്‍കിയ അബ്ദുല്‍ ഖാദിര്‍ ഫദ്ഫരി ചെറുപ്പത്തിലേ ഗ്രന്ഥ രചനയിലേര്‍പ്പെടുകയും കനപ്പെട്ട നിരവധി കൃതികള്‍ കൈരളിക്ക് സമ്മാനിക്കുകയും ചെയ്തു. പഠനകാലത്ത് കിതാബുകളിലെ അച്ചടിപ്പിശകുകള്‍ തിരുത്തുകയും ഉസ്താദുമാരില്‍ നിന്നും അധിക വായനയില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഉസ്താദുമാരും പഠിതാക്കളുംഅവലംബിക്കുന്ന ലഘു ശറഹുകളായി ഇവ രൂപാന്തരപ്പെട്ടു. പ്രമുഖ ദര്‍സീ കിതാബുകളായ ശറഹുല്‍ അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍, തഫ്‌സീറുല്‍ ജലാലൈനി, മുഖ്തസര്‍ തുടങ്ങിയവക്ക് ഇങ്ങനെ അനു ന്ധങ്ങള്‍ ചേര്‍ത്തതായി അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നു. ബാഖിയാത്തില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് വിവിധ വിഷയങ്ങിളിലെ ഖാഇദകള്‍ രേഖപ്പെടുത്തിയ തന്റെ പ്രധമ കൃതി മജ്മഉല്‍ ഫവാഇദ് രചിക്കുന്നത്. 1341/1923 ല്‍ തമിഴ്‌നാട്ടിലെ ഖാസിമിയ്യ മദ്‌റസയില്‍ അധ്യാപകനായിരുന്നപ്പോള്‍ അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കായി രചിച്ച സഹ്‌ലു സ്വബിയ ബിമദ്‌റസത്തില്‍ ഖാസിമയ്യ മദ്‌റാസില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഈ കാലയളവിലാണ് ഹാശിയതുന്‍അലാ ശര്‍ഹി തഹ്ദീബില്‍ കലാം എന്നതും എഴുതുന്നത്. പള്ളിപ്പുറത്തെ സേവന ഘട്ടത്തിലാണ് (1924-1927) തുഹ്ഫതുസ്വബിയാന്‍ ഫീബയാനില്‍ ഈമാനി വല്‍ഇസ്‌ലാം എന്ന അറബി മലയാള കൃതി രചിക്കുന്നത്. വിവധ വിഷയങ്ങളില്‍ ശാഫിഈ മദ്ഹബ് അനുസരിച്ച് ഫത്‌വ നല്‍കിയിരുന്ന മഹാ പണ്ഡിതനായിരുന്ന അദ്ദേഹം മജ്മൂഉല്‍ ഫതാവാ എന്ന കൃതിയും രചിച്ചിട്ടുണ്ട് .ജവാഹിറുല്‍ അശ്ആരി വഗറാഇണ്ബുല്‍ ഹികായാതി വല്‍അഖ്ബാര്‍ എന്ന ഫദ്ഫരിയുടെ മാസ്റ്റര്‍പീസ് ഗ്രന്ഥം അദ്ദേഹത്തിന്റെ സാഹിത്യാഭിരുചിയെയും വിശാലമായ അറിവിനെയും സൂചിപ്പിക്കുന്നു. വാഴക്കാട് ദാറുല്‍ ഉലൂമിലെ സേവനകാലത്താണ് ഇത് രചിക്കുന്നത്. കേരളത്തിലെ ഇസ്‌ലാമിക ആഗമനം, നിരവധി അപൂര്‍വ സംഭവങ്ങള്‍, അമൂല്യ കവിതകള്‍, കവിതാ ശാസ്ത്രത്തിന്റെ ഇസ്‌ലാമിക മാനം, കത്തെഴുത്തിന്റെ വിവിധ രീതികള്‍ തുടങ്ങി വിത്യസ്ത മേഖലകള്‍ ഈ കൃതി കൈകാര്യം ചെയ്യുന്നു. അന്നത്തെ ഹൈദരാബാദ് രാജാവായിരുന്ന മീര്‍ ഉസ്മാന്‍ അലി ഖാനാണ് ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്. ശൈഖ് ആദം ഹസ്‌റത്തുള്‍പ്പടെ നിരവധി പണ്ഡിതര്‍ ഇതിനെ പ്രശംസിക്കുകയും പലരും പ്രശംസാകാവ്യം രചിക്കുകയുംചെയ്തിട്ടുണ്ട്. എന്നാല്‍, കേരളത്തിലേക്കുള്ള ഇസ്‌ലാമികാഗമനത്തെ ക്കുറിച്ച് തുഹ്ഫതുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുബീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അടിസ്ഥാനപ്പെടുത്തി അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. ഖൈറുദ്ദാറൈന്‍, ഹാശിയതുന്‍ അലാ തഖ്മീസി ബാനത് സുആദ്, ദീവാനുല്‍ അശ്ആരില്‍ ഗരീ ,ഖസ്വീദ ലാമിയ്യ, ഹാശിയതുന്‍ അലാ ശര്‍ഹി ഖഥറുന്നദ തുടങ്ങിയവ മറ്റു ഗ്രന്ഥങ്ങളാണ്. കൂടാതെ തന്റെ അധ്യാപകര്‍, സഹപാഠികള്‍, സ്‌നേഹിതര്‍ എന്നിവര്‍ക്ക് അറബിയെലെഴുതിയ കാവ്യ ഗദ്യ കത്തിടപാടുകള്‍,
നിരവധി പണ്ഡിതരെ ക്കുറിച്ചെഴുതിയ അനുശോചനാ കാവ്യങ്ങള്‍, പ്രാര്‍ത്ഥനാ കാവ്യങ്ങള്‍, പ്രകീര്‍ത്തന കവിതകള്‍ എന്നിവ പ്രത്യേകം പ്രസ്താവ്യമാണ്. ഇവയലധികവും സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഏറെ സാഹിത്യസമ്പുഷടമായ അദ്ദേഹത്തിന്റെ കൃതികളും അറബി ഭാഷക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളും കേരളത്തിലെ വിവിധ സര്‍വകലാശാല കോഴ്‌സുകളിലും വിവധ കോണ്‍ഫറന്‍സ് പ്രബദ്ധങ്ങളിലും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
സമസ്തയില്‍
ദീനി സേവനത്തിന്റെ വിവിധ മേഖലികളില്‍ തിളങ്ങി നിന്നിരുന്ന അബ്ദുല്‍ ഖാദിര്‍ ഫള്ഫരി കേരളത്തിന്റെ പരമോന്നത പരമാധികാര പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. ബിദഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കേരള സുന്നീ പാരമ്പര്യം നില നിര്‍ത്താനുമായി 1926-ല്‍ കോഴിക്കോട് വെച്ച് നടന്ന സമസ്ത രൂപീകരിക്കുമ്പള്‍ അദ്ദേഹം പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ കൂടെ വൈസ് പ്രസിഡന്റായിരുന്നു, മരണം വരെ ഈ പദവി അലങ്കരിച്ചു.
