നിറഞ്ഞ പാണ്ഡിത്യം, അപാരമായ ബുദ്ധിശക്തി, വിനയാന്വിതമായ പെരുമാറ്റം, ജീവിതത്തില്‍ പുലര്‍ത്തുന്ന അതീവ സൂക്ഷ്‌മത, വലിയ സമ്പത്തിനുടമയാണെങ്കിലും ലളിതമായ ജീവിതം. വിജ്ഞാനപ്രചരണം ഒരു തപസ്യയാക്കി മാറ്റിയ ജീവിതം. പുത്തനഴി കുഞ്ഞാണി മുസ്‌ലിയാരെ നമുക്ക്‌ ഇങ്ങനെ ഒരു പരിചയപ്പെടുത്തലില്‍ ഒതുക്കാന്‍ കഴിയില്ല. അതിനേക്കള്‍ വിശാലമാണ്‌ ആ വ്യക്തിത്വം. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന്‌ 49 വര്‍ഷംമുമ്പ്‌ തുടങ്ങിയ അധ്യാപക ജീവിതം. 71-ാം വയസ്സിലും കുഞ്ഞാണി മുസ്‌ലിയാര്‍ കര്‍മ്മനിരതന്‍ തന്നെ. ഇപ്പോള്‍ ആഴ്‌ചയില്‍ മൂന്ന്‌ ദിവസം പട്ടിക്കാട്‌ ജാമിഅന്നൂരിയ്യയില്‍ പ്രതിഫലം പറ്റാതെയുള്ള സേവനം. എന്തുകൊണ്ട്‌ പ്രതിഫലം സ്വീകരിച്ചുകൂടാ എന്ന ചോദ്യത്തിന്‌ വേതനം പറ്റി ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ കഴിയാതെ വന്നാല്‍ അതൊരു പ്രയാസമാകുമെന്നു മറുപടി. പാണ്ഡിത്യത്തിന്റെ പ്രൗഡിയോ ജാടകളോ ഇല്ലാതെ ശാന്തനായി നടന്നുനീങ്ങുന്ന ഈ പണ്ഡിതവര്യന്‍ നാലര പതിറ്റാണ്ടായി കരുവാരകുണ്ടിനടുത്ത പുത്തനഴി പ്രദേശത്തുകാരുടെ ഖാളിയും മുദരിസ്സുമെല്ലാമാണ്‌.
ഗുരുകുല വിദ്യാഭ്യാസത്തെകുറിച്ച്‌ കേട്ടറിവ്‌ മാത്രമേയുള്ളു നമുക്ക്‌. എന്നാല്‍ കുഞ്ഞാണി മുസ്‌ലിയാര്‍ അതിന്റെ പ്രയോക്താവാണ്‌. ഒഴിവുദിവസങ്ങളില്‍ തന്റെ വീട്ടില്‍വെച്ച്‌ ദര്‍സ്‌ നടത്തുന്നു എന്നത്‌ കേവലം ഭംഗിവാക്കല്ല. കുഞ്ഞാണിമുസ്‌ലിയാര്‍ വീട്ടിലുണ്ടാകുന്ന വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ്‌ ഇത്‌ കൂടുതലും നടക്കുക. വിവിധ ദിക്കുകളില്‍ മുദരിസുമാരായി ജോലി ചെയ്യുന്നവരായിരിക്കും വിദ്യാര്‍ത്ഥികളില്‍ അധികവും. ആഴ്‌ചകളില്‍ ലഭിക്കുന്ന ഒഴിവുദിവസങ്ങള്‍ ഇവിടെ ചെലവഴിച്ച്‌ ആവോളം വിദ്യ നുകര്‍ന്ന്‌ തിരിച്ചുപോകുന്നവര്‍ എത്രയോ ഉണ്ടായിരുന്നു. ഭക്ഷണവും താമസവും എല്ലാം ഈ പണ്ഡിതവര്യന്റെ വക ഫ്രീ. പൊതുവെ പണ്ഡിതന്മാരില്‍ പലര്‍ക്കും പ്രയാസകരമായി അനുഭവപ്പെടുന്ന “മഅ്‌ഖൂലാത്ത്‌” വിഷയങ്ങളിലാണ്‌ കുഞ്ഞാണി മുസ്‌ലിയാര്‍ക്ക്‌ കൂടുതലും