- സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
മത ഭൗതിക സമന്വയ വിദ്യാഭ്യാസം മുസ്‌ലിം കൈരളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ പ്രസിദ്ധ മത വിദ്യാകേന്ദ്രമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളജ്. കടമേരിയിലെ പണ്ഡിത തറവാട്ടിലെ പ്രമുഖ പണ്ഡിതനും പൗരപ്രധാനിയുമായിരുന്ന ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരാണ് ഈ വൈജ്ഞാനിക സമുച്ചയത്തിന്റെ സ്ഥാപകന്‍. കടമേരിയെന്ന കൊച്ചു പ്രദേശത്തിന് വൈജ്ഞാനിക ഭൂപടത്തില്‍ ഒരിടം നേടിക്കൊടുക്കുന്നതില്‍ സ്ഥാപനവും സ്ഥാപക നേതാവും ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. സര്‍വര്‍ക്കും അറിവിന്റെവിളക്കത്തിരിക്കാനാവുംവിധം നാദാപുരത്തെ രണ്ടാം പൊന്നാനിയാക്കി തീര്‍ക്കുന്നതില്‍ കടമേരിയുടെ പങ്ക് നിഷേധിക്കാനാവതല്ല.
മഖ്ദൂമീ പാരമ്പര്യത്തിന്റെ കൈവഴികളില്‍ പച്ച പിടിച്ച ദര്‍സ് സമ്പ്രദായം പുരാതനകാലം മുതല്‍ക്കേ കടമേരി ജുമുഅത്ത് പള്ളിയില്‍ നിലനിന്നിരുന്നു. കാലക്രമേണ കേരളത്തിലെ പള്ളിദര്‍സുകള്‍ക്ക് ആലസ്യത്തിന്റെ ക്ലാവ് പിടിച്ചപ്പോള്‍ കടമേരിയിലും അതിന്റെ അനുരണനങ്ങള്‍ കാണാനിടയായി. ഈ സങ്കീര്‍ണ ഘട്ടത്തിലാണ് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന വ്യാമോഹത്തോടെ കടമേരിയിലും പരിസരപ്രദേശങ്ങളിലും ബിദ്അത്തിന്റെ വിഷബീജങ്ങള്‍ നട്ടുവളര്‍ത്താനുള്ള ആസൂത്രിത ശ്രമം ചില ഭാഗങ്ങളില്‍നിന്നുണ്ടായത്. സാധുസംരക്ഷണ സമിതിയുടെ മറവില്‍ പുരോഗമന പരിഷ്‌കരണ വാദത്തിന് അടിത്തറപാകുകയെന്ന തന്ത്രപ്രധാനമായ ശ്രമമാണ് കടമേരിയിലും അവര്‍ പയറ്റിയത്. ഈ പ്രതികൂല സാഹചര്യത്തിലാണ് ഒരു പ്രതിവിപ്ലവകാരിയുടെ പരിവേശമണിഞ്ഞ് കടമേരിയിലെ കുലീന പണ്ഡിത തറവാട്ടിലെ പ്രധാനിയും പൗര പ്രമുഖനുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ രംഗപ്രവേശനം ചെയ്തത്.
മുസ്‌ലിം കൈരളിയുടെ നവോത്ഥാനമണ്ഡലത്തില്‍ പ്രശോഭിച്ച് നില്‍ക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളജിന്റെ തുടക്കം 1972 ജനുവരി 30ന് കടമേരി ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന വടകര താലൂക്കിലെ പണ്ഡിത സാദാത്തുക്കളുടെ കണ്‍വെന്‍ഷനിലെ തീരുമാനത്തോടെയായിരുന്നു. ‘ദീനീ സ്‌നേഹികളെ ഇതിലെ ഇതിലെ’ എന്ന ശീര്‍ഷകത്തില്‍ വന്ദ്യരായ ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരും കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരും ഒപ്പിട്ട ഒരു ലഘുലേഖ വിതരണംചെയ്തുകൊണ്ടായിരുന്നു കണ്‍വെന്‍ഷനിലേക്ക് ജനങ്ങളെ ക്ഷണിച്ചത്. താലൂക്കിലെ പൗരപ്രമാണികളും പണ്ഡിത പ്രമുഖരും അടങ്ങുന്ന ഒരു വലിയ ജനസഞ്ചയം തന്നെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഒരു അറബിക് കോളജ് തുടങ്ങാമെന്ന തീരുമാനവും വന്നു.
മുസ്‌ലിംകൈരളിയുടെ ആധികാരിക പരമോന്നത പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. കാര്യാട്ട് കുഞ്ഞമ്മദ് ഹാജി പ്രസിഡന്റും നാളോം കണ്ടി മുഹമ്മദ് മുസ്‌ലിയാര്‍ ജനറല്‍സെക്രട്ടറിയും പറമ്പത്ത് കുഞ്ഞിമുഹമ്മദ് ട്രഷററും ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ മാനേജറും ആയി സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. വിപുലമായ രീതിയില്‍ തറക്കല്ലിടല്‍ സമ്മേളനം നടത്താനും മുസ്‌ലിംകൈരളിയുടെആത്മീയ ആചാര്യന്മാരായ ബാഫഖി തങ്ങളെയും പൂക്കോയ തങ്ങളെയും പങ്കെടുപ്പിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനമായി.
ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായികുഞ്ഞമ്മദ് മുസ്‌ലിയാര്‍ കടമേരിയിലെ പരിസര പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി.സാമ്പ്രദായിക രീതിയില്‍ നിന്നു തെറ്റി അനിവാര്യ പരിഷ്‌കരണത്തിന്റെ പാത സ്വീകരിച്ചപ്പോള്‍ കടുത്ത പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു.എങ്കിലും ആത്മാര്‍ഥതയുടെ ആള്‍രൂപവും നിശ്ചയദാര്‍ഢ്യത്തിന്റെ കരളുറപ്പും സമ്മേളിച്ച ആ മഹാ മനുഷ്യന്‍ തന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി അഹോരാത്രം പരിശ്രമിച്ചു.
പരിഹാസങ്ങള്‍ക്കിടയിലും ചില ദീനീസ്‌നേഹികള്‍ സഹപ്രവര്‍ത്തകരായി കൂടെക്കൂടി. കുറുന്തോടി കുഞ്ഞമ്മദ് മുസ്‌ലിയാര്‍, വെള്ളിലാട്ട് മൊയ്തു, മടത്തില്‍ പോക്കര്‍ ഹാജി, എന്‍.സി.കെ.കുഞ്ഞബ്ദുല്ല, അമ്പളിയത്ത് കുഞ്ഞബ്ദുല്ലമുസ്‌ലിയാര്‍, പുതിയോട്ടില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കുഞ്ഞമ്മദ് മുസ്‌ലിയാരോടൊപ്പം ഈ മഹാ സംരംഭത്തിന് കൈ മെയ് മറന്ന് മുന്നിട്ടിറങ്ങിയത്. പ്രവര്‍ത്തന ഫലമെന്നോണം 1972 ജനുവരി 5ന് കോളജിന്റെ ശിലാസ്ഥാപന സമ്മേളനം നടന്നു. പൂക്കോയ തങ്ങള്‍ ഈ വിദ്യാഭ്യാസ സമുച്ചയത്തിന് തറക്കല്ലിട്ടു. തുടര്‍ന്ന് 22.11.1972ല്‍ കടമേരി ജുമാ മസ്ജിദിന്റെ ചെരുവില്‍ നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് റഈസുല്‍ മുഹഖികീന്‍ കണ്ണിയത്ത് ഉസ്താദ് ക്ലാസ് തുടങ്ങിവച്ചു. പ്രഥമ പ്രിന്‍സിപ്പല്‍ ബഹുഭാഷ പണ്ഡിതനായ മട്ടന്നൂര്‍ പി.എ അബ്ദുല്ല മുസ്‌ലിയാരായിരുന്നു.
1973 – 87 കാലഘട്ടത്തില്‍ റഹ്മാനിയ്യ ഉന്നതിയിലേക്കുള്ള പടവുകള്‍ കയറി.അക്കാലത്ത് ആലോചനയ്ക്കു പോലും ഇടമില്ലാത്ത നവ വിദ്യാഭ്യാസ രീതിയാണ് ചരിത്രനിയോഗമെന്നോണം റഹ്മാനിയ്യ ഏറ്റെടുത്തത്. പരിഷ്‌കരണ പാഥേയത്തില്‍ ധിഷണാശാലിയും ക്രാന്തദര്‍ശിയുമായിരുന്ന എം.എം ബഷീര്‍ മുസ്‌ലിയാരുടെ കൂടി പങ്കാളിത്തം ചേര്‍ന്നപ്പോള്‍ റഹ്മാനിയ്യ ഒരു പുതു ചിരിത്രം കൂടി രചിക്കുകയായിരുന്നു. റഹ്മാനിയ്യക്കായി പാരമ്പര്യത്തിന്റെ പരിശുദ്ധിയും പുതു തലമുറയുടെ പരിമണവുമുള്ള സിലബസ് ഒരുക്കിയ്ത ബഷീര്‍ മുസ്‌ലിയാരായിരുന്നു. സമകാലിക ലോകത്ത് മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ഏത് പ്രതിസന്ധിയെയും അതിജയിക്കാനും അവയോട് പ്രതികരിക്കാനും പ്രാപ്തരായ യുവപണ്ഡിത തലമുറയെവാര്‍ത്തെടുക്കുകയായിരുന്നു റഹ്മാനിയ്യയിലൂടെ മഹാന്‍ ചെയ്തത്. കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തില്‍ ഏറെ പങ്കുവഹിച്ച സമന്വയ വിദ്യാഭ്യാസം ഈ മഹാ മനീഷിയുടെയും കുഞ്ഞമ്മദ് മുസ്‌ലിയാരുടെയും തലയില്‍ ഉദിച്ച ചിന്തകളായിരുന്നു എന്നതാണ് നേര്.
