മദ്‌റസാ പ്രസ്ഥാനം നട്ടുപിടിപ്പിച്ച് വെള്ളവും വളവും പരിരക്ഷണവും നല്‍കിയ മഹത്തുക്കളില്‍ പ്രഥമ ഗണനീയനാണ് കെ.പി. ഉസ്മാന്‍ സാഹിബ്. വിദ്യാഭ്യാസ ബോര്‍ഡിന് ജന്മം നല്‍കി ബാലാരിഷ്ടതകളില്‍ നിന്ന് മോചിപ്പിച്ച് ലോകോത്തര പ്രസ്ഥാനമാക്കി വളര്‍ത്തുകയും സമസ്തയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്ത അദ്ദേഹം ഉമറാ നിരയിലെ ഒന്നാമന്‍ കൂടിയാണ്. പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതവും സേവനവും ദൃഢനിശ്ചയം കൊണ്ട് നേരിട്ട ആ കര്‍മ്മയോഗിയില്‍ നമുക്ക് വലിയ പാഠമുണ്ട്.
1919-ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത വേങ്ങാട് ചാലികണ്ടി പുതിയപുരയില്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മകനായി പുറത്തിയില്‍ അബ്ദുല്‍ ഖാദര്‍ സാനി (ന.മ.)യുടെ കുടുംബത്തിലാണ് ഉസ്മാന്‍ സാഹിബിന്റെ ജനനം. ഓത്തുപള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം വേങ്ങാട് ജുമുഅത്ത് പള്ളിയില്‍ തലശ്ശേരി പുതിയവീട്ടില്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അതിനിടയില്‍ ചിലകാരണങ്ങളാല്‍ ദര്‍സ് പഠനം മുടങ്ങുകയും സ്‌ക്കുളില്‍ അഞ്ചാം ക്ലാസ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്നു പഠിക്കാന്‍ സമീപത്തൊന്നും ഹയര്‍ എലിമെന്ററി സ്‌ക്കൂള്‍ ഇല്ലാത്തതിനാല്‍ നിരാശനായിരിക്കുമ്പോഴാണ് വട്ടിപ്രം ഹിന്ദു നായര്‍ എലിമെന്ററി സ്‌ക്കൂള്‍ വേങ്ങാടിനടുത്ത് പുനസ്ഥാപിക്കപ്പെടുന്നത്. പ്രസ്തുത സ്‌ക്കൂളിലെ പ്രഥമ മുസ്‌ലിം വിദ്യാര്‍ത്ഥിയായി പ്രവേശിച്ച അദ്ദേഹം 1938-ല്‍ എട്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമനായി വിജയിച്ചു.
1939-ല്‍ തലശ്ശേരി ബി.ഇ.എം.പി. സ്‌ക്കൂളില്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനത്തോടെ പ്രവേശനം നേടി. പിതാവിന്റെ മുരീദായ മമ്മദ്ക്ക തലശ്ശേരിയില്‍ താമസസൗകര്യം നല്‍കി. മാസംതോറും സ്‌ക്കുളില്‍ അടക്കേണ്ട തുക 2 രൂപ 10 അണ മലബാര്‍ മുസ്‌ലിം ലീഗ് നേതാക്കളായിരുന്ന സത്താര്‍ സേട്ട്, കെ.എം. സീതി സാഹിബ്, മമ്മുക്കേയി സാഹിബ് എന്നിവരാണ് നല്‍കിയിരുന്നത്. 1942-ല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ചു. തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഡ്മിഷന്‍ നേടി. ഭാഗ്യവശാല്‍ തലശ്ശേരിയിലെ സി.കെ.പി. കുടുംബത്തോടൊത്ത് താമസിച്ച് പഠിക്കാന്‍ അവസരം ലഭിച്ചു. സി.കെ.പി. ചെറിയ മമ്മുക്കേയി, ആലിക്കേയി തുടങ്ങിയവരോടൊത്ത് അവരുടെ ഒരു സഹോദരനെപ്പോലെ ജീവിച്ചു. 1944-ല്‍ ഇന്റര്‍ മീഡിയറ്റ് കഴിഞ്ഞു.
കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അതിന്റെ സജീവ പ്രവര്‍ത്തകനായി മാറി. 1943-ല്‍ മലബാറില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപീകൃതമായപ്പോള്‍ നേതൃപരമായ പങ്കുവഹിച്ചു. എം.എസ്.എഫിന്റെ പ്രഥമ കാര്യദര്‍ശി പൊന്മാണിച്ചി മൊയ്തു സാഹിബ് വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി പോയ ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദ് ആക്ഷന്‍ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കെ.പി. ഉസ്മാന്‍ സാഹിബുമുണ്ടായിരുന്നു.
ഇന്റര്‍ മീഡിയറ്റ് കഴിഞ്ഞിരിക്കുമ്പോഴാണ് സി.കെ.പി. ആലിക്കേയിയുടെ വിവാഹം നടക്കുന്നത്. വധുഗൃഹം താനൂരായിരുന്നു. താനൂരുമായി ആദ്യമായി ബന്ധപ്പെടുന്നത് ഇങ്ങനെയാണ്. 1944 എപ്രില്‍ 21-ന് താനൂരില്‍ ബാഫഖി തങ്ങള്‍, സത്താര്‍ സേട്ട്, സീതി സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി നേതാവായ ഉസ്മാന്‍ സാഹിബും ക്ഷണിതാവായിരുന്നു. ജെ.ഡി.ടി. ഇസ്‌ലാം സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് സാഹിബിന്റെ ഉര്‍ദു പ്രസംഗം പരിഭാഷപ്പെടുത്തിയ അദ്ദേഹം താനൂരിലും പരിസരപ്രദേശങ്ങളിലും ശ്രദ്ധേയനായി.
സമ്മേളനത്തിനായി താനൂരിലെത്തിയ ഉസ്മാന്‍ സാഹിബിന് താനൂരിലെ കാഴ്ചകള്‍ ഏറെ വേദനിപ്പിച്ചു. 1943-ല്‍ താനൂര്‍ തീരദേശത്ത് സംഹാരതാണ്ഡവമാടിയ കോളറ മൂലം അനാഥരായ സ്ത്രീകളും കുട്ടികളും ഇതര സമുദായങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടു. വരാന്‍ പോകുന്ന വിപത്ത് മുന്നില്‍ക്കണ്ട അദ്ദേഹം സമ്മേളനം കഴിഞ്ഞ ശേഷവും നാട്ടിലേക്ക് തിരിച്ചുപോയില്ല. ജെ.ഡി.ടി. സെക്രട്ടറി മഖ്ബൂല്‍ സാഹിബുമായി ബന്ധപ്പെട്ട് ഒരു മുസ്‌ലിം ഇന്‍ഡസ്ട്രിയല്‍ സ്‌ക്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മുക്കിലകത്തുള്ള പഴയ സ്‌ക്കുള്‍ കെട്ടിടത്തില്‍ നൂല്‍ നൂല്‍പ്പ് കേന്ദ്രം ആരംഭിച്ചു. ഇതില്‍ മുസ്‌ലിം യുവതികള്‍ക്ക് ജോലി നല്‍കുകയും പ്രതിഫലമായി അരിവിതരണം നടത്തുകയും ചെയ്തു.