താല്‍പര്യം എന്നത്‌ പഴയകാല ആലിമുകള്‍ ഈ വിജ്ഞാവശാഖയോടു കാണിച്ചിരുന്ന പ്രതിപത്തിയും താല്‍പര്യവും നമുക്ക്‌ ബോധ്യപ്പെടുത്തിതരും. വൈജ്ഞാനികരംഗത്ത്‌ പുതിയ തലമുറ വലിയ വിസ്‌ഫോടനങ്ങള്‍ സൃഷ്‌ടിച്ച്‌ മുന്നേറുമ്പോഴും ഈ ഗ്രാമപ്രദേശത്ത്‌ ഇങ്ങനെ ഒരു മഹാപണ്ഡിതന്‍ പഴമയുടെ വിശുദ്ധിയും നന്‍മയും കെടാതെ സൂക്ഷിച്ച്‌ വിജ്ഞാനപ്രചരണം തന്റെ ജീവിതനിയോഗമായി കരുതി ഗുരുകുല വിദ്യാഭ്യാസത്തിന്‌ പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നുവെന്നത്‌ പലര്‍ക്കും അറിയാത്തതോ, അല്‍ഭുതപ്പെടുത്തുന്നതോ ആയിരിക്കും.
കുടുംബം 
1940 ഡിസംബര്‍29-ന്‌ പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാരുടെയും പുതുക്കൊള്ളി ഉമ്മു ആയിശകുട്ടി(ഉമ്മാച്ച കുട്ടി) യുടെ മകനായി കരുവാരക്കുണ്ടിനടുത്ത്‌ പുത്തനഴി പുത്തന്‍കുളത്തെ തറവാട്ടുവീട്ടില്‍ ജനനം. കാപ്പ്‌കൊളപ്പറമ്പ്‌ സ്വദേശിനി പി.സഫിയ്യയാണ്‌ കുഞ്ഞാണിമുസ്‌ലിയാരുടെ സഹധര്‍മ്മിണി.
എം.എസ്‌.എഫ്‌ മുന്‍ സംസ്ഥാന ജ.സെക്രട്ടറിയും നിലവില്‍ സംസ്ഥാന മുസ്‌ലിംയൂത്ത്‌ലീഗ്‌ ട്രഷററുമായ പി.എം ഹനീഫ്‌ ഉള്‍പ്പെടെ അഞ്ചു മക്കള്‍.
പൊന്നാനിയില്‍ നിന്നെത്തിയ ഖാളി കുടുംബം 
പൊന്നാനിയായിരുന്നു ഏറെകാലം കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രം. മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഖാളിമാരേയും ഖത്തീബുമാരേയും അയച്ചു കൊടുത്തിരുന്നതും പൊന്നാനിയില്‍ നിന്നായിരുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി എത്തിപ്പെടുന്നവര്‍ അവിടെതന്നെ സ്ഥിരതാമസമാക്കുകയും നാട്ടുകാരുടെ സ്‌നേഹാദരവുകള്‍ പറ്റി ആ നാടിന്റെ ഭാഗമായി തീരുകയുമാണ്‌ പതിവ്‌. അങ്ങിനെ വള്ളുവനാട്‌ ഭാഗത്തേക്ക്‌ ഖാളിമാരായി വന്നവരുടെ തലമുറയാണ്‌ കുഞ്ഞാണി മുസ്‌ലിയാരുടെ പൊറ്റയില്‍ തറവാട്‌. മുസ്‌ലിയാരകത്ത്‌, ഓടക്കല്‍ തുടങ്ങിയ കുടുംബപരമ്പരകളും ഇങ്ങനെ പൊന്നാനിയില്‍ നിന്നെത്തിയ ഖാളി കുടുംബാംഗങ്ങളാണ്‌. പിതാമഹന്മാരില്‍ ആരോ ഈ ഭാഗത്തേക്ക്‌ ഖാളിയായി നിശ്ചയിക്കപ്പെടുകയും അങ്ങനെ ഈ പ്രദേശത്തിന്റെ ആത്മീയനേതൃത്വം ഏറ്റെടുത്ത്‌ ഈ മണ്ണിന്റെ ഭാഗമായിത്തീരുകയും ചെയ്‌തു. പൊന്നാനി മഖ്‌ദും കുടുംബത്തിലേക്കാണ്‌ ഇവരുടെയെല്ലാം വേരുകള്‍ വന്നുചേരുന്നത്‌. കുഞ്ഞാണി മുസ്‌ലിയാരുടെ പിതാമഹന്‍മാരെല്ലാം പ്രസിദ്ധരായ പണ്ഡിതന്‍മാരായിരുന്നു. പിതാവ്‌ ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍ `അസ്‌മാഅ്‌’ ചികില്‍സയില്‍ പ്രഗല്‍ഭനായിരുന്നു. പിശാച്‌ ബാധയേറ്റയാളുടെ തലയില്‍ കത്തി അടിച്ചുകയറ്റി ബാധയൊഴിപ്പിക്കുന്ന ചികില്‍സാരീതി വരെ അദ്ദേഹത്തിനറിയാമായിരുന്നു.
ഓര്‍മ്മകളിലൂടെ പഠനകാലത്തേക്ക്‌ 
ഓത്ത്‌ പള്ളികളായിരുന്നു അന്നത്തെ പഠനകേന്ദ്രങ്ങള്‍. ഖുര്‍ആന്‍ പഠനത്തോടൊപ്പം `മഈനത്തുല്‍ ഇസ്‌ലാം’ എന്ന പേരില്‍ ഇസ്‌ലാം കാര്യങ്ങള്‍, ഈമാന്‍ കാര്യങ്ങള്‍ നിത്യജീവിതത്തില്‍ അത്യാവശ്യമായ കാര്യങ്ങള്‍, മൗലൂദ്‌ കിതാബുകള്‍, ബദ്‌ര്‍ ബൈത്ത്‌ എന്നിവയൊക്കെയാണ്‌ അന്ന്‌ ഓത്ത്‌ പള്ളികളില്‍ വെച്ച്‌ പഠിപ്പിച്ചിരുന്നത്‌. മൗലൂദ്‌ ബൈത്തുകള്‍ കാണാതെ ചൊല്ലാന്‍ പഠിപ്പിക്കുക അന്നത്തെ ഒരു രീതിയായിരുന്നു. തന്റെ എട്ടാമത്തെ വയസ്സില്‍ പുലാമന്തോള്‍ സ്വദേശി മയമുണ്ണി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നുകൊണ്ടാണ്‌ ദര്‍സ്‌ പഠനത്തിന്‌ തുടക്കമിടുന്നത്‌. പിന്നെ വള്ളിക്കാപ്പറ്റ കോയണ്ണി മുസ്‌ലിയാരുടെ കീഴില്‍ എടപ്പറ്റ, ഏപീക്കാട്‌ എന്നീ സ്ഥലങ്ങളില്‍ മൂന്ന്‌ വര്‍ഷത്തോളം ഓതി താമസിച്ചെങ്കിലും തന്റെ അടങ്ങാത്ത വിജ്ഞാനതൃഷ്‌ണ കൂടുതല്‍ നല്ല ദര്‍സും ഏറ്റവും നല്ല ഗുരുവര്യരെയും തേടിപോകാന്‍ കുഞ്ഞാണി മുസ്‌ലിയാര്‍ക്ക്‌ പ്രചോദനമായി. അങ്ങനെയാണ്‌ പ്രമുഖപണ്ഡിതനും സൂഫിവര്യനുമായ അരിപ്ര സി.കെ.മൊയ്‌തീന്‍ ഹാജിയുടെ ദര്‍സിലെത്തുന്നത്‌. അടുത്തവര്‍ഷം തലശ്ശേരിക്കടുത്ത പുല്ലൂക്കര ദര്‍സില്‍ ചേര്‍ന്നെങ്കിലും ഒരു പ്രത്യേകതരം പനി പടര്‍ന്നുപിടിച്ചത്‌ കാരണം അവിടെ കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഏതാനും മാസങ്ങള്‍ തുവ്വൂരിലെ കുഞ്ഞിമുസ്‌ലിയാരുടെ ദര്‍സില്‍ പഠിച്ചു. ശൈഖുനാ കെ.സി.ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ കൂടെയായിരുന്നു അടുത്തത്‌. കരുവാരക്കുണ്ടിലും പയ്യനാട്ടുമായി ഓരോ വര്‍ഷങ്ങള്‍. പിറ്റെ വര്‍ഷം പ്രമുഖപണ്ഡിതന്‍ ഒ.കെ.ഉസ്‌താദിന്റെ ചാലിയത്തെ ദര്‍സില്‍ ഒരു വര്‍ഷം. വീണ്ടും കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാരുടെകൂടെ കരുവാരകുണ്ട്‌ ദര്‍സിലേക്ക്‌. അടുത്തവര്‍ഷം ബാഖിയാത്തില്‍ പോകാനായിരുന്നു പരിപാടിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ബ്ബല്യമോ മറ്റോ കാരണം ബാഖിയത്ത്‌ അടച്ചിട്ടതിനാല്‍ ആ ലക്ഷ്യം സഫലമാകാതെ പോവുകയും കെ.സി.ഉസ്‌താദ്‌ ഹജ്ജിന്‌ പോവുകയും ചെയ്‌തതിനാല്‍ അല്‍പകാലം ഉസ്‌താദ്‌ കുട്ടി മുസ്‌ലിയാര്‍ ഫള്‌ഫരിയുടെ പൊടിയാട്ടെ ദര്‍സില്‍ ചേര്‍ന്നു. ഹജ്ജിന്‌ ശേഷം വീണ്ടും കെ.സി. ഉസ്‌താദിന്റെ കൂടെതന്നെ ചേര്‍ന്നു. അടുത്ത വര്‍ഷം ബാഖിയാത്തില്‍ പോയി. രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം 1965-ല്‍ ബാഖിയാത്തില്‍ നിന്നു പിരിഞ്ഞു.

അധ്യാപന ജീവിതം 
1965-ല്‍ മഞ്ചേരിക്കടുത്ത മുടിക്കോട്‌ ജമുഅ മസ്‌ജിദില്‍ മുദരിസായികൊണ്ടാണ്‌ കുഞ്ഞാണി മുസ്‌ലിയാര്‍ തന്റെ അധ്യാപന ജീവിതത്തിന്‌ തുടക്കമിടുന്നത്‌. ഉയര്‍ന്ന കിതാബുകള്‍, ഓതുന്ന മുതിര്‍ന്ന കുട്ടികള്‍ അടക്കം 27 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു ആ ദര്‍സില്‍. ആ പ്രദേശത്തുകാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ വേറെയും. സ്വന്തം നാടായ പുത്തനഴിയിലാണ്‌ പിന്നീട്‌ അദ്ദേഹം ദര്‍സ്‌ തുടങ്ങിയത്‌. ബിരുദധാരികളും അല്ലാത്തവരുമായ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ നിത്യസന്ദര്‍ശകരായി. സമീപപ്രദേശങ്ങളിലെ മുദരിസുമാര്‍ക്കും ഖാളിമാര്‍ക്കുമെല്ലാം സംശയങ്ങള്‍ തീര്‍ക്കാനും മസ്‌അലകളുടെ കുരുക്കഴിക്കാനും ഒരു ആശ്വാസതുരുത്തും അഭയകേന്ദ്രവുമായി ഈ പ്രദേശവും ഇവിടുത്തെ ഈ മഹാ ഗുരുവര്യനും മാറി. അന്നുമുതല്‍ ഇതുവരെ നാലര പതിറ്റാണ്ടിലതികമായി ഈ പ്രദേശത്തുകാരുടെ ഖാളിയും മുദരിസുമായി കുഞ്ഞാണി മുസ്‌ലിയാര്‍ ഉണ്ട്‌.

