തമിഴ്നാട്ടിലെ നോര്‍ത്ത് ആര്‍ക്കാട് ജില്ലയില്‍ വെല്ലൂര്‍ നഗരത്തിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ബാഖിയാത്തുസ്വാലിഹാത്ത് സ്ഥിതിചെയ്യുന്നത്. 1857ല്‍ സ്ഥാപിക്കപ്പെട്ട ബാഖിയാത്ത് ഇന്ത്യയിലെത്തന്നെ ഉന്നത മതപഠന കേന്ദ്രമാണ്.
ഹാഫിസ് അബ്ദുല്‍ ഖാദിര്‍ - ഫാത്തിമ ദമ്പതികളുടെ മകനായി ആത്തൂരില്‍ ജനിച്ച് ഉമ്മയുടെ നാടായ വെല്ലൂരിലേക്ക് താമസം മാറ്റിയ മൗലാനാ അബ്ദുല്‍ വഹാബ് ഹസ്രത്താണ് സ്ഥാപകന്‍. ശൈഖേ വെല്ലൂര്‍, ശംസുല്‍ ഉലമാ, അഅ്‌ലാ ഹസ്രത്ത് എന്ന പേരുകളിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ക്രാന്തദര്‍ശിയും നിറഞ്ഞ വിജ്ഞാനത്തിന്റെ ഉടമയും ആത്മീയ ഗുരുവുമായിരുന്ന അബ്ദുല്‍ വഹാബ് ഹസ്രത്തിനുണ്ടായ ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം വീട്ടിലും തുടര്‍ന്ന് പള്ളിയിലും പുതിയ കെട്ടിടത്തിലും ആരംഭിച്ച സ്ഥാപനത്തിന്, അല്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്ന് നാമകരണം ചെയ്തത്. ഇവിടെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയവരാണ് ബാഖവികള്‍. 'മൗലവി ഫാസില്‍ ബാഖവി' (എം.എഫ്.ബി) എന്നാണ് ബിരുദത്തിന്റെ പൂര്‍ണ്ണനാമം. പഴയകാല പണ്ഡിതന്‍മാര്‍ എം.എഫ്.ബി എന്ന പേരില്‍ അറിയപ്പെട്ടതും അതുകൊണ്ടാണ്.
നൂറ്റിയമ്പത് വര്‍ഷമായി ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ 'മൗലവി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ബാഖിയാത്ത് ബിരുദത്തിന്റെ തുടക്കത്തില്‍ 'മൗലവി' ഉണ്ടായതുകൊണ്ടാണെന്ന് വിചാരിക്കാനാവും. തുടര്‍ന്ന് മൗലവി എന്ന പേരില്‍ എല്ലാ ബിരുദ സ്ഥാപനങ്ങളും ബാഖിയാത്തിനോടനുഗമിക്കുകയായിരുന്നു. ഉദാഹരണം: 1962ല്‍ സ്ഥാപിതമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളജ് സ്വീകരിച്ച ബിരുദത്തിന്റെ പേര്, മൗലവി ഫാസില്‍ ഫൈസാബാദ് (എം.എഫ്.എഫ്) എന്നും നന്തി ദാറുസ്സലാം അറബിക് കോളജ് സ്വീകരിച്ചത് മൗലവി ഫാസില്‍ ദാരിമി (എം.എഫ്.ഡി) എന്നുമാണല്ലൊ. അറബിക് കോളജുകളിലെ മറ്റെല്ലാ ബിരുദ സ്ഥാപനങ്ങളും അങ്ങനെതന്നെയാണെന്ന് കാണാനാവും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതരംഗത്ത് സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് പണ്ഡിതന്‍മാരെ വാര്‍ത്തെടുത്ത ബാഖിയാത്തുസ്വാലിഹാത്ത് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന മഹല്‍ സ്ഥാപനവും മത കലാലയങ്ങളുടെ മാതാവുമാണ്. അവിഭക്ത ഇന്ത്യയില്‍ മിക്ക പ്രവിശ്യകളിലും ബാഖിയാത്ത് സന്തതികള്‍ മദ്രസകളും അറബിക് കോളജുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലും ഇന്ന് അറിയപ്പെടുന്ന എല്ലാ മത സ്ഥാപനങ്ങളുടെയും സ്ഥാപകര്‍ ബാഖവികളാണെന്ന് കാണാം.
