മുസ്‌ലിം കൈരളിക്ക് ഒട്ടേറെ ഉലമാക്കളെ സംഭാവന ചെയ്ത കുടുംബമാണ് ഫള്ഫരി കുടംബം. നൂറ്റാണ്ടുകള്ക്ക് മുമ്പ് അറേബ്യയില് നിന്നാണ് ഈ കുടുംബം മലബാറിലെത്തിയത്. ചാലിയത്ത് നിന്ന് തിരൂരങ്ങാടിയിലെത്തിയ കുടുംബത്തിലെ പ്രമുഖനായ ഒരു പണ്ഡിതനെ ബ്രാഹ്മണ നാടുവാഴികളില്പെട്ട ഒരാള് മങ്കട പള്ളിപ്പുറത്തേക്ക് ക്ഷണിക്കുകയുണ്ടായി. ഏകദേശം മുന്നൂറോളം വര്ഷം മുമ്പായിരുന്നു ഇത്. അവരുടെ ക്ഷണപ്രകാരം പള്ളിപ്പുറത്തെത്തിയ പ്രസ്തുത പണ്ഡിതന് അവിടെ കുന്നുമ്മല് എന്ന സ്ഥലത്ത് താമസമാക്കി. പിന്നീട് കുടുംബത്തിലെ ഒരംഗം കുന്നുമ്മല് നിന്ന് പള്ളിപ്പുറം പുഴക്കരയില് മടത്തൊടി എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഈ കുടുംബത്തിലെ പ്രസിദ്ധനായ സൂഫീ വര്യന് സൂപ്പി അവര്കളുടെ മകന് മുഹ്‌യിദ്ധീന് എന്നവരുടെ മകനായി ഹി. 1293-ലാണ് ജനനം. പിതൃവ്യനായ യൂസുഫുല് ഫള്ഫരിയുടെ അടുക്കല് നിന്നായിരുന്നു പ്രാഥമിക പഠനം. ശേഷം പൊന്നാനി ജുമുഅത്ത് പള്ളിയിൽ പൊന്നാനി കുഞ്ഞന് ബാവ മുസ്‌ലിയാരുടെയും തുറശ വീട്ടില് മുഹമ്മദ് മൗലവിയുടെയും ശിഷ്യത്വം സ്വീകരിച്ചു. വെല്ലൂരിലെ ലത്വീഫിയ്യയിലായിരുന്നു ഉപരിപഠനം. മുള്ള്യാകുര്ശി, ചെമ്മങ്കടവ്, തോഴന്നൂര്, പെരിമ്പലം എന്നീ ജുമുഅത്ത് പള്ളികളില് ദര്സ് നടത്തുകയും ചെയ്തിട്ടുണ്ട്. പാങ്ങില് അഹ്മദ് കുട്ടി മുസ്‌ലിയാര്, അബ്ദുല് ഖാദിര് ഫള്ഫരി, കൂട്ടിലങ്ങാടി ബാപ്പു മിസ്‌ലിയാര്,എടപ്പലം മാനു മുസ്‌ലിയാര് പോലോത്ത നിപുണരായ ഒട്ടനവധി ശിഷ്യന്മാരെ വാര്ത്തെടുക്കാന് മഹാനവര്കള്ക്ക് സാധിച്ചു. നെല്ലിക്കുത്തിലെ കോട്ടകത്ത് തറവാട്ടിലെ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ മകളെ വിവാഹം കഴിച്ചതില് 3 ആണ് കുട്ടികളും ഒരു പെണ്കുട്ടിയും ജനിച്ചു. മറ്റൊരു വിവാഹം കഴിച്ചതില് ഒരാണും 2 പെണ്ണുമടക്കം മൂന്നുമക്കളുണ്ടായിരുന്നു. മുഹമ്മദ് മൗലവി, മുഹ്‌യിദ്ധീന് മൗലവി, വെല്ലൂര് ബാഖിയാത്ത് പ്രിന്സിപ്പളായിരുന്ന കുട്ടി മുസ്‌ലിയാര് എന്നിവര് മക്കളാണ്. സമസ്തയുടെ പ്രഥമ മുശാവറ മെമ്പർമാരിലൊരാളാണ്. 1940 ഫെബ്രുവരി 4/ ഹിജ്‌റ 1358 ദുല്ഹിജ്ജ 25ന് വഫാത്തായി. പടിഞ്ഞാറ്റുറി ജുമുഅത്ത് പള്ളിയില് അന്ത്യവിശ്രമം കൊള്ളുന്നു.
മടത്തൊടിയില് കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്: ഫള്ഫരി കുടുംബത്തിലെ പണ്ഡിത കുലപതി
Islamic Heritage Library
0
Comments
Post a Comment