- അബ്ദുസ്സമദ് അന്‍വരി കിഴിശ്ശേരി
അടുത്തിടെ ചില പ്രഭാഷണങ്ങൾ കേൾക്കാനിടയായി- ആ പ്രസംഗം സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സജ്ജീവമായി കറങ്ങുന്നുണ്ട്. മലപ്പുറം കിളിയമണ്ണിൽ ഉണ്ണീൻ സാഹിബുമായി ബന്ധപ്പെട്ടതാണ് വിഷയം.
പ്രഭാഷകർ പറഞ്ഞതിന്റെ ചുരുക്കം ഇതാണ് വലിയ മുതലാളിയും ദീനീ സേവകനുമായിരുന്ന ഉണ്ണിൻ സാഹിബ് ഒരു പണ്ഡിതനെ വിഷമിപ്പിച്ചതിനാൽ പിന്നീട് കാഫിറായി രാമസിംഹം എന്ന പേര് സ്വീകരിച്ചു അങ്ങിനെ കാഫിറായി മരണപ്പെട്ടു.
ഈ കഥയുടെ ചെറിയ ഭാഗമൊക്കെ മുമ്പ് ഞാനും കേട്ടിരുന്നു. കൂടുതൽ അറിയാൻ താൽപര്യമുണ്ടായിരുന്നു. അങ്ങിനെയിരിക്കെ 2014 ൽ ഉണ്ണീൻ സാഹിബിന്റെ നാട്ടിൽ (ചെമ്മങ്കടവ് കോങ്കയം ) എനിക്ക് ദർസ് നടത്താൻ വിധി ഒത്തുവന്നു. ആ കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് ഞാൻ കൂടുതൽ അന്വേഷിച്ചു. അപ്പോൾ, പുറമെ പ്രചുര പ്രചാരം നേടിയ രാമസിംഹ കഥയുടെ ദുർബ്ബലത നന്നായി നമുക്ക് ബോധ്യപ്പെട്ടു. അൽഹംദുലില്ലാ.
ചുരുക്കി കുറിക്കട്ടെ -
ഉണ്ണീൻ സാഹിബ് കേളി കേട്ട പ്രമാണിയും അതോടൊപ്പം തന്നെ പരിശുദ്ധ ദീനിന്റെ വലിയ ഖാദിമുമായിരുന്നു.
പണ്ഡിതരോടും ഔലിയാക്കളോടും എറെ അടുപ്പവും ആദരവും ഉള്ളവരായിരുന്നു. ചെമ്മങ്കടവ് ദർസ് സജീവമാക്കിയത് മൂപ്പരാണ്.
വീട്ടിൽ രാപ്പകൽ സ്ഥിരമായി ഖുർആൻ പാരായണം നടത്താൻ ശമ്പളം നിശ്ചയിച്ച് ചില മൊല്ലാക്കമാരെ അദ്ദേഹം ഏർപ്പാടാക്കിയിരുന്നു. ഭക്ഷണത്തിന് വലിയ ക്ഷാമം നേരിട്ട അക്കാലത്ത് തന്റെ നാട്ടിലും പരിസര പ്രദേശങ്ങളിലും ഒക്കെ അവർ ദിവസവും ഭക്ഷണം എത്തിച്ചു കൊടുക്കൽ പതിവായിരുന്നു. എന്തു കൊണ്ടും പ്രശംസനീയ രായിരുന്നു ഉണ്ണിൻ സാഹിബ്.
മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും മനസ്സിലാക്കാനും വേണ്ടി തന്റെ ഒരു ഉപദേശകനെന്ന നിലയിൽ പാങ്ങിൽ അഹ്മദ് കുട്ടി മുതലിയാരുമായി വലിയ ബന്ധം അവർ സ്ഥാപിച്ചിരുന്നു. പലപ്പോഴും യാത്രകളിൽ അവർ രണ്ടും പേരും ഒരുമിച്ചായിരുന്നുവെന്ന് മഹല്ലിലെ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഔലിയാക്കളിൽ പ്രമുഖരായ ബീരാൻ ഔലിയയോട് സാഹിബിന് ഉയർന്ന ബന്ധമുണ്ടായിരുന്നു. ശൈഖുനാ മടവൂരും അദ്ദേഹത്തിന്റെ വസതിയിൽ വന്ന് താമസിച്ചിട്ടുണ്ട്. ആ റൂം ഇന്നും അങ്ങിനെ തന്നെയുണ്ട്. കൊട്ടാര സമാനമായിരുന്ന വീടിന്റെ ചില ഭാഗങ്ങളെല്ലാം പിന്നീട് പൊളിച്ച് മാറ്റപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ ആ വീട് ഞാൻ സന്ദർശിച്ചിട്ടുണ്ട്.
ഈ നിലയിൽ ഉത്തമനായ നമ്മുടെ ഉണ്ണീൻ സാഹിബിന് ഇടക്കാലത്ത് എന്തോ ചില പൈശാചിക രോഗങ്ങൾ ഉണ്ടായി. അതിന് ഹേതുവായ സംഭവം ഇതാണ്.
പെരിന്തൽമണ്ണ ഇന്നത്തെ എം ഇ എസ് ഹോസ്പ്പിറ്റൽ ഉൾകൊള്ളുന്ന എക്കറകൾ വരുന്ന പ്രവിശാലമായ ഭൂമി, സാഹിബ് കച്ചവടം മുഖേന കൈവശപ്പെടുത്തി. ഒരു ചെറു അമ്പലം ആ പറമ്പിലുണ്ടായിരുന്നു. ഭൂമി തന്റെ അധീനതയിൽ ആയതിന് പിറകെ സാഹിബ് ആ ക്ഷേത്രം പൊളിച്ചുമാറ്റി. ഇതിനു ശേഷം അദ്ദേഹത്തിന് സമനില തെറ്റി. ശക്തമായ പിശാച് ബാധ കാരണം കാര്യങ്ങളെല്ലാം അവതാളത്തിലായി. പല ഉന്നത ഡോക്ടർമാരും വൈദ്യൻമാരും ഒക്കെ ചികിത്സ നടത്തി ഫലമുണ്ടായില്ല - ബഹു അഹ്മദ് കോയ ശാലിയാത്തിയും പാണക്കാട് പൂക്കോയ തങ്ങളും സാഹിബിന് ചികിത്സ നൽകിയവരിൽ പ്രധാനികളാണ്.
രോഗ ശമനത്തിന്, പൊളിക്കപ്പെട്ട അമ്പലം പുനർനിർമ്മിക്കൽ അത്യാവശ്യമാണെന്ന ചിലരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ചിലവിൽ അതു നടത്തപ്പെട്ടു. ഒരു സ്വതന്ത്ര അമ്പല നിർമ്മാണമായിരുന്നില്ല അത്.
അമുസ്ലിമായ ഒരു സ്ത്രീയോടൊപ്പം സാഹിബ് കൂടി കഴിയാൻ ഇട വന്നതും തഥൈവ. ഒന്നും ശരിയായ ബോധത്തോടെ ആയിരുന്നില്ലെന്ന് വ്യക്തം.
പക്ഷേ ഈ കലങ്ങിയ സമയത്ത് ചില കുബുദ്ധികൾ അദ്ദേഹത്തെ വലയിട്ടു ശേഷം മാതൃഭൂമി പത്രത്തിൽ , ഉണ്ണീൻ സാഹിബ് ആര്യ സമാജത്തിൽ ചേർന്നു (മതം മാറിയിരിക്കുന്നു) എന്നിങ്ങനെ ഒരു വാർത്ത കൊടുത്തു. ഈ വാർത്തയാൽ ഭൂരി ഭാഗം ജനങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു.
അമ്പല നിർമ്മാണവും അമുസ്ലിം വനിത സമ്പർക്കവും വലിയ സംശയങ്ങൾക്ക് കാരണവുമായി. ചർച്ചകൾക്ക് ചൂടേറി. ഇതിനിടയിൽ ചിലർ അദ്ദേഹത്തെ വധിക്കാൻ പ്പേനിട്ടു.
അങ്ങിനെ നേരത്തെ പറഞ്ഞ മാലാപറമ്പ് എം ഇ എസ് പറമ്പിൽ വെച്ച് അവർ അദ്ദേഹത്തെ വെട്ടി കൊന്നു. ശേഷം കൊന്നവർ തന്നെ അവരുടെ ജനാസ, പെരിന്തൽമണ്ണ ഇന്നത്തെ അലീഗഡ് യൂനി വേഴ്സിറ്റി മല ഭാഗത്ത് എവിടെയോ രഹസ്യമായി അടക്കം ചെയ്തു. ജനാസ ആർക്കും കണ്ടെത്താനായില്ല.
ചുരുക്കത്തിൽ മഹാനായ ഉണ്ണിൻ സാഹിബ് ഒരിക്കലും കാഫിറായിട്ടില്ല. തന്നിൽ നിന്നും സംഭവിച്ച മതവിരുദ്ധ കാര്യങ്ങളൊക്കെയും തന്റെ ശരിയായ ബോധത്തോടെ ആയിരുന്നില്ല. എല്ലാം കഠിന പിശാച് ബാധ കാരണമായിരുന്നു. അവർ മുസ്ലിം തന്നെ. അങ്ങിനെ തന്നെയാണ് നാം വിശ്വസിക്കേണ്ടത്.
ഞാൻ അവിടെ സേവനം ചെയ്യുന്ന സമയം അന്നത്തെ മഹല്ല് പ്രസിഡന്റ് ഉണ്ണീൻ സാഹിബിന്റെ പേരമകനായ ഇഖ്ബാൽ ( മരണപ്പെട്ടു ) എന്നവരായിരുന്നു.
അദ്ദേഹം എന്നോട് പറഞ്ഞു.
വല്ലിപ്പയെ കൊല ചെയ്യപ്പെട്ട വിവരം മഹാനരായ അമ്പം കുന്ന് ബീരാൻ വലിയ്യിനോട് കുടുംബക്കാർ ഉണർത്തിയപ്പോൾ മഹാനർ പ്രതികരിച്ചത് " അവൻ ശഹീദായെടാ " എന്നായിരുന്നു.
ഈ വിവരം എനിക്ക് ലഭിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം അന്നത്തെ മഹല്ല് സിക്രട്ടറി ഒരു കുറിപ്പ് എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
"തെറ്റിദ്ധരിക്കാക്കരിപ്പാൻ " എന്ന തലക്കെട്ടിൽ ഉണ്ണിൻ സാഹിബ് മതം മാറിയെന്ന വാർത്ത ആരും വിശ്വസിക്കരുത് എന്നറിയിച്ചു കൊണ്ട് അക്കാലത്തെ മഹല്ല് കമ്മറ്റി പുറത്തിറക്കിയ അറിയിപ്പ് നോട്ടീസായിരുന്നു അത്. ഇത് താഴെ കൊടുക്കുന്നുണ്ട്.
അത്കൊണ്ട് തെറ്റിദ്ധാരണകൾ നാം തിരുത്തുക. ഒരാൾ കാഫിറാണെന്ന് വിധിക്കുന്നത് നന്നായി സൂക്ഷിച്ച് വേണം. അല്ലെങ്കിൽ അതിനർഹൻ ആരോപിച്ചവനായിത്തീരും.
ഉണ്ണീൻ സാഹിബും കുട്ടി മുസ്ലിയാരും
മലപ്പുറം കിളിയ മണ്ണിൽ ഉണ്ണീൻ സാഹിബുമായി ബന്ധപ്പെട്ട് ഇപ്പോൾ ചിലർ പ്രചരിപ്പിച്ച വ്യാജ വാർത്തകളിൽ മറ്റൊന്നാണ് കുട്ടി മുസ്ലിയാർ കഥ.
