നിരവധി മഹാപണ്ഡിതര്‍ക്കും പുണ്യാത്മാക്കള്‍ക്കും ജന്മം നല്‍കിയ കുടുംബമാണ് കരിമ്പനക്കല്‍ കുടുംബം. അഹമ്മദ് മുസ്‌ലിയാര്‍, പോക്കര്‍ മുസ്‌ലിയാര്‍, കുഞ്ഞിപ്പോക്കു മുസ്‌ലിയാര്‍, കെപ്പറ്റ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കുന്നപ്പള്ളി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കരേക്കാട് മമ്മദുട്ടി മുസ്‌ലിയാര്‍, മകന്‍ അഹമ്മദ് മുസ്‌ലിയാര്‍ എന്നിവരിലൂടെ കൈവന്ന കുടുംബത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ധിപ്പിച്ച പണ്ഡിതനാണ് കുന്നപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍.
പെരിന്തല്‍മണ്ണക്കടുത്ത താഴേക്കോട് കരിമ്പനക്കല്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം-ഫാത്തിമ ദമ്പതികളുടെ മകനായി ഹിജ്‌റ 1308/1889-ല്‍ ജനിച്ചു. ജന്മദേശത്തെ ഖുര്‍ആന്‍ അദ്ധ്യാപകന്‍ അല്‍ഹാജ് മൊയ്തുട്ടി മൊല്ലയില്‍ നിന്നാണ് പ്രാഥമിക പഠനം. തുടര്‍ന്ന് പള്ളിപ്പുറം സ്വദേശി വിലങ്ങപ്പുറം കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. പിന്നീട് ഉപരി പഠനത്തിന് മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം ദര്‍സിലെത്തി. കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാരായിരുന്നു അവിടത്തെ പ്രധാന ഗുരു. മഹാന്റെ കൂടെ കാപ്പ്, വെട്ടത്തൂര്‍, തിരൂരങ്ങാടി, വണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഓതിത്താമസിച്ചു. പഠം പൂര്‍ത്തിയാക്കി 1910-ല്‍ വെട്ടത്തൂര്‍ ജുമുഅത്ത് പള്ളിയിലാണ് ദര്‍സ് ആരംഭിച്ചത്. എന്നാല്‍ ദര്‍സ് ജീവിതത്തില്‍ തൃപ്തനാവാതെ വിജ്ഞാനത്തിലെ പുതിയ മേഖലകള്‍ തേടി വെല്ലൂര്‍ ബാഖിയാത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. രണ്ടു വര്‍ഷം താമസിച്ചെങ്കിലും വര്‍ഷാവസാനം പരീക്ഷ നടക്കെ വസൂരി പിടിപെട്ട് നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ബാഖിയാത്തില്‍ നിന്ന് 1914-ല്‍ സര്‍ട്ടിഫിക്കറ്റും സനദും അയച്ചുകൊടുക്കുകയുണ്ടായി. ചേറൂര്‍ മാണ്ടോട്ടില്‍ മുഹ് യിദ്ദീന്‍ മുസ്‌ലിയാര്‍, കാട്ടിപ്പരുത്തി സീതി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ് മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളാണ്.
