പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ മിസ്‌രിപ്പള്ളി പുതുക്കിപ്പണിയാനായി പൊളിച്ചു നീക്കുന്നു |
- സി.പി ബാസിത് ഹുദവി തിരൂര്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ മിസ്‌രിപ്പള്ളി പുതുക്കിപ്പണിയാനായി പൊളിച്ചു നീക്കുന്നത് വാര്‍ത്തയായിരിക്കുകയാണല്ലോ.സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ അറിയിപ്പുകൊടുത്തത് ആശാവഹമാണ്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരം പള്ളികള്‍ പൈതൃകങ്ങളുടെ ഒരു ശേഷിപ്പുപോലും അവശേഷിപ്പിക്കാതെ പൊളിച്ചുനീക്കി കോണ്‍ക്രീറ്റ് സൗധങ്ങളാക്കി മാറ്റി എന്നത് ശ്രദ്ധിക്കാന്‍ പോലും ഇവിടെ ആളുണ്ടായില്ല.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല പള്ളികളും അറബികളുടെ ഓഫര്‍ കാത്ത് രോഗശയ്യയില്‍ കിടക്കുകയാണ്.പ്രവാചക കാലത്തോളം പഴക്കമുള്ള കേരളീയ മുസ്ലിം പാരമ്പര്യത്തിന്റെ ഏക സാക്ഷിയാണ് ഇത്തരം പള്ളികള്‍.കേരളത്തിലെ പുരാതന മുസ്ലിം പള്ളികള്‍ക്കും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഒരേ രൂപമാണെന്ന നാം പൂലര്‍ത്തിപ്പോന്ന സാമുദായിക സൗഹാര്‍ദത്തിന്റെ തെളിവുമാണ്.പഴയ പള്ളികള്‍ പൊളിച്ച് പുതിയ ശൈലിയില്‍ പണിയുമ്പോള്‍ നമ്മുടെ ആത്മാവിനെയാണ് നാം നഷ്ടപ്പെടുത്തുന്നത് എന്ന ബോധമാണ് നമുക്കുണ്ടാകേണ്ടത്.
ചെമ്പിട്ട പള്ളി |
പുരാതന മാതൃകയില്‍ അറ്റകുറ്റപണി പണി നടത്തി പള്ളികളെ നിലനിര്‍ത്താന്‍ ആകുമോ എന്നാണ് ആദ്യം ആലോചിക്കേണ്ടത്.നിരവധി മാതൃകകള്‍ ഈ രൂപത്തില്‍ നമുക്ക് കാണാനാകും.കൊച്ചിയിലെ ചെമ്പിട്ട പള്ളി പേര് സൂചിപ്പിക്കും പോലെ ചെമ്പ് മേഞ്ഞതാണ്.കഴിഞ്ഞ വര്‍ഷം പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പുരാതന രീതിയില്‍ നിന്ന് മാറ്റം വരുത്താതെയാണ് പണി പൂര്‍ത്തീകരിച്ചത്.
പള്ളികള്‍ പുന:നിര്‍മിക്കുമ്പോള്‍ ഗള്‍ഫ് മോഡലിലേക്കും പേര്‍ഷ്യന്‍ മാതൃകകളിലേക്കും നാം എന്തിനാണ് ചേക്കേറുന്നത.് നൂറ്റാണ്ടുകളായി നാം നേടിയെടുത്ത നാഗരിക വളര്‍ച്ചയുടെ ഭാഗമാണ് ഓടുമേഞ്ഞ അകമ്പള്ളിയും പുറമ്പള്ളിയുമുള്ള ഈ മാതൃക.പുതിയ നിര്‍മാണ രീതി ഉപയോഗിച്ച് പഴയ പള്ളികളെ അതേ രൂപത്തില്‍ പുതുക്കിപ്പണിയാന്‍ നമുക്ക് എന്താണ് തടസ്സം.
കേരളത്തിലെ മുസ്‌ലിം സംഘടനകളും വഖ്ഫ് ബോര്‍ഡും പള്ളി പരിപാലന സമിതികളും വിഷയത്തെ ഗൗരവമായി എടുത്ത് ചില മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കണം.അല്ലാത്ത പക്ഷം വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പുരാതന പള്ളികള്‍ക്കും അവയുടെ രൂപം നഷ്ടപ്പെടും.ഐസിസ് തകര്‍ക്കുന്ന പൈതൃകങ്ങളുടെ ലിസ്റ്റ് എടുക്കാന്‍ ഇവിടെ തിക്കും തിരക്കുമാണ്.നമ്മുടെ പൈതൃകം സംരക്ഷിക്കാന്‍ ഇവിടെ ആരുണ്ട..്?
Post a Comment