കഥ ഇപ്രകാരമാണ്.
കുട്ടി മുസ്ലിയാർ മലപ്പുറം പൊടിയാട് ദർസ് നടത്തുന്ന സമയം ആ മഹല്ലിന്റെ മുതവല്ലി (കാര്യസ്ഥൻ) ഉണ്ണീൻ സാഹിബായിരുന്നു. ഇതിനിടയിൽ ഒരിക്കൽ ദർസിലെ കുട്ടികൾക്ക് പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് തൂക്കാൻ മുസ്ലിയാരോട് സാഹിബ് ആവശ്യപ്പെട്ടുവത്രെ.
അപ്രകാരം പരീക്ഷ ലിസ്റ്റ് തൂക്കപ്പെട്ടപ്പോൾ മുതിർന്ന പല വിദ്യാർത്ഥികളും തോറ്റതായി കാണപ്പെട്ടു. ഈ സമയം കോപാകുലനായി സാഹിബ് ഇപ്രകാരം പറഞ്ഞു പോൽ " ഈ നായന്റെ മക്കൾക്ക് തിന്നാൻ കൊടുത്തിട്ടെന്ത് കാര്യം?" സാഹിബിന്റെ ഈ വാക്ക്, കുട്ടി മുസ്ലിയാർക്ക് എറെ വിഷമമുണ്ടാക്കി. അതേ തുടർന്ന് അന്ന് പൊടിയാട് തന്റെ ദർസിൽ ബുഖാരി ഓതാൻ വരാറുണ്ടായിരുന്ന വലിയ്യായ തേനു മുസ്ലിയാരോട് കാര്യമുണർത്തി. അന്നേരം തേനു മുസ്ലിയാർ ഇങ്ങിനെ പറഞ്ഞുവത്രെ- മുതഅല്ലിമീങ്ങളെ നായന്റെ മക്കൾ എന്ന് വിളിച്ചവൻ കാഫിറായല്ലേ മരിക്കൂ. ഈ സംഭവമാണ് ഉണ്ണീൻ സാഹിബ് കാഫിറായി മരിക്കാൻ ഹേതുവായത്.
കൂട്ടുകാരേ ഈ കഥയുടെ ഹിംസ ഭാഗവും തീർത്തും പൊളിവാണ്. അത് ചുരുക്കി വ്യക്തമാക്കാം.
1- ഉണ്ണീൻ സാഹിബ് ഒരിക്കലും പൊടിയാട് മഹല്ലിന്റെ മുതവല്ലിയായിട്ടില്ല.
2- കുട്ടി മുസ്ലിയാർ പൊടിയാട് ദർസ് നടത്തുന്നത് 1960 മുതൽക്കാണ്. ഉണ്ണീൻ സാഹിബ് കൊല്ലപ്പെടുന്നത് 1947 ലും. മരിച്ച ഉണ്ണീൻ സാഹിബ് മാർക് ലിസ്റ്റ് നോക്കുകയോ? ഇതൊക്കെ പിഴവാണല്ലോ - എങ്കിലും ചില ശരിശകലങ്ങൾ ഇതിനിടയിലുണ്ട്. അത് പറയട്ടെ.
തേനു മുസ്ലിയാർ കുട്ടി മുസ്ലിയാരുടെ അടുത്ത് ഓതാൻ വന്നത് ശരിയാണ് - പക്ഷേ അത് പൊടിയാട് വെച്ചല്ല. മറിച്ച് ഉണ്ണീൻ സാഹിബിന്റെ മഹല്ലായ ചെമ്മങ്കടവിൽ വെച്ച് തന്നെയാണ്. പതിനാല് വർഷം കുട്ടി മുസ്ലിയാർ ചെമ്മങ്കടവിൽ ദർസ് നടത്തിയിട്ടുണ്ട്. 1946 മുതൽ 1958 വരെ. ഈ കാലയളവിൽ കുട്ടി മുസ്ലിയാർക്കും സാഹിബിനുമിടയിൽ ഒരു ബന്ധവും ഉണ്ടാകുന്നില്ല. കാരണം 1944 ജൂൺ മുതൽ സാഹിബിന് ഭ്രാന്ത് മുഴുത്ത് അദ്ദേഹം നമ്പൂരിമാർക്കിടയിലായി കഴിയുകയാണ്. ദീനീ കാര്യങ്ങളിൽ നിന്നെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധ പൂർണ്ണമായും ഒഴിവായിട്ടുണ്ടായിരുന്നു. 1947ൽ വധിക്കപ്പെടുകയും ചെയ്തല്ലോ - അതങ്ങിനെ.
