• ഫസല്‍ മറ്റത്തൂര്‍
കേരളത്തിലെ പാരമ്പര്യ മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റത്തിന്റെ പുതിയ നാമമായിരിക്കുകയാണ് 'വാഫി' സ്ഥാപനങ്ങള്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മുസ്‌ലിം കേരളം ദര്‍ശിച്ച ഏറ്റവും മികച്ച വിദ്യാഭ്യാസ വിചക്ഷണരില്‍ ഒരാളായ അബ്ദുല്‍ ഹകീം ഫൈസിയാണ് ആ വൈജ്ഞാനിക നവോഥാനത്തിന് നേതൃത്വം നല്‍കുന്നത്. അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാലകളുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ ഹകീം ഫൈസിയെ പരിചയപ്പെടുത്തുന്നു
അബ്ദുൽ ഹകീം ഫൈസി ആദൃശേരി ഡോ. ബഹാഉദ്ധീൻ നദ്‌വിയോടൊപ്പം

 ജാമിഅ എന്ന അറബി വാക്കിന് സര്‍വകലാശാല എന്നാണ് മലയാളാര്‍ഥം. കേരളത്തിലാ വാക്കിന്ന് ചിരപരിചിതമാണ്. നവകൊളോനിയല്‍-ആധുനിക ഇടപെടലുകളൊരുക്കിയ സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാന്‍ അരനൂറ്റാണ്ടിനപ്പുറം രൂപംകൊണ്ട അക്കാദമിക മുന്നേറ്റത്തിന്റെ പേരാണത്. ജനത പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്തും പാരമ്പര്യ പണ്ഡിതന്മാര്‍ നടത്തിപ്പോന്ന നിരന്തരമായ വൈജ്ഞാനിക പരിശ്രമങ്ങളെ അവജ്ഞയോടെയും പുച്ഛത്തോടെയും തള്ളിക്കളഞ്ഞ് കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു സാമൂഹിക പരിഷ്‌കര്‍ത്താക്കളെന്നു സ്വയം പരിചയപ്പെടുത്തി പ്രത്യക്ഷപ്പെട്ട ഒരു വിഭാഗം അന്നു ചെയ്തുകൊണ്ടിരുന്നത്. 


മറുഭാഗത്ത് മതജ്ഞാനാര്‍ജനത്തിനുള്ള ഉപരിപഠന സാധ്യതകള്‍ അടഞ്ഞുകിടക്കുകയുമായിരുന്നു. അത്തരമൊരു അപകടസന്ധിയില്‍, ജ്ഞാനവും വിശ്വാസദര്‍ശനവും പരുക്കുകളില്ലാതെ നിലനിര്‍ത്തുകയും സാമൂഹികോന്മുഖവും പാരമ്പര്യനിഷ്ഠവുമായി വികസിപ്പിക്കുകയും വേണമെന്ന ദീര്‍ഘദൃക്കുകളായ നേതൃത്വത്തിന്റെ ഉറച്ച ബോധ്യത്തില്‍ പിറവി കൊണ്ടതാണ് മലപ്പുറം ജില്ലയില്‍ പട്ടിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ നൂരിയ്യ അറബിയ്യ. പേരു തന്നെ ഒരു സര്‍വകലാശാലയായി എടുത്തണിഞ്ഞതിനു പിന്നില്‍ ആ ദീര്‍ഘദര്‍ശനത്തിന്റെ ബോധപൂര്‍വമായ തിരഞ്ഞെടുപ്പുണ്ട്. ജാമിഅ യാഥാര്‍ഥ്യമാകുകയും സ്വയം ചരിത്രമാകുകയും ചെയ്തപ്പോള്‍ സ്ഥാപനസന്തതികള്‍ ചരിത്രനിര്‍മാതാക്കളായി എന്നതാണു ഏറ്റവും വലിയ നവോഥാന വിശേഷം.
മലബാറിന്റെ മക്കയായ പൊന്നാനിയിലിരുന്ന് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മശാസ്ത്ര ഗ്രന്ഥം വന്‍കരകള്‍ കടന്ന് ഈജിപ്തിലെ പാഠശാലയില്‍ വിഷയമായതാണ് കേരള ഇസ്‌ലാമിന്റെ ആദ്യമുന്നേറ്റങ്ങളിലൊന്ന്. പൊന്നാനിയിലെ വിളക്കത്തിരുന്നു പഠിച്ച പണ്ഡിതന്മാര്‍ ഏറ്റുപിടിച്ച ഈ ജ്ഞാനസഞ്ചാരത്തിന് അക്കാദമിക മുഖം നല്‍കിയതാവട്ടെ ജാമിഅ നൂരിയ്യയും. 55-ാം വാര്‍ഷികമാഘോഷിക്കുന്ന ജാമിഅക്ക് ഏറെ അഭിമാനമുണ്ടാക്കുന്ന വാര്‍ത്തയാണു കഴിഞ്ഞ ദിവസവും പുറത്തുവന്നിരിക്കുന്നത്.
അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി എന്ന ജാമിഅ ബിരുദധാരി, 200 സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നതാണു പുതിയ വിശേഷം. വിവിധ സംവിധാനങ്ങളിലൂടെ സമസ്തക്കു കീഴില്‍ ജാമിഅ പ്രൊഡക്ടുകള്‍ നേതൃത്വം നല്‍കുന്ന അക്കാദമിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായിരിക്കുകയാണിത്. കേരള പാരമ്പര്യ വൈജ്ഞാനിക രംഗത്ത് വികസിച്ചുകൊണ്ടിരിക്കുന്ന കാലോചിത വിപ്ലവത്തിന്റെ പേരു കൂടിയാണിന്ന് ഹകീം ഫൈസി.