സുന്ദരമായ ഖിറാഅതിന്റെ ഉടമയായിരുന്ന അദ്ദേഹം മികച്ച പ്രഭാഷകനായിരുന്നു. ഹി. 1337 ല്‍ മലപ്പുറത്ത് നടത്തിയ റമദാനിലെമുപ്പത് ദിവസത്തെ വഅള് പരമ്പര ചരിത്രത്തില്‍ ഇടം പിടിച്ചതാണ്. ചികിത്സാ രംഗത്തും ഫദ്ഫരി ഏറെഅറിയപ്പെട്ടിരുന്നു. 1363 റജബ് 17 ന് ശനിയാഴ്ച്ചയായിരുന്നു മഹാനവര്‍കളുടെ അന്ത്യം. പിതാവിന്റെ അടുത്തായി പെരിമ്പലം ജുമാ മസ്ജിദില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. അഹ്മദ് കോയശ്ശാലിയാതി (മ. 1374), കാടേരി മുഹമ്മദ്മുസ്‌ലിയാര്‍ തുടങ്ങി നിരവധി പേര്‍ അനുശോചന കാവ്യം രചിച്ചിട്ടുണ്ട്.
അബ്ദുര്‍റഹ്മാന്‍ ഫദ്ഫരി (1914-1974)
കുട്ടി മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദുര്‍ഹമാന്‍ ഫദ്ഫരി 1914/1331 റമദാന്‍ 9ന് വ്യാഴായ്ച്ചയാണ് ജനിക്കുന്നത്. പ്രസിദ്ധ പണ്ഡിതന്‍ മുഹമ്മദ് ബിന്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരാണ് പിതാവ്. നെല്ലിക്കുത്ത് മുഹമ്മദ് കുട്ടിയുടെ മകള്‍ ബിയ്യക്കുട്ടി എന്ന സഫിയ്യ മാട്ടായിയാണ് മാതാവ്. പ്രാധമിക വിദ്യാഭ്യാസം സ്വദേശമായ പടിഞ്ഞാറ്റുമ്മുറിയില്‍ നിന്ന് തന്നെയായിരുന്നു. തുടര്‍ന്ന് പിതാവിന്റെ കൂടെ പെരിമ്പലം, കല്‍പകഞ്ചേരിക്ക് സമീപം കാനഞ്ചേരി, ചെമ്മങ്കടവ് എന്നിവിടങ്ങളില്‍ പഠിച്ചു. മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരില്‍ നിന്നും പഠിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉന്നത പഠനത്തിനു വേണ്ടി വെല്ലൂര്‍ ബാഖിയാതില്‍ ചേര്‍ന്നു. അബ്ദുര്‍റഹീം ഹസ്രത്ത്, ആദം ഹസ്‌റത്, ദിയാഉദ്ദീന്‍ ഹസ്‌റത് എന്നിവര്‍ അവിടത്തെ പ്രധാനഗുരുവര്യരാണ്. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സദഖത്തുള്ള മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സതീര്‍ത്ഥ്യരാണ്. മൂന്ന് വര്‍ഷത്തെ ഉന്നത പഠനത്തിന് ശേഷം തന്റ വഫാത് വരെ നീ 35 വര്‍ഷം വിവിധ ഇടങ്ങളില്‍ അധ്യാപന മേഖലയില്‍ സേവനമനുഷ്ടിച്ചു. ആറുവര്‍ഷം (1941-1946) കാനഞ്ചേരിയിലും, 1958 വരെ ചെമ്മങ്കടവും സേവനം ചെയ്തു. അദ്ദേഹം ഓതിപ്പഠിച്ച ഇടങ്ങള്‍ തന്നെയായിരുന്നു ഇവ രണ്ടും. പിന്നീട് ഒരു വര്‍ഷം കറുവന്‍തിരുത്തിയിലും ഏഴു വര്‍ഷം മേല്‍മുറി പൊടിയാട്ടും ദര്‍സ് നടത്തി. ഈ ദര്‍സ് ഏറെ പ്രശസ്തമാകുകയും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നാണ്1967ല്‍ ബാഖിയാതിലേക്ക് അധ്യാപകനായി ക്ഷണിക്കപ്പെടുന്നത്. അവിടെ നാലു വര്‍ഷം അധ്യാപകനായും മൂന്ന് വര്‍ഷം പ്രിന്‍സിപ്പാളായും സേവനമനുഷ്ടിച്ചു. പ്രഗല്‍ഭരായ ആയിരക്കണക്കിന് ശിഷ്യന്മാരെയായിരുന്നു ഫദ്ഫരി വാര്‍ത്തെടുത്തത്. പാനൂര്‍ പൂക്കോയതങ്ങള്‍, ഏഴിമല സയ്യിദ് ഇബ്രാഹീം മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, വെള്ളിലമൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍, പ്രശസ്ത സൂഫി വര്യന്‍ തേനു മുസ്‌ലിയാര്‍ സഹോദര പുത്രന്‍ അബ്ദുല്‍ മലിക് ബാഖവി എന്നിവരാണ് പ്രധാന