കര്‍ഷകനായ പണ്ഡിതന്‍ 
സാധാരണ പണ്ഡിതരെപ്പോലെ ജോലി കഴിഞ്ഞുവന്ന്‌ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനൊന്നും കുഞ്ഞാണി മുസ്‌ലിയാരെ കിട്ടില്ല. ഗ്രന്ഥപാരായണത്തോടൊപ്പം അദ്ദേഹത്തിന്‌ ഇഷ്‌ടപ്പെട്ട വിനോദമാണ്‌ കൃഷിയും. ഒരുപക്ഷെ പണ്ഡിതര്‍ക്കിടയിലെ സമ്പന്നനും സമ്പന്നര്‍ക്കിടയിലെ പണ്ഡിതനും ആയിരിക്കും അദ്ദേഹം. പൂര്‍വ്വികമായി ലഭിച്ചതും തന്റെ സ്വപരിശ്രമത്താല്‍ നേടിയെടുത്തതുമായ വിശാലമായ കൃഷിയിടത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെയാണ്‌ വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതും ഒട്ടേറെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതും.

സംഘടനാ രംഗത്തേക്ക്‌ 
ഇന്ന്‌ സമസ്‌തയുടെ മലപ്പുറം ജില്ല ജ.സെക്രട്ടറിയാണ്‌ കുഞ്ഞാണി ഉസ്‌താദ്‌. കെ.ടി. ഉസ്‌താദിന്റെ വിയോഗം സൃഷ്‌ടിച്ച വിടവ്‌ നികത്താന്‍ മറ്റൊരു പേരും ആര്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. ശാന്തപ്രകൃതനും നിശ്ശബ്‌ദനും ആണെങ്കിലും അതിസൂക്ഷ്‌മതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഈ ജ്ഞാനപ്രതിഭയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അര്‍ഹതപ്പെട്ട പദവിതന്നെയാണ്‌ ഈ സ്ഥാനലബ്‌ദി. അഗാധമായ പാണ്ഡിത്യവും ജീവിതത്തില്‍ പുലര്‍ത്തുന്ന അതിസൂക്ഷ്‌മതയും കുഞ്ഞാണി മുസ്‌ലിയാരെ മറ്റു പലരില്‍നിന്നും വ്യത്യസ്‌തനാക്കുന്നു. ദീനിസ്ഥാപന നടത്തിപ്പ്‌ വ്യവസായവല്‍ക്കുകയും സ്ഥാപനത്തോടൊപ്പമോ അതിനേക്കാളേറെയോ സ്ഥാപന നടത്തിപ്പുകാര്‍ വളരുകയും ചെയ്യുന്ന ഇക്കാലത്ത്‌ കുഞ്ഞാണി മുസ്‌ലിയാരെപോലെയുള്ള സൂക്ഷ്‌മാലുക്കളായ ഒരു പണ്ഡിതനെ അപൂര്‍വ്വമായേ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
മര്‍ഹൂം നാട്ടിക ഉസ്‌താദിന്റെ സ്വപ്‌ന പദ്ധതിയായിരുന്നുവല്ലൊ മേലാറ്റൂര്‍ ദാറുല്‍ഹികം ഇസ്‌ലാമിക്‌ സെന്റെര്‍. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദീനി സേവനാസംരഭങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ബൃഹത്‌പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ അതൊരു മഹാസംഭവമാകുമായിരുന്നു. മേലാറ്റൂര്‍ ടൗണില്‍ നിലവിലുണ്ടായിരുന്ന ഓട്ടുകമ്പനിയും ഏഴ്‌ ഏക്കറോളം വരുന്ന