അനാഥത്വത്തില്‍നിന്ന് അമരത്തേക്ക്

ആറാം വയസില്‍ മാതാവും എട്ടാം വയസില്‍ പിതാവും വിട്ടുപിരിഞ്ഞതില്‍ ബാക്കിയായ അനാഥത്വമാണ് അബ്ദുല്‍ ഹകീം എന്ന കുട്ടിക്കു കൂട്ടിനുണ്ടായിരുന്നത്. പട്ടിണിയുടെ കാലത്ത് പാണക്കാട് കൊടപ്പനക്കല്‍ കോലായിലെത്തിയ മാതൃസഹോദരി പൂക്കോയ തങ്ങളോട് പറഞ്ഞതിങ്ങനെ: ”ആരാരുമില്ലാത്ത ഇവനെ എന്തെങ്കിലുമൊക്കെ ആക്കണം തങ്ങള്‍പാപ്പാ..”. ആ ബാലന്റെ തലയില്‍ കൈവച്ച് പൂക്കോയതങ്ങള്‍ പ്രതിവചിച്ചു: ”ഇവനെ അല്ലാഹു വലുതാക്കും..”
വളാഞ്ചേരി മര്‍കസുത്തര്‍ബ്ബിയത്തുല്‍ ഇസ്‌ലാമിയ്യയിലെ വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലും, മതപഠനത്തിനു കാലോചിത പരിഷ്‌കാരങ്ങളൊരുക്കി പ്രവര്‍ത്തിക്കുന്ന 69 കോളജുകള്‍ അഫിലിയേറ്റ് ചെയ്ത ‘വാഫി’ സംരംഭത്തിന്റെ കോഡിനേറ്ററുമാണിന്ന് അതേ അബ്ദുല്‍ ഹകീം. കേരളത്തിലെ നാട്ടിന്‍പുറത്തുനിന്നു പിച്ചവച്ചു തുടങ്ങിയ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാലാ സമിതിയില്‍ വരെ എത്തിനില്‍ക്കുന്നു. മലപ്പുറം ജില്ലയിലെ ആദൃശ്ശേരി സ്വദേശിയായ അബ്ദുല്‍ ഹകീം ഫൈസി ഇന്ത്യയിലും വിദേശത്തുമായി നടന്ന ഒട്ടേറെ വിദ്യാഭ്യാസ സെമിനാറുകളിലും സമ്മേളനങ്ങളിലും പ്രതിനിധിയായിട്ടുണ്ട്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാം ഡോട്ട് നെറ്റ് ഏര്‍പ്പെടുത്തിയ 2011ലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള ‘സ്റ്റാര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരവും 2009ല്‍ ഇസ്‌ലാം ഓണ്‍ലൈനിന്റെ ആഗോള പുരസ്‌കാരവും നേടി. ഒരു വരംപോലെ ലഭിച്ച പൂക്കോയ തങ്ങളുടെ പ്രാര്‍ഥന ഫലംകണ്ടതിനെ കുറിച്ചു പറയാന്‍ ഇതില്‍പരം എന്തുവേണം.