ശിഷ്യന്മാര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും, ശ്രീലങ്ക, മലേഷ്യ,ഇന്തോന്യേഷ്യ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്‍ നിന്നും അദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. മാതൃഭാഷക്ക് പുറമെ ഇംഗ്ലീഷില്‍ സാമാന്യവിവരവും, അറബി, തമിള്‍, ഉര്‍ദു, ഫാരിസി എന്നീ ഭാഷകളുല്‍ പ്രാവീണ്യവുമുായിരുന്ന അദ്ദേഹം മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ പൗരസ്ത്യ ഭാഷാ പരീക്ഷാബോര്‍ഡില്‍ അംഗമായിരുന്നു. വിവിധ വിഷയങ്ങളിലെ തഹ്ഖീഖുകള്‍ കൊണ്ട് സമ്പന്നമായ അദ്ദേഹത്തിന്റെ സരളമായ അധ്യാപന ശൈലി ഏറെ ആകൃഷ്ടമായിരുന്നു. ജീവിതത്തില്‍ ഏറെ സൂക്ഷമത പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ മുഖ ഗാംഭീര്യം ഏറെ പ്രശസ്തമാണ്. പ്രമുഖ പ്രഭാഷകനും മികച്ച മധ്യസ്തനുമായിരുന്നു. ഖിബ്‌ല ശാസ്ത്രത്തില്‍ അവഗാഹമുായിരുന്ന അദ്ദേഹം അക്കാലത്തെ നിരവധി പള്ളികള്‍ക്ക് ഖിബ്‌ല നിര്‍ണയിച്ച് നല്‍കിയിരുന്നു.
ഇന്ത്യയിലെ വിവധ പണ്ഡിതന്മാരോട് ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം മുസ്‌ലിം വ്യക്തിനിയമസമിതിയില്‍ അംഗമായിരുന്നു. ദയൂബന്തിലെ അധ്യാപകരായിരുന്ന ബശീര്‍ അഹ്മദ് ഖാന്‍, ശൈഖ് ശഹീര്‍മദനി എന്നിവരുടെ മരണത്തില്‍ വിലാപ കാവ്യമെഴുതി അയച്ചിരുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ 1966ല്‍ അഖില കേരള ജംഇയ്യതുല്‍ ഉലമ രൂപീകരിച്ചപ്പോള്‍ അതിന്റെ മുഖ്യ കാര്യദര്‍ശിയായി. ജംഇയ്യ മാസികയില്‍ നിരവധി ലേഖനങ്ങളെഴുതിയിരുന്നു. പ്രധാന ദര്‍സി കിതാബുകള്‍ക്ക് അനുബന്ധങ്ങള്‍ എഴുതിയിട്ടുെങ്കിലും പ്രസിദ്ധീകൃതമല്ല. പ്രമുഖ അറബ് കവിയായിരുന്ന അദ്ദേഹം നിരവധി പ്രശംസാ, വിലാപ, പ്രാര്‍ത്ഥനാ കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. അബ്ജദ് കണക്ക് പ്രകാരം അറബി ഇംഗ്ലീഷ്തിയ്യതി ലഭ്യമാകുന്ന രീതിയില്‍ ജനന തിയ്യതിയും മറ്റും രേഖപ്പെടുത്തി അദ്ദേഹം രചിച്ച കവിതാ ശകലങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മകന്‍ അന്‍വര്‍ അബ്ദുല്ല ഫദ്ഫരി ഇതു സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെട്ടിരുന്ന മുഫ്തിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഫത്‌വകള്‍ കോഡീകൃതമല്ല. അസുഖ ബാധിതനായി ബാഖിയാതില്‍ നിന്നും തിരിച്ച് വന്ന് ആറു മാസത്തോളം വീട്ടില്‍ വിശ്രമിച്ച അദ്ദേഹം 1974 ജൂലൈ 5 ന് (1394 ജമാദുല്‍ ഉഖ്‌റ, 14) വെള്ളിയാഴ്ച്ച ഇഹലോകം വെടിഞ്ഞു. ഈ നീഇടവേള വായനക്കും ജനങ്ങളുടെ സംശയ നിവാരണത്തിനും ഉപയോഗപ്പെടുത്തി. മരണത്തിന്റെ തലേന്ന് രാത്രി വരെ ഫത്‌വ നല്‍കിയിരുന്നു. ബാഫഖി തങ്ങള്‍, പൂകോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാദി തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചിരുന്നു. പരസഹസ്രം ജനങ്ങള്‍ പല തവണകളായി നടന്ന മയ്യിത് നമസ്‌കാരത്തില്‍ പങ്കെടുത്തു. തന്റെ കര്‍മസാഫല്യമായ പടിഞ്ഞാറ്റുമ്മുറി ഈസ്റ്റ് ജുമാ മസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു. ഇദ്ദേഹത്തിന്റെ മക്കളും മരുമക്കളും പേരമക്കളുമടങ്ങിയ പുതുതലമുറയിലധികവും മതവിക്ഞാന മേഖലയില്‍ ശ്രദ്ധ പതിപ്പുക്കുന്നവരാണ്. മൂത്ത മകന്‍ മുഹമ്മദ് സാലിം ഫദ്ഫരി (1945-2008) പണ്ഡിതനും സാമൂഹിക പരിഷകര്‍ത്താവുമായിരുന്നു. ഖാസിമി ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പടിഞ്ഞാറെകു്, കാച്ചിനിക്കാട്, ചെറളി എന്നിവിടങ്ങളില്‍ മുദരിസും വിവധ മഹല്ലുകളിലെ ഖാദിയുമായിരുന്നു. വിവധ സ്ഥാപനങ്ങളും നിരവധി പള്ളികളും പടുത്തുയര്‍ത്തു. ജംഇയ്യത്, ജിഹാദ് എന്നീ ര് മാസികകളുടെ പത്രാധിപനായിരുന്നു. സയ്യിദ് ഖുതുബിന്റെ അല്‍ അദാലതുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്‌ലാം എന്ന കൃതിയിലെ ചില ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥകള്‍ എന്ന പേരില്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കിയിട്ടുണ്ട്.
അന്‍വര്‍ അബ്ദുല്ല ഫദ്ഫരി (1379-)
കര്‍മശാസ്ത്ര രംഗത്ത് ഏറ്റവുമധികം സംഭാവനകളര്‍പ്പിച്ചു കൊിരിക്കുന്ന മഹാ പ്രതിഭയാണ് അബൂ സുഹൈല്‍ അന്‍വര്‍ അബ്ദുല്ല ഫദ്ഫരി. കുട്ടി മുസ്‌ലിയാരുടെ പുത്രനായ ഇദ്ദേഹം ഹി. 1379 ലാണ് ജനിച്ചത്. പിതാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റ പ്രമുഖ ശിഷ്യരായ വെള്ളില മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, സഈദ് അലി ഹസ്‌റത് എന്നിവരില്‍ നിന്ന് ദര്‍സ് പഠനം പൂര്‍ത്തിയാക്കി. 1982 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു രണ്ട് വര്‍ഷത്തെ ഉപരി പഠനത്തിന് ശേഷം ഒന്നാം റാങ്കോടെ ബാഖവി ബിരുദം കരസ്ഥമാക്കി. ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്, കമാല്‍ ഹസ്‌റത്, ശൈഖ് സൈനുല്‍ ആബിദീന്‍ എന്നിവര്‍ അവിടെത്തെ പ്രധാന ഗുരുവര്യരായിരുന്നു. പഠന ശേഷം മുണ്ടുപറമ്പ് ജുമാ മസ്ജിദില്‍ മുദരിസായി സേവനമാരംഭിച്ചു. മൂന്ന് വര്‍ഷത്തിനു ശേഷം പൊന്നാനി മഊനത്തില്‍ അധ്യാപകനായും പിന്നീട് പ്രന്‍സിപ്പളായും നിയമിതനായി. 1993/1414 വരെ അവിടെ തുടരുകയും പിന്നെ വളരെ കുറഞ്ഞ ദിനങ്ങള്‍ മേല്‍മുറി പള്ളിയില്‍ സേവനമനുഷ്ടിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് തന്റെ അക്കാദമിക ജീവത്തിലെ വഴിത്തിരിവായ പ്രവാസ ജീവിതത്തിന് അവസരം ലഭിക്കുന്നത്. അന്നു മുതല്‍ സഊദി തലസ്ഥാനമായ റിയാളില്‍ അറബ് സഹോദരങ്ങള്‍ക്ക് മത വിജ്ഞാനം നുകര്‍ന്ന് നല്‍കുന്നു. ഫദ്ഫരിയുടെ വിജ്ഞാനത്തന്റെ ആഴം മനസ്സിലാക്കിയ അറബ്യന്‍ സുഹൃത്തുക്കളുടെ സ്‌നേഹാഭ്യാര്‍ത്ഥനയാണ് അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പ്രേരകം.
കര്‍മശാസ്ത്രം, നിദാനശാസ്ത്രം, അറബി വ്യാകരണം, സാഹിത്യം, ഖുര്‍ആന്‍ വ്യാഖ്യാനം എന്നീ മേഖലയിലായി അനവധി ഗ്രന്ഥങ്ങള്‍ ഫദ്ഫരി രചിച്ചിട്ടു്. അറിയപ്പെട്ട വിദേശ പ്രസാധകരാണ് പലതും പ്രസിദ്ധീകരിച്ചത് എന്നത് അദ്ദേഹത്തിന്റെ വൈജ്ഞാനിക മികവിനുള്ള അംഗീകാരമാണ്. അറബി ഭാഷയിലാണ് മിക്ക കൃതികളെങ്കിലും മലയാളത്തിലും ഉര്‍ദുവിലും ചില ഗ്രന്ഥങ്ങളുണ്ട്. പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളെ ഇങ്ങനെ വിലയിരുത്താം.