പൊന്നാനി മഖ്ദൂമീങ്ങള്‍ ആരംഭിച്ചതും ഇസ്‌ലാമിക വൈജ്ഞാനിക രംഗം പരിപോഷിപ്പിച്ചതുമായ പള്ളി ദര്‍സുകള്‍ കേരളത്തില്‍ വികസിച്ചതും ബാഖവി പണ്ഡിതന്‍മാരെക്കൊണ്ടാണ്. കേരളത്തിലെ വിവിധ മത സംഘടനകളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം സാരഥികള്‍ ബാഖിയാത്തിന്റെ സന്തതികള്‍ തന്നെ.
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ, സംസ്ഥാന കേരള ജം ഇയ്യത്തുല്‍ ഉലമാ, കേരള ജം ഇയ്യത്തുല്‍ ഉലമാ, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമാ തുടങ്ങിയവയുടെ സ്ഥാപകര്‍ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ല്യാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍, പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്‌ല്യാര്‍, സദഖത്തുല്ല മൗലവി, എന്‍.കെ മുഹമ്മദ് മുസ്‌ല്യാര്‍, എടവണ്ണ അലവി മൗലവി, കെ.എം മൗലവി, വടുതല പി.എം മൂസ മൗലവി, അബ്ദുല്‍ ബുശ്‌റാ മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, പൂന്തുറ പി.കെ കോയ മൗലവി തുടങ്ങിയവരും ചാലിലകത്ത് കുഞ്ഞയമ്മദാജി, മഞ്ചേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, അബ്ദുര്‍റഹ്മാനുല്‍ ഫസ്ഫരി തുടങ്ങിയവരും ഇപ്പോഴത്തെ നേതാക്കളായ ആനക്കര കോയക്കുട്ടി മുസ്‌ല്യാര്‍, അസ്ഹരി തങ്ങള്‍, ഉള്ളാള്‍ തങ്ങള്‍, എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ എന്നിവരുമെല്ലാം ബാഖവി പണ്ഡിതന്‍മാരാണ്. ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവിയും ബാഖവിയാണ്.
ബാഖിയാത്ത് സ്ഥാപകന്റെ ലക്ഷ്യങ്ങളില്‍ നിന്നൊ സിലബസില്‍നിന്നൊ വ്യതിചലിക്കാതെ പതിറ്റാണ്ടുകളായി നടന്നുവരുന്ന സ്ഥാപനം എന്തുകൊണ്ടും വ്യത്യസ്തവും മതശാലകള്‍ക്ക് മാതൃകയുമാണ്. ദര്‍സുകളില്‍നിന്നും ജൂനിയര്‍ കോളജുകളില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്നതിനായി പ്രവേശം നേടുന്ന യുവ പണ്ഡിതന്‍മാര്‍ പൂര്‍ണ്ണ അനുസരണത്തോടെ ബാഖിയാത്തില്‍ കഴിയുന്നു. ഒരു മൊബൈല്‍ ഫോണ്‍പോലും ഉപയോഗിക്കാതെ, ഒരു മത - രാഷ്ട്രീയ സംഘടനകളിലും പ്രവര്‍ത്തിക്കാതെ പഠനത്തിലും ഗവേഷണത്തിലും മാത്രം മുഴുകി കഴിയുന്ന ബാഖിയാത്ത് സന്തതികള്‍ ഈ കാലത്തെ അത്ഭുതം തന്നെയാണ്.
ഏതെങ്കിലും ഒരു സംഘടനാ സങ്കുചിതത്വത്തില്‍ ഒതുങ്ങി മറ്റുള്ളവരെയെല്ലാം ശത്രുക്കളായി കാണുന്നതിന് പകരം വിശാല വീക്ഷണം ശീലിപ്പിക്കുന്ന ബാഖിയാത്തുസ്വാലിഹാത്ത് സുന്നത്ത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അടിയുറച്ച് നീങ്ങുന്ന സ്ഥാപനമാണ്. നാലിലൊരു മദ്ഹബ് സ്വീകരിച്ചവര്‍ക്കല്ലാതെ അവിടെ പഠിക്കാനോ പഠിപ്പിക്കാനോ കഴിയില്ല. എങ്കിലും ബാഖവി പണ്ഡിതര്‍ പൊതു പ്രശ്‌നങ്ങളില്‍ ഒരുമിക്കുന്നവരും വിശാല വീക്ഷണത്തിന്റെ ഉടമകളുമാണെന്ന് ഇന്നും സമൂഹം മനസിലാക്കുന്നുണ്ട്.
Post a Comment