കോഴിക്കോട്:കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അറബി മലയാളത്തില്‍ രചിക്കപ്പെട്ട കൃതികളെക്കുറിച്ചുള്ള പഠനം തയാറാവുന്നു.ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകനും ചരിത്രകാരനുമായ കോഴിക്കോട് ജില്ലയിലെ വാണിമല്‍ സ്വദേശി ഡോ.പി കെ യാസര്‍ അറഫാത്താണ് വേറിട്ട പഠനത്തിലൂടെ ശ്രദ്ധേയനാവുന്നത്.മലബാറിലെ മാപ്പിള രചനയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ നേരത്തെയും ചര്‍ച്ചയായിരുന്നു.
1924 ല്‍ മുണ്ടമ്പ്ര ഉണ്ണിമുഹമ്മദ് വെള്ളപ്പൊക്കം എന്ന പേരില്‍ രചിച്ച മാപ്പിളപ്പാട്ട് നേരത്തെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്.എന്നാല്‍ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള മൂന്നുകൃതികള്‍ ബ്രിട്ടീഷ് ലൈബ്രറി ശേഖരത്തില്‍ നിന്നും ഇദ്ദേഹം കണ്ടെത്തി.1909 ല്‍ പ്രസിദ്ധീകരിപ്പക്കെട്ട 'തൂഫാന്‍ മാല' പരിസ്ഥിതി ദുരന്തത്തെക്കുറിച്ച് കേരളസാഹിത്യത്തില്‍ ആദ്യമായി വന്ന സാഹിത്യകൃതിയാണെന്നാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക നിഗമനം.1909ൽ ഉണ്ടായ പ്രളയത്തിൽ കോഴിക്കോട് നഗരവും തുറമുഖവും അനുഭവിച്ച ദുരിതങ്ങളെയാണ് 'തൂഫാൻമാല' വിവരിക്കുന്നത്.
മറ്റ് രണ്ട് കൃതികളും- കേരള ജലഘോര വൃത്താന്തം (1924), 'മലബാർ (ബാ)വാധം ജലഘോര ഗീതം', എന്ന വലിയ വെള്ളപ്പാട്ട് (1924) ഇതേ വർഷമുണ്ടായ മഹാ പ്രളയത്തെപ്പറ്റിയുള്ള കൃതികളുമാണ്.1924ലെ വെള്ളപ്പൊക്കത്തെ പറ്റിയുള്ള കെ.സി.എൻ വാഴുന്നോരുടെ "വെള്ളപ്പൊക്കം' (1924) എന്ന കവിത പുറത്തുവന്ന അതെ സമയത്തുതന്നെയാണ് ഈ രണ്ടുകൃതികളും അച്ചടിക്കപ്പെടുന്നതെന്ന് കാണാം.
ഇവയെ പരിശോധിച്ച് ദീർഘമായ ഒരു പഠനം മലയാളത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഉടനെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
Post a Comment