വാഫി, വഫിയ്യ

ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയില്‍ അബ്ദുല്‍ ഹക്കീം ഫൈസിക്ക് അംഗത്വം ലഭിക്കുന്നത് കേരള മോഡല്‍ സമന്വയ വിദ്യാഭ്യാസത്തിനുള്ള ആഗോള അംഗീകാരം കൂടിയാണ്്. അതിപുരാതനമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ അക്കാദമിക സംവിധാനത്തിന് വാഫി എന്ന നാമകരണം നടത്തിയത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വാഫി, വഫിയ്യ കോഴ്‌സുകള്‍ നടത്തുന്ന കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്്‌ലാമിക് കോളജസി(സി.ഐ.സി)ന്റെ കോര്‍ഡിനേറ്ററാണ് ഫൈസി. വളാഞ്ചേരി മര്‍ക്കസ് കേന്ദ്രീകരിച്ചാണ് വാഫി, വഫിയ്യ സംവിധാനം ഇന്നും പ്രവര്‍ത്തിക്കുന്നത്.
മതഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ച്് എട്ടുവര്‍ഷം നീളുന്ന വാഫി പഠനം പൂര്‍ത്തിയാക്കിയ നിരവധിപേര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതമതേതര വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നുവെന്നതാണ് വഫിയ്യ സംവിധാനത്തിലൂടെ സി.ഐ.സി തെളിയിച്ചത്്. അക്കാദമിക ഗവേഷണ പ്രബോധനരംഗത്തെ സ്ത്രീ ഇടപെടലുകള്‍ക്ക് വഫിയ്യ സംവിധാനം വേദിയൊരുക്കുന്നു. വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു വ്യത്യസ്ത വിഷയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണപഠനം സാധ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിലെ കാളികാവ് അടക്കാകുണ്ടില്‍ അടുത്തിടെയാണ് ഉപരിപഠനകേന്ദ്രം തുറന്നത്. ഇതുള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമായി 69 വാഫി-വഫിയ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 45 വാഫി സ്ഥാപനങ്ങള്‍, 24 വഫിയ്യ സ്ഥാപനങ്ങള്‍ എന്നിവയിലായി ആറായിരത്തോളം പേര്‍ നിലവില്‍ പഠനം നടത്തുന്നു.


ഇന്റര്‍നാഷനല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ്

വാഫി-വഫിയ്യ സംവിധാനം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സി.ഐ.സിക്ക് 2014ലാണ് കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിസ് ലീഗില്‍ അംഗത്വം ലഭിക്കുന്നത്. 2014ല്‍ അള്‍ജീരിയയില്‍ ചേര്‍ന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് ജനറല്‍ കൗണ്‍സിലിന്റെ ഒന്‍പതാം സെഷനിലാണ് യൂനിവേഴ്‌സിറ്റി മാതൃകയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന സി.ഐ.സിക്ക് അംഗത്വം നല്‍കാന്‍ തീരുമാനമായത്.
കേരളത്തില്‍നിന്ന് ചെമ്മാട് ദാറുല്‍ഹുദ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയും ലീഗില്‍ അംഗത്വം നേടിയിട്ടുണ്ട്്. ലോകാടിസ്ഥാനത്തില്‍ സര്‍വകലാശാലകളുടെ അക്കാദമിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും അംഗസ്ഥാപനങ്ങള്‍ക്കിടയിലെ ആദാനപ്രദാനം ശക്തിപ്പെടുത്താനുമായി 1968ല്‍ സ്ഥാപിക്കപ്പെട്ട അക്കാദമിക സംവിധാനമാണ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ്. ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഇസ്‌ലാമിക ചിന്തയുടെ സുതാര്യതയും മിതത്വവും മനോഹാരിതവും സംരക്ഷിക്കാന്‍ ആവശ്യമായ സമീപനരീതികള്‍ സ്വീകരിക്കാന്‍ വിദ്യപീഠങ്ങളെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക, അറിവിന്റെ നിര്‍മാണത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുക, ഇസ്‌ലാമിക വിദ്യാഭ്യാസ രീതിശാസ്ത്രം വികസിപ്പിക്കുകയും പ്രചരിപ്പിപ്പിക്കുകയും ചെയ്യുക, അറബി ഭാഷാപഠനവും ഉപയോഗവും സാര്‍വത്രികമാക്കാന്‍ ശ്രമിക്കുക, പുതിയ പഠനരീതികള്‍ കൈമാറുക, വിദ്യാര്‍ഥികളുടെ പരസ്പരകൈമാറ്റം പ്രോത്സാഹിപ്പിക്കുക, സാമൂഹിക ഇടപെടലുകളെ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലീഗ് ഈ കൂട്ടായ്മയിലൂടെ മുന്നില്‍കാണുന്നത്.
നിലവില്‍ അല്‍ അസ്ഹര്‍, കെയ്‌റോ, സൈത്തൂന, ഉമ്മുല്‍ഖുറാ, മദീന, ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ തുടങ്ങി ലോകത്തെ മികച്ച 150ഓളം സര്‍വകലാശാലകള്‍ ലീഗില്‍ അംഗങ്ങളാണ്. 
അറബ് ലോകത്തും യൂറോപ്പിലും ഏഷ്യയിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സര്‍വകലാശാലകള്‍ ഉള്‍ക്കൊള്ളുന്ന ലീഗിന്റെ 21 പേരടങ്ങുന്ന നിര്‍വാഹക സമിതിയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധിക്ക് അംഗത്വം ലഭിക്കുത്തെന്നത് ഈ അംഗീകാരത്തിന്റെ പകിട്ട് വര്‍ധിപ്പിക്കുന്നു.

Post a Comment

Previous Post Next Post