സ്ഥലങ്ങളും വിലക്ക്‌ വാങ്ങികൊണ്ട്‌ പദ്ധതിക്ക്‌ അതിഗംഭീരമായി തുടക്കം കുറിക്കപ്പെടുകയും പ്രാഥമികപ്രവര്‍ത്തനങ്ങല്‍ നടക്കുകയും ചെയ്‌തു. സമുദായ സ്‌നേഹികളെയും പ്രസ്ഥാനബന്ധുക്കളെയും മാത്രമല്ല നാട്ടിലെ നന്മ കാംക്ഷിക്കുന്ന മുഴുവന്‍ ആളുകളിലും പ്രതീക്ഷകള്‍ നല്‍കി ദാറുല്‍ഹികം പിച്ചവെക്കാന്‍ തുടങ്ങുമ്പോഴാണ്‌ അതിന്റെ നായകന്റെ വിടവാങ്ങല്‍. സമുദായത്തിനും ദാറുല്‍ഹികമിനും വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ആ കര്‍മ്മയോഗി രോഗിയാവുകയും ആരും നിനച്ചിരിക്കാത്ത ഒരു സമയത്ത്‌ അദ്ദേഹം നമ്മെ വിട്ടുപിരിയുകയും ചെയ്‌തു. ദാറുല്‍ഹികം അനാഥമാകുമോ എന്നുപോലും തോന്നിയ ഘട്ടം. ആ സന്നിഗ്‌ദ്ധഘട്ടത്തിലാണ്‌ തന്റെ വാര്‍ദ്ധക്യവും അവശതകളും മാറ്റിവെച്ചുകൊണ്ട്‌ കുഞ്ഞാണി മുസ്‌ലിയാരുടെ രംഗപ്രവേശനം. നേരത്തെതന്നെ ദാറുല്‍ഹികമിന്റെ വൈ:പ്രസിഡന്റായിരുന്നുവെങ്കിലും മൂസ മുസ്‌ലിയാരുണ്ടായിരുന്നതുകൊണ്ട്‌ ബാധ്യതകളൊന്നും തന്റെ ചുമലില്‍ വരുമായിരുന്നില്ല.

ആശങ്കപ്പെട്ടത്‌ തന്നെ സംഭവിച്ചു 
ദാറുല്‍ഹികമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച നാളുകളില്‍ ഒന്നില്‍ നാട്ടിക ഉസ്‌താദിനെ കാണാന്‍വേണ്ടി മേലാറ്റൂരില്‍ എത്തിയതാണ്‌ ഈ ലേഖകന്‍. സമയം ഉച്ചയോട്‌ അടുത്തിരിക്കുന്നു. മൂസ മുസ്‌ലിയാര്‍ സ്ഥലത്തില്ലാത്തതുകൊണ്ട്‌ അല്‌പം വിശ്രമിക്കാമെന്നു കരുതി ഒരു പ്രസ്ഥാന ബന്ധു നടത്തുന്ന ബുക്ക്‌ഷോപ്പില്‍ കയറി. കുഞ്ഞാണി മുസ്‌ലിയാരും അവിടെ മൂസ മുസ്‌ലിയാരെ കാത്തിരിക്കുകയായിരുന്നു. അന്ന്‌ ദാറുല്‍ഹികമിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കുഞ്ഞാണിമുസ്‌ലിയാര്‍ ഗൗരവഭാവം പൂണ്ടു. പിന്നെ പതിഞ്ഞസ്വരത്തില്‍ പറഞ്ഞു. `വലിയ വലിയ പദ്ധതികളാ…. ഇതൊക്കെ നടപ്പാക്കാനായാല്‍ നല്ലത്‌.’ ആ വാക്കുകളില്‍ എവിടെയൊക്കെയോ ആശങ്കകള്‍ മുറിഞ്ഞുവീഴുന്നത്‌ പോലെ എനിക്കുതോന്നി. ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മൂസ മുസ്‌ലിയാരുടെ സ്വപ്‌നങ്ങളെകുറിച്ചാണ്‌ കുഞ്ഞാണി മുസ്‌ലിയാര്‍ സംസാരിക്കുന്നത്‌. അവസാനം താന്‍ ആശങ്കപ്പെട്ടതുപോലെ തന്നെ ആ ബാധ്യതയുടെ വലിയ ചുമടുകള്‍ തന്റെ ചുമലില്‍ തന്നെ വന്നുചേരുകയും ചെയ്‌തു.

Post a Comment

Previous Post Next Post