അല്‍ ഖലാഇദുല്‍ ജലിയ്യ ഫില്‍ ഖവാഇദില്‍ ഉസൂലിയ്യ
നിദാന ശാസ്ത്രത്തിലെ പ്രധാന വിഷയങ്ങള്‍ ഗദ്യ രൂപത്തില്‍ സരളമായി വിവരിക്കുന്ന ഈ കൃതി 777 വരികളാണ്. ആവിശ്യാനുസരണം പദാര്‍ത്ഥങ്ങള്‍, ഉദാഹരണങ്ങള്‍, തെളിവുകള്‍, വിശദീകരണങ്ങള്‍ എന്നിവ ഓരോ പേജിലും അനുബന്ധമായി നല്‍കിയിട്ടുണ്ട്. പ്രമുഖ സഊദി പണ്ഡിതന്‍ അബദുര്‍റഹ്മാന്‍ അല്‍ ജിബ്‌രീനാണ് ഇതിന്റെ ആമുഖം എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പിതാവും സഊദി പണ്ഡിത സഭാംഗവും മുഫതിയുമായിരുന്ന അബ്ദുല്ലാഹിബ്‌നു അബ്ദുര്‍റഹ്മാന്‍ അല്‍ ജിബ്‌രീനുമായി (1933-2009) ഈ കൃതി ചര്‍ച്ച ചെയ്യുകയും ഉപദേശങ്ങള്‍ സ്വീകരിച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ ഒന്നാം പതിപ്പ് 2006 ല്‍ സഊദി സര്‍ക്കാറിന്റെ അംഗീകാരത്തോടെ ഈജിപ്തില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. നിദാന ശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളായ ജംഉല്‍ ജവാമിഇ്, റൗളതുന്നാളിര്‍, അല്‍ജാമിഅ് എന്നിവയാണ് പ്രധാന അവലംബങ്ങള്‍. പ്രത്യേക അധ്യായങ്ങളാക്കി തിരിക്കാതെ ഓരോ വിഷയങ്ങളും അതതു തലവാചകങ്ങള്‍ക്കു കീഴില്‍ വിശദീകരിക്കുന്നു. ഉസൂല്‍, ഫിഖ്ഹ് എന്നിവയുടെ നിര്‍വചനങ്ങള്‍, അതിലെ പ്രതിപാദ്യ വിഷയങ്ങള്‍, അതിന്റെ ആവിശ്യകത, അവലംബങ്ങള്‍ എന്നിവ വിശദീകരിക്കുന്ന മുഖദ്ദിമയില്‍ സാധാരണ ചര്‍ച്ചചെയ്യപ്പെടാറുള്ള മന്‍ഥിഖി, തര്‍ക്ക ശാസ്ത്ര വഷയങ്ങള്‍ ഒഴിവിക്കിയിട്ടുണ്ട്. പ്രായോഗിക പ്രസക്തിയില്ലാത്ത ചര്‍ച്ചകള്‍ ഗ്രന്ഥങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആധുനിക പണ്ഡിതരുടെ ഈ സമീപനം ഗ്രന്ഥത്തിലുട നീളം കാണാം. തുടര്‍ന്ന് ഹുകുമകളുടെ വര്‍ഗീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു. ഖുര്‍ആന്‍, സുന്നത്ത് എന്നിവ വിശദീകരിച്ചാണ് ഇവ രണ്ടിലും പ്രസക്തമായ നസ്ഖ്, ഭാഷാ പ്രയോഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നത്. അടിസ്ഥാന പ്രമാണങ്ങളായ ഇജ്മാഉം ഖിയാസും അഭിപ്രായാന്തരങ്ങളുള്ള മറ്റു നിയമ സ്രോതസ്സുകളും ഹൃസ്വമായി വിവരിച്ച് ഇജ്തിഹാദും തഖലീദും ചര്‍ച്ച ചെയ്യുന്നു. തെളിവുകള്‍ക്കിടയില്‍ പ്രത്യക്ഷ്യത്തില്‍ കാണപ്പെടാറുള്ള വൈരുധ്യങ്ങളെ സമീപക്കേരീതിയാണ് അവസാന ഭാഗം. ഇങ്ങനെ വിഷയ ക്രമീകരണത്തില്‍ സ്വതന്ത്ര ശൈലിയും എന്നാല്‍ നിര്‍വചനങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവക്ക് പാരമ്പര്യ രീതിയുമാണ് ഗ്രന്ഥകര്‍ത്താവ് സ്വീകരിച്ചത്.