കേരളത്തിലെ അറബിക് കോളജുകളില്‍ ഇംഗ്ലീഷും ഉറുദുവും അറബിയും മലയാളവും ചേര്‍ത്ത് ഒരു സിലബസ് ഉണ്ടാക്കുകയും ആധുനിക രീതിയില്‍ ക്ലാസുകള്‍ തിരിച്ച് ബെഞ്ചും ഡെസ്‌ക്കും ബ്ലാക്ക് ബോര്‍ഡും ഹാജര്‍ പട്ടികയും ഒപ്പു പട്ടികയും ഒരുക്കുക വഴി മുസ്‌ലിംകേരള ചരിത്രത്തെ പുതിയൊരു നവോത്ഥാനത്തിലേക്ക് റഹ്മാനിയ്യ വഴിനടത്തുകയായിരുന്നു.
അദബും ആദരവും പകര്‍ന്ന് കിട്ടുന്ന പള്ളിദര്‍സുകളുടെ സാമ്പ്രദായിക രീതി കൈയൊഴിയാതെ തന്നെ നൂതന മാര്‍ഗം ഉള്‍കൊള്ളുന്ന ഒരുവിദ്യാഭ്യാസ ഭൂമിക സൃഷ്ടിക്കുകയെന്നതായിരുന്നു കുഞ്ഞമ്മദ് മുസ്‌ലിയാര്‍ ആഗ്രഹിച്ചത്. റഹ്മാനിയ്യയുടെ ആദ്യ കാലത്തുണ്ടായ ക്ലേശങ്ങള്‍ അതിദാരുണമായിരുന്നു. സാമ്പത്തികമായ അസൗകര്യങ്ങളുയര്‍ത്തിയ അസ്വാരസ്യങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. സാമ്പത്തിക സ്രോതസ്സിനായിചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ വിളവെടുപ്പ് പാടങ്ങളില്‍ ചെന്ന് വിഭവ സമാഹരണം നടത്തുകയും ഗള്‍ഫ് വീടുകളില്‍ കയറി പണം പിരിക്കുകയും പതിവായിരുന്നു.
കടയില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തും അങ്ങാടികളില്‍ റഹ്മാനിയ്യ വിദ്യാര്‍ഥികളെയും ഉസ്താദുമാരെയും കൊണ്ട് ‘മൊബൈല്‍ വഅളുകള്‍’ നടത്തുക വഴി ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.
1980 മുതലാണ് കോട്ടുമല ബാപ്പു ഉസ്താദിന്റെ സേവനം റഹ്മാനിയക്ക് ലഭിച്ച് തുടങ്ങുന്നത്. ബശീര്‍ മുസ്‌ലിയാര്‍ക്ക് ശേഷം സ്ഥാപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയതും ആധുനികമായി വിപുലപ്പെടുത്തിയതും ബാപ്പു മുസ്‌ലിയാരായിരുന്നു.
അദ്ദേഹത്തിന്റെ ബന്ധങ്ങളും സ്വാധീനങ്ങളും റഹ്മാനിയക്ക് വലിയ മുതല്‍കൂട്ടായി. ജീവിതത്തിലെ വലിയ തിരക്കുകള്‍ക്കിടയിലും നാലുപതിറ്റാണ്ടോളം ബാപ്പു മുസ്‌ലിയാര്‍ റഹ്മാനിയ്യയെ കൂടെ കൊണ്ടു നടന്നു എന്ന് തന്നെ പറയാം. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിയോഗം മുമ്പൊന്നുമില്ലാത്തവിധം വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
ബഷീര്‍ ഉസ്താദ് സ്ഥാപിച്ച റഹ്മാനിയ്യ സിലബസ് നിലനിര്‍ത്തിക്കൊണ്ട് തന്നെ എസ്.എസ്.എല്‍.എസി, പ്ലസ് ടു, ഇംഗ്ലീഷ് ഭാഷാ ബിരുദവും ബിരുദാനന്തര ബിരുദവും മൗലവി ഫാളില്‍ റഹ്മാനി ബിരുദത്തോടൊപ്പം റഹ്മാനിയ്യ നല്‍കി വരുന്നു. പുതിയ കരിക്കുലം അനുസരിച്ച് എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് എട്ട് വര്‍ഷത്തെ കോഴ്‌സ് കൊണ്ട് ഈ ബിരുദങ്ങളെല്ലാം കരസ്ഥമാക്കാവുന്ന രീതിയില്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണ് കോളജ് .
ബോര്‍ഡിങ് മദ്‌റസ, അഗതിവിദ്യാകേന്ദ്രം, വനിതാകോളജ്, ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് സ്‌കൂള്‍, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറിസ്‌കൂള്‍, പ്ലസ് ടുകോച്ചിങ് സെന്റര്‍ തുടങ്ങിയ പഠന കേന്ദ്രങ്ങള്‍ റഹ്മാനിയ്യക്ക് കീഴിലുണ്ട്. കാലത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ് മുന്നേറുന്ന സ്ഥാപനത്തിന് കരുത്ത്പകരാന്‍ നമുക്ക് സാധിക്കണം.
Post a Comment