കോളറ മൂലം അനാഥരായ താനൂരിലെ കുട്ടികള്‍ക്ക് പുറമെ 180-ഓളം മുസ്‌ലിം കുട്ടികള്‍ ദേവധാര്‍ മലബാര്‍ റീ കണ്‍സ്ട്രക്ഷന്‍ ട്രസ്റ്റിനു കീഴിലുള്ള അനാഥ ശാലകളില്‍ അന്തേവാസികളായുണ്ടായിരുന്നു. ട്രസ്റ്റിന്റെ പരിമിയനുസരിച്ച് മതപഠനവും വിശ്വാസവും അവര്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന സാഹചര്യമാണുണ്ടായിരുന്നത്. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് മുഖേനെയും മറ്റും നിരന്തര പരിശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായി ഈ അനാഥമക്കളെ പില്‍വലിപ്പിച്ച് മറ്റു സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. അതിലൊരു ഭാഗം കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ സമ്മതത്തോടെ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം മദ്‌റസ കെട്ടിടത്തില്‍ യതീംഖാന ആരംഭിച്ചു. ഉസ്മാന്‍ സാഹിബ് തന്നെയായിരുന്നു മാനേജര്‍.
1949 ഒക്ടോബര്‍ 16ന് ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ മൂദാക്കര ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന സമസ്ത മുശാവറ ഇബ്തിദാഇയ്യ മദ്‌റസകളും ദര്‍സുകളും സ്ഥാപിക്കാനും സമസ്തയുടെ പ്രചാരണം നടത്താനും കെ.പി. ഉസമാന്‍ സാഹിബിനെ മുബല്ലിഗായി നിയമിച്ചു. ഇദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രയത്‌നത്തിന്റെ ഫലമായി വടകര സമ്മേളനത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഖ്യാപനം നടന്നു. പുതുപ്പറമ്പില്‍ വെച്ച് ബോര്‍ഡിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1957 വരെ തുടര്‍ന്നു. 1957-ല്‍ മുശാവറ അംഗം ജനറല്‍ സെക്രട്ടറിയായി വരണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടുമല ഉസ്താദ് നിയമിതനായി. പിന്നീട് മരണം വരെ ബോര്‍ഡ് സെക്രട്ടറിയായി തുടര്‍ന്നു. 1958-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി സ്ഥാനവും അലങ്കരിച്ചു. 1961-ല്‍ സുന്നി യുവജന സംഘം നിലവില്‍ വന്നപ്പോള്‍ മുഖ്യകാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായും ഓഫീസ് സെക്രട്ടറിയായും സേവനം ചെയ്തു. പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. മരണം വരെ ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡണ്ടായി സേവനവീഥിയില്‍ തിളങ്ങി നിന്നു. സുന്നീ വിഭാഗത്തിന്റെ പ്രഥമ ബോര്‍ഡിങ് മദ്‌റസയായ ക്രസന്റിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.
വിദ്യാഭ്യാസ ബോര്‍ഡിന് സ്വന്തമായ ഒരു ഓഫീസ് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു. 1970-ല്‍ ഇത് സാക്ഷാത്കൃതമാവുകയും പരപ്പനങ്ങാടിയില്‍ നിന്നും ചേളാരിയിലേക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറി. ഇതോടെ ഉസ്മാന്‍ സാഹിബ് കുടുംബസമേതം സമസ്താലയത്തിന് ഏറെ അകലെയല്ലാതെ ക്രസന്റ് ഹൗസിലേക്ക് താമസം മാറ്റി. 1998 ആഗസ്റ്റ് 7-ന്(റബീഉല്‍ ആഖര്‍ 15) വെള്ളിയാഴ്ച ഉസ്മാന്‍ സാഹിബ് ഈ ലോകത്തോട് യാത്രപറഞ്ഞു. വസ്വിയ്യത്തനുസരിച്ച് തന്റെ പിതാമഹന്‍ ശൈഖ് നൂറുദ്ദീന്‍ അവര്‍കളുടെ ചാലിയത്തെ മഖ്ബറയിലാണ് അന്ത്യവിശ്രമമൊരുക്കിയത്. കാലിക്കറ്റ് സര്‍വ്വകലാശാല അറബിക് വിഭാഗം മുന്‍ തലവന്‍ ഡോ. എന്‍.എ.എം. ഖാദര്‍ മകനാണ്.
Post a Comment