പെരിന്തല്‍മണ്ണക്കടുത്ത കുന്നപ്പള്ളിയിലാണ് അദ്ധ്യാപന ജീവിതം പുനരാരംഭിച്ചത്. ഇവിടെ 50 വര്‍ഷത്തിലധികം തുടര്‍ച്ചയായി ദര്‍സും ആത്മീയ ശിക്ഷണവും നടത്തി. കുന്നപ്പള്ളിയില്‍ തന്നെ വീടുപണിത് താമസവും അങ്ങോട്ടു മാറ്റി. ആനമങ്ങാട് മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, വെട്ടത്തൂര്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, വെട്ടത്തൂര്‍ ആലി മൗലവി, വെട്ടത്തൂര്‍ കാരാടന്‍ അഹ്മദ് മുസ്‌ലിയാര്‍, വെട്ടത്തൂര്‍ ഹംസ മുസ്‌ലിയാര്‍, വെട്ടത്തൂര്‍ ഉണ്ണീന്‍ മുസ്‌ലിയാര്‍, പുത്തനങ്ങാടി മൂന്നാക്കല്‍ മുഹമ്മദ് മുസ് ലിയാര്‍, വേങ്ങൂര്‍ മമ്മു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രമുഖരാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അരിപ്ര മൊയ്തീന്‍ ഹാജി, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫള്ഫരി, പുതിയാപ്പിള അബ്ദുറഹ് മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ കൂട്ടുകാരും പ്രവര്‍ത്തന രംഗത്തെ ബന്ധുക്കളുമായിരുന്നു. തര്‍ക്കുല്‍ മുവാലാത്ത് വിഷയത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട എട്ട് ആലിമീങ്ങള്‍ 1953 മാര്‍ച്ച് മാസത്തില്‍ നല്‍കിയ ഫത്വയില്‍ ഒപ്പു വെച്ചവരില്‍ അദ്ദേഹത്തെയും കാണാം. അബുസ്സഅദാത്ത് അഹ്മദ് കോയ മുസ്ലിയാർ, പുതിയാപ്പിള അബ്ദുറഹ്മാന് മുസ്ലിയാർ, കെ.കെ സദഖത്തുല്ല മുസ്ലിയാർ, ഖുത്ബി മുഹമ്മദ് മുസ്ലിയാർ, മൊയ്തീന്‍ ഹാജി മുസ്ലിയാർ(ഖാസി കരുവാരക്കുണ്ട്), പി. കുഞ്ഞലവി മുസ്ലിയാർ(മുദരിസ്. താഴെക്കോട്), കെ. ഹൈദര്‍ മുസ്ലിയാർ(മുദരിസ്. കുന്നപ്പള്ളി), അമാനത്ത് ഹസന്‍ കുട്ടി മുസ്ലിയാർ (ഖാസി. പട്ടിക്കാട്) എന്നീ മഹാപണ്ഡിതരായ എട്ട് പേരാണ് ഈ ഫത്വയുടെ വക്താക്കള്‍.
അറബി സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം നിരവധി സാഹിത്യ സൃഷ്ടികളുടെ രചയിതാവ് കൂടിയാണ്. ഇര്‍ശാദുല്‍ യാഫിഈ എന്ന ഗ്രന്ഥത്തിന്റെ ആശയങ്ങള്‍ വിശദീകരിക്കുന്ന മിര്‍ഖാതു അഹ്‌ലില്‍ ഹഖ് പ്രധാന രചനയാണ്. കൈയെഴുത്ത് പ്രതി സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്‍ളൂമതു ഹദിയ്യത്തില്‍ അല്‍ബാബി ഫീ ജവാഹിരില്‍ ആദാബ്, തന്‍ബീഹുല്‍ മുതഅല്ലിമീന്‍ തുടങ്ങിയവ മറ്റു രചനകളാണ്.
താഴേക്കോട് ആനിക്കാടന്‍ ഉണ്ണിക്കോയ സാഹിബിന്റെ പുത്രി ഉണ്ണിഫാത്തിമയായിരുന്നു പത്‌നി. ഫാത്തിമ, മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് മക്കള്‍. കുന്നപ്പള്ളി ഖാസിയായിരുന്ന പുത്തനങ്ങാടി അബ്ദുള്ള മുസ് ലിയാരാണ് മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ്. ഹിജ്‌റ 1384 റബീഉല്‍ ആഖര്‍ 3-ന് ബുധനാഴ്ച മഗ്‌രിബിന് അല്‍പം മുമ്പായിരുന്നു വിയോഗം. കുന്നപ്പള്ളി ജുമുഅത്ത് പള്ളിയുടെ കിഴക്കുവശത്താണ് അന്ത്യവിശ്രമം
Post a Comment