ഇനി തേനു മുസ്ലിയാരുടെ വരവാണ്. 1952 ന് ശേഷമാണ് മഹാനർ ചെമ്മങ്കടവിൽ കുട്ടി മുസ്ലിയാരുടെ അടുത്ത് ഓതാൻ വരുന്നത്. ഇക്കാര്യം അന്ന് ആ ദർസിലുണ്ടായിരുന്ന പഴമക്കാരിൽ ഇന്നും ജീവിച്ചിരിക്കുന്ന ചെമ്മങ്കടവ് സ്വദേശി അലവി കുട്ടി മുസ്ലിയാരും ഇപ്പോൾ പടപ്പറമ്പിൽ താമസിക്കുന്ന കിളിയ മണ്ണിൽ ഉമർഹാജിയും എന്നോട് നേരിട്ട് പറഞ്ഞതാണ്. അഥവാ ഉണ്ണീൻ സാഹിബിന്റെ മരണം കഴിഞ്ഞ് 5 വർഷത്തിന് ശേഷമാണ് തേനു മുസ്ലിയാർ അവിടെ വരുന്നതെന്ന് സാരം. ഇതാണ് വസ്തുത.
അതുപോലെ തന്നെ ഉണ്ണീൻ സാഹിബ് ഒരു അമുസ്ലിം വനിതയെ വിവാഹം ചെയ്തുവെന്നതും തീർത്തും അസത്യമാണ്. അതുണ്ടായിട്ടില്ല. മറിച്ച് അതെല്ലാം കൃത്യമായി സംഭവിച്ചത് അദ്ദേഹത്തിന്റെ അനിയൻ ആലിബാപ്പു എന്ന വനിൽ നിന്നാണ്. അയാൾ സ്വയഷ്ടപ്രകാരം തന്നെ മതം മാറിയവനാണ്. ഇയാളുടെ ചില ഇടപെടലുകളാണ് കാര്യങ്ങൾ എറെ വഷളത്തളത്തിലാക്കിയത്.
1947 ആഗസ്ത് 2 (റമളാൻ 11 ശനി) ന് രാത്രി രണ്ട് മണിക്കാണ് സാഹിബ് വധിക്കപ്പെട്ടത്.
ഒരു തിരുത്ത്. സാഹിബിന്റെ ജനാസ കാപാലികർ തന്നെയാണ് മറവ് ചെയ്തതന്ന് ചില വൃദ്ധർ നമ്മോട് പറഞ്ഞിരുന്നു അത് ശരിയല്ല. മറിച്ച് പോലീസുകാരാണ് അതെല്ലാം നടത്തിയത്. അന്നത്തെ മാതൃഭൂമി റിപ്പോർട്ടിൽ അത് വ്യക്തമാക്കപ്പെടുന്നുണ്ട്.
അദ്ദേഹത്തിന്റെ ചെമ്മങ്കടവ് ബംഗ്ലാവും കൊലപാതക കാലത്തെ ചില മാതൃഭൂമീ വാർത്തകളും താഴെ കാണാം
ചുമ്മ ന്യായികരിക്കല്ലേ ആ മനുഷ്യനെ മതം മാറിയതിനു ആണ് കൊന്നു തള്ളിയത് കോടതി വിധി ഒണ്ട് ഇപ്പോളും
ReplyDeletePost a Comment