അന്നള്മുല്‍ജലി ഫില്‍ ഫിഖഹില്‍ ഹമ്പലി
കര്‍മശാസ്ത്രത്തിലെ പ്രധാന അധ്യായങ്ങള്‍ ഹമ്പലി മദ്ഹബിനനുസരിച്ച് വിവരിക്കുന്ന ഈ കവിതയില്‍ 888 വരികളാണുള്ളത്. അനന്തരാവകാശ നിയമങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്‌വിഷയമായി നിരവധി കവിതകള്‍ വിരിചിതമായതിനാലും അതു സ്വതന്ത്ര കലയായതിനാലുമാണത്. അഭിപ്രായ വിത്യാസങ്ങളിലേക്കും വിശദീകരണങ്ങളിലേക്കും കടക്കാതെ ഹൃസ്വവും സരളവുമായ ഭാഷയില്‍ മദ്ഹബില്‍ ഏറ്റവും പ്രബലമായതിനെ ക്രോഡീകരിക്കുകയാണ് കവിത. ആവിശ്യാനുസരണം ചെറു വിശദീകരണങ്ങള്‍ ഓരോ പേജിലും അനു ന്ധമായി ചേര്‍ത്തിട്ടുണ്ട്. ശാഫിഈ മദ്ഹബുകാരനായ കേരള പണ്ഡിതന്‍ രചിക്കുന്ന ഹമ്പലി കൃതി എന്നത് ഇതിന്റെ പ്രധാന സവിശേഷ തയാണ്. പ്രമുഖ ഹമ്പലി പണ്ഡിതനും സഊദിയിലെ സുപ്രിം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്ന അബ്ദുല്ല ബ്‌നു അബ്ദുല്‍ അസീസ് ബ്‌നു അഖീല്‍ (മ. 2011/1432), ഇമാം മുഹമ്മദ്ബ്‌ന് സഊദ് സര്‍വകലാശാലയിലെ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ സഅദ് ബ്‌നു തുര്‍കി അല്‍ഖസ്‌ലാന്‍ എന്നിവരുടെ അവതാരിക ഗ്രന്ഥത്തിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നു. പ്രസിദ്ധ ഹമ്പലി പണ്ഡിതന്‍ മന്‍സൂര്‍ അല്‍ ബുഹൂതി (മ. 1641/1050) യുടെ റൗളുല്‍ മുര്‍ബിഅ് ശറഹു സാദില്‍ മുസ്തഖ്‌നിഹ് എന്ന ഗ്രന്ഥത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ ഇതില്‍ സംഗ്രഹിച്ചതായി അവതാരകന്‍ സാക്ഷ്യപ്പെടുത്തുന്നു. വിഷയ ക്രമീകരണം, ചര്‍ച്ചയുടെ സ്വഭാവം എന്നിവയിലും ഇവകള്‍ പരസ്പരം ഏറെ സാമ്യത പുലര്‍ത്തുന്നു. ഈ കൃതിയിലും അനന്തരാവകാശ നിയമങ്ങള്‍ പ്രതിപാദിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു അറബ് സഹോദരന്റെ ചിലവില്‍ സിറിയയിലെ ദാറുല്‍ യമാനാണിതിന്റെ ആദ്യ പതിപ്പ് 2009 ല്‍പ്രസിദ്ധീകരിക്കുന്നത്.
ശറഹുല്‍ മന്‍ളൂമതില്‍ ഫദ്ഫരിയ്യ ഫില്‍ ഖവാഇദില്‍ ഫിഖ്ഹിയ്യ
മദ്ഹബുകളിലൂടെ കര്‍മശാസ്ത്രം ക്രോഡീകൃതമായതിനു ശേഷം വളര്‍ന്നുവന്ന, ഇന്ന് ഏറെ പ്രസക്തമായ വിജ്ഞാന ശാഖയാണ് അല്‍ ഖവാഇദുല്‍ ഫിഖ്ഹിയ്യ (കര്‍മശാസ്ത്ര പൊതു തത്വങ്ങള്‍). ഗദ്യവും പദ്യവുമായ നിരവധി രചനകള്‍ നടന്ന ഈ മേഖലയില്‍ സരളവും ഹൃസ്വവുമായ പുതിയ കൃതിയാണ് ഫദ്ഫരിയുടേത്. 144 വരികളില്‍ പ്രധാനപ്പെട്ട 72 ഖാഇദകളെ ഉദാഹരണ സഹിതം ഉള്‍കൊള്ളിക്കുന്നു. പാരമ്പര്യ കൃതികളില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ തന്നെ കവിതയിലും ഉപയോഗിക്കുന്നതിനാല്‍ പഠിതാക്കള്‍ക്ക് ഹൃദിസ്തമാക്കാന്‍ സഹായകരമാണ്. നിര്‍വചനം, പ്രമാണം, അനുബന്ധ സാങ്കേതിക പദങ്ങള്‍ എന്നിവ വിശദീകരച്ചതിനു ശേഷം പ്രധാന അഞ്ച് ഖാഇദകളെയും തുടര്‍ന്ന് മറ്റു അനുബന്ധ ഖാഇദകളെയും വിവരിക്കുന്നു. ഫദ്ഫരിയുടെ തന്നെ ലഘു ശറഹോടെ സഊദിയില്‍ ഇതു പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്നള്മുല്‍വഫി ഫില്‍ ഫിഖ്ഹിശ്ശാഫഈ
പ്രശസ്ത കേരളീയ പണ്ഡിതനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫതഹുല്‍ മുഈന്റെ മതിനായ ഖുര്‍റതുല്‍ ഐനിന്റെ കാവ്യാവിഷ്‌കാരമാണിത്. നിസ്‌കാരം കൊണ്ട് തുടങ്ങി അടിമ വ്യവസ്ഥയില്‍ അവസാനിക്കുന്ന അതേ വിഷയ ക്രമീകരണമാണിതിലും അവലംബിക്കുന്നത്. പദപ്രയോഗങ്ങളിലും സാമ്യത പുലര്‍ത്താന്‍ കവി ശ്രമിക്കുന്നുണ്ട്. 999 വരികളില്‍ എല്ലാ കര്‍മശാസ്ത്ര വിഷയങ്ങളും ഹൃസ്വമായി പ്രതിപാദിക്കുന്നു. ശറഹില്‍ വരുന്ന പ്രധാന മസ്അലകളും കവിതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവിശ്യ വിശദീകരണങ്ങള്‍ ഓരോ പേജിലും നമ്പറിട്ടു നല്‍കിയിരിക്കുന്നു. അനന്തരാവകാശ നിയമങ്ങള്‍ വിവരിക്കാന്‍ പട്ടികകള്‍ നല്‍കിയത് ഏറെ ഉപകാരപ്രദമാണ്. മദീന പള്ളിയിലെ ശാഫിഈ മദ്ഹബ് അധ്യാപനത്തിന് നേതൃത്വം നല്‍കുന്ന ഡോ. അഹ്മദ് ബ്‌നു അലി അല്‍മഖ്‌റമിയാണ് ഈ കാവ്യ കൃതിക്ക് അവതാരിക എഴുതിയത്.
