സി.പി. ബാസിത് ഹുദവി തിരൂര്‍
പൊന്നാനിയുടെ വെളിച്ചം കേരളത്തിലെങ്ങും പ്രസരിപ്പിക്കുന്നതിന് മുന്നില്‍ നിന്ന മഹാ പണ്ഡിതനാണ് വെളിയങ്കോട് ഉമര്‍ ഖാളി. ആത്മീയ പ്രഭാവം, അനുപമ ജ്ഞാനം, അതുല്യ കാവ്യം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കര്‍ഹനായ മഹാന്‍ പണ്ഡിതരും സാധാരണക്കാരും നെഞ്ചിലേറ്റുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയാണ്.
പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തില്‍ കാക്കത്തറ കുടുംബത്തില്‍ ഖാളിയാരകം വീട്ടില്‍ ആലി മുസ്‌ലിയാരുടെയും ആമിനാ ബീവിയുടെയും മകനായി ഹിജ്‌റ 1179-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും ഖുര്‍ആന്‍ പഠനവും വെളിയങ്കോടു നിന്നു തന്നെ നേടി. ഒമ്പതാം വയസ്സില്‍ പിതാവ് പരലോകം പ്രാപിച്ചപ്പോള്‍ മാതാവിന്റെ പൂര്‍ണ്ണ സംരക്ഷണത്തിലായി. പിന്നീട് താനൂരിലെത്തുകയും വലിയകുളങ്ങര പള്ളിയില്‍ ഖാളി അഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വം നേടുകയും ചെയ്തു. അനന്തരം പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദര്‍സില്‍ മമ്മിക്കുട്ടി ഖാളി എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ് ബിന്‍ സൂഫിക്കുട്ടി മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി.
ഇഷ്ട ശിഷ്യന്റെ മഹത്വം പരിഗണിച്ച് ഉമര്‍ ഖാളിയെ മമ്മിക്കുട്ടി ഖാളി സഹമുദരിസായി നിയമിച്ചു. ഹിജ്‌റ 1217-ല്‍ മമ്മിക്കുട്ടി ഖാളി വഫാത്താവുകയും 1218-ല്‍ വെളിയങ്കോട് പള്ളിയിലേക്ക് മാറുകയും ചെയ്തു. ഹിജ്‌റ 1237-മുതല്‍ രണ്ടു പതിറ്റാണ്ടുകാലം താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ ഉമര്‍ ഖാളി ദര്‍സ് നടത്തി. ഹിജ്‌റ 1257-മുതല്‍ 1265 വരെ പൊന്നാനിയിലായിരുന്നു ദര്‍സ്. 1265-ല്‍ വെളിയങ്കോട് ദര്‍സിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും മരണം വരെ മുദരിസായി തുടരുകയും ചെയ്തു. പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍, കാസര്‍ഗോഡ് സഈദ് മുസ്‌ലിയാര്‍, പയ്യോളി ചെരിച്ചില്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഫരീദ് മുസ്‌ലിയാര്‍, വടക്കേക്കാട് പറയങ്ങാട് പള്ളി മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീന്‍, പേരുമ്പടപ്പ് ശൈഖ് സൈനുദ്ദീന്‍ റംലി, പൊന്നാനി കമ്മുക്കുട്ടി മുസ്‌ലിയാര്‍. പൊന്നാനി ചെറിയ ബാവ മുസ്‌ലിയാര്‍, മറ്റത്തൂര്‍ മഠത്തില്‍ അവറാന്‍ മുസ്‌ലിയാര്‍, ഖാളി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തിരൂരങ്ങാടി, കുഴിപ്പുറം കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, മറ്റത്തൂര്‍ ഖാളി കുഞ്ഞഹമ്മദ് മുസ് ലിയാര്‍, മുടിക്കോട് ഖാളി ഒറ്റകത്ത് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പട്ടര്‍ക്കുളം എരിക്കുന്നന്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, താനൂര്‍ ഖാളി വലിയ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ അനേകം മഹാപ്രതിഭകള്‍ ശിഷ്യന്‍മാരാണ്.