അല്‍മിഅവിയ്യതുല്‍ ഫദ്ഫരിയ്യ ഫീ മസാഇലില്‍ ഫര്‍ദിയ്യ
അനന്തരാവകാശ നിയമങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന കവിതയാണിത്. തന്റെ അന്നള്മുല്‍വഫി ഫില്‍ ഫിഖ്ഹിശ്ശാഫഈ എന്ന ഗ്രന്ഥത്തിലെ പ്രസ്തുത ഭാഗം ചില കൂട്ടിച്ചേര്‍ക്കലോടെ സ്വതന്ത്രമായി പ്രസിദ്ധീകരിച്ചതാണിത്. 101 വരികളിലായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. രിയാദിലെ ദാറുസമീഇയാണ് ഇതിന്റെ പ്രസാധകര്‍. ഇതിനു പുറമേ മലയാളത്തില്‍ അനന്തരാവകാശ നിയമത്തെക്കുറിച്ചും ഹജ്ജ് ഉംറയെക്കുറിച്ചും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി ഭാഷാ വ്യാകരണമാണ് ഫദ്ഫരിയുടെ രചനാ വൈഭവമറിഞ്ഞ മറ്റൊരു മേഖല. ചുരക്കത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ക്കുടമായ അന്‍വര്‍ അബ്ദുല്ല ഫദ്ഫരി കേരളം മുസ്‌ലിം ലോകത്തിന് സംഭാവന ചെയ്ത വിശ്വ പണ്ഡിതനാണ്. പല ഗ്രന്ഥങ്ങളും നിരവധി അറബ് സഹോദരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ പഠിക്കാന്‍ താല്‍പെര്യപ്പെടുന്നു എന്നും പ്രത്യേകം പ്രസ്താവ്യമാണ്.
അബ്ദുല്‍ മലിക് ബാഖവി അല്‍ ഫള്ഫരി
ഫള്ഫരി കുടുംബത്തില്‍ ഇന്ന് ജീവിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന പണ്ഡിതന്‍. തന്റെ കുടുംബ പാരമ്പര്യം കാത്ത് സൂക്ഷിച്ച് സമന്വയ വിദ്യഭ്യാസത്തിന്റെ ഉതാത്ത മാതൃകയായ വാഫീ പ്രസ്ഥാനത്തിലെ മുത്വവ്വല്‍ അംഗീകൃത സ്ഥാപനമായ മലപ്പുറം ജില്ലയിലെ വളവന്നൂര്‍ ബാഫഖി ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് -വാഫി കോളേജില്‍ വിജ്ഞാനം പരത്തികൊണ്ടിരിക്കുന്നു. ഹിജ്‌റ 1365(1945) സ്വഫര്‍ 18 ന് അബ്ദുറഹ്മാന്‍ ഫള്ഫരിയുടെ സഹോദരന്‍ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെയും കുഞ്ഞീരുമ്മയുടെയും മകനായി പടിഞ്ഞാറ്റുമുറിയില്‍ ജനനം. പടിഞ്ഞാറ്റുമുറി സ്വദേശ ദര്‍സില്‍ നിന്നും ബീരാന്‍ മുസ്‌ലിയാരുടെ പക്കല്‍ നിന്നുള്ള പ്രാധമിക പഠനത്തിന് ശേഷം തന്റെ പിതാവ് മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ അടുക്കല്‍ നിന്നും പിന്നീട് അദ്ധ്യാപന രംഗത്ത് പ്രശസ്തനായിരുന്ന പെരുമ്പലം ബാപ്പുട്ടി മുസ്‌ലിയാരുടെ അടുക്കല്‍ നിന്നും ശേഷം തന്റെ പിതൃ സഹോദരന്‍ അബ്ദുറഹ്മാന്‍ ഫള്ഫരിയുടെ അടുക്കല്‍ നിന്നും വിജ്ഞാനം കരകതമാക്കി. ഫള്ഫരി ഉസ്താദിന്റെ അടുക്കല്‍ പഠിച്ച് കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ക്ഷണം വരുന്നത്. അങ്ങനെ ഉസ്താദിനോടു കൂടെ തന്റെ പ്രിയ ശിഷ്യനും വെല്ലൂരിലേക്ക് വണ്ടികയറി അങ്ങനെ ബാഖിയത്തില്‍ പഠിച്ച് കൊണ്ടിരിക്കെ വസൂരി പിടിപെടുകയും ഒരു വര്‍ഷം മലപ്പുറം ഓമച്ചപ്പുഴയില്‍ ഉരുമനയൂര്‍ യൂസുഫ് മുസ്‌ലിയാരുടെ അടുക്കല്‍ നിന്നും വിജ്ഞാനം നേടി വീണ്ടും ബാഖിയത്തില്‍. 1970 ല്‍ ആണ് ബഖവി ബിരുദം നേടുന്നത്. ശൈഖ് ആദം ഹസ്രത്ത്, ശൈഖ് മുല്ല ഹസ്സന്‍ ഹസ്രത്ത്, ശൈഖ് ബഖ്തിയാരി ഹസ്രത്ത് തുടങ്ങിയവരായിരുന്നു ഫള്ഫരി ഹസ്രത്തിനെ കൂടാതെയുള്ള ഉസ്താദുമാര്‍
1970-ല്‍ തന്നെ അദ്ധ്യാപന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ഒളവെട്ടൂര്‍ ആലങ്ങാടിയില്‍ ദര്‍സ് ആരംഭിച്ചു. തുടര്‍ന്ന് തന്റെ നാല്‍പത് വര്‍ഷം നീണ്ട അദ്ധ്യാപന വേളയില്‍ എടത്തല, മലയപള്ളി, ദ്യോദിയാല്‍, ആമപോയില്‍, പടിക്കല്‍, പഴയങ്ങാടി മാടായിപള്ളി, ഇഴകൂര്, പന്താരങ്ങാടി എന്നിവിടങ്ങളില്‍ അദ്ധ്യാപനം നടത്തി ഇതിലൂടെ ധാരാളം പണ്ഡിതരുടെ വാര്‍ത്തെടുത്ത അദ്ദേഹം 2010-ല്‍ ബാഫഖി വാഫി കോളേജിലേക്ക് കൂടുമാറി.
ഏതാനും ദര്‍സി കിതാബുകള്‍ക്ക് അനുബന്ധങ്ങള്‍ രചിച്ച അദ്ദേഹം ഫള്ഫരി കുടുംബത്തിന്റെ കാവ്യ മേധാവിത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ്. തഹ്‌നിഅത്തുന്‍ ലി കുല്ലിയത്തി വളവന്നൂര്‍ തഹ്‌നിഅത്തുന്‍ ലി കുല്ലിയത്തി വെല്ലൂര്‍, മര്‍സിയ്യത്തുന്‍ ലി ശൈഖ് അബ്ദുറഹ്മാന്‍ അല്‍ ഫള്ഫരി, അല്‍ മൗലിദു-ല്‍-ത്വൊരീഫ് ഫീ മനാഖിബി ല്‍ ശൈഖില്‍ ജഫനി എന്നിവ മഹാന്റെ രചനകളാണ്.
ഉപസംഹാരം
കേരളത്തിലെ പ്രമുഖ മുസ്‌ലിം പണ്ഡിത തറവാടായ ഫദ്ഫരി കുടുംബത്തില്‍ നിന്നും അനവധി പണ്ഡിതന്‍മാര്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. അവരില്‍ യൂസുഫുല്‍ ഫദ്ഫരി, അബ്ദുല്‍ ഖാദിര്‍ ഫദ്ഫരി, അബ്ദുര്‍റഹ്മാന്‍ കുട്ടിമുസ്‌ലിയാര്‍, അന്‍വര്‍ അബ്ദുല്ല ഫദ്ഫരി എന്നിവരുടെ കര്‍മ ശാസ്ത്ര-സാഹിതീയ സംഭാവനകള്‍ ശ്രദ്ധേയമാണ്. മുദരിസുമാര്‍, ഖാദിമാര്‍, മുഫ്തികള്‍ എന്നീ നിലകളിലുള്ള അവരുടെ ഇടപടല്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക വിജ്ഞാനം സാര്‍വത്രികമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ ഇവരുടെ കര്‍മശാസ്ത്ര നിലപാടുകള്‍, ഫത്‌വകള്‍, രചനകള്‍ എന്നിവ പലതും കൃത്യമായ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ മേഖലയില്‍ കൂടതല്‍ ഗവേഷണത്തിന്റ ആവിശ്യകത ഇതു വിളിച്ചോതുന്നു.
അവലംബം
ഫള്ഫരി,എം കെ ജാബിര്‍ ഹുദവി, ഫള്ഫിരി കുടുംബവും കര്‍മ്മ ശാസ്ത്ര സംഭാവനകളും, തെളിച്ചം
മൗലാനാ സഈദലി ബാഖവി, മൗലാനാ മര്‍ഹൂം അബ്ദുറഹ്മാന്‍ അല്‍ ഫള്ഫരി ഓര്‍മകളില്‍,എം എ എഫ് എം ഓര്‍ഫനേജ് 30-ാം വാര്‍ഷിക സുവനീര്‍
എ പി മുഹമ്മദലി മുസ്‌ലിയാര്‍ നെല്ലിക്കുത്ത്, മലയാളത്തിലെ മഹാരതന്മാര്‍, എം എ എഫ് എം ഓര്‍ഫനേജ് 30-ാം വാര്‍ഷിക സുവനീര്‍
അന്‍വര്‍ അബ്ദുള്ള ഫള്ഫരിയുടെ ഇസ്‌ലാമിക സാഹിത്യത്തിലെ പങ്ക്, അന്നഹ്‌ള, സബീലുല്‍ ഹിദായ പറപ്പൂര്‍
ഇസ്‌ലാമിക വിജ്ഞാന കോശം, പൂങ്കാവന പബ്ലിക്കേഷന്‍
ഫള്ഫരി കുടുംബവും വൈജ്ഞാനിക സാഹിത്യ രംഗത്തെ സംഭാവനകളും, ഡോ, അബ്ദു സലീം ഫൈസി, അന്നൂര്‍,2015
ഫള്ഫരി, അബൂ സുഹൈല്‍ അന്‍വര്‍ അബ്ദുള്ള, ശറഹുല്‍ മന്‍ളൂമാത്തുല്‍ അല്‍ ഫള്ഫരിയ്യ
Post a Comment