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള പണ്ഡിതന്‍ എന്നതിലുപരി ആഗോള-ദേശീയ പണ്ഡിതരുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. പലതവണ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു. മക്കയിലും മദീനയിലുമുള്ള താമസത്തിനും സഞ്ചാരത്തിനുമിടയില്‍ ഇതിന് കൂടുതല്‍ സമയം കണ്ടെത്തി. കേരളത്തില്‍ തന്നെ ജീവിച്ച് ഇത്രത്തോളം പരന്ന ബന്ധവും ആഗോള വീക്ഷണവുമുള്ള ഒരു പണ്ഡിതന്‍ ഉമര്‍ഖാളിക്കു ശേഷം ഇന്നുവരെ ഉണ്ടായിട്ടില്ല. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആത്മീയ ശിക്ഷണത്തിലാണ് ഉമര്‍ ഖാളി വളര്‍ന്നത്. ശൈഖ് മുഹമ്മമുല്‍ ജിഫ്‌രി കോഴിക്കോട്, ശൈഖ് മൗലല്‍ ബുഖാരി കണ്ണൂര്‍, ശൈഖ് മുഹമ്മദ് ജമലുല്ലൈലി കടലുണ്ടി, ഉമറുല്‍ ഖാഹിരി കായല്‍പട്ടണം, ശൈഖ് അബ്ദുല്‍ അസീസ് ദഹ്‌ലവി തുടങ്ങിയവര്‍ ഉമര്‍ ഖാളിയുടെ ഉറ്റ മിത്രങ്ങളും സഹകാരികളുമായിരുന്നു.
സ്വന്തമായ ശൈലിയും ഭാവനയും മികച്ച രചനാവൈഭവവുമുള്ള ദാര്‍ശനികനും കവിയും സാഹിത്യകാരനുമായിരുന്നു ഉമര്‍ ഖാളി. തന്റെ കവിതകളധികവും പ്രവാചക സ്തുതിഗീതങ്ങളാണ്. സ്വല്ലല്‍ ഇലാഹു, നഫാഇസുദ്ദുറര്‍, പുള്ളിയുള്ള അക്ഷരങ്ങള്‍കൊണ്ട് മാത്രം രചിക്കപ്പെട്ട ജഫത്‌നീ, പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ടുള്‌ല ലാഹല്‍ ഹിലാലു, മഞ്ചല്‍ രീതിയിലുള്ള ലമ്മാ ളഹറ തുടങ്ങിയ കാവ്യങ്ങള്‍ അറബി സാഹിത്യത്തില്‍ മികച്ച സ്ഥാനം നേടിയവയാണ്. നിമിഷക്കവിയായിരുന്ന ഉമര്‍ ഖാളി എല്ലാം കവിതയിലൂടെയാണ് പ്രകടിപ്പിച്ചത്. റൗളാ ശരീഫിലെത്തിയപ്പോള്‍ പ്രവാചക സ്തുതിഗീതങ്ങള്‍കൊണ്ട് സംഗീത മഴ വര്‍ഷിപ്പിച്ച സംഭവം പ്രസിദ്ധമാണ്. രചനയില്‍ ഭാഷകളുടെ പരിമിതിയെപ്പോലും പരാജയപ്പെടുത്തുന്ന ശൈലി സ്വീകരിച്ച ഉമര്‍ ഖാളിയുടെ വരികള്‍ തലമുറകളുടെ അധരപുടങ്ങളിലൂടെ കൈമാറി വരുന്നു. ഗദ്യ പദ്യ രൂപങ്ങളിലുള്ള രചനകള്‍ ക്രോഡീകരിക്കാവുന്നതിലുമപ്പുറമാണ്.
പണ്ഡിതന്‍ ആത്മീയനായകന്‍ എന്നതിനോടൊപ്പം സാമൂഹികവിപ്ലവകാരികൂടിയായിരുന്നു ഉമര്‍ ഖാളി. വൈദേശികാധിപത്യത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഒരു സായുധ വിപ്ലവത്തിനായിരുന്നില്ല അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാല്‍ ബ്രിട്ടീഷുകാരെ ഈ സമരരീതി ഏറെ ഭയപ്പെടുത്തി. ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ജയില്‍ ശിക്ഷ അനുഭവിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
അര്‍ത്ഥപൂര്‍ണ്ണമായ 95 വര്‍ഷങ്ങളായിരുന്നു ഉമര്‍ ഖാളിയുടെ ജീവിതം. ഹിജ്‌റ 1273 റമളാനിന്റെ അവസാന രാവുകളൊന്നില്‍ തറാവീഹ് നമസ്‌ക്കാരത്തിനിടെ തലകറക്കം ബാധിച്ച അദ്ദേഹം വീട്ടില്‍ കിടപ്പിലായി. ഹിജ്‌റ 1273 ദുല്‍ഹജ്ജ് 23/ 1857 ആഗസ്റ്റ് 14 വെള്ളിയാഴ്ച ആ പുണ്യാത്മാവ് പരലോകം പ്രാപിച്ചു. വെളിയങ്കോട് പള്ളിയോട് ചേര്‍ന്നാണ് അന്ത്യവിശ്രമം.
Post a Comment